ക്യാംപസ് ഫ്രണ്ട്, എബിവിപി പോലെയുമുള്ള സംഘടനകൾക്ക് കേരളത്തിലെ ക്യാംപസുകളിൽ സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞതെങ്ങനെ ?

36

അഡ്വ ശ്രീജിത്ത് പെരുമന

ഇറങ്ങലും , കയറലും

രാഷ്ട്രീയത്തിലേക്ക് മാത്രം ഇറങ്ങലാണ്…, നീ രാഷ്ട്രീയത്തിലിറങ്ങിയോടാ ? ഇറങ്ങിയോടി ? എന്ന രക്ഷിതാക്കളുടെയും നാട്ടുകാരുടെയും, സുഹൃത്തുക്കളുടെയും മുഖം കറുപ്പിച്ചുള്ള ഏറെക്കുറെ സാമാന്യ സ്വഭാവമുള്ള ചോദ്യങ്ങൾ കോളേജിൽ എത്തി ആദ്യദിനങ്ങളിൽ കേൾക്കാത്തതായി അധികമാരും ഉണ്ടാകുമെന്നു തോന്നുന്നില്ല….

അതാണ്… അവിടെയാണ്… പ്രശ്നങ്ങളുടെ തുടക്കം. ബാക്കി എല്ലാ പരിപാടികളും ജോലികളും, പ്രവർത്തനങ്ങളും.. കൂടാതെ ഉഡായിപ്പ് -കൂതറ പരിപാടികളിലും #കയറ്റമാണ്… കേട്ടിട്ടില്ലേ ധൃതംഗ പുളകിതരായി രക്ഷിതാക്കളും നാട്ടുകാരും ഒക്കെ പറയാറുള്ളത് “അവൻ സിനിമയിൽ കയറി ” മൂത്തവൻ വിദേശ കമ്പനിയിൽ എൻജിനീയറായി കയറി ” ചെറിയമ്മേടെ മകൻ ഹോട്ടലിൽ കുക്കായിട്ട് കയറി ” ഷാജി ഇപ്പൊ ക്രിക്കറ്റിൽ കയറി കൂടെയുണ്ടായിരുന്ന ശശി അണ്ണൻ അദ്യാപകനായി കയറി…, വക്കീലായി കയറി അങ്ങനെ പോകുന്നു കയറ്റങ്ങൾ എന്നാൽ രാഷ്ട്രീയവും പൊതു പ്രവർത്തനവും ഇറക്കങ്ങളാവുന്നു…..

രാഷ്ട്രത്തെ സംബന്ധിക്കുന്നതെന്തും രാഷ്ട്രീയമാകുമെന്നോ, സാമൂഹ്യ ജീവിയായ നമ്മളിൽ നാമറിയാതെ തന്നെ രാഷ്ട്രീയം അതിടപെടുമെന്നോ പ്രബുദ്ധരെന്നു സ്വയം അവരോധിക്കുന്ന അഭ്യസ്ത വിദ്യരുപോലും വിസ്‌മരിക്കുന്നു. കാലം മാറി കഥമാറി ശാസ്ത്ര മുന്നേറ്റത്താൽ ലോകം വിരൽത്തുമ്പിൽ എത്തി നിൽക്കുന്ന ഈ കാലത്തും പക്ഷെ രാഷ്ട്രീയവും ജീവിതവും തമ്മിൽ ജാംബവാന്റെ കാലത്തുള്ള അതേ #കയറ്റവും #ഇറക്കവും നിലനിൽക്കുകയാണ്. കയറി ഓടാനുള്ള വ്യഗ്രതയിൽ കയറ്റത്തിന്റ പാതിയായ ഇറക്കത്തിലേക്ക് നോക്കുന്നതിനു നാറാണത്തു ഭ്രാന്തൻ കാണിച്ച വിവേകം പോലും കാണിക്കാതെ ഫ്രീക്കൻ തലമുറ ഓടുകയാണ്….. സുഹൃത്തുക്കളെ ഓടുകയാണ്…

മറ്റൊരു ലോക മഹാ സൈബർ വിപ്ലവത്തിലൂടെ ഫ്രീക്കൻ യുഗത്തിലേക്ക് അരാഷ്ട്രീയരായ ബ്രോ യിലർ തലമുറയെ വാർത്തെടുക്കലാണ് ലക്ഷ്യം. പീരങ്കികൾക്കും വെടിക്കോപ്പുകൾക്കും പകരം മാരക ശേഷിയുള്ള ട്രോളുകളും, പൊങ്കാലകളും ആയിരിക്കും പ്രധാന ആയുധങ്ങൾ….,
രാഷ്ട്രീയം പാടില്ല എന്ന് പഠിപ്പിക്കുന്ന രക്ഷിതാക്കൾ മുതൽ രാഷ്ട്രീയം നിരോധിക്കുന്ന കോടതികൾക്കുവരെ ഇന്ന് മഹാരാജാസിൽ നടന്ന കൊലപാതകത്തിൽ അറിഞ്ഞോ അറിയാതെയോ പങ്കുണ്ട്.

ക്യാംപസ് ഫ്രണ്ട് പോലെയും, ആർ എസ് എസ് പോലെയുമുള്ള സംഘടനകൾക്ക് എങ്ങനെയാണ് കേരളത്തിലെ ക്യാംപസുകളിൽ മതമൗലികവാദവും തീവ്രവാദവുമൊക്കെ പ്രചരിപ്പിക്കാനും അത്തരത്തിൽ ഒരു തലമുറയെ തന്നെ രാഷ്ട്രീയ പ്രബുദ്ധരാക്കുന്നതിനു പകരം മതങ്ങളുടെയും ജാതിയുടെയും അടിമകളാക്കി മാറ്റാൻ സാധിക്കുന്നതെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്.
ഒരുകാലത്ത് മതേതര, ജനാധിപത്യ സംഘടനകൾ ആശയപരമായി സംഘടനാ പ്രവർത്തനം നടത്തി സാംസ്‌കാരികമായും, രാഷ്ട്രീയമായും പ്രബുദ്ധമായിരുന്ന ക്യാമ്പസുകൾ ഇന്ന് മതമൗലികവാദികളുടെ പരിശീലന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. തങ്ങളുടെ മക്കൾ കോളേജുകളിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നില്ലെന്നും രാഷ്ട്രീയത്തിൽ ഇറങ്ങുന്നില്ലെന്നും ഉറപ്പുവരുത്തുന്ന രക്ഷിതാക്കൾ പക്ഷേ മക്കൾ മതത്തിന്റെയോ മതാധിഷ്ടിത രാഷ്ട്രീയത്തിന്റെയോ അടിമകളാക്കി മാറ്റപ്പെടുന്നത് തിരിച്ചറിയുന്നതേയില്ല എന്നതാണ് യാഥാർഥ്യം.

മാത്രവുമല്ല മക്കൾ അരാഷ്ട്രീയവാദികളാകാൻ ഓരോ രക്ഷിതാക്കളും കിണഞ് പരിശ്രമിക്കുന്നുണ്ട്താനും. എല്ലാം കൂട്ടുവായിക്കുമ്പോൾ ക്യാംപസുകൾക്കുണ്ടായിട്ടുള്ള ആ രാഷ്ട്രീയ മൂല്യച്യുതിയാണ് ഇന്ന് കലാലയങ്ങളിൽ പോലും എത്തിനിൽക്കുന്ന വർഗീയ കൊലയ്ക്ക് കാരണം എന്ന് മനസിലാക്കേണ്ടിവരും. ദിശാബോധമുള്ള ജനാധിപത്യ മതേതര ആശയ രാഷ്ട്രീയ പ്രവർത്തനങ്ങൾ ക്യാംപസുകളിൽ അത്യന്താപേക്ഷിതമാണ്. അത്തരം ഒരു സാഹചര്യത്തിന് മാത്രമേ
മത മൗലികവാദത്തെയും മറ്റ് അനാശാസ്യ പ്രവണതകളെയും പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂ..
അമ്മയെ തല്ലിയാലച്ഛൻ ചോദിക്കണം, പെങ്ങളെ തല്ലിയാലളിയൻ ചോദിക്കണം എന്ന് പറഞ്ഞതുപോലെ ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും ഇത്രയെങ്കിലും അഭിപ്രായങ്ങൾ പറയേണ്ടവർ നിശ്ശബ്ദരായിരിക്കുന്നതു അങ്ങേയറ്റം അപലപനീയവും ആത്മഹത്യപരവുമാണ്?

വിപ്ലവങ്ങളുടെ പ്രത്യയശാസ്ത്രങ്ങളിൽ ജീവിച്ചു തുടങ്ങിയിട്ടില്ലാത്ത സഖാവ് അഭിമന്യു കേരളത്തിലെ ഏറ്റവും വലിയ കലാലയത്തിന്റെ പടിവാതിൽക്കൽ തീവ്ര സാമുദായിക സംഘടനാ പ്രവർത്തകരുടെ കുത്തേറ്റ് വീഴുമ്പോൾ ആണിയടിക്കപ്പെടുന്നത് ഒരു തലമുറയുടെ രാഷ്ട്രീയ ശവപ്പെട്ടിയിലാണ്‌. തിരിച്ചറിയേണ്ടത് നമ്മളാണ് ചങ്ങലകൾ ഇനിയും മുറുകും മുൻപ്

പിസ് : അരികളഞ്ഞ് ഉമിക്കു തല്ലുകൂടുന്നതുപോലെയാണ്… ഇവിടെ അരാഷ്ട്രീയവാദികൾ കലാലയ രാഷ്ട്രീയത്തെയും മതാധിഷ്ടിത രാഷ്ട്രീയത്തെയും നോക്കികാണുന്നത്.
അഭിമന്യുവിന് കണ്ണീരിൽ കുതിർന്ന വിപ്ലവാഭിവാദ്യങ്ങൾ ! പോരാട്ടങ്ങൾ നിലയ്ക്കാതിരിക്കട്ടെ 💕