ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന് വാർത്ത, എത്ര പരിഹാസ്യമാണ്

70

അഡ്വ ശ്രീജിത്ത്‌ പെരുമന

മതവും, ദൈവവും ഉൾപെട്ട വാർത്തയായതിനാൽ ഒരുത്തന്റേം നാവ് പൊങ്ങില്ല എന്നറിയാം ; വിനീത വിധേയരായ വിഡ്ഢിയാകാൻ പെരുമനയെ കിട്ടില്ല. പറഞ്ഞുതന്നെ ആകണം 🚩

22 ബില്യൺ അഥവാ 16,61,77,00,00,000.00 രൂപ മൂല്യമുള്ള 1179340 കിലോ ഗ്രാം അഥവാ 1300 ടണ്ണിൽ കൂടുതൽ സ്വർണ്ണ നിക്ഷേപമുള്ള ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന് വാർത്ത. എത്ര പരിഹാസ്യമാണ് ഈ വാർത്ത. എങ്ങനെയാണ് ഇങ്ങനെയൊരു വാർത്ത തൊണ്ടതൊടാതെ വിഴുങ്ങാൻ സമ്പൂർണ സാക്ഷര കേരളത്തിന്‌ സാധിക്കുന്നത് ❓️

ലോകത്തിലെ പല രാജ്യത്തിന്റെ കേന്ദ്ര ബാങ്കുകളിലേതിനേക്കാൾ വലിയ, ഒരു കനത്ത നിധിശേഖരമാണ്, പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിഗൂഡ നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അത്യപൂര്‍വ്വ സ്വര്‍ണ്ണനാണയക്കൂമ്പാരങ്ങള്‍, കിരീടങ്ങള്‍, വൈരം പതിച്ച സ്വര്‍ണ്ണാഭരണങ്ങള്‍, തങ്കത്തകിടുകള്‍, പഞ്ചലോഹ ഉപകരണങ്ങള്‍ മാത്രമല്ല വജ്രങ്ങളുടെ വൈവിധ്യങ്ങളാർന്ന ശേഖരങ്ങളും അവിടെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഇവയുടെ കാരറ്റ് മൂല്യം മാത്രം കണക്കിലെടുത്താല്‍, ഈ പറഞ്ഞ ഇരുത്തിരണ്ടിൽ കൂടുതൽ ബില്യണ്‍ ഡോളര്‍ വിലവരുമെന്നാണ് കണക്ക്.

എന്നാല്‍ പൌരാണിക മൂല്യത്തിനു വിധേയമായി, ഇവ ലേലത്തിനോ മറ്റോ ഉപയോഗിച്ചാൽ പ്രവചിക്കാൻ സാധിക്കുന്നതിലും വലിയ സമ്പത്ത് ലഭിക്കും. തിരുവിതാംകൂർ രാജ വംശത്തിനോ കൊട്ടാരത്തിലോ പണം കായ്ക്കുന്ന മരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല, ഭൂമി കുഴിച്ചുള്ള ശാസ്ത്രീയ മാർഗ്ഗങ്ങളും വശമില്ലായിരുന്നു. ഈ നിധിയുടെ പിന്നാമ്പുറ കഥകൾ ചികയുമ്പോൾ മനസിലാകുന്നത് ഇങ്ങനെ.., പാവപ്പെട്ട ജനങ്ങളിൽനിന്നും പ്രത്യേകിച്ച് ചോവന്റെയും ഹരിജനങ്ങളുടെ കയ്യിൽനിന്നും മുലക്കരം പുരക്കരം ഭൂമിക്കരം തുടങ്ങിയ വകയിൽ ശൂദ്രപ്പട്ടാളം പിരിച്ചെടുത്തു കൊട്ടാരത്തിൽ വച്ചിരുന്ന ധനം ആണത് അതായത് സാധാരണക്കാരനനായ അരപ്പട്ടിണിക്കാരനും മുഴുപ്പട്ടിണിക്കാരനും നികുതി അടച്ച പണം.വെള്ളക്കാർ രാജ്യം ഭരിക്കുമ്പോൾ അത് അവർ മോഷ്ടിക്കാതിരിക്കാനായി അമ്പലത്തിൽ രഹസ്യ നിലവറ ഉണ്ടാക്കി അവിടെ ഒളിപ്പിക്കുന്നു. ഇതിൻറെ പൂർണ്ണവിവരം രാജ വംശത്തിനു അറിയാതെ പോകുന്നു.

ക്ഷേത്രത്തിലെ കൽപ്രതിമയായ പ്രതിഷ്ഠ സ്വർണം കഴിക്കില്ല അല്ലെങ്കിൽ അദ്ദേഹത്തിന് അരച്ച് കൊടുക്കാമായിരുന്നു. സ്വർണ്ണം കക്കുന്ന തിരുവിതാംകൂർ രാജരാജ തമ്പുരാക്കന്മാരുടെ കഥകൾ… കളവുകൾ കണ്ടെത്തിയ ശുദ്രന്മാരുടെ ശവം കുളത്തിൽ പൊങ്ങുന്നതുമെല്ലാം പഴങ്കഥകൾ… ബി നിലവറ തുറക്കരുത് എന്ന് പറഞ്ഞതിന് പിന്നിലെ ദുരുദ്ദേശങ്ങൾ അരിഭക്ഷണം കഴിക്കുന്നവർ മനസിലാക്കിയിട്ടുണ്ട്.ആചാര മര്യാദകളും പഴമകളും പാലിക്കണം എന്ന പതിവ് ഉഡായിപ്പുകളുമായി കലവറ തുറക്കുന്നതിനെതിരെ കോടതിയെ സമീപിച്ച തമ്പുരാക്കാൻമാരുടെ ഉദ്ദേശങ്ങളും ദൈവകാര്യമെന്ന പേരിൽ ചർച്ച ചെയ്യാതെ പോയി.

നാട്ടിലെ സാധാരണക്കാരൻ നികുതിയിലൂടെയും മറ്റും നൽകുന്ന പണം ഉപയോഗിച്ചാണ് ഇനിയും തുറക്കാത്ത നിധി ശേഖരത്തിന് സർക്കാർ കാവൽ നിൽക്കുന്നത്.കൊറോണയും മഹാമാരിയും വന്ന് മനുഷ്യരാശിയുടെ നിലനിൽപ്പുപോലും ത്രിശങ്കുവിൽ നിൽക്കുമ്പോഴും ലക്ഷക്കണക്കിന് ആളുകൾ പട്ടിണികൊണ്ട് മരിച്ചു വീഴുമ്പോഴും കണക്കില്ലാത്ത സമ്പത്തും അറയിൽ വെച്ച് ദൈവം സർക്കാർ കാവലിൽ കഴിയുന്നത് എത്രകണ്ട് വിരോധാഭാസമാണ്.

വിശ്വാസികളുടെയോ ഹിന്ദുക്കളുടെയോ കാര്യം അവിടെ നിക്കട്ടെ ഈ വാർത്തയിൽ പറഞ്ഞതുപോലെ ക്ഷേത്രം പരിപാലിക്കുന്ന ആളുകൾക്ക് വേണ്ടിയെങ്കിലും ഈ സമ്പത്ത് ഉപയോഗപ്പെടുന്നില്ല എന്നത് എത്ര ലജ്ജാകരമാണ്. ലോകത്തിലെ ഏറ്റവും സമ്പന്മമായ ക്ഷേത്രം സാമ്പത്തിക പ്രതിസന്ധിയിൽ എന്ന വാർത്ത അക്ഷരാർത്ഥത്തിൽ ലോകത്തിനു മുൻപിൽ തുണി പൊക്കി കാണിക്കുന്നതിന് തുല്യമാണ് എന്ന് പറയാതെ വയ്യ..
..
ഞങ്ങളുടെ ദൈവമാണ്‌, ക്ഷേത്രത്തെക്കുറിച്ച് നിന്റെ ഉപദേശം വേണ്ട. ഒരുത്തനും ഹിന്ദുവിന്റെ സ്വത്ത് കൊടുക്കില്ല എന്നൊക്കെയുള്ള ആരോപണങ്ങളും, ആക്ഷേപങ്ങളുമായി വരുന്ന വെട്ടുകിളികൾക്ക് നല്ല നമസ്കാരം.

Advertisements