ലോക് ഡൗണും തള്ളൽവീരന്മാരുടെ നിഷ്ക്രിയ ഭരണകൂടവും രോഗികളിൽ ചൈനയെ മറികടന്ന ഇന്ത്യയും

  231

  Adv Sreejith Perumana

  വിശ്വവിഖ്യാത ഇന്ത്യയിൽ രണ്ട് മാസങ്ങൾക്കുള്ളിൽ നടന്ന് മരിച്ചത് 152 പാവങ്ങൾ !

  വാഹനമില്ലാതെ, വയറ് മുറുക്കികെട്ടി നടക്കുന്നതിനിടയിൽ 60 ദിവസങ്ങൾകൊണ്ട് ഇന്ത്യയിൽ മരിച്ച മനുഷ്യരുടെ എണ്ണം 152 ആകുന്നു. ഇന്ന് മാത്രം, ഇതുവരെ 4 മരണങ്ങൾ, മഹാരാഷ്ട്രയിലും, ബംഗാളിലുമായി 38 ആളുകൾക്ക് ഗുരുതര പരിക്കുകൾ. കൊറോണ വൈറസ് ബാധമൂലമുണ്ടാകുന്ന മരണങ്ങളോടൊപ്പം മനുഷ്യ ദുരന്തമായി മാറുകയാണ് കുടിയേറ്റ ജനതയുടെ പൊഴിഞ്ഞു വീഴുന്ന ജീവനുകൾ.വീമാനത്താവളവും, ബഹിരാകാശവും കച്ചവടത്തിന് തുറന്നിട്ട്, യുദ്ധക്കപ്പലിന് ടിക്കറ്റ് വെച്ച് സ്വന്തം ജനതയെ കൊള്ളയടിക്കുന്നവരെ അതിജീവിക്കും നമ്മൾ

  “റെയിൽവെ ട്രാക്കിൽ അവർ ഉറങ്ങാൻ തീരുമാനിച്ചാൽ ആർക്കാണ് തടയാൻ കഴിയുക?
  അവർ നടക്കണോ വേണ്ടയോ എന്നെല്ലാം സംസ്ഥാനങ്ങൾ തീരുമാനിക്കട്ടെ. കോടതികൾ എന്തിനാണ് ഇക്കാര്യം ചർച്ച ചെയ്യുന്നത് “.നിന്ദ്യം ! ക്രൂരം ! അപമാനകരം !അശ്ലീലം !ഈ പരാമർശങ്ങൾ.  സ്കൂളിന്റെ പടി കാണാത്ത ഏതെങ്കിലും മൂന്നാംകിട രാഷ്ട്രീയ നേതാവിന്റെയോ, സാമൂഹ്യവിരുദ്ധനായ ക്രിമിനലിന്റെയോ പ്രസ്താവനയല്ലിത്. മഹാരാഷ്ട്രയിൽ പാളത്തിലുറങ്ങിക്കിടന്ന 16 തൊഴിലാളികൾ ട്രെയിൻ കയറി മരണമടഞ്ഞത്ചൂ ണ്ടിക്കാണിച്ചപ്പോൾ രാജ്യത്തെ ഏറ്റവും പരമോന്നതമായ കോടതി നടത്തിയ അഭിപ്രായപ്രകടനമാണിത്. അന്തർ സംസ്ഥാന തൊഴിലാളികൾ കാൽനടയായി യാത്ര ചെയ്ത് അപകടങ്ങൾ ഉണ്ടാകുന്ന കാര്യത്തിൽ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി. ഇക്കാര്യത്തിൽ അതത് സംസ്ഥാന സർക്കാറുകൾ ഉചിതമായ തീരുമാനമെടുക്കട്ടെ. ആരാണ് റോഡിലൂെടെ നടക്കുന്നതെന്നും നടക്കാതിരിക്കുന്നതെന്നും പരിശോധിക്കാൻ കോടതിക്ക് കഴിയില്ല. വിഷയത്തിൽ സുപ്രീംകോടതി ഇടപെടണമെന്ന പൊതുതാൽപര്യ ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ അഭിപ്രായപ്രകടനം.

  പാതിരാത്രിക്ക് സുപ്രീംകോടതി തുറന്ന് മനുഷ്യരെ തൂക്കികൊല്ലാൻ ഉത്തരവിടുകയും, ഞായറാഴ്ച തുറന്ന് മഹാരാഷ്ട്ര കുതിര കച്ചവടത്തിന് വഴിതുറക്കുകയുമൊക്കെ ചെയ്യുന്ന കോടതി പറയുകയാണ് ”
  അവർ നടക്കണോ വേണ്ടയോ എന്നെല്ലാം സംസ്ഥാനങ്ങൾ തീരുമാനിക്കട്ടെ. എന്ന് പൗരാവകാശവും, മനുഷ്യാവകാശവും പരിഗണിക്കാതെ കേന്ദ്ര സർക്കാർ സൗകര്യം പോലെ ചെയ്യട്ടെ എന്ന് പറയാനാണെങ്കിൽ ആ ആപ്പീസ് പൊളിച്ച് കപ്പ നടുന്നതാണ് നല്ലത്. ചുരുക്കിപറഞ്ഞാൽ കൊറോണക്കാലത്ത് ഭരണഘടനയും മടക്കി വെച്ച്, ആർട്ടിക്കിൾ 14 ഉം, 21 ഉം കെട്ടിപ്പൂട്ടി കോടതികൾ ഗോദറേജിന്റെ പൂട്ടിട്ട് പൂട്ടി കാശിക്ക് പോകുന്നതായിരുന്നു ഇതിനേക്കാൾ ഭേദം മനുഷ്യന്റെ ജീവിക്കാനുള്ള മൗലികാവകാശം ഏറ്റവും വലിയ അവകാശമായി അനുവദിച്ചു നൽകുന്ന ഭരണഘടനയുടെ കാവൽക്കാരാണ് സുപ്രീംകോടതി . അതുകൊണ്ടുതന്നെ നൂറു കണക്കിന് പട്ടിണിപ്പാവങ്ങളുടെ ജീവനുകൾ തെരുവിൽ പൊലിഞ്ഞിട്ടും അത് ചൂണ്ടിക്കാണിച്ച് ഒരു ഹർജ്ജി വരുന്ന സാഹചര്യത്തിൽ തങ്ങളുടെ മുന്നിലേക്ക് വന്ന ഹർജികൾ പരിഗണിച്ച് അങ്ങേയറ്റം നിരുത്തരവാദിത്വപരവും, മരിച്ചുവീണ മനുഷ്യജീവനുകളെ അപമാനിക്കുന്ന രീതിയിലും പരാമർശങ്ങൾ നടത്തി ഹർജ്ജി നൽകിയ അഭിഭാഷകനെ ശകാരിച്ചുകൊണ്ട് ഹർജ്ജി തള്ളിയ നടപടിയെ അംഗീകരിക്കാൻ സാധ്യമല്ല.

  പട്ടിണി പാവങ്ങൾക്ക് ഒരു നേരത്തെ അന്നം കിട്ടാൻപോലും കോടതി ഉത്തരവുണ്ടാകേണ്ട സാഹചര്യത്തിൽ ഭീകരമായൊരു വിഷയത്തിൽ ഇടപെടാതെ കുറ്റകരമായ മൗനം ഭജിക്കുന്ന കോടതികളിൽ ജനങ്ങൾക്കുള്ള വിശ്വായതയ്ക്ക് കോട്ടം തട്ടിയാൽ അത് കർമ്മഫലമായി കരുതേണ്ടിവരും. ഭരണഘടനയുടെ കാവലാളായ സുപ്രീംകോടതി ഈ വിഷയത്തിൽ എടുക്കുന്നത് കുറ്റകരമായ മൗനമാണ്. രാഷ്ട്രതാത്പര്യത്തെയും, വലിയ പൊതുജനതാത്പര്യത്തെയും മുൻ നിർത്തി പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടി സ്വമേധയാ ഇടപെടേണ്ടിയിരുന്ന കോടതി ഹര്ജിക്കാരനെ ശകാരിച്ച് കോടതിയുടെ വാതിലും പൂട്ടി അവധി ആഘോഷത്തിന് പോകുമ്പോഴും കോടതിയിൽ അവിശ്വാസം രേഖപ്പെടുത്താത്ത ജനതയുടെ ക്ഷമയെയും വിവേകത്തെയും വെല്ലുവിളിക്കാതിരിക്കുന്നതായിരിക്കും ജനാധിപത്യത്തിന്റെ നിലനിൽപ്പിനു നല്ലത്.

  വധശിക്ഷ വിധിക്കപ്പെട്ടവർ പോലും അകാരണമായി ജീവപര്യന്തം കാലഘട്ടം ജയിലിൽ കിടക്കേണ്ടി വരുന്നവരുടെയും , വിചാരണ തടവുകാരായി പത്തും പതിനഞ്ചും വർഷം ജയിലിൽ കിടക്കണേണ്ടി വരുന്ന മനുഷ്യരുടെയും നാടാണിത്.കോടിക്കണക്കിനു കേസുകൾ വിവിധ കോടതികളിൽ കെട്ടികിടക്കുമ്പോഴും മാസങ്ങളോളം അവധിദിനങ്ങൾ ആഘോഷിക്കാൻ കോടതി പൂട്ടിയിടുന്ന നാടാണെന്ന വിരോധാഭാസം ചൂണ്ടിക്കാണിച്ചുകൊണ്ട് പറയട്ടെ… മൗലികാവകാശവും അടിസ്‌ഥാന മനുഷ്യാവകാശവും സംരക്ഷിക്കണം എന്നാവശ്യപ്പെട്ട ഹര്ജിയിൽ കേന്ദ്രസർക്കാരിന്റെ ഇച്ഛയ്ക്ക് മുകളിൽ അടയിരിക്കാനുള്ള സുപ്രീംകോടതി തീരുമാനം ലജ്‌ജാകരമാണ്.

  കണ്ണ് തുറന്ന് കാണണം സുപ്രീംകോടതീ ഈ കാഴ്ച. അയാൾ ആ മനുഷ്യർക്ക് കൈമാറിയത് കേവലം ഷൂ മാത്രമല്ല ഒരു ജനതയുടെ മനുഷ്യത്വവും കരുതലുമാണ്. കണ്ണ് നിറയാതെ കാണാനാവില്ല ഈ കാഴ്ച !” റെയിൽവെ ട്രാക്കിൽ അവർ ഉറങ്ങാൻ തീരുമാനിച്ചാൽ ആർക്കാണ് തടയാൻ കഴിയുക?
  അവർ നടക്കണോ വേണ്ടയോ എന്നെല്ലാം സംസ്ഥാനങ്ങൾ തീരുമാനിക്കട്ടെ. കോടതികൾ എന്തിനാണ് ഇക്കാര്യം ചർച്ച ചെയ്യുന്നത് ” എന്ന് ചോദിച്ച ഹോണറബിൾ സുപ്രീംകോടതി സൽമാൻ രവി എന്ന മനുഷ്യനിൽ നിന്നും ഏറെ പഠിക്കാനുണ്ട്.റിപ്പോർട്ടിങ്ങിനിടെ ഡൽഹിയിൽ വെച്ച് ഒരുപറ്റം കാൽനട തൊഴിലാളി സംഘത്തെ കണ്ട ബിബിസി റിപ്പോർട്ടർ സൽമാൻ രവി ഇവരുമായി സംസാരിക്കുന്നതിനിടെ കൂട്ടത്തിലൊരാൾ​ ചെരുപ്പ് ധരിച്ചില്ലെന്ന് മനസിലാക്കി. കിലോമീറ്റർ താണ്ടുന്നതിനിടെ ചെരുപ്പ് പൊട്ടിപോയെന്ന് പറഞ്ഞു. സൽമാൻ പിന്നെ ഒന്നും ആലോചിച്ചില്ല.

  തന്റെ ഷൂ അഴിച്ചുകൊടുത്ത് സൈസ് ഓകെ ആണോ എന്ന് നോക്കാനായി ആവശ്യപ്പെട്ടു. വേണ്ട എന്ന് തൊഴിലാളി പറയുന്നുണ്ടായിരുന്നു. എന്നാൽ താങ്കൾക്ക് അത്രയധികം ദൂരം സഞ്ചരിക്കേണ്ടതല്ലേ ഞാൻ എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്തോളാം എന്ന് പറഞ്ഞുകൊണ്ട് സൽമാൻ രവി ഷൂ നൽകുകയായിരുന്നു. ഷൂ നൽകിയ ശേഷം, അത് വീഡിയോ പകർത്താനോ താൻ ചെയ്ത സൽക്കർമ്മത്തെ പാര്വതീകരിക്കാനോ ഒരക്ഷരം പോലും ഉരിയാടാതെ സൽമാൻ അടുത്ത ആളിലേക്ക് മൈക്കും ചോദ്യവുമായി നീങ്ങി.സമാനതകളില്ലാത്ത സാഹോദര്യത്തിന്റെയും, മനഃസാക്ഷിയുടെയും, മനുഷ്യത്വത്തിന്റെയും കാഴ്ച ❤️

  ഹരിയാനയിൽ നിന്ന് സ്വദേശമായ മധ്യപ്രദേശിലെ ചത്താർപുറിലേക്ക് കാൽ നടയായി യാത്ര തുടങ്ങിയ സംഘത്തെ ഡൽഹിയിലെത്തിയപ്പോൾ പൊലീസ് തടഞ്ഞു. മർദനവും ചോദ്യം ചെയ്യലും പതിവുപോലെ. ജോലിയും കൂലിയും ഭക്ഷണമില്ലാത്ത പാവങ്ങൾക്ക് ആകെ പ്രതീക്ഷ സ്വദേശം മാത്രമായതിനാൽ ചുട്ടുപൊള്ളുന്ന റോഡിലൂടെയുള്ള അവർ യാത്ര തുടർന്നു.അതേ, യുദ്ധക്കപ്പലിനു ടിക്കറ്റ് വെച്ച് രക്ഷാപ്രവർത്തനം നടത്തുന്ന ഭരണകൂടവും, റെയിൽപാളത്തിൽ കിടക്കുന്നവരെ ട്രെയിൻ ഇടിക്കുന്നതിലെന്ത് അത്ഭുദമെന്ന് ലാഘവത്തോടെ ചോദിച്ച പരമ ഉന്നത കോടതിയും പരാജയപ്പെടുന്നിടത്ത് നമ്മൾ അതിജീവിക്കുന്നത് സൽമാൻമാരിലൂടെയാണ്.

  ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത “Ganges H2Ox” എന്ന കൊറോണ വാക്സിന്റെ ക്ലിനിക്കൽ ട്രയലിന്റെ നാസ പകർത്തിയ ദൃശ്യങ്ങൾ നോക്കൂ .

  മാസ്കും, സാമൂഹിക അകലവുമില്ലാതെയാണ് ധൈര്യപൂർവ്വം ആളുകൾ പരീക്ഷണത്തിനെത്തിയത്.തബ്ലീഗികൾ രാജ്യം മുഴുവനും കൊറോണ പരത്താൻ നടക്കുമ്പോൾ വാക്സിൻ കണ്ടെത്താൻ യഥാർത്ഥ ദേശസ്നേഹികൾ നടത്തുന്ന പോരാട്ടങ്ങൾക്ക് അഭിവാദ്യങ്ങൾ .മീനവിയിൽ അങ്ങ് ഡൽഹിയിൽ ഗംഗാജലത്തിൽ നിന്നും കൊറോണ വാക്സിനുള്ള കെമിക്കലുകൾ വേർതിരിക്കുന്ന പ്രക്രിയ തുടരുകയാണ്. കൊറോണ അതിജീവിക്കും ഈ മനുഷ്യരെ .

  ഒടുവിൽ അത്‌ സംഭവിച്ചു !കൊറോണ രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ പിന്തള്ളി മുന്നിലെത്തി. കൊറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്ത രാജ്യമാണ് ചൈന. ഇന്ത്യയിലെ കോവിഡ് രോഗികളുടെ ആകെ എണ്ണം 85, 970 ആയപ്പോൾ ചൈനയിൽ 82, 933 രോഗികളാണ് ഉള്ളത്. ഇന്ത്യയിൽ 2752 മരണങ്ങളും ചൈനയിൽ 4633 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെ മാത്രം 104 മരണങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്.

  20 ലക്ഷം കോടി അണ്ണാക്കിലേക്ക് തള്ളിത്തന്ന ഇന്ത്യ കാണാം.ജബൽപൂർ സ്റ്റേഷനിൽ കുടിയേറ്റ തൊഴിലാളികൾ എത്തിയപ്പോഴുള്ള കാഴ്ചയാണിത്.കുടിവെള്ളം പോലുമില്ല, ഒടുവിൽ പ്ലാറ്റഫോമിലെ ഒരു വ്യാപാര സ്ഥാപനം തല്ലി പൊളിച്ച് കുടിവെള്ളം എടുക്കേണ്ടി വന്നു പാവങ്ങൾക്ക്

  ഭരണകൂടം തോൽപ്പിക്കുന്ന ഇന്ത്യയിലെ മനുഷ്യർ ഇപ്പോൾ ഇങ്ങനെയാണ്, ‘വീട്ടിലെത്താന്‍ വേറെ വഴിയില്ലാത്തതിനാല്‍ ഈ സൈക്കിള്‍ ഞാനെടുക്കുന്നു, ദയവായി ക്ഷമിക്കൂ”ഞാന്‍ നിസ്സഹായനായ ഒരു തൊഴിലാളിയാണ്, അങ്ങയോട് ഞാനീ അപരാധം ചെയ്തുപോയി. അങ്ങയുടെ സൈക്കിളെടുത്ത് ഞാന്‍ ബെറേലിയിലെ വീട്ടിലേക്ക് പോകുന്നു, എനിക്ക് ഭിന്നശേഷിക്കാരനായ ഒരു കുഞ്ഞുണ്ട്. വീട്ടിലെത്താന്‍ വേറെ മാര്‍ഗമില്ല, ദയവായി ക്ഷമിക്കണം…’വീട്ടിലെ വരാന്തയില്‍ നിന്നാണ് സാഹബ് സിങ്ങിന് ഇങ്ങനെയൊരു കത്ത് ലഭിച്ചത്. രാജസ്ഥാനിലെ ഭരത്പുരിലാണ് സാഹബ് സിങ്ങിന്റെ വീട്. വീട്ടുമുറ്റത്ത് നിന്ന് തന്റെ സൈക്കിളെടുത്ത് പോയ ആളോട് സാഹബ് സിങ്ങിന് പരിഭവമില്ല. കാരണം സുഖമില്ലാത്ത കുഞ്ഞിനെ കാണാനും വീട്ടില്‍ മടങ്ങിയെത്താനുമുള്ള ആ കുടിയേറ്റ തൊഴിലാളിയുടെ ആഗ്രഹം സാഹബ് സിങ് മനസിലാക്കിയിരിക്കുന്നു. കത്തെഴുതിയ വ്യക്തി മുഹമ്മദ് ഇക്ബാല്‍ എന്ന് കത്തില്‍ പേര് കുറിച്ചിട്ടുണ്ട്. ഭരത്പുരില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് ഉത്തര്‍പ്രദേശിലെ ബെറേലി. ലോക്ക്ഡൗണിനിടെ മറ്റ് വാഹനസൗകര്യം ലഭ്യമല്ലാത്തതിനാല്‍ സൈക്കിളെടുത്ത് പോയ ആളെ എങ്ങനെയാണ് കുറ്റപ്പെടുത്താനാവുക. ദേശീയ പാതകളിലൂടെ നഗ്നപാദരായി നടന്ന് നടന്ന് തളർന്ന് വീണു മരിക്കുന്ന സ്വന്തം രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കാത്ത ടീമാണ് പാകിസ്ഥാനിലെ ഹിന്ദുക്കളെ സംരക്ഷിക്കാൻ നിയമനിർമ്മാണം നടത്തിയത് എന്നോർക്കുമ്പോഴാണ് ഒരു ദേശീയബോധമൊക്കെ തോന്നുന്നത്.നടന്ന് മരിച്ചോളൂ സംഘം കാവലുണ്ട്.

  ലോക്ക് ഡൗണിൽ വലയുന്ന ജനങ്ങൾക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാനായി ഉത്തർപ്രദേശിൽ അച്ഛേദിൻ ആംബുലൻസുകൾ രംഗത്തിറക്കി. സംഘാരാജ്യത്തെ സംഘവാണ കാഴ്ചകൾ

  ഇന്ത്യ വലിക്കുന്ന പാവങ്ങളുടെ വണ്ടി !ഹൈദരാബാദിൽ നിന്നും 8 മാസം ഗർഭിണിയായ ഭാര്യയേയും, 2 വയസുള്ള കുട്ടിയേയും സ്വയം നിർമ്മിച്ച മരവണ്ടിയിൽ ഇരുത്തി ഈ കുടിയേറ്റ തൊഴിലാളി കൈകൊണ്ട് വലിച്ചു നീങ്ങുന്നു.. 800 കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടതുണ്ട്.അക്ഷരം തെറ്റാതെ വിളിക്കാം മിഷൻ വന്ദേ ഭാരത്

  ആരെവിടെ !! ഇനി കൊറോണയെ പേടിക്കേണ്ട . “കൊറോണ അസുരനാണ് അതിനെ ഇല്ലാതാക്കാൻ ക്ഷേത്രങ്ങൾ തുറന്ന് പുരോഹിതരെ വിട്ടാലെ സാധിക്കുകയുള്ളു ” ; ദേശിയ സംഘടന പ്രധാനമന്ത്രിക്ക് കത്ത് നൽകി. കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തെ സഹായിക്കുന്നതിന് അമ്പലങ്ങളും തീർഥാടന കേന്ദ്രങ്ങളും തുറക്കേണ്ടത് ആവശ്യമാണെന്ന് പുരോഹിതരുടെ ദേശീയ സംഘടന.കൊറോണ വൈറസ് അസുരനാണെന്നും അതിനെ ഇല്ലാതാക്കാൻ ദൈവീക ശക്തികൾക്കു മാത്രമേ കഴിയുകയുള്ളൂ എന്നും പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ സംഘടന പറയുന്നു. അഖില ഭാരതീയ തീർഥ പുരോഹിത് മഹാസഭ എന്ന സംഘടനയാണ് പ്രധാനമന്ത്രിക്ക് കത്ത് നൽകിയത്.എല്ലാ അമ്പലങ്ങളും പുണ്യസ്ഥലങ്ങളും തീർഥാടനകേന്ദ്രങ്ങളും തുറന്നാൽ കൊറോണ വൈറസിന് ഒരു അപകടവും ഉണ്ടാക്കാൻ കഴിയില്ല. ലോക്ക്ഡൗണിനെ തുടർന്ന് ക്ഷേത്രങ്ങൾ അടച്ചത് പുരോഹിതർക്ക് കാര്യമായ സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും പുരാഹിതർക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ചില നിയന്ത്രണങ്ങളോടെ ക്ഷേത്രങ്ങൾ തുറക്കാമെന്നും കത്തിൽ പറയുന്നു.