‘ജപ്തി തടയാൻ ഒന്നും ഭർത്താവ് ചെയ്തില്ല’; അപ്പോൾ ബാങ്കിനെ വെള്ളപൂശുന്നതെങ്ങനെ ?

0
647

Adv Sreejith Perumana എഴുതുന്നു 

നെയ്യാറ്റിൻകരയിൽ നടന്ന ദാരുണ സംഭവത്തെ കേവലമൊരു കുടുംബ കലഹത്തിലേക്ക് ഒതുക്കി, ബാങ്കുകളുടെ പീഡനങ്ങളും, ഭീഷണികളും വിസ്‌മരിച്ച്‌ ബാങ്കുകളെ വെള്ളപൂശാനുള്ള ഒരു വലിയ വിഭാഗത്തിന്റ ശ്രമം ആത്മഹത്യപരമാണ് എന്ന് പറയാതെ വയ്യ !

അഡ്വ ശ്രീജിത്ത് പെരുമന
അഡ്വ ശ്രീജിത്ത് പെരുമന

“ജപ്തി തടയാൻ ഒന്നും ഭർത്താവ് ചെയ്തില്ല” എന്ന ആത്മഹത്യ കുറിപ്പിലെ വാക്കുകളിൽ നിന്നും ആത്മഹത്യയിലേക്ക് ആത്യന്തികമായി നയിച്ച കാരണം ജപ്തി ഭീഷണിയാണ് എന്നകാര്യം വ്യക്തമാണ്. എന്നാൽ അന്യന്റ കുടുംബകാര്യത്തിൽ അത്രകണ്ട് തത്പരരായ മലയാളികൾക്ക് കുടുംബവഴക്കാണ് ചർച്ചചെയ്യാൻ ഏറെ താത്പര്യമുള്ളത് എന്നു വീണ്ടും തെളിയിക്കുന്നു.

മറ്റേതൊരു കുടുംബത്തിൽ ഉള്ളതിനെക്കാളും കൂടുതലായുള്ള ആസ്വാരസ്യങ്ങൾ ഒരുപക്ഷേ മരണപ്പെട്ടവരുടെ കുടുംബത്തിൽ ഉണ്ടായെന്നിരിക്കാം. എന്നാൽ കുടുംബ പ്രശ്നങ്ങളെ സംബന്ധിച്ച് അയൽക്കാർക്കുപോലും അറിയില്ലായിരുന്നു എന്ന വെളിപ്പെടുത്തലുകൾ ആത്മഹത്യക്കുള്ള കാരണം ജപ്‌തി ഭീഷണികൾ തന്നെയായിരുന്നു എന്ന കൃത്യമായ വസ്തുതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അയൽക്കാരുമായും, ചില ബന്ധുക്കളുമായും ഞാൻ നേരിട്ട് സംസാരിച്ചിരുന്നു.

കുടുംബപരമായി നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ജപ്തിയുടെയും, ബാങ്ക് ലോണിന്റെയും കാര്യം വന്നപ്പോൾ
അതിന്റെ പാരമ്യതയിൽ എത്തുകയും മരണത്തിലേക്ക് നയിക്കുകയുമായിരുന്നു എന്നാണ് എനിക്ക് മനസിലാകുന്നത്. അങ്ങനെവരുമ്പോഴും ആത്മഹത്യയിലേക്ക് നയിച്ച പ്രധാന കാരണം ജപ്തി ഭീഷണികൾ തന്നെയാണ്. ജപ്തിയുടെ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എങ്കിൽ മറ്റേതൊരു കുടുംബത്തിലും സംഭവിക്കുന്നതുപോലെ കുടുംബങ്ങൾ തമ്മിലുള്ള പ്രശനങ്ങൾ ക്രമേണ ഒത്തുതീർപ്പുകളിലേക്കും അഡ്ജസ്റ്റമെന്റുകളിലേക്കും എത്തുമായിരുന്നു.

“A bank is a place that will lend you money if you can prove that you don’t need it.” – Bob Hope

“നിങ്ങൾക്ക് പണം ആവശ്യമില്ല എന്ന് ബോധ്യപ്പെടുത്തിയാൽ പണം ലോണായി നൽകുന്ന സ്ഥാപനങ്ങളാണ് ബാങ്കുകൾ” എന്ന ബോബ് ഹോപ്പിന്റെ വാക്കുകൾക്ക് തമാശകൾക്കപ്പുറം വലിയൊരു തലമുണ്ടെന്നാണ് നമ്മുടെ നാട്ടിലെ ബാങ്കുകൾ തെളിയിച്ചുകൊണ്ടിരിക്കുന്നത്.

നെയ്യാറ്റിനകരയിൽ നടന്ന സംഭവത്തെ ഒരു ഒറ്റപ്പെട്ട സംഭവമായി തിരസ്ക്കാരിക്കാൻ വരട്ടെ, ദിവസേനയെന്നോണം ഇത്തരത്തിൽ ആത്മഹത്യ ശ്രമങ്ങളും, പീഡങ്ങളും ബാങ്ക് ലോണുകളുടെ പേരിൽ അങ്ങോളമിങ്ങോളം നടക്കുന്നുണ്ട്. വിദ്യാഭ്യാസ ലോണിന്റെ പേരിൽ ബാങ്കുകൾ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും കോടതികയറ്റി പീഡിപ്പിക്കുകയും, റിലയൻസ് പോലുള്ള കുത്തകകളെ ഏൽപ്പിച്ചു ഗുണ്ടാപിരിവുകൾ വരെ നടത്താറുണ്ട് എന്നതാണ് യാതാർഥ്യം.

നെയ്യാറ്റിൻകരയിൽ ആത്മഹത്യക്ക് ശ്രമിച്ചവർ മരണപ്പെട്ടു എന്നതാണ് ഈ വിഷയത്തിൽ പൊതുജന ഇത്രകണ്ട് പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം. ഇതുപോലെ മരണപ്പെടാതെ രക്ഷപ്പെട്ട് വീണ്ടും ബാങ്കുകളാൽ പീഡിപ്പിക്കപ്പെട്ടുകൊണ്ട്‌ ജീവച്ചവമായായി ജീവിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്.

ഇന്ന് ഞാനാണെങ്കിൽ നാളെ നിങ്ങളാകാം ഇരകൾ. ആരാന്റെ അമ്മക്ക് ഭ്രാന്തുവന്നാൽ കാണാൻ ചേലാണെന്ന പോലെ “കുടുംബ പ്രശനം” എന്നു കേട്ട പാതി കേൾക്കാത്ത പാതി ബാങ്കുകളുടെ കൊള്ളപ്പലിശ ഭീഷണികളും, ജപ്തി ഭീഷണികളും, സാധാരണക്കാരന്റെ സ്വപ്നങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന സർഫാസി ആക്റ്റിന്റെ സാമൂഹിക പ്രശങ്ങളും ഉൾപ്പെടെ എല്ലാ പ്രശ്നങ്ങളും,മറച്ചുവെച്ചുകൊണ്ട് ബാങ്കുകളെ വെള്ളപൂശാനിറങ്ങിയ അഭിനവ വിപ്ലവകരികളാണ് നമ്മുടെ ശാപം.

കുത്തക മുതലാളിമാർക്ക് കണ്ണുംപൂട്ടി ലോണെന്ന ഓമന പേരിൽ പതിനായിരക്കണക്കിന് കോടികൾ പിൻവാതിലിലൂടെ പെട്ടിയിൽ നിറച്ചുകൊടുക്കുന്ന ബാങ്കുകൾ തന്നെയാണ് സാധാരണക്കാരൻ നക്കാപ്പിച്ച ആവശ്യങ്ങൾക്കായി എത്തുന്ന ബാങ്കുകളുടെ കൗണ്ടറിൽ 3 രൂപ വിലയുള്ള “സ്റ്റിക്ക് ഈസി” പേന ശക്തമായ സുരക്ഷയോടെ ചങ്ങലയിൽ ബന്ധിച്ചുവെച്ച്‌ സംരക്ഷിക്കുന്നത് എന്നതാണ് വിരോധാഭാസം.

ഇപ്പോൾ നെയ്യാറ്റിൻകരയിലുണ്ട്. അങ്ങേയറ്റം ദുഃഖർത്ഥമാണ് ഇവിടം. കണ്മുൻ പൊലിഞ്ഞുപോയ രണ്ട് ജീവനുകൾ നാടിന്റെ ദുഃഖമായിരിക്കുകയാണ്. ചില അകന്ന ബന്ധുക്കളുമായും, അയൽവാസികളുമായും, ബാങ്ക് ഉദ്യോഗാഥരുമായും സംസാരിച്ചു. പോലീസ് നടപടികൾക്ക് ഇതുവരെ അന്തിമ രൂപമായിട്ടില്ല എന്നാണ് ഉന്നത പോലീസ് കേന്ദ്രങ്ങൾ പറയുന്നത്. എന്തായാലും ഇനിയൊരിക്കലും കേരള നാട് ഇത്തരമൊരു വാർത്ത കേൾക്കാൻ ഇടവരരുത്.. സംഭവത്തിൽ കഴിവിന്റെ പരമാവധി ഇടപെടലുകൾ നടത്തുന്നുണ്ട്.

സംഭവത്തിന്റെ വിശദ വിവരങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരട്ടെ. ഇനി അഥവാ കുടുംബപ്രശ്നങ്ങൾ മാത്രമാണ് ആത്മഹത്യക്കുള്ള കാരണം എന്ന് കണ്ടെത്തി എന്നുതന്നെയിരിക്കട്ടെ, എങ്കിലും അതൊന്നും ബാങ്കുകളുടെ ഈ നാരാധമന്മാരായുള്ള കൊള്ളയും, കൊലയും ന്യായീകരിക്കാനുള്ള മാനദണ്ഡമല്ല എന്ന് ന്യായീകരണ തോഴിലാളികൾ മനസിലാക്കണം.

അഡ്വ ശ്രീജിത്ത് പെരുമന