എന്ത് പ്രഹസനമാണ് കേരളാപോലീസേ ഇത് ?

65

അഡ്വ ശ്രീജിത്ത്‌ പെരുമന

കാവി കളസത്തിന് നീലം മുക്കുന്ന കേരള പോലീസ് ❓️

തോക്കുകളും, വടിവാളുകളും പരസ്യമായി പ്രദർശിപ്പിച്ചുകൊണ്ട് വർഗീയ കലാപത്തിന് ആഹ്വാനം ചെയ്യുകയും, വിദ്വേഷവും, മതസ്പർധയും വളർത്തി കലാപം സൃഷിട്ടിക്കുമെന്ന് വെല്ലുവിളി നടത്തുകയും ചെയ്ത പ്രതീഷ് വിശ്വനാഥ് എന്ന ഹിന്ദുത്വ വർഗീയവാദിക്കെതിരെ പരാതി നൽകി സമയത്തോട് സമയം കഴിഞ്ഞിട്ടും ചെറുവിരൽ അനക്കാതെ പോലീസ് നടപടി ലജ്ജാകരവും, ഇളിഭ്യവുമാണ്.

പരാതി പറഞ്ഞ ചിലരോട് “not in kerala ” എന്നാണെത്രെ പോലീസ് മാമന്മാർ പറഞ്ഞത്.
എത്ര നിരുത്തരവാദിത്തപരമായും, നിയമവിരുദ്ധവുമായാണ് പോലീസ് പ്രവർത്തിക്കുന്നത് എന്നതിന് ഉദാഹരണമാണ് സംഭവം പറഞ്ഞുവെക്കുന്നത്. വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാൻ സാധിക്കുന്ന ഇന്ത്യൻ പീനൽകോഡിലെയും, ആംസ് ആക്റ്റിലെയും, ഐടി ആക്റ്റിലെയും ഗുരുതരമായ Cognizable കുറ്റകൃത്യമാണ് പ്രതി നടത്തിയിട്ടുള്ളത് എന്നത് ഏതൊരു സാധാരണക്കാരനും മനസിലാകും എന്നിരിക്കെ not in kerala എന്ന ഉട്ടോപ്യൻ ന്യായം പറഞ്ഞുകൊണ്ട് നിയമത്തെ വ്യഭിചരിക്കുകയാണ് കുട്ടൻപിള്ള പോലീസ് ചെയ്തുകൊണ്ടിയിരിക്കുന്നത്.

ഏതൊരു cognizance കേസിലും നിർബന്ധമായും FIR രജിസ്റ്റർ ചെയ്യണമെന്നും അതിന് TERRITORIAL JURISDICTION അഥവാ അധികാര പരിധി ബാധകമല്ല എന്നും “ലളിതകുമാരി” കേസിൽ സുപ്രീംകോടതി അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. മാത്രവുമല്ല കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശങ്ങളിൽ അധികാര പരിധി നോക്കാതെ ഏതൊരു ഗുരുതര കുറ്റകൃത്യത്തിലും” ZERO FIR ‘രജിസ്റ്റർ ചെയ്യണമെന്നും (FIR നമ്പർ പൂജ്യം എന്ന് കാണിച്ചുകൊണ്ട് ) പ്രസ്തുത FIR പിന്നീട് അതാത് പോലീസ് സ്റ്റേഷനിലേക്ക് കൈമാറണമെന്നും വ്യക്തമായി പറയുന്നുണ്ട്. ZERO FIR എന്നത് നിർബന്ധമാണെന്നും FIR രജിസ്റ്റർ ചെയ്യാത്ത പോലീസ് ഉദ്യോഗസ്ഥരെ പ്രോസികൂട്ട് ചെയ്യണമെന്നും കോടതിയും നിയമങ്ങളും വ്യക്തമാകുന്നു.

ആയുധങ്ങൾ പ്രദർശിപ്പിച്ച് വർഗീയ കലാപത്തിന് ആഹ്വനം നൽകിയത്തിലൂടെ പ്രതി പരാതിക്കാരനായ എന്റെ ഉള്ളിലും കുറ്റകരമായ ഭീഷണി നിറച്ചിരിക്കുകയാണ്. അതായത് ഈ കേസിൽ വ്യക്തിപരമായി ഞാനുൾപ്പെടെയുള്ള ഓരോ ആളുകളും AGGRIEVED പാർട്ടികളാണ് എന്ന് വ്യക്തം. AGGRIEVED പാർട്ടിയായ ഒരാളുടെ പരാതി അത് COGNIZABLE OFFENSE നെക്കുറിച്ചാണ് എങ്കിൽ FIR രജിസ്റ്റർ ചെയ്യാതിരിക്കാൻ പൊലീസിന് യാതൊരു ന്യായീകരണവുമില്ല എന്നതാണ് നിയമം. മാത്രവുമല്ല എവിടെവെച്ചാണ് എതിർകക്ഷി ആയുധങ്ങളുടെ ഫോട്ടോ എടുത്തതെന്നോ, അപ്‌ലോഡ് ചെയ്തതെന്നോ പരിശോധിക്കേണ്ട ആവശ്യം ഈ ഘട്ടത്തിലില്ല COGNIZABLE കുറ്റകൃത്യങ്ങളിൽ മെഡിക്കൽ നെഗ്‌ളിജൻസോ, മാട്രിമോണിയൽ പരാതികളോ ഒഴികെ മറ്റൊരു കുറ്റകൃത്യത്തിലും FIR രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രാഥമിക അന്വേഷണം നടത്താൻ പൊലീസിന് അധികാരമില്ല.

കേരളത്തിൽ എന്നല്ല രാജ്യത്തെവിടെയും ഏതെങ്കിലും സംഘടനകൾക്കോ, വ്യക്തികൾക്കോ വടിവാളുകളോ, ഇത്രയധികം തോക്കുകളോ കൈവശം വെക്കാനോ പ്രദർശിപ്പിക്കാനോ, അതുപയോഗിച്ച് വർഗീയ കലാപം ആഹ്വാനം ചെയ്യാനോ അധികാരമോ അവകാശമോ ഇല്ല. അതൊരു തീവ്രവാദ പ്രവർത്തനവും രാജ്യദ്രോഹ പ്രവർത്തനവുമാണ്. കമ്മ്യുണിസ്റ്റ് പാർട്ടി ഭരിക്കുന്ന മതേതര സുന്ദര നാട്ടിൽ ഇരുന്നുകൊണ്ട് “മുസ്ലീങ്ങളാണ് കൊറോണ പരത്തിയതെന്നും, നോട്ടിൽ തുപ്പൽ പുരട്ടി നാട്ടിൽ വിതരണം ചെയ്യുകയാണെന്നും” പച്ചക്ക് വിളിച്ചു പറഞ് വർഗീയ കലാപത്തിനും, മതസപർദ്ദയ്ക്കും ആഹ്വാനം ചെയ്ത സംഘപരിവാർ ഹിന്ദുത്വവാദികൾക്കെതിരെ പരാതി നൽകിയപ്പോൾ കേസ് അന്വേഷണത്തിന്റെ ഭാഗമായി അമേരിക്കയിലേക്ക് കത്തയച്ച് റിപ്പോർട്ട് കാത്തിരിക്കുകയാണ്‌ കേരളാ പോലീസ് എന്നാണ് ഹൈട്ടെക്ക് സെല്ലിലെ ഉന്നത ഉദ്യോഗസ്ഥർ പരാതിക്കാരനായ എന്നെ ദിവാദങ്ങൾക്ക് അറിയിച്ചത്.

അമേരിക്കയിലുള്ള യൂട്യൂബിനും, ഫെയ്‌സ്ബുക്കിനും നോട്ടീസ് അയച്ചിട്ടുണ്ടെത്രെ, റിപ്പോർട്ട് കിട്ടിയാൽ ഉടൻ പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചിരുനു .എന്ത് പ്രഹസനമാണെടോ പോലീസേ ഇത്. അങ്ങേയറ്റം വിദ്വേഷവും വർഗീയതയും ഭീഷണിയും മുഴക്കിക്കൊണ്ട് പ്രമുഖനായ ഒരാൾ ഒരു പോസ്റ്റ്‌ പ്രചരിപ്പിക്കുന്നു. ചിത്രങ്ങളിൽ ആളെ മനസിലാകും, പറയുന്നത് കുറ്റകരമായ കാര്യമെന്നും മനസിലാകും എന്നിട്ടും കേസ് രജിസ്റ്റർ ചെയ്യാതെ NOT IN KERALA എന്ന ആഭാസവും അശ്ലീലവുമായ മറുപടിനൽകി വിധേയത്വം കാണിക്കാൻ

ഒന്നുകിൽ അത്രയ്ക്ക് ഉളുപ്പില്ലായ്മ വേണം അല്ലെങ്കിൽ കാക്കിക്കുള്ളിൽ കാവി കളസമായിരിക്കണം.
ഇതിൽ ഏതാണ് പോലീസ് ആസ്ഥാത്തെയും, കുന്നംകുളത്തേയും ഉദ്യോഗസ്ഥർക്കുള്ളത് എന്ന് ജനഞങ്ങൾക്കറിയണം.
ഫെയിസ്ബുക്കിനും, ഗൂഗിളിനും ഇന്ത്യയിലും അതും സൗത്ത് ഇന്ത്യയിലും ഓഫീസുകൾ ഉണ്ടെന്നിരിക്കെ കേരളാപോലീസ് അമേരിക്കയിലേക്ക് കത്തയച്ചു എന്നും NOT IN KERALA എന്നുമൊക്കെ പരാതിക്കാരോട് പറയുന്നത് ഒന്നാന്തരം നിയമ വ്യഭിചാരമാണ്. നിയമ മേഘലയിലുള്ള ഒരു പരാതിക്കാരനോട് ഇങ്ങനെയാണ് ഇടപെടൽ എങ്കിൽ നിയമമറിയാത്ത പരാതിക്കാരിൽ എത്ര ആളുകളെ പോലീസ് പ്രതികളാക്കി മാറ്റിയിട്ടുണ്ടാകാം?

ഏതെങ്കിലും ഒരു ഫോൺ കോളിൽ പോലും രജിസ്റ്റർ ചെയ്യാവുന്ന കുറ്റമായിട്ടും NOT IN KERALA എന്ന് പറഞ്ഞുകൊണ്ട് കൈകഴുകിയ ഉദ്യോഗസ്ഥരെ പൊതുജനത്തിന് മുൻപിൽ കൊണ്ടുവരണം.
ഫെയിസ്ബുക്ക് പോസ്റ്റുകളുടെ പേരിലും ഫോർവേർഡ് മെസേജുകളുടെ പേരിൽ പോലും ന്യുനപക്ഷ മതവും ഭാഗങ്ങളിൽപ്പെട്ടവർക്കെതിരെ ജാമ്യമില്ലാത്ത കേസ് രജിസ്റ്റർ ചെയ്ത് ജയിലിൽ അടയ്ക്കുന്ന പോലീസ് വർഗീയ പ്രചാരണം നടത്തി തീവ്ര ഹിന്ദുത്വ ഭീകരത പ്രചരിപ്പിക്കുന്നവർക്കെതിരെ പരാതി ലഭിച്ചാൽ പോലും കേസെടുക്കില്ല എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.

ഭരണഘടന അവകാശപ്രകാരം പൗരത്വ നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച 27 വയസുള്ള 2 മാസം ഗർഭിണിയായ ഗവേഷണ വിദ്യാർത്ഥിനി സഫൂറയെ റോഡ് തടസപ്പെടുത്തിയെന്ന കുറ്റത്തിന് ഊപ്പ UAPA ചുമത്തി തീഹാർ ജയിലിൽ അടച്ചിടുകയും, തുടർച്ചയായി 3പ്രാവശ്യം ജാമ്യം നിഷേധിക്കുകയും ചെയ്തുകൊണ്ട് നീതി നടപ്പിലാക്കുന്ന രാജ്യത്താണ് തീവ്രവാദത്തിനും, വർഗീയ കലാപത്തിനും ചൂട്ടുപിടിക്കുന്ന പ്രതീഷ് വിശ്വനാഥരും, ഗോപാലാകൃഷ്ണമാരും പശു സേനകളും യഥേഷ്ടം അഴിഞ്ഞാടുന്നത് എന്നോർക്കുക.

പ്രതീഷ് വിശ്വനാഥിന്റെ സ്ഥാനത് ഒരു മുസ്ലീം നാമധാരിയെ സങ്കല്പിച്ചു നോക്കുക. പറഞ്ഞത് ഹിന്ദുത്വ ഭീകരതയെകുറിച്ചാണ് എന്ന് സങ്കല്പിക്കുക. എന്തായിരുക്കും പിന്നീട് സംഭവിക്കുക. കാപ്പയും, ഊപ്പയും, എൻഐയെയും സീബീഐയ്യും ഉൾപ്പെടെ പട്ടാളത്തെ വരെയിറക്കി #ഇസ്‌ലാമോഫോബിയക്ക് കുടപിടിച്ചേനെ ഭരണകൂടം.
ഇനിയും അന്തസ്സ് ബാക്കിയുള്ള കമ്മ്യുണിസ്റ്റുകാരോ, ജനപ്രതിനിധികളോ ഈ പോസ്റ്റ് കാണുകയാണെങ്കിൽ ആത്മാഭിമാനം അല്പമെങ്കിലും ബാക്കിയുണ്ടെങ്കിൽ ആഭ്യന്തര മന്ത്രാലയത്തെക്കൊണ്ട് ചുരുങ്ങിയപക്ഷം ഒരു ശരിയായ വിശദീകരണമെങ്കിലും ഈ വിഷയത്തിൽ ജനങ്ങൾക്ക് നൽകുക. പ്രത്യേകിച്ച് ഈ സംഭവത്തിലെ ഇരകളുടെ സ്ഥാനത്തുള്ള മുസ്ലീം ന്യുനപക്ഷങ്ങളോട് വോട്ട് ബാങ്ക് താത്പര്യങ്ങൾക്കപ്പുറം അല്പമെങ്കിലും ആത്മാർഥത ഉണ്ടെങ്കിൽ.

സാധാരണക്കാരുടെ കാര്യത്തിൽ പ്രാഥമിക അന്വേഷണമില്ലാതെ തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ജയിലിൽ അടയ്ക്കുന്ന പോലീസ് സംഘപരിവാർ നേതാക്കളെ സംരക്ഷിക്കുമായാണോ എന്നുപോലും ഈ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരോട് ചോദിക്കേണ്ടി വന്നിട്ടുണ്ട്.

ഇനി അറിയാനുള്ളത് കേരളത്തിലെ ആഭ്യന്തരം ഭരിക്കുന്നത് തില്ലങ്കേരിയാണോ, പിണറായി വിജയനാണോ എന്നതാണ് ❓️
ചുരുങ്ങിയപക്ഷം സൈബർ സഖാക്കളും, യുവജന സഖാക്കളുമെങ്കിലും ഇതിനുള്ള മറുപടി കണ്ടെത്താൻ ശ്രമിക്കണം. അതല്ലെങ്കിൽ ഇസ്ലാമോഫോബിയക്ക് ചൂട്ടു പിടിച്ച ഹിന്ദുത്വയുടെ B ടീമായി ചരിത്രം കമ്യുണിസ്റ്റ് ഭരണകൂടത്തെ രേഖപ്പെടുത്തും.