ലോക ചരിത്രത്തിൽ കേട്ടു കേൾവിയില്ലാത്ത “ബലാത്സംഗ ക്വട്ടേഷൻ “

193

അഡ്വ ശ്രീജിത്ത്‌ പെരുമന

ലോക ചരിത്രത്തിൽ കേട്ടു കേൾവിയില്ലാത്ത “ബലാത്സംഗ ക്വട്ടേഷൻ ” കേസിൽ ആദ്യത്തെ കുറ്റപത്രത്തിൽ പ്രതിയാക്കാതെ, അനുബന്ധ കുറ്റപത്രത്തിൽ പ്രതി ചേർക്കപ്പെട്ട ഒരാൾ, ഇന്നേവരെ ഒരു പെറ്റിക്കേസിൽ പോലും ശിക്ഷിക്കപ്പെടാത്ത ഒരാൾ, ക്രിമിനൽ പശ്ചാത്തലമില്ലാത്ത ഒരാളെന്ന് ഹൈക്കോടതി വിലയിരുത്തിയ ആൾ…. “He has no criminal antecedents, even according to prosecution.”
ഇതിനൊക്കെ അപ്പുറത്ത് നിരപരാധിത്വം തെളിയിക്കാൻ ആരോപിക്കപ്പെട്ട കേസിൽ CBI അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചയാൾ…

അങ്ങനെ ഒരാളെ പ്രതിസ്ഥാനത്ത് നിർത്തി ആഘോഷിച്ച ശേഷം പ്രോസിക്കൂഷൻ ഇപ്പോൾ കോടതിയുടെ നിഷ്പക്ഷത ഉൾപ്പെടെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ച് നടത്തുന്ന നാടകീയ ഇടപെടലുകൾ കേട്ടുകേൾവിയില്ലാത്തതാണ്. ഈ ഘട്ടത്തിൽ ചില വസ്തുതകൾ വ്യക്തമാക്കാതെ വയ്യ,

🚩കോടതിയിൽ ദിലീപ് ഉയർത്തുന്ന വാദങ്ങൾ.

1 . ഒന്നാം പ്രതിയായ പൾസർ സുനിയും ദിലീപും കണ്ടതിന് തെളിവില്ല, പിന്നെയെന്ത് ഗൂഡാലോചന ?
ദിലീപും കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയും ഒരേ ടവര്‍ ലൊക്കേഷനില്‍ ഒരുമിച്ചു വന്നെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ നേരിട്ടു കണ്ടില്ലെങ്കില്‍ നിലനിൽക്കുന്നതല്ല ഗൂഡാലോചന.
2 . ഒരേ ടവർ ലൊക്കേഷന് കീഴിൽ ആയിരക്കണക്കിന് ആളുകൾ വരാം. നാല് മുതൽ ആറ്‌ കിലോമീറ്റർ ദൂരപരിധിയിൽ ഒരേ ടവർ ലൊക്കേഷനാണ്. അതിനാൽ തന്നെ ആരും ഒരേ സമയം അതിനു കീഴിൽ വരാം.
3 . പൾസർ സുനിയുടെ ഒരു ഫോൺ കോളോ, സന്ദേശമോ, എന്തിനേറെ ഒരു മിസ്സ്‌ഡ് കോളോ ഇതുവരെ ദിലീപിന്റെ ഫോണിലേക്ക് വന്നിട്ടില്ല. പോലീസിനു ലഭിച്ച ഒമ്പതു മൊബൈല്‍ ഫോണുകളില്‍ നിന്ന് സുനിയുടെ ഒരു കോള്‍ പോലും ദിലീപിനു പോയിട്ടില്ല. നാലു വര്‍ഷം ഗൂഡാലോചന നടത്തിയിട്ടുണ്ടെങ്കില്‍ ഒരിക്കലെങ്കിലും വിളിക്കണ്ടേതായെന്നും പ്രതിഭാഗം ചോദിക്കുന്നു.
4 . സുനിയെ ഇതുവരെ ജീവിതത്തിൽ നേരിട്ട് കാണുകയോ, സംസാരിക്കുകയോ ചെയ്തിട്ടില്ല.
5 . സ്വന്തമായി കാരവാനും, ഹോട്ടലും, കാറും എല്ലാമുള്ള ദിലീപ് എന്തിന് പുറത്ത് ആള്‍ക്കൂട്ടത്തില്‍ വച്ച് എല്ലാവരും കാണുന്ന തരത്തില്‍ സുനിയുമായി ഗൂഡാലോചന നടത്തണം.
6 . സ്വന്തമായി ഫ്‌ളാറ്റുകളും, വിവിധ ബിസിനസ് സ്ഥാപനങ്ങളുള്ള ദിലീപ് എന്തിന് ഒരു ക്വൊട്ടേഷന്റെ തുകയായ മെമ്മറി കാർഡ് ഭാര്യയുടെ കടയിലേക്ക് കൊടുത്തയാക്കാൻ നിർദേശിക്കും.
7 . പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ അന്നുതന്നെ വിവരം ഡിജിപിയെ അറിയിച്ചതാണ്. പരാതി നല്‍കാന്‍ 20 ദിവസം വൈകിയെന്ന പോലീസ് നിലപാട് തെറ്റാണ്.
8 . അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപിനെ അറിയിക്കാതെയാണ് എഡിജിപി ബി.സന്ധ്യ തന്നെ ചോദ്യം ചെയ്തത്. നടി മഞ്ജുവാരിയരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുളള ബന്ധത്തെപ്പറ്റി താന്‍ പറഞ്ഞപ്പോള്‍ ചോദ്യം ചെയ്യല്‍ പകര്‍ത്തിയിരുന്ന കാമറ എഡിജിപി ഓഫ് ചെയ്തു .
9 . ദിലീപുമായി ശത്രുതയുണ്ടെന്നോ ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്നോ നടിയുടെ മൊഴിയില്‍ തന്നെ പറയുന്നില്ല.
10 . ജയിലില്‍ നിന്നുള്ള കത്ത്. ജയിയിലായിരുന്നപ്പോള്‍ സുനി ദിലീപിന് കത്ത് എഴുതിയെന്നത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ്. ഒന്നരക്കോടി തനിക്കു ദിലീപ് വാഗ്ദാനം ചെയ്തുവെന്നാണ് സുനിയുടെ ആരോപണം. അങ്ങനെയാണെങ്കില്‍ പണം നല്‍കി കേസ് ഒതുക്കാന്‍ ശ്രമം നടക്കില്ലേ.
11 . നടിയുമായി ബന്ധമുള്ളവര്‍ കേസിലെ നിലവിലെ സാക്ഷികള്‍ ആക്രമിക്കപ്പെട്ട നടിയുമായി ബന്ധമുള്ളവരാണ്. ക്വട്ടേഷനാണെന്ന് നടി ആദ്യമേ തന്നെ മൊഴി നല്‍കിയിരുന്നു. എന്നിട്ടും ഇതേക്കുറിച്ച് പോലീസ് അന്വേഷിച്ചില്ല. ആരെയെങ്കിലം സംശയമുണ്ടോയെന്നു പോലും നടിയോട് ചോദിച്ചില്ലെന്നും ഇത് മറ്റൊരെയോ രക്ഷിക്കാനുള്ള ശ്രമമല്ലേ.
12 . പൊതുജന വികാരം ദിലീപിന് എതിരാക്കി. അറസ്റ്റ് ചെയ്യപ്പെട്ട ശേഷം പൊതുജന വികാരം ദിലീപിനു എതിരേയാക്കാന്‍ പോലീസിന്റെ ഭാഗത്തു നിന്നു തന്നെ ബോധപൂര്‍വ്വമുള്ള ശ്രമം നടന്നു. ഭൂമി കൈയറ്റം, ഹവാല എന്നീ ആരോപണങ്ങള്‍ താരത്തിനു നേരേ ഉണ്ടായെങ്കിലും അന്വേഷിച്ചപ്പോള്‍ ഇതില്‍ കഴമ്പില്ലെന്നു തെളിയുകയും ചെയ്തു. ഗൂഡാലോചനയുടെ തെളിവാണ് ഇത്.
13 .തിയേറ്റര്‍ ഉടമയും സംവിധായകനും ദിലീപിനോട് ശത്രുതയുള്ള തിയേറ്റര്‍ ഉടമയും പരസ്യസംവിധായകനായ വ്യക്തിയും ശക്തമായ നീക്കങ്ങള്‍ നടത്താന്‍ കഴിവുള്ളവരാണ്.
14 . ദിലീപിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനാണ് പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ശ്രമിക്കുന്നതു .
15. കൊച്ചിയിലെ ഹോട്ടലിൽവച്ചു ഗൂഢാലോചന നടത്തിയെന്ന പൊലീസ് വാദവും തെറ്റാണ്. 2013ലെ അമ്മ താരനിശയുടെറിഹേഴ്സൽ നടക്കുമ്പോൾ സുനി അവിടെ വന്നിരിക്കാം. എന്നാൽ പൾസർ സുനിയെ തനിക്കു മുഖപരിചയം പോലുമില്ലാ.

🚩കേസിൽ പ്രോസികൂഷൻ മുന്നോട്ടു വയ്ക്കുന്ന വാദങ്ങൾ ഇങ്ങനെ..

 1. നടിക്കെതിരായ ആക്രമണത്തിന്റെ മുഖ്യആസൂത്രകൻ ദിലീപാണ്.
  ദിലീപിനെതിരെ ഒരുപാട് തെളിവുകളുണ്ട് (19 എണ്ണത്തിൽ തുടങ്ങി ഇപ്പോൾ കൂടി കൂടി 223 ഓളം തെളിവുകളും കൈവശമുണ്ട്)
  3 . ദിലീപും പൾസർ സുനിയും തമ്മിൽ നാലിൽ കൂടുതൽ പ്രാവശ്യം നേരിൽ കണ്ടിട്ടുണ്ട്. ഗൂഡാലോചന നടത്തിയിട്ടുണ്ട്.
  4 . നിരവധി തവണ ഇരുവരും ഒരേ ടവർ ലൊക്കേഷനുകളിൽ ഒരുമിച്ചെത്തിയിട്ടുണ്ട്. ഫോണിലും ബന്ധപ്പെട്ടിട്ടുണ്ട്.
  5 . ഭാര്യ കാവ്യ മാധവന്റെ ഡ്രൈവറുടെ മൊഴിയും ദിലീപിന് എതിരാണ്.
  6 . കീഴടങ്ങുന്നതിന് മുന്‍പ് കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ സുനി എത്തിയിരുന്നു. ദിലീപ് 25000 രൂപ കാവ്യ വഴി സുനിക്ക് നല്‍കി.
  7 .കേസില്‍ 15 പേരുടെ രഹസ്യമൊഴിയെടുത്തു. 223 തെളിവുകളും 168 രേഖകളുമുണ്ട്.
  8 . മൊബൈലും സിംകാര്‍ഡും നശിപ്പിച്ചതായി പ്രതി പറഞ്ഞെങ്കിലും അന്വേഷണസംഘം വിശ്വസിച്ചിട്ടില്ല. പ്രതി രക്ഷപെടാന്‍വേണ്ടിയാണ് ഇങ്ങനെ പറഞ്ഞത്. മൊബൈല്‍ ഫോണും സിംകാര്‍ഡും കണ്ടെത്തേണ്ടതുണ്ട്.
  9 . ഒന്നര കോടി രൂപയ്ക്ക് 2013 ലാണ് ക്വട്ടേഷൻ നൽകിയത്. നടിയുടെ നഗ്‌ന ദൃശ്യങ്ങൾ ആവശ്യപ്പെട്ടു.
  10 . തൃശൂര്‍ ടെന്നീസ് ക്ലബ്ബ് ജീവനക്കാരന്‍ ദിലീപിനെയും പള്‍സര്‍ സുനിയെയും ഒരുമിച്ച് കണ്ടിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. മുദ്രവച്ച കവറില്‍ കേസ് ഡയറി പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറുകയും ചെയ്തു.
  11 .കാക്കനാട് ജയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോടാണ് ദിലീപ് കുറ്റവാളിയാണെന്ന കാര്യം സുനി വെളിപ്പെടുത്തിയയത്. അതിനാൽ പോലീസുകാരനെ സാക്ഷിയാക്കിയിട്ടുണ്ട്.

വിചാരണയ്ക്ക് ശേഷം ദിലീപിനെതിരെ ചാർത്തപ്പെട്ട ക്രിമിനൽ ഗൂഡാലോചന 120 B of IPC എന്ന കൃത്യം സംശയാതീതമായി തെളിയിക്കപ്പെടുകയാണെങ്കിൽ രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തിലെ സമാനതകളില്ലാത്ത സംഭവമായിരിക്കും അത്. ബലാൽസംഗം ചെയ്യാൻ ക്വോട്ടേഷൻ നൽകുക എന്നത് രാജ്യത്തിതുവരെ തെളിയിക്കപ്പെടാത്ത അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവമാണ്. അതുകൊണ്ടുതന്നെ ക്രിമിനൽ ഗൂഡാലോചന തെളിയിക്കാനാവശ്യമായ തെളിവ് നിയമ പ്രകാരമുള്ള തെളിവുകൾ അത്യന്താപേക്ഷിതമാണ്. ഇത്തരം കേസുകളിൽ ഗൂഡാലോചന തെളിയിക്കുന്നത് ചെയിൻ ഓഫ് എവിഡൻസുകളെ ബന്ധപ്പെടുത്തിയായിരിക്കും.

ഗൂഡാലോചനകുറ്റം തെളിഞ്ഞാൽ മാത്രമേ ദിലീപിനെതിരെ നിലവിൽ ചാർജ്ജ് ചെയ്യപ്പെട്ട ബലാൽസംഗം ഉൾപ്പെടെയുള്ള മറ്റെല്ലാ കുറ്റങ്ങളും നിലനിൽക്കുകയുള്ളൂ. അതായത് 120 B എന്ന പീനൽ വകുപ്പ് പ്രകാരം ഗൂഡാലോചനയിൽ ഉൾപ്പെട്ട ഏതൊരാളും അതിലെ എഗ്രിമെന്റ് പ്രകാരം ചെയ്യപ്പെട്ട ഏതൊരു കുറ്റവും ചെയ്ത പ്രതിക്ക് തുല്യമായ കുറ്റം ചെയ്തതാകുന്നു.
കേവലം ഹോട്ടൽ ബില്ലുകളും , സെൽഫി ചിത്രത്തിൽ പതിഞ്ഞ ഫോട്ടോകൾ കൊണ്ടും , ഫോൺവിളികളുടെ രേഖകൾ കൊണ്ടും മാത്രം പ്രോസിക്കൂഷന് ഇതിലെ കുറ്റകരമായ ഗൂഡാലോചന തെളിയിക്കാൻ സാധിക്കില്ല എന്ന് സാരം. 120 ബി എന്ന വകുപ്പ് സംശയാതീതമായി തെളിയിക്കാനുള്ള ബാധ്യതയും ഉത്തരം കേസുകളിൽ പ്രോസിക്കൂഷനുണ്ട്. ദിലീപിന്റെ നിലവിലെ കേസിൽ അനവധി തെളിവുകൾ കിട്ടിയെന്നൊക്കെ പ്രോസിക്കൂഷൻ പറയുമ്പോഴും പക്ഷെ ഇത് കോടതി ഓഫിസർമാരായ വിചാരണചെയ്യപ്പെടുമ്പോൾ ഇവയൊക്കെ നഞ്ഞ പടക്കങ്ങളായ് മാറാനുള്ള സാധ്യതകൾ ഏറെയാണ്.

കടുകുമണിയോളം ഇഴകീറി ന്യായാന്യായങ്ങൾ പരിശോധിച്ചു വിചാരണ ചെയ്തു വിധി പ്രസ്താവം നടത്തുക എന്നതാണ് ആ കുറ്റത്തിന്റെയും കുറ്റവാളിയുടെയും ഗതിവിഗതികൾ തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ വിചാരണ തുടങ്ങുന്നതിനും മുൻപ് കേവലം അന്വേഷണ ഘട്ടത്തിൽ മാത്രം നിൽക്കുന്ന ഒരു കേസിലെ കുറ്റാരോപിതനെ ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി കല്ലെറിഞ്ഞു കൊല്ലുന്നതുപോലെ മാധ്യമ വിചാരണകളും , തെരുവ് വിചാരണകളും, നടത്തി , പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ കുറ്റക്കാരനായി പ്രഖ്യാപിച്ചു അന്ത്യകൂദാശനടത്തുന്നത് നിയമവാഴ്ചയും ജനാധിപത്യവും നിലനിൽക്കുന്ന ഒരു നാടിനു ഒട്ടും ഭൂഷണമല്ല.

സിനിമാ സ്നേഹികളുടെ പൊതുബോധം നിയമ പ്രക്രിയയുമായ് കൂട്ടിക്കുഴച്ച് വായിക്കുന്നവരാണ് അടിസ്ഥാന രഹിതമായ വാർത്തകൾ പടച്ചു വിടുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നത്.നിക്ഷ്പക്ഷമായൊരു അന്വേഷണം നടക്കട്ടെ , അത് സംശയാതീതമായി വിചാരണയിലൂടെ തെളിയിക്കപ്പെടട്ടെ എന്നിട്ടാകാം നാം പൊതുജനങ്ങളുടെ ശിക്ഷ നടപ്പാക്കൽ. അതൊരു പ്രകൃതി നീതിയാണ്., അതുവരെ ക്രൂരതകൾക്കിരയായ ആ പെൺകുട്ടിയോടൊപ്പം, സർവ്വവിധ പിന്തുണയും നൽകി നിൽക്കാം നമുക്ക്.

 

Previous articleനാലാംതൂണിന് നാഥനില്ലേ ?
Next articleപാകിസ്ഥാനിലെ മലയാളി
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.