തിരുവായ്ക്ക് എതിർവായില്ലാത്ത മോദിയെ ചോദ്യം ചെയ്ത സഞ്ജീവ് ഭട്ട് മരണംവരെ ജയിലിൽ തളച്ചിടപ്പെടുമ്പോൾ നാം ഏറെ ഭയപ്പെടേണ്ടിയിരിക്കുന്നു

78

അഡ്വ ശ്രീജിത്ത് പെരുമന

സൻജീവ്‌ ഭട്ട് നേരിടുന്ന സംഘപരിവാർ ഭീകരത എന്താണെന്ന് ഒരുപാട് സുഹൃത്തുക്കൾ സംശയമാരാഞ്ഞിരുന്നു.അറിയണം നിങ്ങളിത്.തിരുവായ്ക്ക് എതിർവായില്ലാത്ത മോദിയെ ചോദ്യം ചെയ്ത സഞ്ജീവ് ഭട്ട് IPS സംഘപരിവാർ രാഷ്ട്രീയത്തിന്റെ ബലിയാടായി മരണംവരെ ജയിലിൽ തളച്ചിടപ്പെടുമ്പോൾ നാം ഏറെ ഭയപ്പെടേണ്ടിയിരിക്കുന്നു, പൈങ്കിളി കഥയല്ലിത് പച്ച യാഥാർഥ്യം ! മുഴുവൻ വായിക്കാതെ പോകരുത് !

നരേന്ദ്രമോദിക്കെതിരെ സത്യവാങ്മൂലം നൽകിയതിന് 30 വർഷങ്ങൾക്ക് മുൻപുള്ള കേസിൽ സഞ്ജീവ് ഭട്ടിന് മരണം വരെ ജയിൽശിക്ഷ ലഭിച്ചിരിക്കുന്നു. അതേസമയം മോദീ സ്തുതികൾ നടത്തിയതിന് 10 ലേറെ മനുഷ്യരെ കൂട്ടക്കുരുതി ചെയ്ത മാലേഗാവ് തീവ്രവാദ കേസിലെ മുഖ്യ പ്രതി തീവ്രവാദി പ്രജ്ഞ സിങ് താക്കൂർ നെ പാർലമെന്റിൽ സ്വീകരിച്ച് ആസനസ്ഥയാക്കിയിരിക്കുന്നു. മോദീരാജിൻറെ പശ്ചാത്തലത്തിൽ രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ കണ്ണുമൂടിയത് മാത്രമാണോ അതോ നീതി പക്ഷം ചേരുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നൂ.

#SanjivBhatt, who had filed an affidavit against @narendramodi, gets life imprisonment in a 30 year old case. Pragya Thakur, who praises PM #Modi, gets sent to Parliament despite being an alleged terrorist. Is Justice blind or just plain biased?

❓ എന്താണ് സഞ്ജീവ് ഭട്ടിനെതിരെയുള്ള ഏറ്റവും പുതിയ വിധി ❓

30 വർഷം പഴക്കമുള്ള കസ്റ്റഡി മരണക്കേസിലാണ് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനും നരേന്ദ്ര മോദിയുടെ വിമർശകനുമായ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ഗുജറാത്തിലെ ജാംനഗർ സെഷൻസ് കോടതിയുടേതാണ് വിധി. മറ്റൊരു ഉദ്യോഗസ്ഥനായ പ്രവീൺ സിങ് ജാലയെയും ജീവപര്യന്തം തടവിന് വിധിച്ചിട്ടുണ്ട്.

കേസിനാസ്പദമായ സംഭവം എന്താണ് ❓

👉1990 ൽ ഗുജറാത്ത് ജാംനഗറിലെ അസി. പൊലീസ് സുപ്രണ്ടൻറായിരിക്കെയായിരുന്നു കേസിനാധാരമായ സംഭവം. ജംജോധ്പൂരിലുണ്ടായ സാമുദായിക കലാപത്തെ തുടർന്ന് 100 പേരെ തടവിലാക്കിയിരുന്നു. ഇതിൽ ഒമ്പത് ദിവസം കസ്റ്റഡിയിൽ കഴിഞ്ഞ വൈഷ്ണാനി എന്നയാൾ ജാമ്യത്തിലിറങ്ങി പത്ത് ദിവസങ്ങൾക്ക് ശേഷം മരിക്കുകയായിരുന്നു. വൃക്ക സംബന്ധമായ അസുഖമെന്നായിരുന്നു മരണ കാരണമായി മെഡിക്കൽ റിപ്പോർട്ട് പറഞ്ഞിരുന്നത്. ബന്ധുക്കൾ പൊലീസിനെതിരെ കേസ് നൽകി. കേസിൽ സഞ്ജീവ് ഭട്ട് അടക്കം ആറു പൊലീസ് ഉദ്യോഗസ്ഥരെയാണ് പ്രതി ചേർത്തത്.

കേസിൽ സഞ്ജീവ് ഭട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നല്ലോ ❓

300 സാക്ഷികളുള്ള കേസിൽ കേവലം 32 സാക്ഷികളെ മാത്രമാണ് വിസ്തരിച്ചത്. എന്നാൽ 11 പുതിയ സാക്ഷികളെ കൂടി വിസ്തരിക്കണമെന്നാവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് സുപ്രീംകോടതിയെയും മജിസ്ട്രേറ്റ് കോടതിയെയും സമീപിച്ചിരുന്നു. നിര്‍ണായകമായ പല സാക്ഷികളെയും ഒഴിവാക്കിയെന്നും കസ്റ്റഡി മരണം നടന്നിട്ടില്ലെന്നും വെളിപ്പെടുത്തിയ സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചില്ലെന്നും സഞ്ജീവ് ഭട്ട് ആരോപിച്ചിരുന്നു. എന്നാൽ ഇക്കര്യത്തിൽ സഞ്ജീവ് ഭട്ടിന്റെ ഹർജ്ജി സുപ്രീംകോടതി രണ്ടാഴ്ചകൾക്ക് മുൻപ് തള്ളിയിരുന്നു.

ഇപ്പോൾ ജീവപര്യന്തം ശിക്ഷിച്ച കേസിലായിയുന്നോ സഞ്ജീവ് നിലവിൽ ജയിലിൽ കഴിയുന്നത് ❓
അല്ല. വേറൊരു കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് 2018 സെപ്റ്റംബര്‍ 22 മുതല്‍ സഞ്ജീവ് ഭട്ട് ജയിലിലാണ്. രാജസ്ഥാന്‍കാരനായ അഭിഭാഷകനെ ലഹരിമരുന്നുകേസില്‍ കുടുക്കിയെന്ന കേസിലാണ് സഞ്ജീവ് ഇപ്പോള്‍ ജയിലില്‍ക്കഴിയുന്നത്. ബനസ്‌കന്ദയില്‍ ഡിസിപിയായിരുന്ന സമയത്ത് 1996 -ലാണ് കേസിനാസ്പദമായ സംഭവംനടന്നത്.

ആരാണ് ഈ സഞ്ജീവ് ഭട്ട് ❓

👉മുംബൈയില്‍ 1963 ഡിസംബർ 21ആയിരുന്നു സഞ്ജീവ് ഭട്ടിന്റെ ജനനം. പിന്നീട് മുംബൈ ഐഐടിയില്‍ നിന്ന് എംടെക് ബിരുദം സ്വന്തമാക്കി. അതിന് ശേഷം സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതുകയും 1988 ൽ ഐപിഎസ്സുകാരനാവുകയും ചെയ്തു. ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ആയിരുന്നു സഞ്ജീവ് ഭട്ട്.

സഞ്ജീവ് ഭട്ട് എങ്ങനെയാണ് മോദിയുടെയും സംഘപരിവറിന്റെയും വർഗ്ഗ ശത്രുവായി മാറുന്നത് ❓

👉1988 ബാച്ച് ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ആയതിനാൽ തന്നെഗുജറാത്ത് കലാപം നടക്കുമ്പോള്‍ സംസ്ഥാന ഇന്‍റലിജന്‍സില്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു അദ്ദേഹം.2002 സെപ്തംബറില്‍ മോദി മുസ്ലിം ജനസംഖ്യാ വര്‍ധവനവിനെകുറിച്ച് “ഹം പാഞ്ച് ഹമാരാ പച്ചീസ്” എന്ന് പരസ്യമായി പ്രസംഗിച്ചു. അന്ന് ദേശീയ ന്യൂനപക്ഷകമ്മീഷന്‍ അതെകുറിച്ച് വിശദീകരണ തേടി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇത്തരം ഒരു പ്രസംഗം തന്നെ നിഷേധിക്കുകയാണ് ചെയ്തത്.പ്രസംഗത്തിന്‍റെ റെക്കോഡ് കൈവശമില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വിശദീകരണം കൊടുത്തു. എന്നാല്‍ സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി സഞ്ജീവ് ഭട്ട് ആ പ്രസംഗത്തിന്‍റെ റോക്കോഡ് ന്യൂനപക്ഷകമ്മീഷന് കൈമാറി. അതിന്‍റെ പേരില്‍ ആര്‍ബി ശ്രീകുമാര്‍, ഇ രാധാകൃഷ്ണന്‍ എന്നിവരോടൊപ്പം സഞ്ജീവ് ഭട്ട് സ്ഥലം മാറ്റപ്പെട്ടു.

👉2002 ൽ ഗുജറാത്തിലെ ഐ.പി.എസ് ഓഫീസറായിരുന്ന (ഇന്റലിജൻസ് ഡി ജി പി) സഞ്ജീവ് ഭട്ട് നരേന്ദ്രമോദിക്കെതിരായി 2011 ഏപ്രിൽ 21 ന് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ, താൻ ഉൾപ്പെടെയുള്ള ഇന്റലിജൻസ് മേധാവികൾ പങ്കെടുത്ത യോഗത്തിൽ, ഹിന്ദുക്കളെ അവരുടെ പ്രതികാരം തീർക്കാൻ അനുവദിക്കണമെന്ന് നരേന്ദ്രമോദി ആവശ്യപ്പെട്ടു.ആ കേസ് ഇപ്പോഴും നില നിൽക്കുന്നു. എന്നാൽ പ്രസ്തുത യോഗത്തിൽ സഞ്ജീവ് ഭട്ട് പങ്കെടുത്തിരുന്നില്ലായെന്ന് ഗുജറാത്ത് കലാപത്തെക്കുറിച്ചന്വേഷിക്കാൻ ഗുജറാത്ത് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷൻ ആരോപിച്ചത് തെറ്റ് ആണ് എന്ന് ഭട്ട് സുപ്രീം കോടതിയിൽ തെളിയിച്ചു .

ഗുജറാത്ത് കലാപകാലത്ത് മോദി സർക്കാറിന്റെ അവഗണനയും ബോധപൂർവ്വമുള്ള നിഷ്ക്രിയത്തം മൂലം സംസ്ഥാനത്ത് 500-ലധികം മതസ്ഥാപനങ്ങൾ തകർക്കുകയും പതിനായിരം മുസ്ളിങ്ങളുടെ കൊലപാതകത്തിന് കാരണമാവുകയും ചെയ്തു എന്ന് ഗുജറാത്ത് ഹൈക്കോടതി 2012 ഫെബ്രുവരി 8 ന് നിരീക്ഷിക്കുകയുണ്ടായി. ഈ സ്ഥാപനങ്ങൾ പുനർനിർമ്മിച്ചു കൊടുക്കാൻ കോടതി ഉത്തരവിട്ടു. അത് സർക്കാറിന്റെ ബാദ്ധ്യതയാണെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാൽ സഞ്ജീവ് ഭട്ടിൻറെ ആരോപണം കോടതിയിൽ തെളിയിക്കാൻ അവസരം ഉണ്ടായില്ല.

👉ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിക്കെതിരെ കേസെടുക്കാൻ മതിയായ തെളിവുകളുണ്ടെന്ന് സുപ്രീം കോടതി നിയമിച്ച അമിക്കസ് ക്യൂറി രാജു രാമചന്ദ്രൻ സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശചെയ്തു. 2002 ൽ മോദി വിളിച്ചുകൂട്ടിയ യോഗത്തിൽ സഞ്ജീവ് ഭട്ട് പങ്കെടുത്തിരുന്നില്ല, എന്ന പ്രത്യേക അന്വേഷണ കമ്മീഷൻ തലവന്റെ പരാമർശത്തെ അമിക്കസ് ക്യൂറി രാജൂ രാമചന്ദ്രൻ ശക്തിയുക്തം എതിർക്കുന്നു. സഞ്ജീവ് ഭട്ടിനെ വിശ്വസിക്കാതിരിക്കാനായി യാതൊരു തെളിവുകളും പ്രഥമദൃഷ്ടിയാൽ ഇല്ല എന്നും രാജൂ രാമചന്ദ്രൻ പറയുന്നു.

👉യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്
2011 ല്‍ ആയിരുന്നു സഞ്ജീവ് ഭട്ട് നരേന്ദ്ര മോദിയ്ക്ക് യഥാര്‍ത്ഥത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയത്. സുപ്രീം കോടതിയില്‍ സഞ്ജീവ് ഭട്ട് സമര്‍പ്പിച്ച സത്യവാങ്മൂലം ഗുജറാത്ത് സര്‍ക്കാരിനെ മാത്രമല്ല, രാജ്യത്തെ പോലും ഞെട്ടിച്ച ഒന്നായിരുന്നു. അതും സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ജോലി ചെയ്യുന്ന ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ നല്‍കിയ സത്യവാങ്മൂലം.

സുപ്രീംകോടതിയിൽ സഞ്ജീവ് ഭട്ട് നൽകിയ ഈ സത്യവാങ്മൂലത്തിൽ ഗോധ്ര സംഭവത്തിനു ശേഷം മുഖ്യമന്ത്രി നരേന്ദ്ര മോദി തന്റെ വസതിയിൽ ഫെബ്രുവരി 27ന് വിളിച്ചു ചേർത്ത യോഗത്തിൽ ഒരു പ്രത്യേക മതക്കാരോട് ‘പകവീട്ടാൻ അനുവദിക്കണ’മെന്ന് പറഞ്ഞ കാര്യം സഞ്ജീവ് ഭട്ട് വിശദീകരിച്ചിരുന്നു. തന്റെ ഈ സാക്ഷിമൊഴികൾ രേഖപ്പെടുത്താൻ പ്രത്യേകാന്വേഷക സംഘം തയ്യാറാകാതിരുന്നതും അദ്ദേഹം വിശദീകരിച്ചു. തീവണ്ടിയിലെ തീപ്പിടിത്തത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അഹമ്മദാബാദിലേക്ക് കൊണ്ടു വരുന്നതും അന്നേദിവസം വിഎച്ച്പി നടത്തുന്ന ബന്ദിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചതും വർഗീയ കലാപങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് മോദി വിളിച്ചു ചേർത്ത ഈ യോഗത്തിൽ വെച്ച് സഞ്ജീവ് പറഞ്ഞു. സഞ്ജീവ് പ്രത്യേകാന്വേഷക സംഘത്തിന് നൽകിയ മൊഴിയുടെ ഒരു ഭാഗം ഇങ്ങനെ പറയുന്നു:

“ബന്ദ് ആഹ്വാനം ഇതിനകം തന്നെ നടന്നുവെന്നും അതിനെ പിന്തുണയ്ക്കാൻ പാർട്ടി തീരുമാനിച്ചു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗോധ്രയിൽ കർസേവകരെ കത്തിച്ചതു പോലുള്ള സംഭവങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ല. ദീർഘകാലമായി ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കുമിടയിൽ ഗിജറാത്ത് പൊലീസ് ഒരുതരം ബാലൻസിങ് തത്വം പുലർത്തി വരികയാണ്. ഈ സന്ദർഭം ആവശ്യപ്പെടുന്നത് മുസ്ലിങ്ങളെ ഒരു പാഠം പഠിപ്പിക്കണമെന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദുക്കൾക്കിടയിൽ വലിയ വികാരം ഉയർന്നിട്ടുണ്ട്. അവരെ ആ വികാരം പുറന്തള്ളാൻ അനുവദിക്കണമെന്നും നരേന്ദ്ര മോദി യോഗത്തിൽ പറഞ്ഞു“.

ഗുജറാത്ത് കലാപങ്ങളിലെല്ലാം അന്നത്തെ ഉന്നത ഇന്റലിജൻസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട് ഒരു പ്രധാന സാക്ഷിയാണ്. ഈയൊരു കാരണം മാത്രം മതി സഞ്ജീവിനെ എന്നെന്നേക്കുമായി നിശ്ശബ്ദനാക്കണമെന്ന് വെറുപ്പിന്റെ കച്ചവടക്കാർ ആഗ്രഹിക്കുവാൻ. നാനാവതി കമ്മീഷനു മുമ്പിലും നാഷണൽ കമ്മീഷന്‍ ഫോർ മൈനോരിറ്റീസിനു മുമ്പാകെയും തന്റെ മൊഴികള്‍ സഞ്ജീവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്ത് കലാപകാലത്ത് സംസ്ഥാനത്തിന്റെ നിയമപാലന സംവിധാനങ്ങളെല്ലാം അനങ്ങാതിരുന്നത് സംബന്ധിച്ചുള്ള വളരെ വിശദമായ വിവരങ്ങളാണ് ഇതുവഴി പുറത്തു വന്നത്.

വേട്ടയാടൽ തുടരുന്നു ഒടുവിൽ പിരിച്ചുവിടലും❓

2003 ല്‍ സഞ്ജീവ് ഭട്ടിനെ സബര്‍മതി സെന്‍ട്രല്‍ ജയിലിന്റെ സൂപ്രണ്ട് ആയി നിയമിച്ചു. തടവുപുള്ളികളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട ഭക്ഷണം അവര്‍ക്ക് നല്‍കാന്‍ തുടങ്ങി. എന്നാല്‍ തടവുപുള്ളികളോട് സൗഹൃദം പുലര്‍ത്തിയതിന്റെ പേരില്‍ അദ്ദേഹത്തെ വീണ്ടും സ്ഥലം മാറ്റി. ഇതിനെതിരെ നാലായിരത്തോളം വരുന്ന തടവുപുള്ളികള്‍ നിരാഹാര സമരം നടത്തുകയുണ്ടായി. ആറ് മേല്‍ കൈ ഞരമ്പുകള്‍ മുറിച്ച് ആത്മഹത്യാ ശ്രമവും നടത്തി.
സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ നിലപാടുകളും, മോദിയുടെ ഗൂഡാലോചനകളും തുറന്നുകാട്ടിയ സഞ്ജീവ് ഭട്ട് സംഘപരിവറിന്റ പ്രധാന ശത്രുവായി. തുടർന്ന് സഞ്ജീവ് ഭട്ട് 2011 മുതൽ സസ്പെന്ഷനിലായിരുന്നു. അനുമതിയില്ലാതെ അവധിയെടുത്തു, ഔദ്യോദിക വാഹനം ദുരുപയോഗം ചെയ്തു എന്ന എന്ന കാരണം പറഞ്ഞുകൊണ്ടാണ് പിന്നീട് അദ്ദേഹത്തെ സർവീസിൽ നിന്നും പിരിച്ചു വിടുന്നത്.

ജോലിയിൽ നിന്നും പിരിച്ചുവിട്ടത്തിന് ശേഷം സാമൂഹ്യമാധ്യമങ്ങളിലൂടെ തെളിവുകൾ സഹിതമുളള ശക്തമായ വിമർശനമായിരുന്നു മോടിക്കെതിരെയും, സംഘപരിവാർ തീവ്രവാദത്തിനെതിരെയും സഞ്ജീവ് ഭട്ട് അഴിച്ചുവിട്ടത്. അദ്ദേഹത്തിന്റെ വിമർശനങ്ങൾ രാജ്യം ശ്രദ്ധിക്കുകയും തീവ്രഹിന്ദുത്വ സംഘവിരുദ്ധ പ്രചാരണങ്ങൾക്ക് ആക്കംകൂടുകയും ചെയ്തപ്പോൾ സഞ്ജീവിനെ മൂക്കുകയറിടാതെ രക്ഷയില്ലെന്ന അവസ്ഥയിലെത്തിയപ്പോഴാണ് 28 വർഷം പഴക്കമുള്ള കേസുമായി ബന്ധപ്പെടുത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തത്‌ ജയിലിൽ പാർപ്പിച്ചത്.

സഞ്ജീവിനെ തളയ്ക്കാൻ ഉപയോഗപ്പെടുത്തി കേസ് ദുർബലമാണെന്ന തിരിച്ചറിവിലാണ് 30 വർഷം പഴക്കമുള്ള കസ്റ്റഡി കൊലപാതക കേസിൽ 300 സാക്ഷികളുള്ളപ്പോൾ 32 ആളുകളെ പോലും വിസ്തരിക്കാതെ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടിനെ ഐപിസി 302 വകുപ്പ് പ്രകാരം കൊലപാതക കുറ്റത്തിന് ‘ജീവപര്യന്തം’ ശിക്ഷിക്കുന്നത്, അതും ഗുജറാത്തിലെ ഒരു കോടതി എന്നത് തൊണ്ടതൊടാതെ വിഴുങ്ങാനാകില്ല !

കത്വ കേസ് കശ്മീരിൽ നടന്നാൽ നീതിയുകത്മായ വിചാരണ നഫക്കില്ല എന്നു കണ്ടെത്തിയ സുപ്രീംകോടതി യുക്തി സഞ്ജീവ് ഭട്ടിന്റെ കേസിലും അതേ പ്രാധാന്യത്തോടെ ബാധകമാണ്. നൂറുകണക്കിന് ജനങ്ങൾക്ക് ജീവൻവെടിയെണ്ടിവന്ന ഗുജറാത്തി കലാപത്തിന്റെ പേരിൽ അന്നത്തെ മുഖ്യമന്ത്രി ഇന്നത്തെ പ്രധാനമന്ത്രിക്കെതിരെയും അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രി ഇന്നത്തെ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിക്കെതിരെയും നട്ടെല്ലൊടെ പ്രതികരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വിചാരണ ആ സംസ്ഥാനത്ത് നീതിയുക്തമായി നടന്നു എന്നു അരിഭക്ഷണം കഴിക്കുന്നവരാരും വിശ്വസിക്കുമെന്ന് കരുതുന്നില്ല.

എങ്കിലും ജുഡീഷ്യറിയുടെ ഒരു ഔദ്യോദിക ഭാഗംകൂടിയായ എനിക്ക് ഈ നിയമവ്യവസ്ഥിതിയോടുള്ള ഉത്തമ വിശ്വാസത്തിന്റെ പേരിൽ മേൽക്കോടതികളിൽ നൽകുന്ന സഞ്ജീവ് ഭട്ടിന്റെ അപ്പീലുകൾ നീതിയുക്തമായി തീർപ്പ്കല്പിക്കപ്പെടും എന്ന് വിശ്വസിക്കുന്നു.

വാൽ ✍️
സംഘപരിവാറിന്റെ ബലിയാടാകുന്നതിലേക്ക് സഞ്ജീവ് ഭട്ട് എന്ന ഫാസിസ്റ്റ് വിരുദ്ധ പോലീസ് പോരാളിയെ നയിക്കാൻ മുഖ്യകാരണമായ, സുപ്രീംകോടതിയിലും, ദേശീയ ന്യുനപക്ഷ കമ്മീഷനും മുൻപാകെ ധീരതയോടെ നൽകിയ 34ഉം, 76ഉം പേജുകളുള്ള രണ്ട് സത്യവാംഗമൂലങ്ങളുടെ ആദ്യ പേജുകളാണ് ഈ പോസ്റ്റിനോടൊപ്പമുള്ളത്. രണ്ട് സത്യവാങ്മൂലങ്ങളും വായിച്ച ശേഷമാണ് ഈ കുറിപ്പുകൾ തയ്യാറാക്കിയിട്ടുള്ളത്. സത്യവാങ്മൂലത്തിലെ വിശദoശങ്ങൾ വിശദമായി പിന്നീട് എഴുതാം.
പ്രസ്തുത സത്യവാങ്മൂലങ്ങളുടെ യഥാർത്ഥ പകർപ്പുകൾ/ പൂർണ്ണരൂപം ആവശ്യമുള്ളവർക്ക് E-mail ലൂടെ നൽകുന്നതാണ്.