ടാർജറ്റ് എന്ന പേരിൽ പ്രത്യേകം തുക ഈടാക്കൽ പകൽകൊള്ളയാണ്

85

അഡ്വ ശ്രീജിത്ത് പെരുമന

കേന്ദ്ര മോട്ടോർ വാഹന നിയമ പ്രകാരം വാഹനങ്ങളും, അതിന്റെ മോഡിഫിക്കേഷനുകളുമായി ബന്ധപ്പെട്ടുള്ള നിയമലംഘനങ്ങളും നിയമംമൂലം വ്യവസ്ഥാപിതമാണ്. കോവിഡ് പ്രമാണിച്ച് വാഹന പരിശോധന നടത്താൻ സാധിക്കാത്തതിനാൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ടാർജറ്റ് നൽകികൊണ്ട് വാഹന പിഴ പിരിവ് ആരംഭിച്ചിട്ടുണ്ടെന്നും ഓരോ ആർടിഒ മാരും, ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥരും പ്രത്യേകം തുക പിഴയായി കണ്ടുകെട്ടി സർക്കാരിലേക്ക് അടയ്ക്കണമെന്നും ഉത്തരവ് ഇറങ്ങിയെന്ന് മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം പുറത്തുവിട്ടിരുന്നു.

ടാർജെറ്റുകളുടെ പേരിൽ ജനങ്ങളുടെ നിയമപരമായ അജ്ഞത മുതലെടുത്തുകൊണ്ട് റോഡിലിറങ്ങുന്ന വാഹനങ്ങളെ മുഴുവൻ വ്യവസ്ഥാപിതവും, അല്ലാത്തതുമായ നിയമലംഘനങ്ങളുടെ പേരിൽ പിഴ ഈടാക്കുകയാണെന്ന് നിരവധിയാളുകൾ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. ടാർജറ്റ് എന്ന പേരിൽ പ്രത്യേകം തുക ഈടാക്കാൻ ഏതെങ്കിലും ഉത്തരവുകൾ ഗവൺമെൻറ് ഓർഡറായി മോട്ടോർ വാഹന വകുപ്പ് ഇറക്കിയിട്ടുണ്ടെങ്കിൽ അത് നിയമവിരുദ്ധമാണ് എന്നുമാത്രമല്ല പകൽകൊള്ളയുമാണ്.
വ്യവസ്ഥാപിത രീതിയിൽ വാഹനപരിശോധന നടത്തുകയോ പിഴ ഈടാക്കുകയോ ചെയ്യാം. അതിന് പ്രത്യേക സീസണോ, കാലമോ ടാർജെറ്റുകളോ ഉണ്ടാകാൻ പാടുള്ളതല്ല. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടാണ് വാഹന വകുപ്പ് വാഹന പരിശോധനകൾ നടത്തേണ്ടത് മറിച്ച് ഖജനാവ് നിറയ്ക്കുക, സർക്കാരിന് പണം കണ്ടെത്തുക എന്ന വിദൂര ഉദ്ദേശം പോലും പിഴ ഈടാക്കുക എന്നതിന്നില്ല.

KSRTC ഉൾപ്പെടെ നാട്ടിലെ സർവ്വമാന സർക്കാർ വാഹനങ്ങളും നിരത്തിലോടുന്നത് മോട്ടിഫിക്കേഷനുകൾ നടത്തിയും നിയമങ്ങൾ ലംഘിച്ചുകൊണ്ടുമാണ്. സീറ്റ് ബെൽറ്റ് ഇട്ടുകൊണ്ട് KSRTC ബസ്സ്‌ ഓടിക്കുന്ന എത്ര ഡ്രൈവർമാരുണ്ട്‌? എത്ര KSRTC കളിൽ സീറ്റ് ബെൽട്ട് ഉണ്ട്? നിയമപ്രകാരം KSRTC യിലുൾപ്പെടെ എല്ലാ ബസ്സുകളിലും സീറ്റ് ബെൽറ്റുകൾ വേണം. അമിത വേഗതയിൽ ഉൾപ്പെടെ പായുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് എത്ര രൂപ പിഴയിട്ടിട്ടുണ്ട്?

സർക്കാർ വാഹനങ്ങളും, സർക്കാർ ഉദ്യോഗസ്ഥരും പൊതുജനങ്ങൾക്ക് മുകളിലോ നിയമങ്ങൾക്ക് അതീതരോ അല്ല എന്നിരിക്കെ വാഹന പരിശോധന നിയമപ്രകാരം നടത്തുന്നതിന് പകരം സർക്കാരിലേക്ക് പണം കണ്ടെത്താൻ ടാർജറ്റ് ഉൾപ്പെടെ നിശ്‌ചയിച്ച് പിഴ ഈടുക്കുന്നുണ്ടെങ്കിൽ അത് തീർത്തും അപലപനീയവും നിയമവിരുദ്ധവുമാണ്. ടാർജറ്റ് നൽകികൊണ്ടുള്ള GO അഥവാ സർക്കാർ ഉത്തരവ് ആർകെങ്കിലും ലഭ്യമാണെങ്കിൽ പ്രസ്തുത ഉത്തരവിനെ ചോദ്യം ചെയ്യാനുള്ള നിയമസഹായം നൽകുന്നതാണ്. കൂടാതെ നിയമപരമായിട്ടല്ലാതെ നടത്തുന്ന വാഹനവേട്ടകൾക്കും നിയമസഹായത്തിനായി ബന്ധപ്പെടാവുന്നതാണ്. നിങ്ങളോ, നിങ്ങളുടെ വാഹനങ്ങളോ നിയമലംഘനം നടത്തിയിട്ടില്ല എന്ന് ബോധ്യമുള്ള പക്ഷം പിഴ ഈടാക്കാതെ കോടതിയിൽ തെളിയിക്കാനുള്ള ശ്രമങ്ങൾ നടത്തണം.

മേല്പറഞ്ഞ എല്ലാ ഉപദേശങ്ങളും നിയമപരമായും, സുരക്ഷിതമായും വാഹനമോടിക്കുന്നവർക്ക് മാത്രമാണ് ബാധകം. ഓരോ മിനിറ്റിലും നിരവധി ജീവനുകൾ പൊലിയുന്ന ഇടമാണ് പൊതുറോഡുകൾ. മാത്രമല്ല ഏറ്റവും കുറഞ്ഞ ശിക്ഷ ഉറപ്പുവരുത്തി ഒരാളെ അപായപ്പെടുത്താൻ പോലും നല്ല മാർഗ്ഗമാണ് റോഡുകൾ. അതുകൊണ്ടുതന്നെ കൃത്യമായ പരിശോധനകളും നിരീക്ഷണങ്ങളും എപ്പോഴും റോഡുകളിൽ ഉണ്ടാകേണ്ടതുണ്ട്. നിയമലംഘകരെ മാതൃകപരായി ശിക്ഷിക്കുകയും വേണം എന്നാൽ അത് ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടോ, നിയമവിരുദ്ധമായി ടാർജറ്റ് നിശ്ചയിച്ചുള്ള പിരിവുകൾ ആക്കികൊണ്ടോ അല്ല നടപ്പിലാക്കേണ്ടത്.
പൊതുജനങ്ങൾക്കിടയിൽ വലിയ അജ്ഞതയുള്ള ഒരു വിഷയമാണ് സ്വകാര്യ/ ഗവണ്മെന്റ് വാഹനങ്ങളിലെ ബോർഡുകളുമായി ബന്ധപ്പെട്ട നിയമങ്ങൾ.

ഓരോ സംസ്ഥാനത്തെയും ഗതാഗത വകുപ്പുകൾ ഇതു സംബന്ധിച്ച്‌ വ്യത്യസ്ത ചട്ടങ്ങൾ രൂപീകരിക്കാറും നടപ്പിലാക്കാറുമുണ്ട്. കേരളത്തിൽ ഏതൊക്കെ ഉദ്യോഗാഥർ എങ്ങനെയൊക്കെയുള്ള ബോർഡുകൾ ഉപയോഗിക്കണം എന്നു കൃത്യമായി നിയമമുണ്ട്.വാഹനങ്ങളിൽ മറ്റ് ഉദ്യോഗപേരോ വിവരങ്ങളോ ഉള്ള സ്റ്റിക്കറുകളോ ബോർഡുകളോ അനുവദനീയമാണോ ❓
ഇതുസംബന്ധിച്ച മോട്ടോർ വെഹിക്കിൾ ചട്ടങ്ങൾ പരിശോധിച്ചാൽ സൈൻ ബോർഡുകൾക്ക് മാത്രമാണ് പ്രത്യക്ഷത്തിൽ നിയന്ത്രണം ഉള്ളത്. രജിസ്‌ട്രേഷൻ നമ്പർ ബോർഡിനോട് ചേർന്ന് സ്ഥാപിക്കുന്ന സൈൻ ബോർഡുകൾ കൃത്യമായി നിയമം അനുശാസിക്കുന്ന രീതിയിലായിരിക്കണം. അക്ഷരങ്ങളുടെ അളവുകൾ മുതൽ, ബോർഡിന്റെ വലിപ്പവും, കളറും ഉൾപ്പെടെ ചട്ടങ്ങളിൽ വിശദമായി പറയുന്നുണ്ട്.

ഹൈകോർട്ട് , ആർമി, പോലീസ്, ജേർണലിസ്റ്റ്, അഡ്വക്കേറ്റസ്, ഡോക്ടർ തുടങ്ങിയുള്ള സ്റ്റിക്കറുകൾ രജിസ്‌ട്രേഷൻ ബോർഡ് അഥവാ നമ്പർ പ്ളേറ്റിനോട്‌ അനുബന്ധിച്ചല്ലാതെ വാഹനങ്ങളിൽ പതിപ്പിക്കുന്നത് നിലവിൽ കേരളത്തിൽ നിയന്ത്രണമില്ല.
എന്നാൽ 2018ൽ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരാഖണ്ഡ് സംസ്ഥാനത്തെ സ്വകാര്യ വാഹനങ്ങളിൽ ഹൈകോർട്ട് , ആർമി, പോലീസ്, ജേർണലിസ്റ്റ് തുടങ്ങിയ പേരുകളും, സ്റ്റിക്കറുകളും നിരോധിച്ച് ഉത്തരവിട്ടിരുന്നു. അഭിഭാഷകർക്കും ഡോക്ടരർമാർക്കുമാണ് അതിൽ ഇളവുകൾ നൽകിയത്. എന്നാൽ കേരളത്തിൽ നിലവിൽ അത്തരം നിയന്ത്രണങ്ങളില്ല.
എന്നാൽ നിയമവിരുദ്ധ സ്റ്റിക്കറുകളും, ചിത്രങ്ങളും പതിപ്പിക്കുന്നതിനു നിയന്ത്രണമുണ്ട്. ഉദാഹരണത്തിന് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണത്താൽ കേസ് നിലവിലുള്ള GNPC പോലുള്ള ഗ്രൂപ്പുകളുടെ മദ്യക്കുപ്പിയെയും, മദ്യപാനത്തെയും സൂചിപ്പിക്കുന്ന സ്റ്റിക്കറുകളും സിംബലുകളും അതുപോലെ തന്നെ നിരോധിത സംഘടനകളുടെയും, രാജ്യദ്രോഹികളുടെയും ചിത്രങ്ങളും വാഹനങ്ങളിൽ പതിപ്പിക്കുന്നത് നിയമവിരുദ്ധമാണ്.

ഒരു NGO യുടെ പേര് നെയിം ബോർഡായി വാഹനങ്ങളിൽ സ്ഥാപിക്കാമോ ❓
നമ്പർ പ്ളേറ്റിന്റെ ഭാഗമായിട്ടല്ലാതെ, സർക്കാർ/ഗവണ്മെന്റ് വാഹനങ്ങളിൽ ചട്ടപ്രകാരം ഉൾപ്പെടാത്ത നിറങ്ങളിൽ എഴുതിയ ബോർഡുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. എന്നാൽ തെറ്റിധാരണാ ജനകമായ/സമഹായകരമായ ബോർഡുകൾ ഉദ്യോഗസ്ഥർക്ക് നീക്കം ചെയ്യാവുന്നതും നടപടിയെടുക്കാവുന്നതുമാണ്. ടാർജറ്റ് തികയ്ക്കാൻ എന്ന പേരിൽ നിയവിരുദ്ധമായി പിഴ ഈടാക്കി എന്ന് നിങ്ങൾക്ക് തോന്നുന്ന കേസുകളുടെ വിശദ വിവരങ്ങൾ ഈ പോസ്റ്റിനു കീഴിൽ ചേർക്കാം.