ഇസ്ലാമിക അന്തരീക്ഷത്തിൽ മാത്രമല്ല ഒരു മത അന്തരീക്ഷത്തിലും ഒന്നും പഠിക്കരുത്

153

അഡ്വ ശ്രീജിത്ത്‌ പെരുമന

“ഇസ്ലാമിക അന്തരീക്ഷത്തിൽ MBBS പഠിക്കാം ” എന്ന രീതിയിലുള്ള പരസ്യങ്ങൾ നാട്ടിൽ പ്രചരിക്കുന്നതിൽ ശക്തമായ ആശങ്ക എനിക്കുണ്ട്.

മൗലികാവകാശമായ മതവിശ്വാസ /ആരാധനാ സ്വാതന്ത്ര്യത്തെ പൂർണ്ണമായും അംഗീകരിച്ചുകൊണ്ട് പറയട്ടെ ഇതുമൊരു വർഗീയ മാർക്കെന്റിങ്ങോ, പ്രചാരണമോ ആണ് എന്ന് മാത്രമല്ല ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കും. അതിന് ചെറിയൊരു ഉദാഹരണം ചൂണ്ടിക്കാണിക്കാം. മൂന്ന് വർഷങ്ങൾക്ക് മുൻപ് സംസ്ഥാന പോലീസ് മേധാവിക്ക് ഞാൻ നൽകിയ ഒരു പരാതിയാണ് ഈ പോസ്റ്റിൽ ഉള്ളത്. അമുസ്ലിങ്ങളായ ഗൈനക്കോളജിസ്റ്റിനെ ഇസ്‌ലാം മത വിശ്വാസികൾ കാണുന്നത് പാപമാണെന്നുള്ള ഒരു മത പണ്ഡിതന്റെ വർഗ്ഗീയവും അപരിഷ്കൃതവുമായ പ്രസ്താവനക്കെതിരെ ആയിരുന്നു അത്. മുസ്ലിം സ്ത്രീകള്‍ പ്രസവിക്കുമ്പോള്‍ മുസ്ലിം വനിത ഡോക്ടറെ തന്നെ കാണിക്കണമെന്നാണ് മത പണ്ഡിതൻ പ്രഖ്യാപിച്ചത്. രക്തം കൊടുക്കുകയാണെങ്കില്‍ ബ്ലഡ് ഗ്രൂപ്പ് നോക്കാതെ ജാതി ഗ്രൂപ്പ് നോക്കണമെന്നും ആഹ്വാനം ചെയ്തു.

ഗര്‍ഭിണി മുസ്ലിം വനിതാ ഡോക്ടറെ കണ്ടെത്താനായി കുറേ ഏറെദൂരം യാത്ര ചെയ്തായാലും കുഴപ്പമില്ല എന്നുമാണ് ഇദ്ദേഹത്തിന്റെ ആഹ്വാനം. മുസ്ലിം സ്ത്രീ അപകടത്തില്‍പ്പെട്ട് റോഡില്‍ കിടക്കുമ്പോഴും, ലാബില്‍ നിന്നും അത്യാവശ്യത്തിന് രക്തം സ്വീകരിക്കുമ്പോഴും മുസ്ലിമായ ആരെങ്കിലും സഹായിച്ചാല്‍ മതിയെന്നാണ് ഇദ്ദേഹത്തിന്റെ മറ്റൊരു ആഹ്വാനം.ഈ രാജ്യത്തെ ജനങ്ങളോട് ഇതേ സംഘപരിവാറും പറയുന്നുള്ളൂ ഇന്ത്യയിൽ ഹിന്ദു അന്തരീക്ഷത്തിൽ ജീവിക്കണം. അതിന് എല്ലാരും ഹിന്ദു ധർമ്മം പിന്തുടരണം. ഹിന്ദു അന്തരീക്ഷം ഉണ്ടാകണം. പൗരത്വം ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ ആക്കണം. ജയ് ശ്രീറാം വിളിക്കണം. ഹിന്ദു ധർമ്മം വിശ്വസിക്കുന്ന ബീഫ് കഴിക്കരുത്. പശുവിനെ ബഹുമാനിക്കണം…

സയൻസിന്റെ മതങ്ങളുടെ ആലയിൽ കൊണ്ടുചെന്ന് കെട്ടുന്നത് ഞാൻ മുകളിൽ ചൂണ്ടിക്കാണിച്ച തരത്തിലുള്ള ഗുരുതരമായ വർഗീയതയ്ക്കും, പ്രാകൃത ചിന്താഗതികളിലേക്കും മനുഷ്യനെ തള്ളിവിടും എന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച മെഡിക്കൽ കോളേജിൽ, നല്ല പഠനാന്തരീക്ഷമുള്ള, അക്കാദമിക് എക്സലൻസ് ഉള്ള കോളേജിൽ MBBS നു അഡ്മിഷൻ എന്നായിരിക്കാം പരിഷ്കൃത സമൂഹത്തിലെ മതങ്ങൾ കുട്ടികളെ പഠിപ്പിക്കേണ്ടത്. ഇന്ത്യയിൽ “ഹിന്ദു കോളേജും ” ഇസ്ലാമിക യൂണിവേഴ്സിറ്റിയുമുണ്ട് “.ഇന്ത്യയുടെ മുസ്ലീമല്ലാത്ത പല പ്രധാനമന്ത്രിമാരും, രാഷ്ട്രപതിമാരും, ചീഫ് ജസ്റ്റിസുമാരുമെല്ലാം പഠിച്ചത് “അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി”യിലാണ്. അതിനർത്ഥം അവർ ഇസ്ലാമിക അന്തരീക്ഷത്തിൽ പഠിച്ചു എന്നാണോ? അല്ല രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലയിൽ പഠിച്ചു എന്നാണ്. സമാനമാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെയും കാര്യം. അതിൽ പഠിച്ച മുസ്ലീങ്ങൾ ഹിന്ദു അന്തരീക്ഷത്തിനായാണോ വന്നിട്ടുള്ളത് അല്ല അക്കാദമിക് നേട്ടങ്ങളാണ് പ്രധാനം. മതം ആചരിക്കുക എന്നത് വ്യക്തിപരമായ സ്വാതന്ത്ര്യവും തീരുമാനവുമാണ്. കേരളത്തിലെ ഒരു പ്രധാനപ്പെട്ട രാഷ്ട്രീയ കുടുംബത്തിലെ ഒരാളുടെ ചിത്രം വെച്ചുകൊണ്ട് നടത്തുന്ന ഈ പ്രചാരണം അതുകൊണ്ടുതന്നെ പൊളിറ്റിക്കലി ശരിയല്ല എന്ന് തന്നെയാണ് അഭിപ്രായം .

ഇസ്ലാമിക അന്തരീക്ഷത്തിൽ മാത്രമല്ല ഒരു മത അന്തരീക്ഷത്തിലും ഒന്നും പഠിക്കരുത്.ശാസ്ത്ര അഭിരുചിയും, മാനവികതയും, അന്വേഷണ ത്വരയും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷത്തിൽ മാത്രമേ പഠിക്കാവൂ അത് മെഡിക്കൽ കോളേജായാലും, നഴ്‌സറി സ്കൂൾ ആയാലും. ചൊവ്വാ ദോഷം എന്നും, ശുക്രനിൽ കൃമികടി എന്നും രാഹു, കേതു, ഉണ്ടംപൊരി, മൂലംകടച്ചിൽ എന്നൊക്കെ പറഞ്ഞുകൊണ്ടും, വിറകു കൊള്ളിയാകും, നരകത്തിൽ എണ്ണയിലിട്ട് പൊരിക്കും, സ്വർഗ്ഗത്തിൽ സുന്ദരികളെക്കിട്ടും, തെമ്മാടിക്കുഴി എന്നൊക്കെ പാവപെട്ട ജനങ്ങളിൽ ഭയം നിറയ്ക്കുന്ന അന്തരീക്ഷത്തിലാണോ ഒരാൾ വിദ്യാഭ്യാസവും അക്ഷരാഭ്യാസവും ശാസ്ത്രവും അഭ്യസിക്കേണ്ടത് എന്ന് മാത്രം ചിന്തിച്ചാൽ മതി.

മക്ക മദീനയും, വത്തിക്കാൻ ബസലിക്കയും, ശബരിമലയും, തിരുപ്പതിയും മാസങ്ങളായി അടച്ചു പൂട്ടിയിട്ടും ഒരാളുപോലും പ്രാർത്ഥിക്കാത്തതിന്റെ പേരിലോ, ആരാധനാലയത്തിൽ പോകാത്തതിന്റെ പേരിലോ മരണപ്പെടുകയോ, രോഗ ബാധിതനാകുകയോ ചെയ്തിട്ടില്ല. മറിച്ച് നഗ്ന നേത്രങ്ങൾകൊണ്ട് കാണാൻ സാധികാത്ത ഒരു വൈറസിനെ പേടിച്ച് സർവ്വമാന മത കേന്ദ്രങ്ങളും പൂട്ടി പുരോഹിതർ വീട്ടിലിരിക്കുകയാണ്.ആനാം വെള്ളവും, ഗംഗാ ജലവും, ഉസ്താദ് തുപ്പിയ വെള്ളവുമൊന്നും ആർക്കും വേണ്ട എല്ലാവർക്കും ഹൈഡ്രോക്സിക്ലോറോക്വിനും, ഇമ്മ്യുണിറ്റി ബൂസ്റ്ററും, പാരാസിറ്റാമോളുമാണ് വേണ്ടത്. ചൊവ്വ ദോഷമെന്നും, ശുക്രനിൽ എലിവാണമെന്നും വിശ്വസിപ്പിച്ച് അന്ധവിശ്വാസത്തിന്റെ പേരിൽ ആയിരക്കണക്കിന് പെൺകുട്ടികളുടെ ജീവിതം തുലയ്ക്കുന്ന നാട്ടിൽ, സ്വർഗ്ഗം കിട്ടാൻ ചാവേറായി സിറിയിയയിലേക്ക് ആടിനെമേക്കാൻ പോകുന്നവരുടെ നാട്ടിൽ, ദൈവത്തിന്റെ ഹോൾസെയിൽ ഏജന്റായ ബിഷപ്പുമാർ കുഞ്ഞാടുകളുടെ മാംസത്തിന്റെ രുചിനോക്കുന്ന നാട്ടിൽ
ഈ കൊറോണയുടെ പശ്ചാത്തലത്തിലെങ്കിലും ഇത്തരത്തിലുള്ള മത മാർക്കറ്റിങ്ങുകളും, വർഗീയ പ്രചാരണങ്ങളും മലയാളി മനസിലാക്കിയില്ലെങ്കിൽ ഇനിയൊരിക്കലും മലയാളിക്കതിനാകില്ല. മത സ്വാതന്ത്ര്യം മൗലികാവകാശമായി നൽകുന്ന അതേ ഭരണഘടന പറയുന്ന മൗലിക കർത്തവ്യം നോക്കൂ… ആർട്ടിക്കിൾ 51 A(h)❤️