‘അവസരങ്ങളുടെ അഭാവം’ കാരണം കലിമൂത്തവർ കേരളത്തിൽ വീണ്ടും ഒരാളെ കൊന്നു

86

അഡ്വ ശ്രീജിത്ത് പെരുമന

സമ്പൂർണ്ണ സാക്ഷര പ്രബുദ്ധരുടെ നാട്ടിൽ വീണ്ടും സദാചാര കൊലയും, വടിവാൾ വെട്ടും ❗️
വാർത്ത 1.
പട്ടാപ്പകൽ ആൾക്കൂട്ട ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാസർകോട് ചെമ്മനാട് സ്വദേശി മുഹമ്മദ് റഫീഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. സ്ത്രീയെ അപമാനിച്ചെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്.
വാർത്ത.2
വഴിയില്‍ മൂത്രമൊഴിച്ചെന്ന് പറഞ്ഞ് തര്‍ക്കം, സംഘര്‍ഷം; വെട്ടേറ്റ 16-കാരന്റെ നില ഗുരുതരം

മറയൂർ ചെറുവാട് ഗ്രാമത്തിൽ വഴിയിൽ മൂത്രമൊഴിച്ചു എന്നാരോപിച്ച് വെട്ടേറ്റ പതിനാറുകാരന്റെ നില ഗുരുതരമായി തുടരുന്നു. ചെറുവാട് ഗോത്രവർഗ കോളനിയിലെ കറുപ്പുസാമിയുടെയും അയ്യമ്മയുടെയും മകൻ പ്രഭാകരനാണ് വെട്ടേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്നത്. സംഭവത്തിൽ രണ്ടുപേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഒരാളെ കസ്റ്റഡിയിലെടുത്തു.സ്വയം പ്രബുദ്ധരും വിശുദ്ധരുമാണെന്ന് വിശ്വസിക്കുന്ന സമ്പൂർണ്ണ സാക്ഷര സമൂഹം…

അമ്മയിൽ മരുമകന്റെ അംഗത്വവും, ഫെമിനിസ്റ്റ് അമ്മച്ചിമാരുടെ അവളുടെ രാവുകളും, ആഗോള ചർച്ചകളാകുന്ന കാലത്താണ് സദാചാര ആക്രമണത്തിൽ മനുഷ്യർ കാലാവശേഷരാകുന്നത്. സഹജീവികളോട് മനുഷ്യത്വപരമായ പ്രതിബദ്ധതയില്ലാത്ത സീസണൽ മനുഷ്യസ്നേഹികളുടെ ഒരു തലമുറയിലൂടെയാണ് നാമിപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഭക്ഷണം കട്ടെടുത്തതിന് മധുവിനെയും, കോഴിയെ കട്ടു എന്നാരോപിച്ച് മാണിക്കിനെയും കൊന്നവർക്കെതിരെയും, ഗൗതമിന്റെ ആക്രമിച്ചവർക്കെതിരെയും, ഇപ്പോൾ മുഹമ്മദ്‌ റഫീഖിനെ കൊന്നവർക്കെതിരെയും പടവാളെടുക്കും മുൻപ് നാം നമ്മിലേക്ക് തന്നെ ഒന്ന് ഊളിയിടണം എന്ന് തോന്നുന്നു.

കപട സദാചാരത്തിന്റെ അടിവേരുകൾ നമ്മുടെ ഉള്ളിലെവിടെയൊക്കെയോ ഒളിഞ്ഞിരുപ്പുണ്ട്. അത് സാഹചര്യങ്ങൾക്കനുസരിച്ച് ചിലരിൽ നിന്ന് നിർഗമിക്കുന്നു എന്നുമാത്രം. അട്ടപ്പാടിയിലെ മധുവിനെ മർദ്ദിച്ച് കൊലപ്പെടുത്തുന്നതിന്റെ സെൽഫി പകർത്തിയ ആ യുവാവും, മാണിക്കിനെ കൊലചെയ്ത ആളുകളും, ഇന്ന് റഫീഖിനെ കൊല ചെയ്തവരും ബോൺ ക്രിമിനലുകളോ,കുറ്റവാളികളോ ആയിരിക്കില്ല. നമ്മുടെ സമൂഹം അവരെ പഠിപ്പിച്ച വൃത്തികെട്ട കപട സദാചാര സംസ്‌കാരത്തിന്റെയും, ആൾക്കൂട്ട മാന്യതയുടെയും ശിഷ്ടമായി സാഹചര്യവശാൽ ക്രിമിനലുകളായി മാറുന്നവരാണ് അവർ.

തനിക്ക് കിട്ടാത്തത് കിട്ടുന്ന മറ്റുള്ളവരോടും, വൈറ്റ് കോളർ വസ്ത്രം ധരിക്കാത്തവരോടും, ഇംഗ്ലീഷ് സംസാരിക്കാനറിയാത്തവരോടും, മക്കളെ സർക്കാർ സ്‌കൂളിൽ ചേർക്കുന്നവരോടും, മലയാളികൾ ഗൾഫിൽ ചെയ്യുന്ന ജോലി നാട്ടിൽ ചെയ്യുന്നവരോടും മലയാളിക്ക് സ്വതസിദ്ധമായ ഒരു അവജ്ഞയും വെറുപ്പുമുണ്ട് എന്നതാണ് സത്യം.

പ്രധാനമന്ത്രിയെ കൊന്നവർക്ക് പോലും മാപ്പു നൽകുന്ന രാജ്യത്ത് വിശപ്പിന്റെ ആധിക്യത്താൽ ഒരു കിലോ അരിയും , കോഴിയും മോഷ്ട്ടിക്കുന്നവനെ തല്ലിക്കൊല്ലുന്നതും, യുവതിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് പട്ടാപകൽ കൊലചെയ്യുന്നതും ഏത് ആൾക്കൂട്ട നീതി നടപ്പിലാക്കലിന്റെ ഭാഗമായാണ് ?

ഓരോ ദിവസങ്ങളും ഓരോ സംഭവങ്ങൾ അത് സെന്സേഷണലായത് ആണെങ്കിൽ ഏറെ സന്തോഷം എന്നതിനപ്പുറം എന്ത് സാമൂഹിക പ്രതിബദ്ധതയാണ് നമ്മുടെ ന്യുജെൻ സമൂഹം ഉയർത്തിപ്പിടിക്കുന്നത്. സിനിമാക്കാരുടെ ബ്രായുടെയും, സാരിയുടെയും തുമ്പുകളിൽ കോർത്തിട്ട മസ്തിഷ്ക്കങ്ങൾ ഇളം കാറ്റിൽ റ്റീ ഇന്റു ഡി കുലകൾ ആടുന്നതുപോലെ ആടുന്നതല്ലാതെ എന്ത് രാഷ്ട്രീയ , ആത്മീയ പ്രത്യയ ശാസ്ത്രമാണ് ഉയർത്തിപ്പിടിക്കുന്നത് ?

നൂറ്റാണ്ടുകൾക്ക് മുന്പുണ്ടായതിനേക്കാൾ വലിയ മത മൗലികവാദങ്ങളല്ലേ ഇപ്പോഴത്തെ തലമുറ ഉയർത്തിപ്പിടിക്കുന്നത്? ഫ്‌ളാഷ് മൊബ് കളിച്ചവരെപോലും ഭയപ്പെടുത്തുന്ന സാഹചര്യങ്ങളിലേക്ക് വരെ നമ്മുടെ സാംസ്ക്കാരിക കേരളം നീങ്ങിയില്ലേ ?

അവസരങ്ങളുടെ അഭാവം മാത്രമാണ് നമ്മുടെ ഓരോരുത്തരുടേം മുന്നിലുള്ളത് എന്നത് നാം തുറന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടു തന്നെ സദാചാരത്തിന്റെ കാര്യത്തിൽ സ്ഥൂലമായ മാറ്റം വരേണ്ടത് നമ്മുടെ സമൂഹത്തിനാണ്. ഇനിയും മനുഷ്യമനസുകളിൽ നിന്ന്നും പറിച്ചെറിയപ്പെട്ടിട്ടില്ലാത്ത വംശീയതയുടെ ശേഷിപ്പുകളും, ജാതീയതയും ഒപ്പം ലൈംഗിക അരാജകത്വവും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാണ്. മാറ്റം വരേണ്ടത് ഈ സമൂഹത്തിനും , എല്ലാം കൈപ്പിടിയിൽ ഒതുക്കിയെന്നു സ്വയം വിശ്വസിക്കുന്ന കപട മലയാളിത്വത്തിനുമാണ്. ഇന്ന് ഞാൻ നാളെ നീ, നമ്മൾ അങ്ങനെയാണ് സുഹൃത്തുക്കളെ.

അരാഷ്ട്രീയവാദികളാകാൻ ആഹ്വാനം നൽകുന്ന സോഷ്യൽ മീഡിയ ഇതല്ല ഇതിനപ്പുറം കണ്ടാലും കേട്ടാലും നന്നാകില്ല. അങ്ങനെ സംഭവിക്കണമെങ്കിൽ ലൈംഗിക അരാചകത്വത്തിന്റെയും, ജാതീയതയുടെയും, മാതാന്ധതയുടെയും, , സെലിബ്രറ്റികളുടെയും, സിനിമാക്കഥകളുടെയും അടിമത്തത്തിൽ നിന്നും പുതുതലമുറകളും, മാധ്യമങ്ങളും മോചിതരാകണം… Sorry റഫീഖ് bro 💔