“ബലാൽത്സംഗ ഇര മരിക്കേണ്ടവളാണ്” എന്ന ബോധത്തിലാണ് ഇപ്പോഴും നമ്മുടെ സമൂഹം എന്നതുതന്നെ നമ്മുടെ ലൈംഗിക അരാജകത്വത്തെ സാക്ഷ്യപ്പെടുത്തുന്നു

0
39

Adv Sreejith Perumana

ബലാത്സംഗ കുറ്റത്തിന് വധ ശിക്ഷ വേണം എന്ന വാദത്തിന് ഇന്ത്യൻ പീനൽ കോഡിനോളം തന്നെ പഴക്കമുണ്ട്. പീനൽ കോഡിന്റെ സൃഷ്ടാവായ മെക്കാളെ തന്നെ അതിനു നൽകിയ മറുപടി ചരിത്ര രേഖകളിലുണ്ട്. സാഹചര്യങ്ങളെ വളരെയേറെ ആശ്രയിക്കുന്ന ഒന്നാണ് ബലാത്സംഗം പോലൊരു കുറ്റ കൃത്യം. അത്തരം കുറ്റ കൃത്യത്തിനു വധ ശിക്ഷ നൽകിയാൽ ഇരയെ വകവരുത്തി തെളിവ് നശിപ്പിക്കാനാകും കുറ്റവാളിയുടെ സഹജമായ വാസന. “കുറഞ്ഞ പക്ഷം ഇരയുടെ ജീവനെങ്കിലും എനിക്ക് സംരക്ഷിക്കാൻ കഴിഞ്ഞേക്കും” എന്നാണ് ആ വിമർശനത്തിനു മെക്കാളെ നൽകിയ മറുപടി.

ബലാത്സംഗത്തിനെതിരെ അതിവൈകാരികമായി പ്രതിഷേധിക്കുന്നവരിൽപോലും സമയവും, സന്ദർഭവും ലഭിക്കാത്ത പൊട്ടൻഷ്യൽ റേപ്പിസ്റ്റുകൾ ഉറങ്ങികിടക്കുന്നുണ്ട് എന്ന യാഥാർഥ്യം ഓർമ്മിക്കണം.. അതിവൈകാരികതയല്ല വേണ്ടത് . വിവേകത്തോടെ സമൂഹത്തെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾ ഭരണകൂടത്തെക്കൊണ്ട് ചെയ്യിപ്പിക്കുകയാണ് വേണ്ടത്. ലൈംഗിക വിദ്യാഭ്യാസം നൽകുകയാണ് വേണ്ടത്. പ്രതികളെ മരണം വരെ പരോളില്ലാതെ ജയിലിൽ അടയ്ക്കുകയാണ് വേണ്ടത്.

നാല് പ്രതികളെ തൂക്കിലേറ്ററിയാലോ, തലവെട്ടിയാലൊന്നും നൂറ്റിമുപ്പതു കോടി റേപ്പിസ്റ്റുകളെ നിയന്ത്രിക്കാൻ സാധിക്കില്ല. മെഴുകുതിരി റാലികൾക്കുമപ്പുറം ലൈംഗിക കാര്യത്തിൽ സമൂലമായ ഒരു വിപ്ലവം രാജ്യത്ത് നടക്കേണ്ടിയിരിക്കുന്നു. ലൈംഗികതയിൽ അക്കാദമിക് താത്പര്യത്തോടെ പോലും തൊടാൻ ഭരണകൂടങ്ങളുടെ സദാചാരം ഭയപ്പെടുന്നു. ലോകത്തിലെ ജനസംഖ്യയിൽ ഏറ്റവും കൂടുതൽ യുവാക്കളുള്ള രാജ്യമാണ് നമ്മുടേത് അതിലെ പുതുതലമുറയെ എങ്കിലും ലൈംഗികതയും, സാമൂഹിക-മാനുഷിക മൂല്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് അവബോധമുള്ളവരാക്കിയാൽ പത്ത് മനുഷ്യരുടെ തലവെട്ടുന്നതിനേക്കാൾ എളുപ്പത്തിൽ ലോകത്തിലെ ഏറ്റവും ഹീനമായ ഈ പ്രവൃത്തിയിൽ നിന്നും മനുഷ്യരെ പിന്തിപ്പിക്കാം.

“ബലാൽത്സംഗ ഇര മരിക്കേണ്ടവളാണ്” എന്ന ബോധത്തിലാണ് ഇപ്പോഴും നമ്മുടെ സമൂഹം എന്നതുതന്നെ നമ്മുടെ ലൈംഗിക അരാചകത്വത്തെ സാക്ഷ്യപ്പെടുത്തുന്നു.

**