മരണം ആരെയും വിശുദ്ധനാക്കുന്നില്ല.❗️

54

അഡ്വ ശ്രീജിത്ത് പെരുമന

മരണം ആരെയും വിശുദ്ധനാക്കുന്നില്ല.❗️

കഥാവശേഷനായ കേന്ദ്ര മന്ത്രി സുരേഷ് അംഗടിക്ക് ആദരാഞ്ജലികൾ അർപ്പിക്കുമ്പോഴും.. അധികാരത്തിന്റെ അപ്പക്കഷ്ണം ഉപയോഗിച്ച് അദ്ദേഹം നടത്തിയ ഒരു പ്രസ്താവനയും ഉത്തരവും പൊറുക്കാനാകാത്തതും ജനങ്ങങ്ങളോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയുമായിരുന്നു

സ്വന്തം അസ്തിത്വവും, പൗരത്വവും നഷ്ട്ടപ്പെട്ട് നാട് നീക്കപ്പെടുമെന്ന് ഭയന്നുകൊണ്ട് ഈ രാജ്യത്തെ ന്യുനപക്ഷങ്ങൾ പ്രത്യേകിച്ച് മുസ്ലീം മതവിഭാഗത്തിൽപ്പെട്ട ജനങ്ങൾ ഭയന്നിരുന്ന കാലത്ത്….. ജനാധിപത്യപരമായി തെരുവിലിറങ്ങി ഭരണകൂട ഫാസിസത്തിനെതിരെ സംസാരിച്ചപ്പോൾ പൗരത്വഭേദഗതിയ്ക്ക് എതിരെ സമരം ചെയ്യുന്നവരെ ഉടന്‍ വെടിവെക്കണമെന്ന് ഉത്തരവ് നൽകിയ മന്ത്രിയാണ് കേന്ദ്രറെയില്‍വേ വകുപ്പ് സഹമന്ത്രി സുരേഷ് അംഗദി. പൊതുമുതല്‍ ആരെങ്കിലും നശിപ്പിച്ചാല്‍ അവരെ ഉടന്‍ വെടിവെച്ചുകൊല്ലാമെന്ന് താന്‍ ജില്ലാഭരണകൂടത്തിനും റെയില്‍വേ അധികൃതരോടും കേന്ദ്രമന്ത്രിയെന്ന നിലയില്‍ നിര്‍ദേശം നല്‍കിയതായി അദേഹം വ്യക്തമാക്കിയിരുന്നു.

സ്വരാജ് ഓർമ്മിപ്പിച്ചതുപോലെ ‘De Mortuis nil nisi bonum’ ‘ഡി മോർഷ്യസ് നിൽ നിസി ബോണം’ എന്ന് ഒരു ലാറ്റിൻ പ്രയോഗമുണ്ട്. മരിച്ചുകിടക്കുമ്പോൾ പരേതനെകുറിച്ച് മോശമായൊന്നും പറയരുത് എന്നാണ് ഇതിന്റെ അർത്ഥം. മരിച്ചയാൾ ആരുമാകട്ടെ അയാളെകുറിച്ചുള്ള വസ്തുതകൾപോലും അപകീർത്തികരമെങ്കിൽ ആ സമയത്ത് പറയാതിരിക്കുന്നതാണ് അഭികാമ്യം. അത് ഒരു പൊതുമര്യാദയുടെ ഭാഗമാണ്. ഇത്തരം മര്യാദകൾ എപ്പോഴും പാലിക്കുന്നതാണ് ഉചിതം. പ്രത്യേകിച്ച് ആധുനിക സമൂഹത്തിൽ. എന്നാൽ വ്യക്തിയോടൊപ്പം ചരിത്രവും മരിക്കുമെന്ന് ഇതിനർത്ഥമില്ല. സത്യം എല്ലായ്‌പ്പോഴും സത്യമായി തുടരുക തന്നെ ചെയ്യും. മരണസമയത്ത് ഇത്തരം കാര്യങ്ങൾ പറയരുത് എന്നതിന് ആ സമയത്തുമാത്രമാണ് പ്രസക്തി. അല്ലാതെ ഒരു സ്വാഭാവിക മരണം ആരെയും വിശുദ്ധനാക്കില്ല. വാഴ്ത്തപ്പെട്ടവനുമാക്കില്ല. സത്യവും ചരിത്രവും എക്കാലത്തും അങ്ങനെതന്നെയായിരിക്കും. ഒരു ചിതയിലെ അഗ്നിക്കും ചരിത്രത്തെ ചാരമാക്കാനാവില്ല. ആയിരം ഇടവപ്പാതികൾ തോരാതെ പെയ്താലും രക്തം വെള്ളമായി മാറില്ല. ചില കനലുകൾ കെട്ടുപോവുകയുമില്ല.
ആദരാഞ്ജലികൾ 💔