തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും മദനി സാഹിബ് അനുഭവിക്കുന്ന ഓരോ വേദനയ്ക്കും നമ്മളറിയാതെ തന്നെ നമ്മൾ ബാധ്യതപ്പെട്ടവരാകുന്നു

420

എഴുതിയത് : Adv Sreejith Perumana

വർഷങ്ങളായി അലട്ടുന്ന Diabetic neuropathy മൂർഛിച്ചതിന്റെ പാർശ്വഫലമായി വളരെ വിഷമകരമായ അവസ്ഥയിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ് അബ്ദുൽ നാസർ മദനി സാഹിബ്.. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ജനങ്ങളോട് തന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാ ണ് ആ ജീവിക്കുന്ന രക്തസാക്ഷി.

അസുഖാവസ്ഥയിൽ സാന്ത്വനിപ്പിക്കാൻ വിളിക്കുമ്പോഴെല്ലാം
“മോനേ സാരമില്ല നമ്മളെക്കാൾ വലിയ വിഷമങ്ങൾ അനുഭവിക്കുന്ന നിരവധി ആളുകളുണ്ടല്ലോ”  എന്ന് പറയുന്നൊരാൾ !

ആ പറഞ്ഞത് അത്രകണ്ട് മഹത്തരമായൊരു കാര്യം എന്നല്ല പറഞ്ഞുവന്നതിനർത്ഥം മറിച്ച് ഏതവസ്ഥയിൽ നിന്നുകൊണ്ടാണ് ആ മനുഷ്യൻ അങ്ങനെ പറഞ്ഞത് എന്നതിലാണ് മഹത്വം..

ഷുഗറും, പ്രഷറും, യൂറിക് ആസിഡും, തുടങ്ങി സകലമാന ജീവിതശൈലീ രോഗങ്ങളെല്ലാം ഉണ്ടെന്നുള്ളത് മാറ്റിവെക്കാം..

ദളിതനും, അശരണനും, അധികാരമില്ലാത്തവനും വേണ്ടി ശബ്ദിച്ചതിനു ഭരണകൂടവും സമൂഹവും തിരികെ നൽകിയ 17 വർഷത്തെ സമാനതകളില്ലാത്ത ജയിൽ വാസവും, വെട്ടിയെടുത്ത ഒരു കാലും, ഹൃദ്രോഗവും, തിമിരവും, തീവ്രാവദി എന്ന പേരിനൊപ്പമുള്ള മാനസിക പീഡനങ്ങളും പേറിയാണ് രക്തസാക്ഷിയായുള്ള ഈ ജീവിതം..

എങ്കിലും അതിനെയെല്ലാം ഉറച്ച മനഃസാന്നിധ്യത്തോടെ അതീവച്ച അല്ല, അതിജീവിച്ചുകൊണ്ടിരിക്കുന്ന.. വീൽചെയറിന്റെയോ, പരസഹായമോ ഇല്ലാതെ ഒന്ന് പിച്ചവെയ്ക്കാൻപോലും സാധികാത്തവിധം ഭരണകൂടം ഇല്ലാതെയാക്കിയ ഒരു മനുഷ്യനാണ് തന്റെ ഏറ്റവും മോശമായ ആരോഗ്യാവസ്ഥയിലും തന്നെക്കാൾ വിഷമങ്ങൾ അനുഭവിക്കുന്നവരുടെ ദുഃഖങ്ങളിലേക്ക് നോക്കിയത് എന്നത് ചിന്തനീയം തന്നെയാണ്..പ്രത്യേകിച്ച് ഈ കലുഷിതമായ സാമൂഹിക പശ്ചാത്തലത്തിൽ

എത്രയുംപെട്ടെന്ന് അസുഖങ്ങൾക്ക് ശമനമുണ്ടാകട്ടെ എന്ന് അദ്ദേഹത്തോട് മറുപടി പറയുമ്പോഴും അസുഖങ്ങൾക്കുമപ്പുറം നഷ്ട്ടപ്പെട്ട സ്വാതന്ത്ര്യം തിരിച്ചുകൊടുക്കാൻ സാധിക്കുന്നില്ലല്ലോ എന്ന മനഃസാക്ഷിക്കുത്ത് എന്നിലുണ്ട്..

ഒരു പുരുഷായുസ്സ് നഷ്ടപ്പെട്ടിട്ടും മദനി സാഹിബ് പ്രതീക്ഷയർപ്പിക്കുന്ന ഒരു സ്വാതന്ത്ര്യ പുലരിയുണ്ട്.. ആ പുലരിയിലേക്ക് എത്രയും പെട്ടന്ന് എത്താനുള്ള പോരാട്ടങ്ങൾക്ക് വേഗത കൂട്ടേണ്ടിയിരിക്കുന്നു…

അതിനു മനസാക്ഷി മരവിച്ചിട്ടില്ലാത്ത മനുഷ്യത്വം അല്പമെങ്കിലും ശേഷിക്കുന്ന മനുഷ്യരുടെ പിന്തുണ ആവശ്യമാണ്…

തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും മദനി സാഹിബ് അനുഭവിക്കുന്ന ഓരോ വേദനയ്ക്കും നമ്മളറിയാതെ തന്നെ നമ്മൾ ബാധ്യതപ്പെട്ടവരാകുന്നു.

ജീവിച്ചിരിക്കുമ്പോഴാണ് ആ ജീവനു കരുതലായി നാം നിലകൊള്ളേണ്ടത്..

ഈ അവസരത്തിൽ പറയാതെ വയ്യ..,

പ്രാർത്ഥനകളിലൊന്നും വിശ്വാസമില്ലാത്തതുകൊണ്ട് ആ വഴി സ്വീകരിക്കുന്നില്ല ഉസ്താദേ, എങ്കിലും മനുഷ്യാവകാശത്തിന്റെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ രക്തസാക്ഷിക്ക് അത്യാഹിതങ്ങളൊന്നും സംഭവിക്കില്ല എന്നുറപ്പുണ്ട്. ഒരു മനുഷ്യായുസ്സ് മുഴുവൻ വിചാരണ തടവുകാരനായി ജയിലിൽ ഹോമിക്കേണ്ടി വന്ന അങ്ങയെപോലുരു ഹതഭാഗ്യനിലൂടെ ഇനിയൊരു പൗരനും ഈ ഭരണകൂട ഭീകരതയുടെ ഇരയാകാതിരിക്കാനുള്ള പോരാട്ടം വിജയം കാണേണ്ടതുണ്ട്.

കേവലം വാക്കുകൾകൊണ്ടുള്ള സാന്ത്വനങ്ങൾക്കപ്പുറം സാധ്യമായ എല്ലാ വഴികളിലൂടെയും ഇടപെടലുകളും, പോരാട്ടങ്ങളും തുടരുന്നുണ്ട്.

ഗ്രഹണം ബാധിച്ചാലും അതിനൊരു സമയമുണ്ട് ഉസ്താദേ a day will come.. കാലം അങ്ങയോട് മാപ്പ് പറയേണ്ടിവരുന്ന ഒരു ദിവസം. അതിനായുള്ള കാത്തിരിപ്പാണ്

Get well soon
അതിജീവിക്കട്ടെ അദ്ദേഹമീ ദുരന്തകാലത്തെ…

അഡ്വ ശ്രീജിത്ത് പെരുമന