മൃതദേഹം പോലും നാട്ടിലെത്തിക്കാനാകാതെ നൂറുകണക്കിന് പ്രവാസികൾ മരിച്ചു വീഴുമ്പോൾ പ്രവാസികളായ ചിലർ നടത്തുന്ന ഈ പേക്കൂത്തിനു കയ്യടിക്കരുത്

94

അഡ്വ ശ്രീജിത്ത്‌ പെരുമന

അട്ടപ്പാടിയിൽ മധുവിനെ കൊന്ന സദാചാര ആൾകൂട്ടം പോലെ, ബിഗ്‌ബോസ് താരത്തിന് പുഷ്പാർച്ചന നടത്താൻ കൊറോണയെ വെല്ലുവിളിച്ച് നെടുമ്പാശേരി വീമാനത്താവളത്തിലെത്തിയ വിഡ്ഢികളെപോലെ…മഹാമാരിയുടെ കാലത്തെ ശുദ്ധ അശ്ലീലമായ ഒരു കാഴ്ചയാണിത്.ആത്മവിശ്വാസം വീണ്ടെടുക്കാൻ ചില ആശുപത്രകളിലെ കോവിഡ് വാർഡുകളിൽ കൊറോണ രോഗികൾ പാട്ടു പാടുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. അതുപോലെ ചാർട്ടേർഡ് വീമാനത്തിൽ ഇരുന്ന് പാട്ടുപാടി വൈറലാകാനുള്ള മലയാളികളുടെ അതിബുദ്ധിയുടെ ഭാഗമാണീ അശ്ലീലം.

ആ പാട്ടു പാടുന്നയാൾ മാസ്ക്ക് താഴ്ത്തി സാമൂഹിക അകലം പോലും പാലിക്കാതെ പാടുമ്പോൾ തെറിക്കുന്ന സ്രവങ്ങൾ ആ വിമാനത്തിലെ മുഴുവൻ ആളുകളിലേക്കും എത്തുമെന്ന് ഉറപ്പാണ്. ഈ ആഭാസത്തിനും സോഷ്യൽ മീഡിയയിലെ ചില സൈബർ ബുദ്ധിജീവികളുടെയും, വാട്സാപ്പ് ഗവേഷകരുടെയും കയ്യടികിട്ടുന്നു എന്നതാണ് അതിനേക്കാൾ അശ്ലീലം. വൈറലാകുന്നതിനു പകരം നാട്ടിലെത്തുന്ന ഇവർക്കെതിരെ അന്തരാഷ്ട്ര വിമാന യാത്ര നിയമങ്ങൾ പ്രകാരവും, എപിഡെമിക് ഡിസീസസ് ആക്റ്റ് പ്രകാരവും പബ്ലിക് ന്യുസൻസിനും കേസെടുത്ത് അകത്തിടുകയാണ് വേണ്ടത്.

അങ്ങേയറ്റത്തെ ജാഗ്രതയും, സഹിഷ്ണുതയും, സാമൂഹിക പ്രതിബദ്ധതയും ഉണ്ടാകേണ്ട കാലത്ത് അങ്ങിങ്ങായി നടക്കുന്ന ഇത്തരം തോന്ന്യാസങ്ങൾ അനുവദിച്ചുകൂടാ. മൃതദഹം പോലും നാട്ടിലെത്തിക്കാനാകാതെ നൂറുകണക്കിന് പ്രവാസികൾ സഹജീവികൾ മരിച്ചു വീഴുമ്പോൾ പ്രവാസികളായ ചിലർ നടത്തുന്ന ഈ പേക്കൂത്തിനു കയ്യടിക്കരുത്.പ്രവാസികൾക്ക് സാഹചര്യങ്ങളുടെ തിരിച്ചറിവുണ്ടാകണം