കൂടത്തായും, പാലത്തായും, വാളയാറും ആവർത്തിച്ചുകൊണ്ടിരിക്കും

  87

  അഡ്വ ശ്രീജിത്ത് പെരുമന

  വാളയാറിലെയും, കൂടത്തായിലെയും, പാലത്തായിലെയും ആവേശ കമ്മറ്റിക്കാരും, സോഷ്യൽ മീഡിയ വിപ്ലവകാരികളും, ഡോക്ടർമാരും സാംസ്‌കാരിക പ്രവർത്തകരും നടത്തുന്ന അതി വൈകാരികതയ്ക്ക് അപ്പുറമുള്ള ഒരു അപ്രിയ യാഥാർഥ്യമാണ് നിയമവും, ജാമ്യവും, വിചാരണയും, ശിക്ഷാവിധിയും. പൊതുബോധം കോടതിയുടെ വിധികളെ സ്വാധീനിക്കാൻ തുടങ്ങുന്ന നിമിഷം കോടതികൾ കെട്ടിപ്പൂട്ടി പോകുന്നതാണ് നല്ലത്. അതുകൊണ്ടുതന്നെ ആവേശകമ്മറ്റിക്കാർ പ്രതിഷേധിക്കേണ്ടത് ജഡ്ജിനെതിരായോ, കോടതിക്ക് എതിരായോ അല്ല.

  മറിച്ച് ഓരോ കേസിലും കൃത്യമായ ഹോംവർക്ക് നടത്തി അന്വേഷണ ഉദ്യോഗസ്ഥരുമായി ദിവസേന ചർച്ച ചെയ്ത് നീതി ലഭ്യമാക്കേണ്ട പോലീസ്, പ്രോസികൂഷൻ അഥവാ സ്റ്റേറ്റിനോടാണ് നിങ്ങൾ പ്രതിഷേധിക്കേണ്ടത്. ഭരണകൂടത്തിന്റെ വീഴ്ചയാണ് വാളയാർ കേസിലെ പ്രതികൾ രക്ഷപെടാൻ കാരണം. ഇത്രയും വിശദീകരിച്ചു കാര്യങ്ങൾ പറയുമ്പോഴും, എഴുതുമ്പോഴും ആ കുഞ്ഞുങ്ങൾക്ക് നീതി നിഷേധിക്കപ്പെട്ടു എന്നൊരു കുറ്റബോധം എന്റെ മനസ്സിലുണ്ട്. അതിനി സാധ്യമല്ല എന്ന അപ്രിയ യാഥാർഥ്യം തിരിച്ചറിഞ്ഞുകൊണ്ടും അവർക്കുവേണ്ടിയുള്ള പോരാട്ടത്തിൽ അണിചേരുന്നത് അതുകൊണ്ടാണ്.

  നമ്മുടെ നാട്ടിൽ പബ്ലിക് പ്രോസിക്കൂട്ടർമാരെ നിയമിക്കുന്ന രാഷ്ട്രീയ രീതി മാറണം. രാഷ്ട്രീയക്കാരുടെ ഏറാന്മൂളികളെ കേസ് അട്ടിമറിക്കുന്നതിനുവേണ്ടി പോലീസ് അന്വേഷണത്തിന്റെ തലപ്പത്തു നിയമിക്കുന്നത് അവസാനിക്കണം എങ്കിലേ ചങ്കിടിപ്പില്ലാതെ പെൺ കുഞ്ഞുങ്ങൾക്ക് ഈ നാട്ടിൽ അന്തിയുറങ്ങാൻ സാധിക്കൂ.

  ഒരു ക്രിമിനൽ കുറ്റകൃത്യം നടന്നു കഴിഞ്ഞാൽ കുറ്റവാളികളെ ശിക്ഷിക്കുന്നതിനായുള്ള വിചാരണയിൽ കോടതിയെ സഹായിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ പ്രോസിക്കൂഷൻ അഭിഭാഷകരാണ്. കുറ്റകൃത്യം സ്ഥാപിക്കുന്നതിനാവശ്യമായ എല്ലാ തെളിവുകളും, സാക്ഷികളും അന്വേഷണ ഏജൻസിയായ പോലീസിന്റെ സഹായത്തോടെ കണ്ടെത്തി സമർപ്പിക്കുകയും ബാധകമായ ക്രിമിനൽ നിയമങ്ങൾ ആഴത്തിൽ പഠിച്ച് കുറ്റം സ്ഥാപിക്കുന്നതിനും തെളിയിക്കുന്നതിനും ആവശ്യമായ വാദങ്ങൾ നടത്തേണ്ടതും പ്രോസിക്കൂഷന്റെ നിയമപരമായ ഉത്തരവാദിത്വമാണ്.

  എന്നാൽ ദൗർഭാഗ്യവശാൽ പ്രബുദ്ധരായ മലയാളികളുടെ നാട്ടിൽ കോടതി വരാന്തകൾ പോലും കണ്ടിട്ടില്ലാത്ത പാർട്ടി ഓഫിസുകളിലെ കമ്മറ്റിക്കാരും, നേതാക്കന്മാരുടെ പെട്ടി താങ്ങികളും, ഏറാന്മൂളികളും ആയിരിക്കും ആയിരിക്കും അതാത് പാർട്ടികളുടെ ഭരണ കാലഘട്ടത്തിൽ പബ്ലിക് പ്രോസിക്കൂട്ടർമാർ. കഴിവുള്ള, അക്കാദമിക് എക്സലൻസ് ഉള്ള അഭിഭാഷകർ തഴയപ്പെടുകയും ഡിഫൻസ് വക്കീലന്മാരായ് മാറി പ്രതികളെ രക്ഷെപ്പടുത്തുകയും ചെയ്യുന്ന കാഴ്ചകളാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. പത്തുവർഷം പ്രാക്ടീസുള്ള മികച്ച കഴിവുള്ള അഭിഭാഷകരെ ആയിരിക്കണം സ്റ്റേറ്റ് അവരുടെ അഭിഭാഷകനായി നിയമിക്കേണ്ടത്.

  എന്നാൽ ഓരോ രാഷ്ട്രീയ പാർട്ടികളും അവരുടെ അഭിഭാഷക സംഘടനയിൽ കൊടിപിടിക്കാനും മുദ്രാവാക്യം വിളിക്കാനും പോയിട്ടുള്ള വക്കീലന്മാരെ സർക്കാർ വക്കീലന്മാരയി നിയമിച്ച് കേസുകൾ ഏല്പിക്കുകയും അവർ സ്വന്തം പ്രതികളെ രക്ഷിക്കാനാവശ്യമായ ചരടുവലികൾ നടത്തുകയോ, അലംഭാവം കാണിക്കുകയോ ചെയ്ത് മാസാമാസം ശമ്പളവും കിമ്പളവും മേടിച്ചു സുഖമായി സർക്കാർ ചിലവിൽ ജീവിച്ചുപോകും.കൂടത്തായും, പാലത്തായും, വാളയാറും ആവർത്തിച്ചുകൊണ്ടിരിക്കും…