എന്താണ് പിറവം പള്ളി വിധി?

578

Adv Sreejith Perumana

ഹിന്ദു കുലസ്ത്രീകളുടെ ആർത്തവ സമരാഭാസത്തിന് ശേഷം പ്രബുദ്ധ മലയാളികൾ വിജ്രംഭിതരായി നിൽക്കുന്ന പള്ളി സമരത്തെക്കുറിച്ചാണ്…

1. എന്താണ് പിറവം പള്ളി വിധി?

മലങ്കരക്കേസ്, ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കം എന്നൊക്കെ പേരിലുള്ള ഒരു കേസുകെട്ട് കേരളസമൂഹത്തിനു മുന്നില്‍ കുറേ വര്‍ഷങ്ങളായി നടക്കുന്നുണ്ട്. സത്യം പറഞ്ഞാല്‍ മൊത്തം മലയാളികളില്‍ ഒരു ചെറിയ വിഭാഗത്തെ മാത്രം ബാധിക്കുന്ന ഒരു വിഷയമാണെങ്കിലും, ന്യായമായ ഒരു ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കാനുള്ള മരുന്നൊക്കെ അതിലുണ്ട്. ഒരേ ചരിത്രവും പാരമ്പര്യവുമുള്ള, ഇടക്കാലത്ത് പല കാരണങ്ങളാല്‍ രണ്ടായി പിരിഞ്ഞ ഈ വിഭാഗങ്ങളില്‍ ആരാണു ‘ശരിക്കും മുതലാളി’ എന്നതാണു തര്‍ക്കം.

എന്തായാലും, നൂറ് വര്‍ഷത്തോളം നീണ്ട കേസുകളികള്‍ക്കൊടുവില്‍ ഓര്‍ത്തഡോക്‌സ് പക്ഷമാണു യഥാര്‍ത്ഥ മലങ്കരവിഭാഗം എന്നാണ് സുപ്രീം കോടതി വിധിച്ചത്. അതിന്‍പ്രകാരം ആ പക്ഷത്തിന്റെ പ്രതിനിധിസഭയേയും , കാതോലിക്കാ ബാവായെ മലങ്കരസഭയുടെ അധിപനായും കോടതി അംഗീകരിച്ചു. 1934ല്‍ രൂപീകൃതമായ അവരുടെ ഭരണഘടനയനുസരിച്ച് പള്ളികള്‍ ഭരിക്കപ്പെടണമെന്നും പറഞ്ഞു.

ഓരോ പള്ളി തിരിച്ചും സമാനമായ കേസുകള്‍ നടന്നെങ്കിലും, പള്ളികളും 1934ലെ ഭരണഘടനയനുസരിച്ചോളാന്‍ കോടതി പറഞ്ഞു. അത് പിറവം പള്ളിക്കും ബാധകമായി. യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തില്‍ ഉള്ള പിറവം സെന്റ് മേരീസ് പള്ളിയില്‍ 1934ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിര്‍വഹണം വേണം എന്ന് ഏപ്രില്‍ 19ന് സുപ്രീം കോടതി വിധിച്ചിരുന്നു. മലങ്കര സഭയുടെ എല്ലാ പള്ളികളും 1934ലെ സഭാ ഭരണഘടന അനുസരിച്ചും 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധി പ്രകാരവുമാണ് ഭരിക്കപ്പെടേണ്ടതെന്നാണ് കോടതി വിധിച്ചത്.

2. എന്താണവിടുത്തെ പ്രശ്‌നം?

പിറവം വലിയപള്ളി എന്നത് യാക്കോബായ സഭക്കാരുടെ ഒരു തലപ്പള്ളിയാണ്. ആ ഇടവകയിലെ അംഗങ്ങളില്‍ ബഹുഭൂരിപക്ഷം യാക്കോബായസഭയുടെ പരമാദ്ധ്യക്ഷനായ പാത്രിയാര്‍ക്കീസിനെയും ആ പക്ഷത്തെ മെത്രാന്മാരെയും അംഗീകരിക്കുന്നു; ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷനെ അംഗീകരിക്കുന്നില്ല. അതുകൊണ്ട് ഈ വിധി അവര്‍ക്ക് സ്വീകാര്യമല്ല.

3. അപ്പോ അവരെ ഇറക്കണോ?

പള്ളിയില്‍ നിന്നും ആരെയും ഇറക്കലോ പുറത്താക്കലോ ഒന്നും വിധിയുടെ ഭാഗമല്ല. പള്ളിയും പള്ളിഭരണവും ഇപ്പോഴുള്ള ഇടവകക്കാര്‍ക്ക് തന്നെ നടത്താം. പക്ഷേ പള്ളിയുടെ വികാരിയായി ഒരു വൈദികനെ നിയമിക്കാനുള്ള അധികാരം നിയമപരമായി ഇപ്പോള്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്കാണ്. ഒന്നൂടി പരത്തിപ്പറഞ്ഞാല്‍ , ആ പള്ളിയുടെ വികാരി, അയാള്‍ക്ക് മുകളിലുള്ള മെത്രാന്‍, അതിനും മുകളിലുള്ള മെത്രാപ്പോലീത്താ എന്നിവര്‍ ഇപ്പോള്‍ ഓര്‍ത്തഡോക്‌സുകാരായി നില്‍ക്കുന്നവരാകും. അത് ഇടവകാംഗങ്ങള്‍ സമ്മതിക്കുന്നില്ല. ഇത് പിറവം പള്ളീല്‍ മാത്രമല്ല, തര്‍ക്കമുള്ള എല്ലാ പള്ളിയിലും പ്രശ്‌നം ഇത് തന്നെ.

4. അപ്പോ പള്ളി പൊളിക്കാന്‍ വിധിയിലില്ല?

ഇല്ല

5. പിന്നെയെന്താ സർക്കാർ വിധി
ഇതുവരെ നടപ്പിലാക്കാതിരുന്നത് ?

ഈ കേസില്‍ കേരളസര്‍ക്കാര്‍ ഒരു കക്ഷിയോ സാക്ഷിയോ ഇടപെടല്‍ കക്ഷിയോ ഒന്നുമല്ല. രണ്ട് സാമുദായിക വിഭാഗങ്ങള്‍ തമ്മിലുള്ള സിവില്‍ കേസില്‍ സര്‍ക്കാരിന് ഒരു റോളുമില്ല.

പക്ഷേ വിധി നടപ്പാക്കാന്‍ കേസ് ജയിച്ചവര്‍ക്ക് സ്വയം കഴിയാതെ വരുമ്പോള്‍ അവര്‍ക്ക് സര്‍ക്കാര്‍ സഹായം ആവശ്യപ്പെടാം. ആ സഹായം സര്‍ക്കാര്‍ നല്‍കുന്നില്ലയെങ്കില്‍ അവര്‍ക്ക് സര്‍ക്കാരിനെതിരായി കോടതിയലക്ഷ്യം ഫയല്‍ ചെയ്യാം. പിറവം പള്ളിയുടെ കാര്യത്തില്‍ വിധി വന്ന് വളരെ നാളുകള്‍ ആയിക്കഴിഞ്ഞിട്ടും, അങ്ങനെയൊരു ഹര്‍ജി സുപ്രീം കോടതിയിലേയ്ക്ക് പോയത് ഈ കഴിഞ്ഞ ദിവസം , ശബരിമല വിഷയുമായി ബന്ധപ്പെട്ട് ഈ കേസ് ചര്‍ച്ചയായപ്പോഴാണ്. ഇതുവരെ അങ്ങനെയൊരു ഹര്‍ജി പോകാതിരുന്നത് എന്ത് എന്നാലോചിച്ചു നോക്കൂ. വിധി നടപ്പാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടപ്പോള്‍ ഒരു സമവായ മാര്‍ഗ്ഗമൊക്കെ സര്‍ക്കാര്‍ നോക്കിയത് ശരിയാണ്. ഇത് ഒന്നോ രണ്ടോ പള്ളിയില്‍ ഒതുങ്ങുന്ന വിഷയമല്ല, കേസുകള്‍ പലതും നടക്കുമ്പോഴും സമാന്തരമായി സമവായചര്‍ച്ചകളും നടക്കുന്നുണ്ട്.

എന്തായാലും കോടതി നിര്‍ദ്ദേശം വന്നിരിക്കുന്നു. സ്വാഭാവികമായും വിധി നടപ്പാക്കല്‍ സര്‍ക്കാരിന്റെ ചുമതലായി മാറി. പോലീസിനെ ഉപയോഗിച്ച് ഇപ്പോൾ നടപ്പിലാക്കുന്നു…

പിറവം കേസിലെ വിധി നടപ്പിലാക്കാൻ ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും “പണം കുമിഞ്ഞുകൂടിയപ്പോൾ പള്ളിക്കും അമ്പലത്തിനുമെല്ലാം എല്ലിൽ കുത്താൻ തുടങ്ങിയിരിക്കുന്നു. അതാണ് ഈ പ്രശനങ്ങൾക്കെല്ലാം കാരണം” എന്ന കടുത്ത വിമർശനത്തോടെ കോടതി ഹർജ്ജി തള്ളിയിരുന്നു.

കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ
“വിശ്വാസം അതല്ലേ എല്ലാം !!

അഡ്വ ശ്രീജിത്ത് പെരുമന

Image may contain: 2 people, text