ഫിറോസിനെ വഴിതെറ്റിച്ചതിൽ സോഷ്യൽ മീഡിയയ്ക്കും പങ്കുണ്ട്

687

 

ഫിറോസിനെ വഴിതെറ്റിച്ചതിൽ സോഷ്യൽ മീഡിയയ്ക്കും പങ്കുണ്ട് ?

👉ഇരുതലമൂർച്ചയുള്ള വാളാണ് സോഷ്യൽ മീഡിയ ! …ചിലപ്പോൾ അന്തവും കുന്തവുമില്ലാതെ കാണാം, ചിലപ്പോൾ അങ്ങേയറ്റത്തെ സാമൂഹിക പ്രതിബദ്ധതയും;

“കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊണ്ടു പോയി കൊന്നതും നീയേ ചാപ്പാ” എന്ന പഴംചൊല്ല് അന്വർത്ഥമാകുമ്പോൾ…

സാമൂഹിക പ്രവർത്തകനായ ഫിറോസ് കുന്നമ്പറമ്പിലിന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ വാളും പരിചയുമെടുത്ത് സർവരും ഫെയിസ്ബുക്കിൽ ഉറഞ്ഞുതുള്ളുകയാണല്ലോ. നാളിതുവരെ നന്മ മരമെന്ന് വാഴ്ത്തിയവർ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ പൊങ്കാലകൾകൊണ്ട് പൊതിയുകയാണ് അദ്ദേഹത്തെ. യഥാർത്ഥത്തിൽ ഇത്തരം ഒരു സാഹചര്യം സംജാതമാക്കിയതിൽ സോഷ്യൽ മീഡിയ സദാചാരക്കാർക്കും വ്യക്തമായ പങ്കില്ലേ . ഉണ്ട് എന്നാണു ഉത്തരം.

“ഏതപ്പാ കോതമംഗലം, ഇതാ മോനെ ഭൂലോകം” എന്നതാണ് സോഷ്യൽ മീഡിയയുടെ സ്റ്റൈൽ. കണ്ണിൽ കാണുന്ന സർവ്വമാന വള്ളത്തിലും ഒരു കാലെടുത്ത് വെക്കും.

ഫിറോസ് കുന്നമ്പറമ്പിലിന്റെ വിഷയത്തിലേക്ക് വന്നാൽ അവിടെ സംഭവിച്ചതും സോഷ്യൽ മീഡിയയുടെ അന്തമില്ലായ്മയുടെ തിക്തഫലമാണ്.

2015 ലാണ് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ചാരിറ്റി പ്രവർത്തനങ്ങൾ സജീവമായി ആരംഭിക്കുന്നത്. നിലമ്പൂർ സ്വദേശിയായ ഡോക്ടർ ഷാനവാസ് പി സി യായിരുന്നു അന്ന് പ്രധാനമായും ഫെയിസ്ബുക്കിനെ ഉപയോഗപ്പെടുത്തി ചാരിറ്റി പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചത്. സംഭവം വൻ വിജയമായി. ലക്ഷക്കണക്കിന് രൂപ വിദേശങ്ങളിൽ നിന്നും ലഭിച്ചു. എന്നാൽ ആഹാരസാധനങ്ങളും, മരുന്നുകളും, മറ്റ് വീട്ടുപകരണങ്ങളും മേടിച്ചു കൊടുക്കുക, കിണറുകൾ കുഴിച്ചുകൊടുക്കുക, ചികിത്സ നൽകുക എന്ന രീതിയിലായിരുന്നു അന്നത്തെ പ്രവർത്തനം . ഷാനവാസ് സോഷ്യൽ മീഡിയ സെലിബ്രറ്റിയായി മാറി. വിദേശ പര്യടനവും, ആഡംബരവും നിറഞ്ഞു. ഉപദേശകരും, പരിചാരകരും, ആരാധകവൃന്ദങ്ങളും എന്തിനേറെ പരിചാരകർവരെ നിറഞ്ഞുവന്നു. ഒരു ഡോക്ടർ എന്നുള്ള കാര്യം മറന്നുള്ള പ്രവർത്തനമായിരുന്നു പിന്നീട്. ആശുപത്രിയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടു, ആഡംബരങ്ങളുടെ കൂത്തരങ്ങായി മാറുകയായിരുന്നു ആ സംഘം.

Image may contain: 3 people, people smiling, outdoor and textഫിറോസ് ഓണലൈൻ ചാരിറ്റി ആരംഭിക്കുന്നതിനും എത്രയോ മുൻപ് അതായത് 4 വർഷങ്ങൾക്ക് മുൻപായിരുന്നു അത്.

തുടർന്ന് പ്രവാസികളിൽ നിന്നുൾപ്പെടെ അഭൂതപൂർവമായ പ്രതികരണം ലഭിക്കുകയും ഷാനവാസിനെ കേന്ദ്രീകരിച്ച് ഒരു വലിയ വ്യാജ സംഘം ഉടലെടുക്കുകയും ചെയ്‌തു. ജനങ്ങുടെ നന്മ മാത്രം മുൻ നിർത്തി ചാരിറ്റിയെ സമീപിച്ച ഷാനവാസ് ഇതൊന്നും ആദ്യഘട്ടത്തിൽ അറിഞ്ഞിരുന്നില്ല. എന്നാൽ വ്യക്തിപരമായി ചില ദുശീലങ്ങളുള്ള ഷാനുവിനെ അതിലൂടെ പൂർണ്ണമായും കച്ചവടത്തിന് ഉപയോഗിക്കുന്ന സാഹചര്യമുണ്ടായി. ചാരിറ്റിയിൽ ആകൃഷ്ട്ടരായി ഈ സംഘത്തിൽ എത്തിപ്പെട്ട പെൺകുട്ടികൾ ഉൾപ്പെടെ ശാരീരിമായി പോലും ഉപയോഗിക്കപ്പെട്ടു. ഇവരിൽ രണ്ടുപേർ കേസുമായി വരികയും ചാരിറ്റി സംഘത്തിലെ ചിലർ ജയിലാകുകയും ചെയ്തു. ഇതു സംബന്ധിച്ച എല്ലാ തെളിവുകളും ഫോൺ രേഖകളും ഉൾപ്പെടെ എന്റെ കൈവശം ഇപ്പോഴുമുണ്ട്.

ആ ഘട്ടത്തിലാണ് ഒരു സുപ്രഭാതത്തിൽ ദുരൂഹ സാഹചര്യത്തിൽ ഷാനു മരണപ്പെടുന്നത്. തുടർന്ന് മരണത്തിലെ അസ്വാഭാവികത നീകണമെന്നും, ചാരിറ്റി പ്രവർത്തനങ്ങൾക്കും, മാഫിയകൾക്കും ഇതിലുള്ള പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്ത് വന്നു പരാതി നൽകിയ ഒരെയൊരാൾ ഞാനായിരുന്നു. പ്രസ്തുത ചാരിറ്റി സംഘവുമായി ബന്ധപ്പെട്ട ചരുളഴിക്കുക എന്ന ഉദ്ദേശത്തിൽ വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ സന്ദർശിച്ച് ഓരോ പ്രവാസിയെയും നേരിട്ട് കണ്ടതിനു ശേഷമാണു വലിയൊരു സാമ്പത്തിക തട്ടിപ്പാണ് ചാരിറ്റിയുടെ പേരിൽ നടന്നു വന്നിരുന്നത് എന്നറിയുന്നത്.
ഷാനുവിന്റെ സഹോദരൻ ഉൾപ്പെടെയുള്ളവർ പിന്നീടാണ് എന്നെ പിന്തുണച്ച് രംഗത്ത് വന്നതും പോലീസിൽ പരാതിപ്പെട്ടതും.

ഇതേതുടർന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും ഈ കേസുകൾക്ക് പിന്നാലെയാണ്. സമാനതകളില്ലാത്ത സൈബർ ആക്രമണങ്ങളും ഭീഷണികളും നേരിട്ടു. ഇതിനിടയിൽ ചാരിറ്റിയുടെ പേരിൽ ഏഷ്യയിലെ ഏക ഗുഹാവാസികളായ ചോല നായിക്കരുടെ അനധികൃത രക്തകടത്തിന്റെയും സംഭവവുമായി ബന്ധപ്പെട്ട് ഷാനവാസിന്റെ ദുരൂഹമരണവും ചർച്ചയായി.

അങ്ങനെയാണ് ഷാനുവിന്റെ മരണവും, വ്യാജ ചാരിറ്റികൾക്കെതിരെയുള്ള പരാതിയും നൽകുന്നത്. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലും, ട്രൈബൽ മന്ത്രാലയത്തിലും നേരിട്ട് സന്ദർശിച്ച്‌ പരാതി നൽകുകയായിരുന്നു. തുടർന്ന് ആഭ്യന്തര മന്ത്രാലയം നൽകിയ നിർദ്ദേശത്തിനനുസരിച്ച് ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണം ഇപ്പോഴും തുടരുകയാണ്.

ഫിറോസിലേക്ക് വന്നാൽ…,

ഷാനവാസിന്റേതുൾപ്പെടെയുള്ള പ്രവർത്തനങ്ങളെ മനസിലാക്കിയിട്ടാകണം സമീപ ജില്ലയായ പാലക്കാട് നിന്നും ഓൺലൈൻ ചാരിറ്റി എന്ന ഒരു ആശയത്തിലേക്ക് ഫിറോസ് ഉൾപ്പെടെ നിരവധിയാളുകൾ കടന്നൽകൂട് ഇളക്കിവിട്ടതുപോലെ കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടയിൽ ഓൺലൈനിലേക്ക് ചേക്കേറിയത്.

ആയിരങ്ങളും ലക്ഷങ്ങളുമായിരുന്നു അന്ന് ചാരിറ്റിക്കായി പിരിവെടുത്തുകൊണ്ടിരുന്നത് എങ്കിൽ ഇപ്പോൾ അത് കോടികളാണ് എന്നതും , ആഡംബര ജീവിതത്തിനും, എളുപ്പത്തിൽ കാശുണ്ടാക്കാനുള്ള മാർഗ്ഗമെന്ന രീതിയിലും ചെറുപ്പക്കാർ കൂടുതലായി ഇത്തരം മാഫിയ പ്രവർത്തനങ്ങളിലേക്ക് ആകൃഷ്ടരാകുന്നുണ്ട് എന്ന കാര്യവും വിസ്മരിക്കരുത്.

👉സമൂഹത്തിൽ ഏറ്റവും അംഗീകാരമുള്ള പ്രവൃത്തി.
👉സെലിബ്രറ്റി സ്റാറ്റസ്
👉ഏറ്റവും മികച്ച ജോലിയുള്ളവരേക്കാൾ കൂടുതൽ പണം
👉മറ്റുള്ളവരിൽ ഇന്നും ലഭിക്കുന്ന വിലകൂടിയ സമ്മാനങ്ങൾ
👉ആഡംബര വാഹനങ്ങൾ
👉പെൺസുഹൃത്തുക്കളുമായി ബന്ധമുണ്ടാക്കാനുള്ള സാഹചര്യം
👉സ്ത്രീകളെ ലൈംഗികമായി ഉപയോഗപ്പെടുത്താനുള്ള അവസരങ്ങൾ
👉വിദേശരാജ്യങ്ങൾ സന്ദർശിക്കാനുള്ള അവസരങ്ങൾ
👉ഏറെ അധ്വാനിക്കാതെ ഏറ്റവും നല്ല വരുമാനം കിട്ടുന്ന ജോലി.
👉മുടക്ക് മുതലില്ലാതെ ചെയ്യാൻ സാധിക്കുന്ന ഏറ്റവും നല്ല ജോലി
👉സമൂഹത്തിൽ ഉന്നത സ്ഥാനം. അവാർഡ്, മന്ത്രിമാരും എംഎൽഎ മാരും ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെടാം

ഇത്തരത്തിൽ ഏതെങ്കിലും തരത്തിലുള്ള നന്മ /പൊതുപ്രവർത്തനം എന്നതിനപ്പുറം പുതിയ തലമുറയെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഒരു മേഖലയായി ഓൺലൈൻ ചാരിറ്റി മാറാൻ കാരണം മുകളിൽ സൂചിപ്പിച്ച ആനുകൂല്യങ്ങളാണ് എന്നതിൽ ആർക്കും തർക്കം വേണ്ട.

ഇതിനെല്ലാമൊപ്പം മതവും, ജാതിയും, രോഗികളായവരുടെ അതിവൈകാരികതയും കൂട്ടിച്ചേർത്ത് ചാരിറ്റിക്കായി ആഹ്വാനം ചെയ്യുമ്പോഴാണ് പ്രവാസികളായിട്ടുള്ള ആളുകൾ ഏറ്റവും കൂടുതൽ ഇത്തരം ചതിയിപ്പെട്ടുപോകുന്നത്.

സമാന്തരമായ പണമിടപാട് വ്യവസ്ഥയാണ് ഫിറോസിനെപ്പോലുള്ളവർ സൃഷ്ടിക്കുന്നത് എന്നുപോലും ചിന്തിക്കാതെയാണ് കേട്ടപാതി കേൾക്കാത്ത പാതി പ്രവാസികൾ പണം അയച്ചു നൽകുന്നത്.

നേരത്തെയൊക്കെ , ദൈവത്തിന്റെ ഫോട്ടോകൾ പോസ്റ്റ് ചെയ്തു അതിനടിയിൽ പ്രാർത്ഥനയോ, ദൈവത്തെ പ്രകീർത്തിക്കുന്നതോ കമന്റായി ഇട്ടില്ലെങ്കിൽ നിങ്ങൾ നരകത്തിൽ പോകുമെന്നും, ഫോട്ടോ പത്താളുകൾക്ക് ഫോർവേഡ് ചെയ്തില്ലെങ്കിൽ തല പൊട്ടിത്തെറിക്കുമെന്നോ ആയിരുന്നു സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ കൂടാതെ കറുത്ത നിറമുള്ള പെൺകുട്ടിയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷം “കറുത്തതായതുകൊണ്ട് എനിക്ക് ലൈക്കില്ലേ ? എന്ന് ചോദിക്കുമായിരുന്നു. ഇതിനെല്ലാം അടിയിൽ വന്നിട്ട് ലക്ഷക്കണക്കിനായ വിഡ്ഢികളായ മലയാളികൾ പ്രാർത്ഥന ചൊല്ലുകയും , കറുത്ത പെൺകുട്ടിക്ക് “ഹായ് ” നൽകുകയും ലൈക് നല്കുകയുമൊക്കെ ചെയ്യുമായിരുന്നു ക്രമേണ ആ വിഡ്ഢിത്തം തന്നെയാണ് ഇപ്പോൾ ഓൺലൈൻ ചാരിറ്റിക്ക് പണമയച്ചുകൊടുത്തുകൊണ്ടും പ്രകാശികളും ചക്ഷര മലയാളികളും ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് പറയാതിരിക്കാൻ വയ്യ.

തണൽ, നിഴൽ, സ്നേഹം, കരുണ, ദയ, വിഷമം, സങ്കടം, കൈത്താങ്ങ്‌, കൂട്, സ്വപ്നം, സൂര്യന്റെയും ചന്ദ്രന്റെയും പര്യായങ്ങൾ അങ്ങനെ തുടങ്ങി വിവിധ പേരുകളിൽ രൂപങ്ങളിൽ സോഷ്യൽ മീഡിയ വഴി ചാരിറ്റിയുടെ ഹോൾസെയിൽ കച്ചവടം നടത്തുന്ന ചാരിറ്റി കമ്പനികളിലേക്കും അവരുടെ അക്കൗണ്ടുകളിലേക്കും പണം അടച്ച് ആമസോൺ വഴി പുണ്യം ലഭിക്കുമെന്ന് കരുതി കാത്തിരിക്കുന്ന വിഡ്ഢികളായ ആളുകളാണ് നമ്മുടെ സമൂഹത്തിലെ യുവ തലമുറയെ വഴിതെറ്റിക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിക്കുന്നത് എന്ന് തുറന്നു പറയട്ടെ.

ചികിത്സയ്ക്കായി എന്ന പേരിലുള്ള വ്യാപകമായ സോഷ്യൽ മീഡിയ ചാരിറ്റികളുടെ പിന്നിൽ ഹോസ്പിറ്റൽ കോർപ്പറേറ്റ് മാഫിയകളാണ് എന്നതും സംശയിക്കേണ്ടിയിരിക്കുന്നു. സേവനസന്നദ്ധരെ വച്ച് അവർ മുതലെടുക്കാനുള്ള സാധ്യതയും തള്ളികളളയാനാവില്ല. ലൈവ്‌ വീഡിയോചാരിറ്റികളിലെ എല്ലാ അസുഖങ്ങൾക്കും അര കോടിയിലധികമാണ് ആവശ്യമായിട്ടുള്ളത്. ലക്ഷങ്ങൾ മുടക്കി ചികിത്സിച്ചവരുടെ പിന്നീടുളള ജീവിതം ആരെങ്കിലും വാർത്തയാക്കുകയോ, തത്സമയ സംപ്രേക്ഷണമോ നടത്താറില്ല.? സത്യസന്ധയ്ക്ക് വിലകുറഞ്ഞുവരുന്ന സാമൂഹിക ചുറ്റുപാടിൽ ചാരിറ്റിയാണ് ഏറ്റവും വിശ്വാസനീയമായൊരു തട്ടിപ്പ് മാർഗ്ഗം. പാവങ്ങളുടെ പടത്തലവനൊക്കെ ഈ മാലയിലെ ഓരോ മുത്തുകൾ മാത്രം. പണത്തിന് മേലെ പരുന്തും പറക്കില്ല എന്ന യാഥാർഥ്യം നാം മനസ്സിലാക്കണം..

ചാരിറ്റി സെലിബ്രറ്റികളാകുന്നവരുടെ അടുത്ത ഘട്ടം…

ഡോക്ടർ ഷാനവാസ് പിസിയെപോലെ ഫോറോസ് കുന്നമ്പരമ്പിലും ഓൺലൈൻ മറ്റൊരു ക്രൂഷ്യലായ ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. ഷാനവാസിന് ഇവിടെ വെച്ച ജീവൻപോലും പോകുന്ന ഒരു സാഹചര്യമുണ്ടായി. എന്നാൽ ഫിറോസിന് തന്റെ വ്യക്തിത്വമാണ് നഷ്ടമാകുന്നത്.

അവിടെയാണ് ഞാൻ നേരത്തെ പറഞ്ഞ “കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊണ്ടു പോയി കൊന്നതും നീയേ ചാപ്പാ” എന്ന പഴംചൊല്ലിന്റെ പ്രസക്തി. ഫിറോസിന്റെ കാര്യത്തിലാണെങ്കിൽ അയാളെക്കൊണ്ട് അഹങ്കാരത്തിന്റെ പാരമ്യതയിലെത്തിച്ചത് ഞാനും നിങ്ങളും അടങ്ങുന്ന സമൂഹമാണ്. അതിലുപരി അയാളുടെ പ്രവൃത്തിയെ ദൈവികവത്കരിക്കാൻ പിന്നിൽകൂടിയ ആരാധകവൃന്ദവും, അയാളിലൂടെ നേട്ടങ്ങളുണ്ടാക്കാൻ കൂടെ കൂടിയ അതിബുദ്ധിമാന്മാരുമാണ്.

എന്തുകൊണ്ടാണ് പണം അയച്ചുകൊടുത്തുകൊണ്ടിരുന്ന ഒരാളുപോലും പുകഴ്ത്തലുകൾക്കപ്പുറം ഒരു വാക്കുകൊണ്ടുപോലും ഫിറോസിനെ നിയന്ത്രിക്കാനോ, ഉപദേശിക്കാനോ തയ്യാറാകാതിരുന്നത്

എന്തുകൊണ്ടാണ് വാഴ്ത്തുപാട്ടുകൾക്കപ്പുറം ഫിറോസ് വിമർശനാതീതനായി വളരാനുള്ള വളം സോഷ്യൽ മീഡിയ വിട്ടുകൊടുത്തത് 

എന്നതുകൊണ്ടാണ് ഫിറോസ് വിമർശിക്കപ്പെട്ടപ്പോൾ സോഷ്യൽമീഡിയ ഒന്നടങ്കം വിമർശിച്ച ആളുകളെ നിഷ്കാസരാക്കിയത് 

ഫിറോസ് ഉൾപ്പെടെയുള്ളവർക്കെതിരെ സാമ്പത്തിക ഇടപാടുകൾ ഓഡിറ്റ് ചെയ്യപ്പെടണം എന്നുപറഞ്ഞവർ സൈബർ ആക്രമണത്തിന് ഇരയാക്കപ്പെട്ടത് എന്തുകൊണ്ടാണ്

സോഷ്യൽ മീഡിയയോടുള്ള ചോദ്യങ്ങൾ ഒരുപാടുണ്ട്..,ഇന്നിപ്പോൾ പേരെടുത്ത പറയാതെ ഒരു സ്ത്രീയെ അപമാനിച്ചപ്പോൾ അതിവൈകാരികമായി ഫിറോസിനെ പൊങ്കാലയിടുകയും തള്ളിപ്പറയുകയും ചെയ്യുന്ന ആളുകളെ കാണുമ്പോൾ സത്യത്തിൽ സഹതാപമാണ് എനിക്ക് തോന്നുന്നത് അവരോടും ഫിറോസിനോടും. കാരണം

ഇതൊരുതരം അമേരിക്കൻ സാമ്രാജ്യത്തെ രീതിപോലെയാണ്. തീവ്രവാദികളെ അമേരിക്കതന്നെ വളർത്തി അമേരിക്കതെന്ന് യുദ്ധം നടത്തി കൊല്ലുന്ന രീതി. സോഷ്യൽമീഡിയയിലൂടെ ഒരാളെ വിമർശനാതീതനായി സംരക്ഷിച്ച് വളർത്തിയ ശേഷം ഒരുസുപ്രഭാതത്തിൽ തെരുവിലിട്ട് വലിച്ചുകീറുക.

ഫിറോസിന്റെ പ്രവർത്തനങ്ങളിലെ നിയമവിരുദ്ധത വിളിച്ചുപറഞ്ഞ ഘട്ടങ്ങളിലെല്ലാം എനിക്ക് ഏൽക്കേണ്ടിവന്നിട്ടുള്ള സൈബർ ആക്രമണങ്ങൾ ചില്ലറയല്ല. എനിക്ക് പരിഭവമില്ലാതിരുന്നത് അനുഭവങ്ങളുടെ വെളിച്ചത്തിലാണ് കാരണം പൊതുബോധം എന്നും ഇങ്ങനെയാണ് അവർക്ക് വലിയ ആത്മാർത്ഥത ഒന്നിനോടുമില്ല. അതിവൈകാരികമായി പ്രതികരിക്കുക എന്നതാണ് പൊതുബോധത്തിന്റെ മാറിയകാലത്തെ ഏറ്റവും മോശമായ ഒരു രീതി.

കൂടുതലൊന്നും പറയുന്നില്ല, പക്ഷെ
നമ്മുടെ നാട്ടിൽ ഇപ്പോൾ നിലനിൽക്കുന്ന സോഷ്യൽമീഡിയ വഴിയുള്ള വികട ചാരിറ്റി കമ്പനികളുടെ സെൽഫി ചാരിറ്റി പ്രോജക്ടുകൾക്ക് നിയന്ത്രണം വന്നേ മതിയാകൂ. ഒരു പ്രവാസിയും ഒരു ഫോട്ടോ കണ്ടത് കൊണ്ടോ, വീഡിയോ കണ്ടതുകൊണ്ടോ ഒരു നാണയം പോലും ഇത്തരം കമ്പനികൾക്കോ വ്യക്തികൾക്കോ നൽകരുത്. സ്വകാര്യ ആശുപത്രിയിലുള്ള ഏറ്അ കോടികളുടെ ചികിത്സാ പരിപാടികൾക്കൊരു അന്ത്യമുണ്ടാകണം എങ്കിൽ ഓരോ രോഗിയും, രോഗിയുടെ ബന്ധുക്കളും അവരുടെ കൊള്ള ചോദ്യം ചെയ്യുന്ന ഒരു ദിവസം വരണം. അല്ലെങ്കിൽ നാട്ടുകാരുടെ കയ്യിലെ പണം കണ്ടുകൊണ്ട് ആശുപത്രികൾ കോടിയിൽ കുറഞ്ഞൊരു ക്വട്ടേഷൻ ജലദോഷത്തിനും പോലും വരുംകാലങ്ങളിൽ എഴുതുകയില്ല.
കേരളത്തിലെ കൊടികൾകൊണ്ടുള്ള ചാരിറ്റി ഇടപാടുകളെ സംബന്ധച് നൽകിയ പരാതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് . ഈ ആഴ്ചയോടുകൂടി അതിന്റെ ഉത്തരവ് ലഭിക്കുമെനാണു കരുതുന്നത്.

തലതിരിഞ്ഞ വികട ചാരിറ്റി കമ്പനികളുടെ കൊള്ളരുതായ്മയുടെ അവസാനത്തെ ഇരയാകട്ടെ നമ്മുടെ ഡോക്ടർ എന്ന് പ്രത്യാശിക്കുന്നു. ആഗ്രഹിക്കുന്നു. ആ നിലയിലും ആ മരണം മഹത്വപൂർണ്ണമാകട്ടെ.

സംഭവിച്ച തെറ്റ് തിരുത്തുകയും , നിനിരുപാധികം മാപ്പുപറയുകയും ചെയ്ത് പൊതു ഓഡിറ്റിനും വിമർശനങ്ങൾക്കും, വിധേയമായികൊണ്ട് തന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വജ്ജമായി കൊണ്ടുപോകാൻ ഫിറോസിന് സാധിക്കട്ടെ.

പ്രതിഫലേച്ഛയില്ലാതെ നന്മ , ചാരിറ്റി പ്രവർത്തകരോട് അന്നും ഇന്നും സ്നേഹം

അഡ്വ ശ്രീജിത്ത് പെരുമന
15.10.2019