പേപ്പട്ടിയാകുന്ന പ്രവാസി

0
366

അഡ്വ ശ്രീജിത്ത്‌ പെരുമന

പേപ്പട്ടിയാകുന്ന പ്രവാസി 😭

ലോക്ക്ഡൗണിന് ശേഷം വക്കീൽ എന്ന നിലയിൽ അനവധി നിരവധി കേസുകളുമായി ഏറ്റവും സജീവമായ ദിവസമായിരുന്നു ഇന്ന്.ഏറ്റവും ഒടുവിലാണ് ഗൾഫിൽ നിന്നും അടുത്ത സുഹൃത്തിനെ ക്വറന്റൈനിലക്കാൻ എത്തിയത്. കാടുകളാൽ ചുറ്റപ്പെട്ട പ്രദേശത്ത് ഒറ്റപ്പെട്ട ഒരുവീട്.ആൾതാമസം വളരെ അകലെ മാത്രം.ഉപ്പു മുതൽ കർപ്പൂരം വരെ ഒരുക്കി ഞങ്ങൾ കാത്തിരുന്നു.എയർപോർട്ടിൽ കൊണ്ടുചെന്നു വെച്ച ജീപ്പിൽ സ്വയം വാഹനമോടിച്ച് ചുരങ്ങൾ താണ്ടി അയാളെത്തി.ഞങ്ങൾ വഴിയരികിൽ മറ്റൊരു ജീപ്പിൽ കാത്തിരുന്നു.ഒടുവിൽ ആ ഒറ്റയാൻ ജീപ്പ് ഞങ്ങളെ കടന്നു പോയി.ഒരുവേള വാഹനം നിർത്തി സംസാരിക്കാൻ പോലും അനുവദിക്കാത്തത്ര ഭീകരത ബാക്കിയാക്കി കയ്യുറയിട്ടൊരു കൈ വീശി നിസ്സാഹായതയോടെ അയാൾ കടന്നുപോയി.അത്തറും, ബ്രൈറ്റ് ലൈറ്റും, മുട്ടായികളും ചോക്കലേറ്റുകളും നിറച്ച പെട്ടികളുയുമായി കാത്തിരിക്കുന്ന ഗൾഫുകാരോട് തീണ്ടാപ്പാടകലെ വെച്ച്
“എല്ലാം ശരിയാക്കിയിട്ടുണ്ട്” എന്നെനിക്ക് പറയേണ്ടി വന്ന സാഹചര്യം നൊമ്പരപ്പെടുത്തുന്നതാണ്.കൊറോണയോടൊപ്പം പ്രവാസികളോടുള്ള നിലപാട് മാറ്റിയ മലയാളിയുടെ മനസ്സറിഞ്ഞതുപോലെ അയാൾ ഞങ്ങൾക്കരികിലൂടെ വഹനം നിർത്താതെ പോയി.അയാൾക്കായി ഒരുക്കിയ തടങ്കൽ പാളയത്തിലേക്ക് ആ ജീപ്പ് കയറുന്നതുവരെ കാത്തിരുന്നു.പ്രതീക്ഷിച്ചത് മാറിയില്ല
.ആ ഫോൺ കോളെത്തി.നാട്ടുകാർ സംഘടിച്ചു..ആരാണ് ഇത്, എന്താണിവിടെ കാര്യം…? വിദേശത്തു നിന്ന് എത്തിയതല്ലേ..
സ്ത്രീകൾ ഉൾപ്പെടെ നിരവധിയായ ആൾകൂട്ടം.സദാചാര ആക്രമണം.ഫോൺ വന്ന ഉടനെ ഞങ്ങൾ തിരികെ വീട് ലക്ഷ്യമാക്കി നടന്നു.കുട്ടികളും കുടുംബവുമടക്കം നിരവധി ജനങ്ങൾ വീട് വളഞ്ഞിരിക്കുന്നു.ഗൾഫുകാരനെ താമസിപ്പിക്കില്ലെന്ന് കട്ടായം..
ആൾക്കൂട്ട ആക്രോശം,ആക്ഷേപം, അപമാനം, നിർവികാരനായി നിന്നുപോയി ഒരു നിമിഷം.”തെരുവുപട്ടിയേക്കാൾ വേട്ടയാടപ്പെടുന്ന ഗൾഫുകാരൻ “സ്ത്രീകൾ ശബ്ദമുയർത്താൻ തുടങ്ങി…
“ഇതിവിടെ നടക്കില്ല
ഞങ്ങൾക്ക് ജീവിക്കണം ” ആളുകൾ ആക്രോശിച്ചു.
ഞാൻ മെല്ലെ മുഖാവരണം മാറ്റി.
“ശ്രീജിത്ത്‌ വക്കീലാണ് “എന്ന് അറിയിച്ചു.
സ്ത്രീകളുടെ ശബ്ദം ഒന്നയഞ്ഞു…
ആശങ്കകളുടെ കെട്ടുകൾ എന്നോടായി….
ഗൾഫുകാരനെ ഇവിടെ നിർത്തില്ലെന്ന് നാട്ടുകാർ ഒറ്റ സ്വരത്തിൽ…
എന്റെ ജീവിതത്തിൽ ക്ഷമയുടെ നെല്ലിപ്പലക കണ്ട ദിവസങ്ങളിൽ ഒന്ന്…
ക്ഷമയോടെ അവരെ കാര്യങ്ങൾ പറഞ് മനസിലാക്കാൻ ആരംഭിച്ചു….
നിശബ്ദത…
വൈകാരികമായി സംസാരിച്ചു….
ഒടുവിൽ നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് നല്ലൊരു ഭീഷണിയും അറിയിച്ചു…
പോലീസിനെ വിളിച്ചോളൂ എന്ന് ഞാൻ…
ഒത്തുകൂടിയ സ്ത്രീ ജനങ്ങൾ പരസ്പരം നോക്കി…
വക്കീലിനെ വിശ്വാസമെന്നും ഗൾഫ് കൊറോണക്കാരൻ പുറത്തിറങ്ങരിതെന്നും ആവശ്യം… ഇതുകേട്ട്
എന്റെ കൂടെയുണ്ടായിരുന്ന സഹോദരങ്ങളായ സുഹൃത്തുക്കൾ നാട്ടുകാരോട് കയർത്തു..
ഒടുവിൽ കൊറോണയെക്കുറിച്ച് വിദദമായി ഒരു പ്രസംഗം..
ശ്വാസമടക്കി വീണ്ടും സദാചാര നാട്ടുകാർ…
ഒടുവിൽ,
ഈ രോഗത്തെക്കുറിച്ചും, പകരുമെന്ന മാർഗ്ഗങ്ങളെക്കുറിച്ചും വിശദമായി അവരെ മനസിലാക്കാൻ ശ്രമിച്ചു. ഇനിയും വിശ്വാസമായില്ലെങ്കിൽ എന്റെ വീട്ടിലേക്ക് വരാൻ അനുവാദം നൽകി. ഫോൺ നമ്പർ നൽകി.ഒടുവിലൊടുവിൽ “വക്കീലിനെ വിശ്വസിച്ച് തിരുച്ചു പോകുന്നു, ഗൾഫുകാരൻ പുറത്തിറങ്ങിയാൽ വക്കീലിനെ അറിയിക്കും ” എന്ന് ഉറക്കെ ആക്രോശിച്ചുകൊണ്ട് ആ ആൾകൂട്ടം പിരിഞ്ഞു പോകുമ്പോൾ പേപ്പട്ടിയെക്കാൾ വലിയ സാമൂഹിക വിപത്തായി മാറിയതറിഞ്ഞ ആ പ്രവാസി സുഹൃത്ത് ഭീതിയോടെ ആ വാതിലിനു പിറകിൽ മറഞ്ഞിരിപ്പുണ്ടായിരുന്നു.(#റീടേക്കോ, ആക്ഷനോ കട്ടോ ഇല്ലാതെ, ആ പ്രവാസി അറിയാതെ ഏറ്റവും natural ആയി കണ്ണ് നിറഞ്ഞെടുത്ത എടുത്ത ക്യാമറയും എഡിറ്റിങ്ങും എല്ലാം പെരുമന 😭)