അറിയണം നിങ്ങളീ മരണത്തിലും ഒറ്റപ്പെടുന്ന മനുഷ്യ സാഹചര്യത്തെക്കുറിച്ച് 

85

അഡ്വ ശ്രീജിത്ത് പെരുമന

അമേരിക്കയുടെ ശവപ്പറമ്പായി മാറിയ ന്യുയോർക്കിൽ നിന്നും കൊറോണ കീഴ്പ്പെടുത്തിയ മനുഷ്യരെ ശ്മശാന ദ്വീപിൽ കൂട്ട സംസ്ക്കാരം നടത്തുന്നു. ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്നും 20 മൈല്‍ ദൂരെയുള്ള സിറ്റി ദ്വീപില്‍ നിന്നും ബോട്ട് മാര്‍ഗം മാത്രം എത്തിപ്പെടാന്‍ പറ്റുന്ന ഹാര്‍ട്ട് ദ്വീപിന് പേര് കൊണ്ട് ഹൃദയത്തോടാണ് അടുപ്പമെങ്കിലും, അമേരിക്കയിലെ അജ്ഞാത മൃതദേഹങ്ങളും പകര്‍ച്ചവ്യാധി വന്ന് മരിച്ചവരെയും അടക്കം ചെയ്യുന്ന ദ്വീപാണ് ഹാര്‍ട്ട് ദ്വീപ്. ഇന്ന് മാത്രമല്ല, 1860 കളിലെ അമേരിക്കന്‍ ആഭ്യന്തരയുദ്ധകാലത്തും മൃതദേഹങ്ങള്‍ മാത്രമായിരുന്നു ഹാര്‍ട്ട് ദ്വീപിലേക്ക് എത്തിക്കൊണ്ടിരുന്നത്. ഇന്ന് വീണ്ടുമൊരു മഹാമാരിയുടെ കാലത്തും ഹാര്‍ട്ട് ദ്വീപില്‍ കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ മൃദദേഹങ്ങൾ കൂട്ടമായി സംസ്കരിക്കുകയാണ്.

ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗികളുള്ള നഗരമാണ് ന്യൂയോര്‍ക്ക്. മരണനിരക്കുകളില്‍ മുന്നിലുള്ള നഗരങ്ങളില്‍ ഒന്നും ന്യൂയോര്‍ക്ക് തന്നെയാണ്. ന്യൂയോര്‍ക്കില്‍ മരിച്ചു വീഴുന്ന കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്യാനായി ഹാര്‍ട്ട്ദ്വീപിലേക്ക് എത്തിക്കുകയാണ്. പൈൻ മരത്തടിയിൽ നിർമിച്ച ശവപ്പെട്ടിയിൽ ഏറെ ബഹുമാനപുരസ്സരമാണ് സംസ്കാരം നടക്കുന്നത്. അറിയണം നിങ്ങളീ മരണത്തിലും ഒറ്റപ്പെടുന്ന മനുഷ്യ സാഹചര്യത്തെക്കുറിച്ച്

Covid -19 ടെസ്റ്റിൽ പോസറ്റീവ് ആണെന്ന് തെളിഞ്ഞാൽ ആരോഗ്യരക്ഷാ പ്രവർത്തകർ രോഗിയെ പ്രത്യേകം തയ്യാറാക്കിയ ഐസൊലേറ്റഡ് ചികിത്സ വാർഡിലേക്ക് മാറ്റും. തികച്ചും ഒറ്റപ്പെടുത്തുന്ന അവസ്ഥസ്ഥയിൽ, അവിടെ കൂടെ നിൽക്കാനോ പരിചരിക്കാനോ നമുക്കാർക്കും അനുവാദം ഉണ്ടായില്ല. ചികിത്സ കാലയളവിൽ സന്ദർശകരെയാരേയും അനുവദിച്ചില്ല, ചികിത്സ വിജയിച്ചു ആരോഗ്യം വീണ്ടെടുക്കുകയാണെങ്കിൽ മാത്രം തിരികെ വീട്ടിലേക്ക് മടങ്ങാൻ സാധിക്കുന്ന അപൂർവ്വമായ സാഹചര്യമായിരിക്കും.

പക്ഷെ മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ ജീവൻ രക്ഷിക്കാനായില്ലെങ്കിൽ കൊറോണ ബാധയിലൂടെയാണ് മരണണമെന്ന് സ്ഥിരീകരിച്ചാൽ ഭാര്യ ഉൾപ്പെടെ അപൂർവ്വം ചിലർക്ക് മാത്രമേ ശവശരീരം കാണാൻ സാധികുകയുള്ളൂ.. അതും ഒരു മൊബൈൽ സ്ക്രീനിൽ വീഡിയോ ദൃശ്യങ്ങളിലൂടെ മാത്രം. രോഗിയുടെ മരണം നമ്മെ അറിയിക്കുക എന്നത് മാത്രമായിരിക്കും ആരോഗ്യ പ്രവർത്തകരുടെ കടമ. മരണാനന്തര ചടങ്ങുകൾ നടത്താനോ മറ്റോ ഉള്ള അനുമതി നൽകില്ല. മരണശേഷം ഉള്ള എല്ലാ ക്രിയകളും സംസ്‌കരണവും സർക്കാർ നടത്തും. ഭൗതിക ശരീരം പാക്ക് ചെയ്തു കഴിഞ്ഞാൽ വീഡിയോ ദൃശ്യങ്ങളും പുറത്തുവരില്ല.

പൂജാരിയോ, പുരോഹിതനോ കർമ്മങ്ങൾ ചെയ്യാനുണ്ടാകില്ല, ചന്ദനത്തിരിയോ നിലവിളക്കോ എരിയിയില്ല ജില്ലാ കലക്റ്റർ /ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ ആകെ നാലാളുകൾ മാത്രമാണ് പ്രോട്ടോകോൾ പ്രകാരം സമസ്‌കാരം നടത്തുക. അതും ഏറെ ദൂരെനിന്നുകൊണ്ട് എത്രയും പെട്ടന്ന് ഭൂമിയിൽ നിന്നും ഇല്ലാതെയാക്കാനുള്ള ശ്രമങ്ങൾ.

മരണപ്പെട്ട മനുഷ്യൻ സ്വന്തം ചോരയിലുള്ള ബന്ധുക്കൾക്കും ഇതര മനുഷ്യർക്കും അപകടകാരിയാകുന്ന അവസ്ഥ ! നമ്മൾ നമ്മുടെ മാതാപിതാക്കളെയും, മക്കളെയും, സുഹൃത്തുക്കളെയും, സഹജീവികളെയും സ്നേഹിക്കുന്നുണ്ടോ? കുടുംബത്തെ ഇഷ്ട്ടപ്പെടുന്നുണ്ടോ? വേണ്ടപ്പെട്ടവർ നമ്മോടൊപ്പം ഉണ്ടാവണം എന്നുണ്ടോ? എങ്കിൽ പുറത്തിറങ്ങാതെ വീട്ടിലിരിക്കുക, നാം സുരക്ഷിതരാവുക, മറ്റുള്ളവർക്ക് സുരക്ഷിതത്വം നൽകുക നാം അനുഭവിക്കുന്നതിലും ഭീകരമാണ് മറ്റ് രാജ്യങ്ങളിലെ സഹജീവികളുടെ അവസ്ഥ .ലോകം കടന്നു പോകുന്നത് അതീവ ഗുരുതരമായ ദുഃഖാവസ്ഥയിലൂടെയാണ്.

വലിയ പണക്കാരും, കറുത്തവനും വെളുത്തവനും, സുന്ദരനും സുന്ദരിയും, ബുദ്ധിമാനും ബുദ്ധിമാന്ദ്യമുള്ളവരുമെല്ലാം ഒരേ കുഴിയിലേക്ക്.ബന്ധുക്കളോ സ്വന്തക്കാരോ, ഭാര്യയോ ഭർത്താവോ, അച്ഛനോ അമ്മയോ, മക്കളോ മരുമക്കളോ, പേരാക്കിടങ്ങളോ ആരുമില്ല ഈ മൃതദേഹങ്ങളെ അനുഗമിക്കാൻ.കോവിഡ് 19 വൈറസ് അതിഭീകരനാണ്. അവൻ ലോകമെങ്ങും സംഹാര താണ്ഡവമാടുകയാണ്.ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന നിർദ്ദേശം കർശനമായി പാലിക്കുക.