നീതി കാവികോണകം ചുറ്റുമ്പോൾ

36

അഡ്വ ശ്രീജിത്ത് പെരുമന

നീതി” കാവികോണകം ചുറ്റുമ്പോൾ ❗️

ഗുജറാത്ത് കലാപത്തിലെ പ്രതികളായ 14 പേർക്ക് സുപ്രീംകോടതി ജാമ്യമനുവദിച്ചു അതും ഹിന്ദുത്വ തീവ്രവാദിയാൽ മഹാത്മാഗാന്ധി രക്തസാക്ഷിയായ അതേ ദിനത്തിൽ..2002 ഫെബ്രുവരി 27 ന് ഗോധ്രയിലെ സബർമതി എക്സ്പ്രസിന് തീവെച്ചതിനെത്തുടർന്ന് ഗുജറാത്തിൽ വ്യാപിച്ച കലാപത്തിൽ സർദാർപുര ഗ്രാമത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 33 മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്തകേസിലെ പ്രതികളാണ് ഇവർ. ജാമ്യം അനുവദിച്ച കുറ്റവാളികൾ സാമൂഹികവും ആത്മീയപരവുമായ സേവനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ മധ്യപ്രദേശിലെ ജബൽപുർ, ഇൻഡോർ ജില്ലാ നിയമ അധികൃതരോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിയോട് അവരുടെ പെരുമാറ്റത്തെ കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ബോബ്ഡേ ഉൾപ്പെട്ട ബെഞ്ചാണ് ജാമ്യം കൊടുത്തത്..

ഇതേ ബോബ്‌ഡേയുടെ മുന്നിൽ കഴിഞ്ഞ ദിവസങ്ങളിൽ ചില ജാമ്യപേക്ഷകൾ വന്നിരുന്നു ..കിഡ്നി തകരാറിലായി മരണാസന്നനായ 83വയസ്സുകാരന് ചികിത്സയ്ക്കായി ജാമ്യം നൽകണം എന്നായിരുന്നു അപേക്ഷ.അത് തള്ളിക്കൊണ്ട് ഇന്ന് ഗുജറാത്തിൽ കൂട്ടക്കൊല നടത്തിയവർക്ക് ജാമ്യമനുവദിച്ച ഈ ഹാർഡ്‍ലി ജസ്റ്റിസ് പറഞ്ഞത് ..”എല്ലാവരും മരിക്കും..അതിന് ഞങ്ങൾക്ക് എന്തുചെയ്യാനാവും..?
അയാള് മരിക്കാൻ സമയമായെങ്കിൽ ജയിലിൽ കിടന്നാലും മരിക്കും, ജാമ്യം കൊടുത്തു പുറത്തുവിട്ടാലും മരിക്കും..” എന്നായിരുന്നു. സംഘപരിവാറിനെ വിമർശിച്ചതിന്റെ പേരിൽ സാമൂഹിക പ്രവർത്തകരും, എഴുത്തുകാരും, മാധ്യമപ്രവർത്തകരും, വിദ്യാർത്ഥികളുമെല്ലാം കഴിഞ്ഞ ഒരുപാട് നാളുകളായി ജയിലുകളിൽ തളക്കപ്പെട്ടിരിക്കുകയാണ്.

പാതിരാത്രിക്ക് കേസ് പരിഗണിച്ച് വിധി പുറപ്പെടുവിച്ച് നേരം വെളുക്കുന്നതിനു മുൻപ് പൗരന്മാരെ തൂക്കിക്കൊന്ന് സംസ്കരിക്കുന്ന നാടാണ് നമ്മുടേത് എന്നതുകൂടി ഓർമ്മവേണം.തെരുവിൽ ജനങ്ങൾ മരിച്ചു വീണപ്പോൾ..”റെയിൽവെ ട്രാക്കിൽ അവർ ഉറങ്ങാൻ തീരുമാനിച്ചാൽ ആർക്കാണ് തടയാൻ കഴിയുക? അവർ നടക്കണോ വേണ്ടയോ എന്നെല്ലാം സംസ്ഥാനങ്ങൾ തീരുമാനിക്കട്ടെ. കോടതികൾ എന്തിനാണ് ഇക്കാര്യം ചർച്ച ചെയ്യുന്നത് “മഹാരാഷ്ട്രയിൽ പാളത്തിലുറങ്ങിക്കിടന്ന 16 തൊഴിലാളികൾ ട്രെയിൻ കയറി മരണമടഞ്ഞത് ചൂണ്ടിക്കാണിച്ചപ്പോൾ രാജ്യത്തെ ഏറ്റവും പരമോന്നതമായ കോടതി നടത്തിയ അഭിപ്രായപ്രകടനമാണിത്.

കൊറോണ ഭീതിയിൽ രാജ്യത്തെ വിവിധ ജയിലുകളിലെ വിചാരണ തടവുകാരെ ജാമ്യം നൽകി മോചിപ്പിക്കുമ്പോഴും, ഇപ്പോൾ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തതിനു ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരെ മോചിപ്പിക്കുമ്പോഴും ഒരു പുരുഷായുസ്സ് മുഴുവനും അഥവാ 22 വർഷങ്ങൾ ഒരു പെറ്റി കേസിൽപോലും ശിക്ഷിക്കപ്പെടാതെ.., വിചാരണ തടവുകാരനായ രക്തസാക്ഷിയായി മരിച്ച് ജീവിക്കുന്ന അബ്‍ദുൾ നാസിർ മദനി സാഹിബിനെ ഓർക്കാതെ വയ്യ .ജാമ്യത്തിലാണെങ്കിലും ബംഗളൂരു നഗരത്തിന് പുറത്തുപോകാനാകാതെ പോലീസ് കാവലിൽ ജയിലിന് സമാന്തരമായ തടവിലാണ് മദനിയുള്ളത്. മരണാസന്നനായി മാതാപിതാക്കൾ കിടക്കുമ്പോൾ അവരെ കാണാൻ പോലും അനുവദിക്കാതെയും ഒടുവിൽ കോടതി അനുവാദം നൽകിയപ്പോൾ ലക്ഷങ്ങൾ ചിലവായി നൽകണമെന്ന ക്രൂര ന്യായങ്ങൾ പറഞ്ഞും കർണാടക ഭരണകൂടം ആ ജീവിക്കുന്ന രക്തസാക്ഷിയെ ക്രൂരമായി വേട്ടയാടുകയായിരുന്നു..

കൂട്ടക്കൊല നടത്തിയ സംഘികളെ ജാമ്യം നൽകി പുറത്തുവിടുമ്പോൾ നാളിതുവരെ ഒരു പെറ്റി കേസിൽ പോലും ശിക്ഷിക്കപ്പെടാതെ ഭരണകൂട ഭീകരതയ്ക്കും, ഇസ്‌ലാമോഫോബിയയ്ക്കും ഇരയാക്കപ്പെട്ട് ജീവിതം ഹോമിക്കണ്ടി വന്ന മദനിക്ക് നേരെ കോടതികൾ വാതിലുകൾ കൊട്ടിയടയ്ക്കുന്നു.മദനിക്ക് വേണ്ടി സംസാരിക്കാൻ ഭയപ്പെടുന്ന രാഷ്ട്രീയ നേതാക്കളെയും, മത മേലാളന്മാരെയും, മനുഷ്യാവകാശ പ്രവർത്തകരെയും മദനിയുടെ ഒരു ജാമ്യ വാദത്തിനിടെ സുപ്രീംകോടതിയിൽ ജസ്റ്റിസ് കഡ്ജു പറഞ്ഞ വാക്കുകൾ ഓർമ്മിപ്പിക്കട്ടെ.., ” രാഷ്ട്രീയ എതിരാളികളാൽ ഒരു കാൽ നഷ്ട്ടപ്പെട്ട, കണ്ണുകൾക്ക് തിമിരം ബാധിച്ച, സർവ്വമാന രോഗങ്ങളുമുള്ള, ഒരു കേസിലും ശിക്ഷിക്കപ്പെടാത്ത പണ്ഡിതനായ ഒരു വയോധികനെ എന്തിനാണ് ഭരണകൂടവും, ഒരുപറ്റം ഉദ്യോഗസ്തരും ഭയപ്പെടുന്നത് ”
ചാനലിലിരുന്ന് ലോകം മുഴുവനും കാൺകെ പച്ചയ്ക്ക് വർഗീയ വിഷം തുപ്പി, വംശീയ കലാപത്തിന് ആഹ്വാനം നൽകിയ, ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റിലായ അർണാബ് ഗോസ്വാമിക്ക് രായ്ക്ക് രാമാനം ജാമ്യം നൽകിയ കോടതിയാണ് ഗുരുതരമായ രോഗം ബാധിച്ച 83 വയസ്സുകാരനായ വായോധികന് ജാമ്യം നിഷേധിച്ച് ഉത്തരവുകളിറക്കുന്നത്..

മരണശ്വാസം വലിക്കുന്ന കുട്ടികൾക്ക് ഓക്‌സിജൻ എത്തിച്ചു നൽകിയ ഡോക്റ്റർ ഖഫീൽഖാനും, ഹിന്ദുത്വ കലാപം തടഞ്ഞതിന് സഞ്ജീവ് ഭട്ടും, ബലാത്സംഗ ഇരയുടെ വീട്ടിലേക്ക് റിപ്പോർട്ടിങ്ങിനായി പോയ മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പനും ജയിലാണല്ലോ എന്നോർക്കുമ്പോൾ നീതിന്യായ സംവിധാനങ്ങളെ കുറിച്ച് രോമാഞ്ചം തോന്നുന്നു..