കാഴ്ചക്കാർക്കെതിരെ നരഹത്യക്ക് കേസെടുക്കണം

41

അഡ്വ ശ്രീജിത്ത്‌ പെരുമന

ഓടിയെത്തിയവർ കാഴ്ചക്കാരായി നിന്നതിനാൽ അപകടത്തിൽ പരിക്കേറ്റ യുവാവ് ചോരവാർന്ന് മരിച്ച സംഭവം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. കാഴ്ചക്കാരായി നിന്ന് നരഹത്യക്ക് കരണക്കാരായവർക്കെതിരെ സാധ്യമായ എന്തെങ്കിലും നിയമനടപടികൾ സ്വീകരിക്കാൻ സാധിക്കുമെങ്കിൽ സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവിയോട് രേഖാമൂലം ആവശ്യപ്പെട്ടു. റോഡപകടങ്ങളിൽപ്പെടുന്ന ആളുകളെ പോലീസ് ചോദ്യം ചെയ്യുകപോലും അരുത് എന്ന് മാത്രമല്ല പാരിതോഷികം/ചിലവ് ഉൾപ്പെടെ നൽകണം എന്ന് സുപ്രീംകോടതി പുറപ്പെടുവിച്ച നിയമമുള്ള നാട്ടിലാണ് ഇത് സംഭവിച്ചതെന്നത് ദൗർഭാഗ്യകരമാണെന്ന് മാത്രമല്ല കുറ്റകരവുമാണ്. മാവേലിക്കര സംസ്ഥാന പാതയിലുണ്ടായ അപകടത്തെ തുടർന്ന്, പരുക്കേറ്റ തലവടിസൗത്ത് എക്കപ്പുറത്ത് തുണ്ടിയിൽപറമ്പിൽ മാത്യു ഏബ്രഹാമിന്റെ മകൻ ജിബു ഏബ്രഹാം(23) ആണ് റോഡിൽ ചോര വാർന്ന് മരിച്ചത്.

ജിബുവും സുഹൃത്ത് തലവടി സ്വദേശി ജെഫിനും സഞ്ചരിച്ച ബൈക്ക് നിരണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.ബിംബിയുടെ കാറുമായി കടപ്ര പുളിക്കീഴിൽ വച്ച് ശനിയാഴ്ച അപകടത്തിൽ പെടുകയായിരുന്നു എന്നാൽ, അപകടം കണ്ടു നിന്നവരും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരുമായി 15 ഓളം ആളുകൾ ഉണ്ടായിരുന്നിട്ടും രക്ഷാപ്രവർത്തനത്തിന് ആരും തയാറായില്ല. ഡോ. ബിംബിയും മറ്റൊരു വാഹനത്തിൽവന്ന സ്ത്രീയും കൂടി, വീണുകിടന്ന യുവാവിന്റെ അടുത്തേക്ക് എത്തിയെങ്കിലും ഇവർക്കു തന്നെ എടുത്തുമാറ്റാൻ കഴിഞ്ഞില്ല.

അപകടം നടന്ന് 20 മിനിറ്റ് സമയം തലയിൽ നിന്ന് ചോര ഒഴുകുന്ന നിലയിലായിരുന്നു ജിബു. പിന്നീട് യാത്രക്കാരായ പെരിങ്ങര സ്വദേശി പി.വി. സതീഷ് കുമാറും തിരുമൂലപുരം സ്വദേശി മുരളീദാസും ചേർന്ന് ജിബുവിനെ റോഡിൽ നിന്ന് മാറ്റി കിടത്തുകയായിരുന്നു. ഇതിനിടയിൽ പൊലീസെത്തി മറ്റൊരു വാഹനത്തിൽ കയറ്റി ജിബുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.