കോൺഗ്രസ്സിലെ കാവി കോണകങ്ങൾക്ക് നീലം മുക്കുന്നവർ അറിയാൻ

48

അഡ്വ ശ്രീജിത്ത്‌ പെരുമന

കോൺഗ്രസ്സിലെ കാവി കോണകങ്ങൾക്ക് നീലം മുക്കുന്നവർ അറിയാൻ…

പാളിച്ചകളില്‍നിന്ന് പാളിച്ചകളിലേക്കാണ് സോണിയയുഗത്തിലും ഇപ്പോൾ രാഹുൽ യുഗത്തിലും കോണ്‍ഗ്രസിന്റെ പോക്ക്. അതിന്റെ മ്ളേച്ഛമായ കുറെ ചിത്രങ്ങളാണ് ഇക്കഴിഞ്ഞ നാളുകളിലും ഇപ്പോൾ രാമക്ഷേത്ര, ഭൂമിപൂജ വിഷയത്തിലും നാം കണ്ടുകൊണ്ടിരിക്കുന്നത്.

അയോധ്യ വിഷയത്തിലും, ഭൂമിപൂജ വിഷയത്തിലും കോൺഗ്രസ്സ് നേതാക്കൾ നടത്തുന്ന പ്രസ്താവനകളും സ്വീകരിക്കുന്ന നിലപാടുകളും സംഘപരിവാറിന്റെ ബി ടീം എന്ന നിലയിലാണ്. അയോധ്യയിൽ രാമക്ഷേത്രം പണിയുക എന്നത് ഓരോ ഭാരതീയന്റെയും സ്വപ്നമാണ് എന്നും ഭൂമി പൂജ ദിവസം എല്ലാവരും വീടുകളിൽ പ്രാർത്ഥനകൾ നടത്തണമെന്നും മുതിർന്ന കോൺഗ്രസ്സ് നേതാവ് കമൽനാഥ് അടക്കുള്ളവർ പരസ്യമായി ആഹ്വാനം ചെയ്തു കഴിഞ്ഞു.

ശബരിമല വിഷയത്തിലെടുത്ത ആദ്യ നിലപാടും പിന്നീടുള്ള മലക്കം മറച്ചിലും, ഇപ്പോൾ രാമക്ഷേത്ര വിഷയത്തിൽ എടുത്ത നിലപാടുകളും അക്ഷരാർത്ഥത്തിൽ കോൺഗ്രസ്സിന്റെ അന്തസത്തയെയും മതേതര മുഖത്തെയും, നവോഥാന പാരമ്പര്യത്തെയുമാണ് ചോദ്യം ചെയ്തത്. സർവ്വ സന്നാഹങ്ങളുമായി രാമരാജ്യം സൃഷ്ടിക്കാനും കഴിക്കുന്ന ഇഷ്ട്ട ഭകഷണങ്ങളെ പോലും നിരോധിക്കാനും കിണഞ്ഞു പരിശ്രമിക്കുന്ന വർഗീയ തീവ്ര ഹിന്ദുത്വ ശക്തികൾ രാജ്യത്തിന്റെ അഖണ്ഡതയ്ക്കു തന്നെ വെല്ലുവിളി ഉയർത്തുകയും, ഭരണഘടനയെത്തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്നകാലാവസ്ഥയിലാണ് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രജ്യത്തെ മുട്ടുകുത്തിച്ച് സ്വാതന്ത്ര്യം നേടിത്തന്ന കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ പിന്മുറക്കാർക്കും ആ പ്രസ്ഥാനത്തിനും അപചയം അംഭവിക്കുന്നതു എന്നത് അങ്ങേയറ്റം സങ്കടകരമാണ്.

കാലംമാറിയതും ഇന്ത്യന്‍ വോട്ടര്‍മാര്‍ പക്വത കൈവരിച്ചതും അനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ടതും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതുവരെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ഈ ഗിമ്മിക്കുകൾ. ഭരണകൂട ഭീകരതയുടെ താണ്ഡവമേറ്റ് ജയിലുകളില്‍ നരകയാതനകള്‍ അനുഭവിക്കുന്ന സ്വന്തം മക്കളുടെ കണ്ണീര്‍ കണ്ട് പൊട്ടിക്കരഞ്ഞ കുറെ അമ്മമാരുടെ ശാപം കോണ്‍ഗ്രസിനെ പിന്തുടരുന്നുണ്ട് എന്ന് ഇതുവരെ മനസ്സിലാക്കാതിരുന്നതാണ് ആ പാര്‍ട്ടിയെ നാണംകെട്ട കഴിഞ്ഞ കാലങ്ങളിൽ തോല്‍വിയിലേക്ക് നടത്തിച്ചത്. ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുന്ന പൊലീസ് ഭീകര നാടൊട്ടുക്കും നടമാടുമ്പോൾ, ബീഫ് കഴിച്ചതിന്റെ പേരിലും, ലേഖനമെഴുതിയതിന്റെ പേരിലും തല്ലിയും, വെടിവെച്ചും കൊള്ളുമ്പോൾ വീണവായിക്കുന്ന കോൺഗ്രസ്സ്അ നിലപാടുകൾ ഈ തിരഞ്ഞെടുപ്പിൽ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും. നിരന്തരമായ വര്‍ഗീയ കലാപങ്ങളുടെ ശനിരാശികളില്‍ ഒരു ജനതയെ അസ്തിത്വദു$ഖത്തിന്‍െറയും അന്യവത്കരണത്തിന്‍െറയും തമോഗര്‍ത്തങ്ങളിലേക്ക് വലിച്ചെറിഞ്ഞിട്ടും ഗാന്ധിജിയുടെ പാര്‍ട്ടിയുമായുള്ള ബന്ധം വിച്ഛേദിക്കാതിരുന്നത് അവരുടെ മുന്നില്‍ ഒരു മതേതര ബദല്‍ ഇല്ലാത്തതുകൊണ്ടായിരുന്നില്ല ഈ പ്രസ്ഥാനത്തോടുള്ള വിശ്വാസംകൊണ്ടായിരുന്നു.

രാജീവ് ഗാന്ധിയുടെ കാലഘട്ടമാണ് കോണ്‍ഗ്രസുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം അറുത്തുമാറ്റാന്‍ ഉത്തർപ്രദേശിലെ മുസ്ലിംകളെ നിര്‍ബന്ധിതരാക്കിയത്. ബാബരിമസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തില്‍, പാര്‍ട്ടിയുടെ ജന്മബാധ്യത വിസ്മരിച്ച് കോണ്‍ഗ്രസ് സ്വീകരിച്ച ഭൂരിപക്ഷ പ്രീണനനയം ആ പാര്‍ട്ടിയുടെ ശിഥിലീഭവത്തിന് വഴിവെച്ചു എന്നുമാത്രമല്ല ഹിന്ദുത്വയെ പരിപോഷിപ്പിക്കുന്നതിലും ബി.ജെ.പിയെ രണ്ടംഗ ബലത്തില്‍നിന്ന് രാജ്യംഭരിക്കുന്ന പാര്‍ട്ടിയായി വളര്‍ത്തുന്നതിലും മുഖ്യ പങ്കുവഹിക്കുകയും ചെയ്തു. തര്‍ക്കസ്ഥലത്ത് ശിലാന്യാസം നടത്താന്‍ അനുവദിച്ചതും ബാബരിമസ്ജിദിന്റെ കവാടങ്ങള്‍ പൂജക്കായി തുറന്നുകൊടുത്തതും എല്ലാറ്റിനുമൊടുവില്‍ പള്ളി ധ്വംസനത്തിന് മൗനാനുവാദം നല്‍കിയതും കോണ്‍ഗ്രസിനെ പൂര്‍ണമായും കൈവിടാന്‍ മുസ്ലിംകളെ പ്രേരിപ്പിച്ചു. അന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഈ ചരിത്രസന്ധിയില്‍ നാമ്പെടുത്ത ദലിത്, യാദവ സ്വത്വ ബദല്‍ പരീക്ഷണമാണ് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരം കൈയാളുമ്പോഴും ഊനംതട്ടാതെ ജൈത്രയാത്ര നടത്തുന്നത് എന്നത് ഓർമ്മ വേണം
ഏറ്റവുമൊടുവിലത്തെ തെരഞ്ഞെടുപ്പ് ഫലമെങ്കിലും മുന്നില്‍വെച്ച് തെറ്റ് തിരുത്താനും പാളിച്ചകള്‍ക്ക് പ്രതിവിധി കാണാനും സന്നദ്ധമാവുകയാണ് പ്രത്യുല്‍പന്നമതിത്വമുള്ള നേതൃത്വമാണെങ്കില്‍ ചെയ്യുക. അല്ലാതെ, നെഹ്റു കുടുംബത്തിന്റെ കുലമഹിമ തങ്ങളെ രക്ഷിക്കുമെന്ന് കരുതി സംഘ്പരിവാറിന്റെ ബി ടീമായി കളിക്കരുത്.

രാഹുൽ ശക്തനായ നേതാവാണ്, അഴിമതിമുക്തമായ ഒരു പാരമ്പര്യവുമുണ്ട്, രാജ്യത്തെ കൈപിടിച്ചുയർത്താൻ ഒരു ബാല്യവും കയ്യിലുണ്ട് പക്ഷെ ദരിദ്രരുടെ കുടിലുകളിൽ കയറി ഭക്ഷണം കഴിച്ചതുകൊണ്ടും തൊഴിലാളികളുടെ മക്കളെ കെട്ടിപ്പിടിച്ചു ഉമ്മവെച്ചതുകൊണ്ടുമൊന്നും രാഷ്ട്രീയ ലക്ഷ്യങ്ങൾ കൈവരിക്കാൻ രാഷ്ട്രനിർമ്മാണവും സാധ്യമല്ല എന്ന തിരിച്ചറിവുണ്ടാകണം..
അങ്ങ് തലസ്ഥാനം മുതൽ അധികാരത്തിൽ അടയിരിക്കുന്ന മുഴുവൻ കുലംകുത്തികളായ നേതാക്കളെയും തിരിച്ചു നിർത്തി ഉള്ളിൽ കാവി കോണകമാണോ എന്ന പരിശോധന നടത്താൻ കോൺഗ്രസ്സ് നേതൃത്വം തയ്യാറായില്ലെങ്കിൽ ഇങ്ങനെ ഒരു പാർട്ടി ഈ ഭൂമുഖത്തുണ്ടായിരുന്നു എന്ന് വരും തലമുറയോട് പറഞ്ഞുകൊടുക്കേണ്ടി വരും.