മേൽപ്പാലം തള്ളി തുറന്നവർക്കിരിക്കട്ടെ കുതിരപ്പവൻ

  85

  അഡ്വ ശ്രീജിത്ത്‌ പെരുമന

  മേൽപ്പാലം തള്ളി തുറന്നവർക്കിരിക്കട്ടെ കുതിരപ്പവൻ ✌️അത് നിങ്ങളുടെ മൗലികാവകാശമാണ്..

  പണി പൂർത്തിയായ റോഡ് /പാലം എന്നിവ ഉപയോഗിക്കുക എന്നത് പൗരന്മാരുടെ ഭരണഘടനാ മൗലികാവകാശമാണ്. ഉത്‌ഘാടനം നടക്കാത്തതിന്റെ പേരിൽ പണി പൂർത്തിയായ പാലം/റോഡ് ഗതാഗതത്തിന് തുറന്നു കൊടുക്കാതെ ജനങ്ങളെ വലക്കുന്നത് ഭരണഘടനാ വിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണ് നല്ല റോഡുകളിലൂടെ സഞ്ചരിക്കുക എന്നതും, ഗതാഗത യോഗ്യമായ ഏതൊരു റോഡും ഉപയോഗിക്കുക എന്നതും ആർട്ടിക്കിൾ 21 പ്രകാരം പൗരന്മാർക്കുള്ള മൗലികവകാശമാണ് എന്ന് സുപ്രീംകോടതി അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളതാണ്.

  റോഡ് /പാലം ഉപയോഗിക്കാനുള്ള അവകാശം നിഷേധിക്കുക എന്നാൽ ഭരണഘടനാ അവകാശമായ ജീവിക്കാനുള്ള അവകാശം നിഷേധിക്കുക എന്നതാണ് എന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്. “Denial of the right (to roads) would be denial of life as understood in its richness and fullness by the ambit of the Constitution.”കൂടാതെ കേരള ഹൈക്കോടതി ഡിജോ കാപ്പൻ കേസിൽ ഉൾപ്പെടെ ഗതാഗതയോഗ്യമായ റോഡ് മൗലികാവകാശമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
  “fundamental right under Article 21 to get access to roads” and the state has “a constitutional obligation to provide roads for communication.”
  “Article 21 embraces not only physical existence of life but the quality of life ”

  ആർട്ടിക്കിൾ 21പ്രകാരം റോഡുകൾ ഉപയോഗിക്കാൻ അനുവദിക്കുക എന്നത് സ്റ്റേറ്റിന്റെ അഥവാ സർക്കാരിന്റെ ഭരണഘടന ബാധ്യതയാണ് എന്നും കോടതികൾ വ്യക്തമാക്കിയിട്ടുണ്ട്.ജനങ്ങളുടെ നികുതി പണം കൊണ്ട് നിർമ്മിച്ച പാലം ഉപയോഗിക്കാൻ ആരുടേയും ഔദാര്യം ഒരു ഉപഭോക്താവിന് /പൗരന് ആവശ്യമില്ല. ക്രമസമാധാനതിന്റെ ഭാഗമായോ, ജീവനും സ്വത്തിനും ഭീഷണിയാകുമ്പോഴോ, ആരോഗ്യപരമായാ കാരണങ്ങളാലോ അല്ലാതെ ഗതാഗത യോഗ്യമായ പൊതു റോഡുകളിലെ ഗതാഗതം തടയാൻ ആർക്കും അധികാരമില്ല. ഉത്ഘാടനം എന്നത് ഭരണഘടനായിലോ, ഏതെങ്കിലും നിയമത്തിലോ, ഉത്തരവിലോ പറയുന്നതോ നിഷ്കർഷിക്കുന്നതോ ആയ ഒരു അവശ്യ കാര്യമല്ല.

  വസ്തുതകൾ ഇങ്ങനെയാണെന്നിരിക്കെ ഉത്‌ഘാടനം നടത്തിയില്ല എന്നതിന്റെ പേരിൽ കൊച്ചിയിലെ ഏറ്റവും തിരക്കേറിയ പ്രദേശത്ത് നിർമ്മിച്ച മേൽപ്പാലം ജനങ്ങൾക്കായി തുറന്ന് നൽകാതെ ജനങ്ങളുടെ മൗലികവകാശത്തെ നിഷേധിച്ചുകൊണ്ട് ബുദ്ധിമുട്ടിക്കുന്നത് ഭരണഘടനാ ലംഘനവും, ശുദ്ധ തോന്ന്യാസവുമാണ്.മേൽപ്പാലത്തിലെ തടസ്സങ്ങൾ മാറ്റി ഗതാഗതത്തിന് തുറന്നു കൊടുത്തു എന്നപേരിൽ പോലീസ് നടത്തുന്ന ഗുണ്ടായിസവും അറസ്റ്റും, തേർവാഴ്ചയും പട്ടാളഭരണത്തെ അനുസ്മരിപ്പിക്കുന്നതാണ് എന്ന് പറയാതെ വയ്യ❗️

  ഈ മഹാമാരിയുടെ കാലത്തും കോടികൾ ചിലവഴിച്ചുകൊണ്ട് നാടോടുക്ക് ഫലകങ്ങൾ സ്ഥാപിച്ച് നടക്കുന്ന ഈ ഉത്ഘടന ആഭാസങ്ങൾക്കെതിരെ ശക്തമായ പൊതുജന പ്രക്ഷോഭങ്ങൾ ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.