ചർമ്മങ്ങൾ പരസ്പരം ചേർന്നില്ലെങ്കിൽ ലൈംഗിക പീഡനമല്ലെന്ന്, ഇതൊക്കെ ഇക്കാലത്തെ കോടതികളാണോ ?

70

അഡ്വ ശ്രീജിത്ത് പെരുമന

ചർമം പരസ്പരം ചേരാതെ പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന് ബോംബെ ഹൈക്കോടതി വിധിയെ ശക്തമായി അപലപിക്കുന്നു.എന്നാൽ ലൈംഗിക ഉദ്ദേശത്തോടുകൂടെയാണ് പ്രതി ഇരയുടെ മാറിടങ്ങളിൽ പിടിച്ചതെന്ന് ഇരയുടെയും, ഇരയുടെ അമ്മയുടെയും, അയൽവാസിയുടെയും മൊഴികളിൽ നിന്നും കോടതിക്ക് സംശയതീതമായി ബോധ്യപ്പെട്ടതിനാൽ പോക്സോ നിയമത്തിന്റെ സാങ്കേതികതയെ വ്യാഖ്യാനിച്ചുകൊണ്ട് ഇത്തരമൊരു വിധി പ്രഖ്യാപിച്ച കോടതി നിയമം നിർമ്മിച്ച ഭരണകർത്താക്കളുടെ ഉദ്ദേശലക്ഷ്യങ്ങളെയാണ് സാങ്കേതികതയുടെ പേരിൽ വെല്ലുവിളിച്ചിരിക്കുന്നത് എന്ന് പറയാതെ വയ്യ.

വീട്ടിലേക്ക് പെൺകുട്ടിയെ പേരയ്ക്ക നൽകാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽവച്ച് പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുകയും വസ്ത്രം മാറ്റാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ മേൽവസ്ത്രം മാറ്റാതെയാണ് മാറിടത്തിൽ സ്പർശിച്ചത്. അതിനാൽത്തന്നെ അതിനെ ലൈംഗിക ആക്രമണമായി കണക്കാക്കാനാകില്ല. മറിച്ച് ഐപിസി 354 വകുപ്പ് പ്രകാരം പെൺകുട്ടിയുടെ അന്തസ്സിനെ ലംഘിച്ചതിനു പ്രതിക്കെതിരെ കേസെടുക്കാം എന്നതായിരുന്നു കോടതി നിരീക്ഷണം. ഈ നിരീക്ഷണം നിയമപരമായും ധാർമികമായും തെറ്റാണെന്ന് നിസംശയം പറയാം.

ലൈംഗിക ഉദ്ദേശ്യത്തോടെ കുട്ടിയുടെ ജനനേന്ദ്രിയം, മാറിടം, ഗുഹ്യഭാഗം എന്നിവയിൽ സ്പർശിക്കുകയോ അല്ലെങ്കിൽ മറ്റൊരാളുടെ ജനനേന്ദ്രിയം, മാറിടം, ഗുഹ്യഭാഗം എന്നിവിടങ്ങളിൽ സ്പർശിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്താൽ പോക്‌സോ പ്രകാരം ലൈംഗിക പീഡനമാണ്. ലൈംഗിക ബന്ധത്തിലേർപ്പെടാതെ ലൈംഗികോദ്ദേശ്യത്തോടെ ശരീരം പരസ്പരം ചേർന്ന് (physical contact) നടത്തുന്ന എന്തും പീഡനത്തിന്റെ പരിധിയിൽ വരും. എന്നാൽ ശരീരം പരസ്പരം ചേരുക എന്നാൽ അതിനർഥം ചർമം ചർമത്തോടു ചേരുക എന്നതാണെന്നും അല്ലെങ്കിൽ ശരീരഭാഗത്തിൽ നേരിട്ടു കടന്നുപിടിക്കുക എന്നതാണെന്നുമുള്ള കോടതി നിരീക്ഷണം ബാലിശവും സ്ത്രീവിരുദ്ധവുമാണ്.എന്നാൽ ഇതിനൊരു മറുപുറവുമുണ്ട്,

അറിയാതെയോ, ദേഷ്യത്തോടെയോ ലൈംഗിക ചുവയോടെയല്ലാതെ സ്ത്രീ ശരീരത്തിൽ സ്പർശിക്കുന്നത് ലൈംഗിക പീഡനമല്ലെന്ന് സുപ്രീംകോടതിയും, ഡൽഹി ഹൈക്കോടതിയും വ്യക്‌തമാക്കിയിട്ടുണ്ട്. ദേഷ്യത്താലോ, അറിയാതെയോ, മറ്റുദ്ദേശങ്ങളില്ലാതെയോ കേവലം സ്ത്രീ ശരീരത്ത് സ്പർശിച്ചു എന്നത് ലൈംഗിക പീഡനമായി കണക്കാക്കാൻ സാധിക്കില്ല. സ്ത്രീ ശരീരത്തു സ്പർശിക്കുന്നത് എല്ലാം ലൈംഗിക പീഡനവുമല്ല. ഒരാൾ ലൈംഗിക ഉദ്ദേശത്തോടുകൂടെ സ്പർശിക്കുമ്പോഴോ, ബലം പ്രയോഗിക്കുമ്പോഴോ, പെരുമാറുമ്പോഴോ മാത്രമാണ് അത് ലൈംഗിക പീഡനമാകുന്നത് എന്നുമാണ് കോടതി വിധി.

വാൽ : ബോംബെ ഹൈക്കോടതി വിധി പക്കാ സ്ത്രീവിരുദ്ധവും, നിയമവിരുദ്ധവുമാണ് എന്നതിൽ സംശയമില്ല. കേസിൽ APP പറഞ്ഞതുപോലെ ” Section 7 of the POCSOAct, which defines sexual assault and submitted that the act
which has been proved by the prosecution “pressing of breast”comes within the definition of sexual assault under Section 7 ofthe POCSO Act.”
എന്നാൽ കുട്ടികളെ ഉപയോഗിച്ച് പോക്സോ കേസുകളിൽ ഉൾപ്പെടുത്തിക്കൊണ്ട് വ്യക്തി വൈരാഗ്യം തീർക്കുന്നതും, പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യുന്നതും, വിലപേശുന്നതുമായ നിരവധി സംഭവങ്ങളും നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട് എന്നതും യാഥാർഥ്യമാണ്.
അതുകൊണ്ടുതന്നെ Gender neutral അല്ലാത്ത സ്ത്രീപക്ഷമായ നിയമങ്ങളും, പോക്സോ നിയമങ്ങളും ദുരുപയോഗം ചെയ്യുന്നതും കോടതികൾ സസൂക്ഷ്മം പരിശോധിക്കേണ്ടതാണ്.