ഇന്ത്യ എവിടെ നിന്ന് എങ്ങോട്ട് പോയി !

119

അഡ്വ ശ്രീജിത്ത് പെരുമന

സംഘ്പരിവാറിനെതിരെ പോരാടി മരിക്കേണ്ടിവന്നാൽ ഈയുള്ളവനതൊരു പരമോന്നത ബഹുമതിയായി കരുതും ❤️

ഇരുതല മൂര്‍ച്ഛയുള്ള ഒരു കഠാരയാണ് ഹിന്ദുത്വ അജന്‍ഡ. ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനം നേതത്വം നല്‍കുന്ന ഭരണകൂടമാണ് ഒരു വശമെങ്കില്‍ സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ ഇടപെടുന്ന അവരുടെ മാതൃസംഘടനായായ സംഘപരിവാര്‍ പ്രസ്ഥാനങ്ങളാണ് മറുവശം. ആദിവാസികള്‍, ദളിതര്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, സര്‍വകലാശാലകള്‍, എഴുത്തുകാര്‍ തുടങ്ങി വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയ അജന്‍ഡ നടപ്പിലാക്കുന്നതിനുള്ള സാമൂഹ്യ സാഹചര്യം സൃഷ്ടിക്കുകയാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ കോണ്‍ഗ്രസിനകത്തടക്കം രാജ്യത്തെ പൊതുസമൂഹത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് വലിയ സ്വാധീനമുണ്ടായിരുന്നു. ഈ സ്വാധീനമാണ് ഹിന്ദുത്വ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നവര്‍ ഇപ്പോള്‍ നന്നായി ഉപയോഗിക്കുന്നത്. അതു കൊണ്ടു തന്നെ മതേതര-രാഷ്ട്രീയത്തിന്റെ വക്താക്കള്‍ കരുതിയിരിക്കേണ്ടതുണ്ട്. ഇവിടെ തീര്‍ക്കേണ്ട പ്രതിരോധം തെരഞ്ഞെടുപ്പിലെ നിലപാടു സ്വീകരണം മാത്രവാവരുത്. മറിച്ച് സാമൂഹികമായുള്ള പരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാവണമത്.

വളരെ ആസൂത്രിതമായി നടക്കുന്ന ഹിന്ദുത്വ അജന്‍ഡയുടെ പ്രചാരണത്തിലൂടെ അത് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം നേടും. പിന്നീട്, ഹിന്ദുത്വ അജന്‍ഡയെ എതിര്‍ക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കുകയാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ചെയ്യുന്നത്. അത്തരത്തില്‍ ആരാണു ശത്രു എന്നു ചൂണ്ടിക്കാട്ടിക്കഴിഞ്ഞാല്‍ ശിക്ഷ വിധിക്കാന്‍ വളരെ എളുപ്പമാണല്ലോ.
ഹിന്ദുത്വ ഭീകരതെ സമൂഹത്തില്‍ വ്യാപിക്കുന്നതോടെ അതിന്റെയൊപ്പം ഭയവും വ്യാപിക്കുന്നു. ഭയം ജനങ്ങളില്‍ സന്നിവേശിപ്പിക്കപ്പെടുന്നതിലൂടെ ജനാധിപത്യം പതിയെ പതിയെ പുറന്തള്ളപ്പെടുകയും ഫാസിസം കടന്നുവരികയും ചെയ്യുന്നു. ജനാധിപത്യം ഇല്ലാതാവുന്നതോടെ സഹിഷ്ണുത, സംവാദം, വ്യക്തിസ്വാതന്ത്ര്യം എന്നിവയുടെ ഇടങ്ങളും ഇല്ലാതാവുന്നു
മേല്‍പ്പറഞ്ഞ വിധം ഭയം ഗ്രസിച്ച, ഫാസിസം പിടിമുറുക്കിയ ഒരു ജനവിഭാഗത്തെ മുന്‍ നിര്‍ത്തി ശത്രുക്കളെ കൊന്നൊടുക്കാം. പശുവിന്റെ പേരില്‍ നടക്കുന്ന കൊലകള്‍, ദേശീയതയുടെ പേരുപറഞ്ഞു നടക്കുന്ന ആക്രമണങ്ങള്‍, ദേശീയഗാനം പാടിയപ്പോള്‍ എഴുന്നേറ്റു നിന്നില്ല എന്ന പേരിലുള്ള പോലീസ് കേസുകള്‍, ജാതി മേല്‍ക്കോയ്മയെ സംരക്ഷിച്ചു നിര്‍ത്താന്‍ വേണ്ടി ദളിതര്‍ക്കു നേരേനടത്തുന്ന ആക്രമണങ്ങള്‍, മത ന്യൂപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന വംശഹത്യകള്‍ (ഗുജറാത്തും കാന്‍ഡമാലും), സിനിമകളോടും പുസ്തകങ്ങളോടുമുള്ള അസഹിഷ്ണുത മുതലായവയെല്ലാം വളരെ എളുപ്പത്തില്‍ സാധ്യമാകും.

ഇതിനെ പ്രതിരോധിക്കുക അത്ര എളുപ്പമല്ല. കാരണം, ഭയം മൂലം പൗരസമൂഹം നിശബ്ദതയിലായിരിക്കും. അവരുടെ നിശബ്ദതയെ ഭഞ്ജിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിര്‍ത്തുകയെന്നു പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഇങ്ങനെയെല്ലാം പറയുന്‌പോഴും മതേതര-ബൗദ്ധിക-രാഷ്ട്രീയത്തെ നിലപാടുകളിലൂടെ നേരിടാനുള്ള ശേഷി ഒരു കാലത്തും ഹിന്ദുത്വ രാഷ്ട്രീയത്തിനില്ല. നമ്മുടെ രാജ്യത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന് ഏറ്റവും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതും ഈ മതേതര ബൗദ്ധിക വ്യവഹാരമാണ്. ഇതിനെ പൂര്‍ണമായും വിലക്കെടുക്കാനോ ഭയപ്പെടുത്തി ഇല്ലാതാക്കാനോ ഹിന്ദുത്വ രാഷ്ട്രീയത്തിനു കഴിഞ്ഞിട്ടില്ല. മാത്രവുമല്ല അവരുടെ ചെറുത്തുനില്‍പ്പിന്റെ പ്രതിരോധത്തിന്റെ കരുത്ത് നാള്‍ക്കുനാള്‍ ഏറിവരികയുമാണ്.
ഹിന്ദുത്വ ഫാസിസവും മതേതര-രാഷ്ട്രീയ-ബൗദ്ധിക വ്യവഹാരവുമായുള്ള പോരാട്ടത്തില്‍ സംഘപരിവാറും ഹിന്ദുത്വ വാദികളും ഉപയോഗിക്കുന്ന ആയുധം ഉന്‍മൂലനത്തിന്റേതായിരിക്കും എന്ന കാര്യത്തില്‍ ഇനി സംശയിക്കേണ്ട കാര്യമില്ല. അതിനാല്‍ വിട്ടുവീഴ്ചയില്ലാത്ത മതേതര-ജനാധിപത്യ നിലപാടുകളുമായി ഈ പോരാട്ടം തുടര്‍ന്നെ മതിയാകൂ. അവിടെ പ്രസക്തമാകുന്നത് ഒരേ ഒരു ചേദ്യം മാത്രമാണ്. പോരാട്ടത്തിനിറങ്ങുന്ന നമ്മളില്‍ എത്ര ഗൗരിമാര്‍, എത്ര കൽബുർഗിമാർ, എത്ര പൻസാരമാർ ബാക്കിയുണ്ടാകും എന്നത്.

ഈ പോസ്റ്റിനോടൊപ്പമുള്ളത് വത്തിക്കാൻ ബസലിക്കയിൽ പോപ്പ് ഭക്തർക്ക് അനുഗ്രഹം നൽകുന്നതല്ല, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ഹിന്ദുക്കൾക്കായി രാമക്ഷേത്രവും, രാമരാജ്യവും പ്രഖ്യാപിക്കുകയാണ്.


സഹിഷ്ണുതയുടെ അടയാളങ്ങളായ ഹിന്ദു ദൈവങ്ങൾക്ക് വരെ ഫാസിസ്റ്റ് രൂപമാറ്റം വരുത്തി രാമരാജ്യം പ്രഖ്യാപിക്കുന്ന സംഘപരിവാറിനെ തിരിച്ചറിയണം ❗️ഹിന്ദുത്വവും ഹിന്ദുമതവും ഒന്നല്ല.സംഘ്പരിവാര ശക്തികള്‍ ഹിന്ദുമതത്തെ അംഗീകരിക്കുന്നുമില്ല.രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ പോയന്റ് ബ്ളാങ്കിൽ വെടിവെച്ച് കൊന്ന ഹിന്ദുത്വ തീവ്രവാദി ഗോഡ്‌സെയോടൊപ്പം ഗാന്ധി വധത്തിലെ ഗൂഡാലോചന കേസിലെ പ്രതിയും പിന്നീട് തെളിവുകളില്ലാത്തതിനാൽ വെറുതെ വിടുകയും ചെയ്ത സവർക്കാരാണ് ഹിന്ദുത്വ യുടെ പിതാവ് ഫാസിസ്റ്റ് സൃഷ്ടിയായ ‘ഹിന്ദുത്വ’ത്തിന് വേണ്ടിയാണ് അവര്‍ നിലകൊള്ളുന്നത്. അത് രാഷ്ട്രീയാശയമാണ്. മത രാഷ്ട്രമാണ് ഹിന്ദുത്വ വിഭാവനം ചെയ്യുന്നത്. വീരസവര്‍ക്കറാണ് ‘ഹിന്ദുത്വ’ എന്ന രാഷ്ട്രീയ ആശയത്തിന്റെ ഉപജ്ഞാതാവ്. “ഹിന്ദു രാഷ്ട്രം വരണമെന്ന നമ്മുടെ ആവശ്യത്തെ കപടദേശീയവാദികൾ വർഗീയമെന്നും വിഡ്ഢിത്തമെന്നും പിന്തിരിപ്പനെന്നും മാനവപുരോഗതിക്ക്‌ മേലുള്ള ഭീഷണിയെന്നും വിളിക്കുന്നു.” (വി.ഡി.സവർക്കർ, Nehru’s Nightmare- Hindu Raj? Carpet Knights)മതരാഷ്ട്ര സങ്കല്‍പത്തെയാണ് ഹിന്ദുത്വം ഉയര്‍ത്തിപ്പിടിക്കുന്നത്. ഇന്ത്യ ഹിന്ദു രാഷ്ട്രമായിരുന്നു, ആണ്, ആയിരിക്കണം എന്നാണവരുടെ നിര്‍ബന്ധം. ആര്‍.എസ്.എസ് താത്വികാചാര്യന്‍ ഗുരുജി ഗോള്‍വാള്‍ക്കറുടെ ‘വിചാരധാര’ എന്ന ഗ്രന്ഥത്തിലെ 16ാം അധ്യായം (ആന്തരിക ഭീഷണികള്‍) ഈ ഹിന്ദുരാഷ്ട്രസങ്കല്‍പത്തെ ഭംഗ്യന്തരേണ നിര്‍വചിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ മുസ് ലിംകള്‍, ക്രിസ്ത്യാനികള്‍, കമ്യൂണിസ്റ്റുകള്‍ എന്നിവരാണ് സ്വതന്ത്ര ഇന്ത്യയിലെ ആന്തരിക ഭീഷണികള്‍. ഹിന്ദുക്കള്‍ ഒരു രാഷ്ട്രമാണെന്ന വാദത്തിലൂടെ ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തെ ഭിന്നിപ്പിക്കാനുള്ള ബ്രിട്ടീഷ് താല്‍പര്യങ്ങളുടെ ഉപകരണമായി പ്രവര്‍ത്തിച്ച വി.ഡി സവര്‍ക്കറാണ് ആര്‍. എസ്.എസ് ഉയര്‍ത്തിപ്പിടിക്കുന്ന ഈ ഹിന്ദുത്വയുടെ ഉപജ്ഞാതാവ് എന്ന് യഥാർത്ഥ ഹിന്ദു മത വിശ്വാസികൾ ഇനിയെങ്കിലും മനസിലാക്കണം. ഹിന്ദു ദൈവങ്ങളുടെ സഹിഷ്ണുതയും മനുഷ്യത്വവും കരുണയുമാർന്ന രൂപങ്ങൾക്ക് ഹിന്ദുത്വയുടെ ഫാസിസ്റ്റ്‌ രൂപം നൽകി വിദ്വേഷം പ്രചാരണത്തിനായി ഉപയോഗിക്കുന്നത് കാണാം. ബാബരി മസ്ജിദ് കൊടുങ്കാറ്റിൽ നിലംപൊത്തിയതല്ല ഹിന്ദുവിന്റെ പേരിൽ ഹിന്ദുത്വ ഹിന്ദുത്വവാദികൾ തച്ചുടച്ചതാണ്.


നാല്പതു കിലോ വെള്ളിലോഹംകൊണ്ട് നിങ്ങൾ ആരെയാണ് ഒറ്റിക്കൊടുത്തത് ; രാമനെയോ അതോ രാജ്യത്തെയോ?

നമ്മുടെ പ്രധാന മന്ത്രി നരേന്ദ്ര മോദി, രാമ ക്ഷേത്രത്തിന് തറക്കല്ലിട്ടു. എനിക്കതിൽ ഒരു അത്ഭുതവുമില്ല. അദ്ദേഹം അങ്ങനെ ചെയ്തില്ലെങ്കിലേ ഞാൻ സംശയിക്കൂ. ഒരു മത പ്രസ്ഥാനം രാജ്യം ഭരിക്കുമ്പോൾ കൂടുതലൊന്നും പ്രത്യാശിക്കേണ്ടതില്ല. അങ്ങനെ ‘സ്വാതന്ത്ര്യ സമരം’ വിജയിച്ചിരിക്കുന്നു – രാമ ക്ഷേത്രത്തിനായുള്ള പോരാട്ടം സ്വാതന്ത്ര്യ സമരംപോലെയാണെന്ന് പ്രധാനമന്ത്രി പറഞ്ഞതിൻ പ്രകാരം – മതേതരത്വത്തെ കഴുവിലിരുത്തിക്കൊണ്ട് തന്നെ.

‘ബ്രിട്ടീഷ് ഗവണ്മെന്റ് അവരുടെ അപാരമായ ഔദാര്യത്താലും ദയാവായ്പ്പിനാലും എന്നെ വിട്ടയക്കുകയാണെങ്കിൽ നവോദ്ധാനത്തിന്റെ പരമോന്നത രൂപമായ ഇംഗ്ലീഷ് ഗവണ്മെന്റിന്റെ ശക്തനായ വാക്താവായി ഞാൻ മാറുകയും ബ്രിട്ടീഷ് നിയമവ്യവസ്ഥയോട് പരിപൂർണ വിധേയത്വം ഞാൻ പ്രകടിപ്പിക്കുകയും ചെയ്യും ‘ എന്ന് മാപ്പപേക്ഷ സമർപ്പിച്ച സവർക്കറുടെ പിന്തുടർച്ചക്കാർക്ക് സ്വാതന്ത്ര്യ സമരമെന്നാൽ പള്ളി പൊളിക്കലും അമ്പലം പണിയലുമാണ്.

‘രാമ ക്ഷേത്രം ദേശീയതയുടെ അടയാളമായെന്ന്’ മോദി പറയുന്നു. അന്യതയെ വെറുക്കുക എന്നല്ലാതെ മറ്റെന്തെങ്കിലും അർത്ഥം രാമക്ഷേത്രത്തിന്റെ കുറ്റിയിൽ ദേശീയതയെ പിടിച്ചു കെട്ടുമ്പോൾ ധ്വനിക്കുന്നുണ്ടോ ! എന്തുകൊണ്ടാണ് ബാബറി മസ്ജിദ് ഇന്ത്യൻ ദേശീയതയുടെ അടയാളമായി മാറാതിരുന്നത്? എന്തുകൊണ്ടാണ് ഒരു ക്രിസ്ത്യൻ പള്ളിയോ ജൂത പ്രാർത്ഥനാലയമോ ദേശീയതയുടെ ഭാഗമാണെന്ന് അവർ പറയാത്തത്? ഇതൊരു മതേതരത്വ രാഷ്ട്രമാണ്. ഏതെങ്കിലും ഒരു മത സ്ഥാപനം ദേശീയതയുടെ അടയാളമാകുന്നുവെങ്കിൽ ; മറ്റ് മത ചിഹ്നങ്ങളും ദേശീയതയുടെ ഭാഗം ആവേണ്ടതല്ലേ. ഈ രാജ്യ ദ്രോഹികൾ പറയുന്നതുപോലെ ഏതെങ്കിലും ഒരു മതം ഞങ്ങളുടെ ദേശീയതയുടെ അടയാളമല്ല. അവർ ഭരണഘടനയെ അട്ടിമറിക്കുന്നു. ദേശത്തെ കോർപറേറ്റുകൾക്ക് മൊത്തമായും ചില്ലറയായും കൂട്ടിക്കൊടുത്ത് വാക്കുകൾകൊണ്ട് വ്യഭിചരിക്കുകയാണിവർ. കർഷകരെ ആത്മഹത്യയിലേക്ക് കയ്യൊഴിഞ്ഞ ; ലക്ഷക്കണക്കിന് പൗരന്മാരെ രോഗത്തിനും പലായനത്തിനും മരണത്തിനും വിട്ടുകൊടുത്ത ഇവരിൽ എവിടെയാണ് രാജ്യ സ്നേഹം?

“ദളിതരും പിന്നോക്ക വിഭാഗങ്ങളും ക്ഷേത്രം യാഥാർഥ്യമാവാൻ ആഗ്രഹിച്ചു “വെന്ന് മോദി പറയുന്നു. ഈ നൂറ്റാണ്ടിൽ ഇന്ത്യയിൽ കേട്ട ഏറ്റവും നല്ല തമാശയാണിത്. ഭക്ഷണം കഴിച്ചതിന്റെ പേരിൽ തല്ലിക്കൊന്ന, പ്രണയിച്ചതിന്റെ പേരിൽ ബലാത്സംഗം ചെയ്ത് കത്തിച്ച, ക്ഷേത്രപരിസരത്തുകൂടി പോയതിന് എറിഞ്ഞോടിച്ച ആ ദളിതരെയും പിന്നോക്ക വിഭാഗക്കാരെയും കുറിച്ചാണോ നിങ്ങൾ പറയുന്നത്. അവരുടെ ചോരയും കണ്ണീരും ചാലിച്ച വലിയൊരു നിലവിളിയാണ് സമകാലിക ഇന്ത്യ. അവർക്കുവേണ്ടി ശബ്ദമുയർത്തിയ മനുഷ്യ സ്നേഹികളെ നിങ്ങൾ എന്ത് ചെയ്തു?

‘ശ്രീരാമൻ എല്ലാവരുടേതുമാണെന്നും ശ്രീരാമൻ ഐക്യത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാണെന്നും സത്യത്തെ മുറുകെ പിടിക്കുവാനാണ് ശ്രീരാമൻ പഠിപ്പിച്ചതെന്നും രാമനെപ്പോലെ മികച്ച ഭരണാധികാരിയുണ്ടായിട്ടില്ലെന്നും’ പ്രധാന മന്ത്രി പറയുന്നു.
ശ്രീരാമൻ എല്ലാവരുടേതുമാണെങ്കിൽ അല്ലാഹുവും ക്രിസ്തുവും നിങ്ങളുടേതുകൂടിയാണെന്ന് സമ്മതിക്കണം. ശ്രീരാമൻ ഐക്യത്തിന്റെ പ്രതീകമാണ് ; നിങ്ങൾ ആ ഐക്യത്തെയാണ് തകർത്തത്. രാമൻ ത്യാഗത്തിന്റെ ദൈവരൂപമാണ് ; നിങ്ങളും ത്യജിച്ചിട്ടുണ്ട്- ഞാൻ സമ്മതിക്കുന്നു – സത്യത്തെ, നീതിയെ, സഹിഷ്ണുതയെ….

മനുഷ്യ സ്നേഹികളും യഥാർത്ഥ ഹിന്ദുക്കളും മുസൽമാന്മാരും ഇതിനെതിരാണ്. കൊറോണ കാലത്ത് ചാണകത്തിൽ മുങ്ങാൻ പഠിപ്പിക്കുന്നതിന് പകരം ; ചരിത്രവും ശാസ്ത്രവും പഠിപ്പിക്കുന്ന ഒരു വിദ്യാലയമാണ് ഞങ്ങൾ അവിടെ സ്വപ്നം കണ്ടത്. സുപ്രീം കോമഡി അത് തകിടം മറിച്ചു. ചില മുസ്ലിം ജനതക്കിടയിൽ തീവ്രമായ അസഹിഷ്ണുത വരുത്തിയിട്ടുണ്ട് നിങ്ങളുടെ ചെയ് വന . അവർ അത് പ്രകടിപ്പിക്കുന്നില്ലയെന്നേയുള്ളൂ. നീണ്ട കാലത്തെ ലക്ഷ്യമിട്ടാണ് നിങ്ങൾ വിഷവിത്തുകൾ മുളപ്പിക്കുന്നതെന്നറിയാം. അതിന്റെ പൈശാചികമായ പരിണിത ഫലം എന്റെ നാട് താങ്ങുമോ !നാല്പതു കിലോ വെള്ളിലോഹംകൊണ്ട് നിങ്ങൾ ആരെയാണ് ഒറ്റിക്കൊടുത്തത് ; രാമനെയോ അതോ രാജ്യത്തെയോ?


ദൈവമായ ശ്രീ രാമന്റെ പേരിൽ പള്ളി പൊളിച്ച് അമ്പലം പണിയുന്നവർ മാത്രമല്ല ഭാര്യയായ സീതയെ കാട്ടിൽ ഉപക്ഷിച്ച് പീഡിപ്പിച്ചതിന് ശ്രീരാമനെതിരെ ഗാർഹിക പീഡനത്തിന് കേസ് നൽകിയവരുടെയും അത് ഫയലിൽ സ്വീകരിച്ച് വാദം കേട്ട കോടതിയുടെയും നാട്ടിൽ ഇനിയെന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയണം..നോർത്ത് ബീഹാറിലെ സിതമർഹി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ശ്രീരാമനെതിരെ ജാമ്യമില്ലാ ക്രിമിനൽ കേസ് നിലനിൽക്കുന്നത്. വന്യ മൃഗങ്ങൾ വിഹരിക്കുന്ന കൊടും കാട്ടിൽ സീതയെ ഉപേക്ഷിച്ചതുൾപ്പെടെയുള്ള രാമന്റെ ക്രൂര പ്രവൃത്തികൾക്കെതിരെ രാമനെതിരെ ക്രിമിനൽ കേസെടുക്കണം എന്നാണു ഹർജിക്കാരനായ അഭിഭാഷകനായ താക്കൂർ ചന്ദൻ കുമാറിന്റെ വാദം. ജാമ്യമില്ലാത്ത ക്രിമിനൽ കുറ്റമാണ് രാമൻ ചെയ്തിരിക്കുന്നത്. ഒരിക്കലും ഉപേക്ഷിക്കില്ല എന്ന് പ്രതിജ്ഞ എടുത്ത ശേഷം ഉപേക്ഷിച്ചതിന് ചീറ്റിങ്ങ് കേസുൾപ്പെടെ എടുക്കണം എന്നും പരാതിയിലുണ്ട്. കേസ് കോടതി ഫയലിൽ സ്വീകരിച്ചു. ഇന്ത്യൻ പീനൽ കോഡിലെ 367/34, 498a തുടങ്ങിയ വകുപ്പുകളിലാണ് ശ്രീരാമനെതിരെ കേസ് നൽകിയത്. സീതയ്ക്ക് നീതി ലഭ്യമാക്കണമെന്നും, പ്രതിയായ രാമനെ ശിക്ഷിക്കണമെന്നുമായിരുന്നു ഹര്ജിക്കാരന്റെ ആവശ്യം. കൂടാതെ ബിഹാറിലെ റോഹാദ് സാംബ ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹനുമാനെതിരെ പൊതു സ്ഥലം കയ്യേറി അമ്പലം നിർമ്മിച്ചതിനു ജാമ്യമില്ലാ ക്രിമിനൽ കേസുണ്ട്. കോടതി ഹനുമാന് സമൻസ് അയചെങ്കിലും നാളിതുവരെ പ്രതി ഹാജരായിട്ടില്ല . മേല്പറഞ്ഞ സംഭവങ്ങളും നമ്മുടെ പ്രധാനമന്ത്രിയുടെ ഇന്നത്തെ പ്രസ്താവനയും ചേർത്ത് വായിക്കേണ്ടതാണ്.
“രാമന്‍ ഇത്രയും കാലം താമസിച്ചത് കുടിലിലായിരുന്നു, ഇനി വലിയ ക്ഷേത്രത്തിലായിരിക്കും” എന്നാണ് അയോധ്യയിലെ ഭൂമി പൂജയ്ക് ശേഷം മോദി പ്രതികരിച്ചത്.