കൊറോണയെയും മുതലെടുത്ത് കേരളത്തിൽ ഓൺലൈൻ ചാരിറ്റി തട്ടിപ്പ് കൊഴുക്കുന്നോ️

29

അഡ്വ ശ്രീജിത്ത്‌ പെരുമന

കൊറോണയെയും മുതലെടുത്ത് കേരളത്തിൽ ഓൺലൈൻ ചാരിറ്റി തട്ടിപ്പ് കൊഴുക്കുന്നോ❓️

പറയാതെ വയ്യ, സങ്കികളുടെ വർഗീയ തോന്യാസങ്ങളും സൈബർ ആക്രമണങ്ങളും ആവശ്യത്തിലധികം ഉണ്ട് എന്നതിനാലും ഈ മഹാമാരിയുടെ കാലത്ത് അനാവശ്യ വിഴുപ്പലക്കലുകൾ വേണ്ട എന്ന തീരുമാനമെടുത്തതിനാലും ഓൺലൈൻ ചാരിറ്റി തട്ടിപ്പിന്റെ കാര്യത്തിൽ പരസ്യമായ അഭിപ്രായ പ്രകടനങ്ങൾ വേണ്ട എന്ന് കരുതി തട്ടിപ്പുകൾക്കെതിരെ നിയമനടപടിൾ മാത്രമായി പലപ്പോഴും മാറി നിൽക്കുകയായിരുന്നു.

ലോക്ക് ഡൌൺ ഘട്ടത്തിൽ പരിചയമില്ലാത്ത സുഹൃത്തുക്കളിൽ നിന്നുൾപ്പെടെ നിരവധിയായ തട്ടിപ്പ് ചാരിറ്റി കഥകളും, സംഭവങ്ങളും അറിയാൻ സാധിച്ചു എങ്കിലും അവയിലെ നെല്ലും പതിരും വേർതിരിക്കാൻ സാധിക്കാത്തതിനാൽ പുറത്ത് പറഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവത്തിൽ വളരെ ഗുരുതതമായ സംശയങ്ങൾ ചില നാട്ടുകാർതന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ഇപ്പോൾ തുറന്ന് പറയുന്നത്.

ഓൺലൈൻ ചാരിറ്റിക്കാരുടെ ഇടയിലെ കിടമത്സരങ്ങളുടെ ഭാഗമായാണ് പലപ്പോഴും തട്ടിപ്പിന്റെ വിശദ വിവരങ്ങൾ പുറത്തുവരാറുള്ളത്. സ്വകാര്യ വ്യക്തികളുടെ അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ മറ്റുള്ളവർക്ക് അറിയാൻ സാധിക്കില്ല എന്നതുകൊണ്ടും, തട്ടിപ്പുകാർ പണം പിരിക്കുന്നത് വ്യക്തിഗത അക്കൗണ്ടിലൂടെയാണ് എന്നതിനാലും ചാരിറ്റിക്കാരുടെ തട്ടിപ്പുകൾ പുറത്തുവരുന്നതും ഇത്തരം കിടമത്സരങ്ങളുടെ ഭാഗമായും, കമ്മീഷൻ വീതം വെക്കുന്നതിലുള്ള തർക്കം ഉണ്ടാകുമ്പോഴുമാണ്.

കോഴിക്കോട് സ്വദേശിയായ ആളുടെ മാസങ്ങൾ മാത്രം പ്രായമുള്ള കുട്ടിക്ക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് പൗരസമിതി രൂപീകരിക്കുകയും സഹായങ്ങൾക്കായി സാമൂഹിക സുരക്ഷ മിഷനെ സമീപിക്കുകയുമായിരുന്നു. തുടർന്ന് അമൃത ആശുപത്രിയുമായി ബന്ധപെട്ട് ശാസ്ത്രക്രിയക്കുള്ള ചിലവുകളുടെ എസ്റ്റിമേറ്റ് ഔദ്യോദികമായി മേടിക്കുകയും, സഹായത്തിനായി അമൃതാനന്ദമയി മഠവുമായി ബന്ധപ്പെടുകയും ചെയ്തു. ജനപ്രതിനിധികൾ ഉൾപ്പെടെ ഇടപെട്ട് സാമൂഹിക സുരക്ഷ മിഷനിൽ നിന്നും 15 ലക്ഷം രൂപ പാസാക്കുകയും ആകെ ആവശ്യമായ 17 ലക്ഷം രൂപ സംഘടിപ്പിക്കാമെന്നും രക്ഷിതാവിനു ഉറപ്പ് നൽകി.

സർക്കാരിന്റെ 15 ലക്ഷം ഉൾപ്പെടെ ആവശ്യമായ തുക പൗര സമിതി ഏറ്റെടുത്ത് കണ്ടെത്തിയ ശേഷം ചില ഫെയിസ്ബുക്ക് ഓൺലൈൻ ചാരിറ്റിക്കാർ ഫോണിലൂടെ രക്ഷിതാവിനെ ബന്ധപ്പെടുകയും കുട്ടിയുടെ ഫോട്ടോകൾ മേടിച്ച ശേഷം 30 ലക്ഷം രൂപ ചികിത്സയ്ക്കായി ആവശ്യമുണ്ടെന്ന് കാണിച്ച് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ ഓൺലൈൻ പണപ്പിരിവിന്റെ കാര്യം, പ്രദേശത്തെ പൗരസമിതിയെ അറിയിക്കാതെ ആയിരുന്നു എന്നും ആവശ്യമായ തുക കമ്മറ്റി കണ്ടെത്തിയിരുന്നു എന്നും ചൂണ്ടിക്കാണിച്ച് രക്ഷിതാവിന്റെ നിലപാടിൽ പ്രതിഷേധിച്ച് പൗരസമിതി പിരിച്ചുവിടുകയാണ് എന്നും ഭാരവാഹികൾ പരസ്യമായി പ്രഖ്യാപിച്ചു.

ഇതേ തുടർന്ന് ഇന്നലെ രാത്രി രോഗം ബാധിച്ച കുട്ടിയുടെ രക്ഷിതവുമായി ദീർഘമായി സംസാരിച്ചു. കമ്മറ്റിയെ അറിയിച്ചിട്ടാണ് ഓൺലൈൻ ചാരിറ്റിക്കാർക്ക് ഫോട്ടോകൾ നൽകിയത് എന്നാണ് രക്ഷിതാവ് പറയുന്നത് മാത്രമല്ല അമൃത ആശുപത്രി തന്ന എസ്റ്റിമേറ്റിന് പുറമെ പണം ആവശ്യമുണ്ടെന്നും ഏകദേശം 30-35 ലക്ഷം വരുമെന്നുമാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഓൺലൈൻ ചാരിറ്റി പ്രചാരണത്തിലൂടെ 15 ലക്ഷത്തിൽ മുകളിൽ ഇതുവരെ വന്നിട്ടുണ്ടെന്നും കൃത്യമായി നോകിയിട്ടില്ല എന്നുമാണ് അദ്ദേഹം പറയുന്നുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ശരിവെച്ചാൽതന്നെ പൗരസമിതി മുൻകൈയെടുത്ത് ശരിയാക്കിയ നിലവിൽ സാമൂഹിക സുരക്ഷ മിഷന്റെ അഥവാ സർക്കാരിന്റെ 15 ലക്ഷവും, ഓൺലൈൻ ചാരിറ്റിയിലൂടെ ലഭിച്ച 15 ലക്ഷവും (അതിലും കൂടുതലാണോ കുറവാണോ എന്നറിയില്ല. ഇക്കാര്യത്തിൽ ഒരു ഒഴുക്കൻ മട്ടിൽ 15 ലക്ഷം വന്നു, നോകിയിട്ടില്ല എന്നാണ് രക്ഷിതാവ് പറയുന്നത് ), കൂടാതെ പൗരസമിതി പിരിച്ച 1 ലക്ഷത്തോളം രൂപയും കൂട്ടിയാൽ ഇപ്പോൾ തന്നെ 30 ലക്ഷത്തിൽ മുകളിൽ പണമായി കഴിഞ്ഞു.
ഓൺലൈൻ ചാരിറ്റിയിലൂടെ തങ്ങളുടെ അക്കൗണ്ടിൽ പണം ഗൂഗിൾ പെ വഴിയാണെന്ന് പറയുന്ന രക്ഷിതാവ് എത്ര പണം ഇതുവരെ ലഭിച്ചു എന്ന് അറിയില്ല എന്ന് ആദ്യം പറഞ്ഞതും പിന്നീട് ആവർത്തിച്ച് ചോദിച്ചപ്പോൾ 15 ലക്ഷം വന്നിട്ടുണ്ടാകും അറിയില്ല എന്ന് പറഞ്ഞതും അത്രകണ്ട് വിശ്വാസ യോഗ്യമായില്ല എന്ന് മാത്രമല്ല ആവശ്യം കഴിഞ്ഞ് ഒരു 10 ലക്ഷം ബാലൻസ് വരികയാണെങ്കിൽ ആ തുക താൻ മറ്റൊരു കുട്ടിയുടെ ചികിത്സക്ക് നൽകും എന്ന് അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യവും ശ്രദ്ദേയമാണ്.

കൂടാതെ നിങ്ങളുടെ ചികിത്സക്കുള്ള ആയല്ലോ എന്ന് ചോദിച്ചപ്പോൾ ആയി എന്നും ഇനി വേണമെങ്കിൽ ആ അക്കൗണ്ട് നിർത്താം എന്നും നിർത്താനുള്ള സമയമായി എന്നും അദ്ദേഹം പറഞ്ഞതും സംശയത്തിന് ഇടനല്കുനുണ്ട്‌. കാരണം ഓൺലൈൻ ചാരിറ്റി തട്ടിപ്പിൽ ഏറ്റവും കൂടുതൽ തട്ടിപ്പ്, കൊള്ള നടക്കുന്നത് ഈ രീതിയിലാണ്. രോഗിയോട് ആദ്യം തുക പറഞ് ഒരു അഗ്രിമെന്റിൽ എത്തും, ബ്ളാങ്ക് ചെക്ക് മേടിക്കും എന്നിട്ട് രോഗിയുടെ ബന്ധുക്കളുടെ അക്കൗണ്ട് നമ്പർ നൽകും. ആവശ്യത്തിൽ കൂടുതൽ തുക വന്നാലും ക്ളോസ് ചെയ്യില്ല. രോഗിക്കുള്ള തുക കഴിഞ്ഞുള്ള തുക ചാരിറ്റി ക്വോട്ടേഷൻ ഏറ്റെടുത്ത ചാരിറ്റിക്കാരന് കൊടുക്കണം. അയാൾ അത്‌ വേറെ ചാരിറ്റിക്ക് ഉപയോഗിക്കും (ഉപയോഗിക്കും എന്നതാണ് തട്ടിപ്പ് ) എന്നാണ് പുറത്ത് പറയുന്നത്. എന്നാൽ ആ തുക സ്വന്തം പോക്കറ്റുകളിലേക്ക് ചാരിറ്റി ബ്രോക്കറേജായി മാറ്റും.

മേൽപ്പറഞ്ഞ കേസിലും അടിമുടി സംശയമാണ്. രോഗിയുടെ നാട്ടിലെ പൗരസമിതി പൂർണ്ണമായും പിന്മാറിയത് എന്തിന്? സർക്കാരിന്റെ 15 ലക്ഷം കഴിഞ്ഞ് ബാക്കിയുള്ള 2 ലക്ഷം കണ്ടെത്തിയാൽ മതി എന്നിരിക്കെ 30 ലക്ഷം ആവശ്യമാണെന്നു കാണിച്ച് കുട്ടിയുടെ ഫോട്ടോകൾ സഹിതം ഓൺലൈൻ ചാരിറ്റിക്കാർ പ്രചരിപ്പിച്ചത് എന്തിന്? ഗൂഗിൾ പെയിലൂടെയാണ് പണം വരുന്നത് എന്ന് പറയുന്ന രക്ഷിതാവ് എന്തുകൊണ്ട് എത്ര പണം ഇതുവരെ വന്നു എന്ന് വ്യക്തമാകുന്നില്ല? ആവശ്യമായ പണം ആയിട്ടും എന്തുകൊണ്ട് ചാരിറ്റിക്കാർ അക്കൗണ്ട് ക്ളോസ് ചെയ്തില്ല? രോഗിയുടെ ആളുകൾ എന്തുകൊണ്ട് ഇക്കാര്യങ്ങൾ പൗരസമിതിയെ അറിയിച്ചില്ല? അമൃത ആശുപത്രിയിൽ നിന്നും മരുന്നുൾപ്പെടെ 17 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് ലഭിച്ചിട്ടും എന്തിന് 30 ലക്ഷം ആവശ്യമാണെന്ന് പ്രചരിപ്പിച്ചു?

15 ലക്ഷം സർക്കാരിൽ നിന്നും ലഭിച്ചിട്ടും 30 ലക്ഷം വേണം എന്ന ചാരിറ്റിക്കാരുടെ പ്രചരണം എന്തുകൊണ്ട് നിർത്തിയില്ല? രോഗിയെ കാണാതെയും, വിശദ വിവരങ്ങൾ ആരായാതെയും ചുരുങ്ങിയ പക്ഷം രോഗിയുടെ നാട്ടിലെ നാട്ടുകാരുടെ കമ്മറ്റിയെപോലും അറിയിക്കാതെ എങ്ങനെയാണ് ഓൺലൈൻ ചാരിറ്റിക്കാർ പണപ്പിരിവ് തുടങ്ങിയത്? 72 മണിക്കൂറിനുള്ളിൽ കുട്ടിയുടെ സർജ്ജറി വേണമെന്ന് പ്രചരിപ്പിച്ചത് എന്തിനാണ്? പൗര സമിതിതന്നെ പിരിച്ചുവിട്ടുകൊണ്ട് പരസ്യമായി രംഗത്ത് വന്നതുകൊണ്ട് മേല്പറഞ്ഞ സംഭവത്തിൽ ഒരു വ്യക്തത ഉണ്ടാകേണ്ടതുണ്ട്. മാസങ്ങൾ മാത്രം പ്രായമുള്ള രോഗിയായ കുട്ടിയുടെ ശസ്ത്രക്രിയയും, ചികിത്സയും ഏത് സാഹചര്യത്തിലും നടക്കണം ആർക്കും സംശയമില്ല, എല്ലാവരും സഹായിക്കണം.

എന്നാൽ തെറ്റായ ചികിത്സ ചിലവും, എസ്റ്റിമേറ്റുമൊക്കെ പ്രചരിപ്പിച്ചുകൊണ്ട് ഒരേ കാര്യത്തിന് നിരവധി സംഘങ്ങളും, വ്യക്തികളും പിരിവ് നടത്തുന്നതും, അതോടൊപ്പം സർക്കാരിൽ നിന്നും ലക്ഷങ്ങൾ മേടിച്ചെടുക്കുന്നതും അന്വേഷണ വിധേയമാക്കണം. രോഗികളെ പറ്റിച്ചെന്നും, കമ്മീഷൻ മേടിച്ചെന്നും ലക്ഷങ്ങൾ തട്ടിപ് നടത്തിയെന്നും ആരോപണ പ്രത്യാരോപണങ്ങൾ നിലനിൽക്കെയാണ് അതിൽ ഉൾപ്പെട്ട ചില ആളുകൾ ഇത്തരം അനധികൃത പിരിവും തട്ടിപ്പുകളുമായി ഇറങ്ങിയിട്ടുള്ളത് എന്നതും ദുരൂഹമാണ് .കൊറോണ വ്യാപിച്ച രണ്ട് മാസമായിട്ട് രോഗികൾ ചാരിറ്റികാർ ഇല്ലാതെ ഓപ്പറേഷൻ നടക്കാതെ മരിച്ചു പോയോ ഇല്ല.. പിന്നെ എങ്ങിനെയാണ് ഓൺലൈൻ വ്യാജ ചാരിറ്റിക്കാർ 24 മണിക്കൂറിനകം ഓപറേഷൻ നടത്തിയില്ലെങ്കിൽ മരിക്കുമെന്ന് പറഞ്ഞ് വീഡിയോ ചെയ്തുകൊണ്ട് കോടികൾ പിരിക്കുന്നത്? ഒരു പാൻ കാർഡുപോലുമില്ലാതെ 200 കോടികൾ വരെ പിരിച്ചു എന്ന് പരസ്യമായി പറഞ്ഞ ഓൺലൈൻ ചാരിറ്റിക്കാർ ഉൾപ്പെടെ നിരവധി പറ്റിക്കൽ സംഘങ്ങൾ കൊറോണക്കാലത്തും പ്രവാസികളെ കൊള്ളയടിച്ചു എന്ന് വ്യക്തമാണ്.

പുണ്യ റംസാൻ മാസമായതിനാൽ തന്നെ ദാനം പുണ്യമാണെന്നും, ദൈവാനുഗ്രഹം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നവരും പ്രവാസികളും ഇത്തരം ചാരിറ്റി വാർത്തകൾ കേട്ടപാതി കേൾക്കാത്തപാതി നാട്ടിലേക്ക് പണം അയച്ചുകൊണ്ടിരിക്കുകയാണ് എന്നതും തട്ടിപ്പിന് കളമൊരുങ്ങാൻ കാരണമായിട്ടുണ്ട്. എന്തായാലും മുകളിൽ സൂചിപ്പിച്ച സംഭവം ഉൾപ്പെടെ പൊതുജനങ്ങൾ തെളിവുകളോടെ കൈമാറിയ ചാരിറ്റി തട്ടിപ്പുകൾ നാളെ ആരോഗ്യമന്ത്രിയെയും, സാമൂഹിക സുരക്ഷ മിഷനെയും, നേരിട്ട് വിളിച്ചും, പരാതിയിലൂടെയും അറിയിക്കും. ചാരിറ്റിക്കാരുടെ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണ വീഡിയോകളും, ഫെയിസ്ബുക്ക് ലൈവുകളും സഹിതം മുഖ്യമന്ത്രിയുടെ ഓഫീസിനെയും, പോലീസിനെയും ഇക്കാര്യങ്ങൾ അറിയിക്കും.

ചാരിറ്റി തട്ടിപ്പിനെതിരെ 2019 ഒക്ടോബറിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ പരാതിയിലെ നടപടികളും ചൂണ്ടികാണികും. നാളെ ബന്ധപ്പെട്ട അധികൃതരുമായി സംസാരിച്ച ശേഷം കൂടുതൽ കാര്യങ്ങൾ എഴുതാം. ഏതെങ്കിലും ചാരിറ്റി തട്ടിപ്പുമായി ബന്ധപ്പെട്ട വസ്തുനിഷ്ഠമായ കാര്യങ്ങൾ അറിയുന്നവർ ഈ പോസ്റ്റിൽ കമന്റ് ചെയ്യാം. വിശദ വിവരങ്ങൾ പേഴ്‌സണലായി അയച്ചു നൽകാം. അറിയിക്കുന്നവരുടെ വിവരങ്ങൾ തീർത്തും സുരക്ഷിതമായിരിക്കും. വസ്തുതകൾ ഇങ്ങനെയാണെങ്കിലും മേൽപ്പറഞ്ഞ കുട്ടിയുടെ സർജറി വിജയകരമായി നടക്കുമെന്ന് സർക്കാരും, പൗരസമിതിയും ഉൾപ്പെടെ ഉറപ്പുവരുത്തണം കാര്യത്തിൽ ആവശ്യമായ എല്ലാ പിന്തുണയും ഉണ്ടാകും.

സത്യസന്ധമായി പല പാവങ്ങൾക്കും കൈത്താങ്ങായി മാറുന്ന ഒരുപാട് നിസ്വാർത്ഥ ചാരിറ്റി പ്രവർത്തകരെപ്പോലും ആളുകൾ സംശയത്തോടെ കാണാൻ ഇത്തരം എഴുത്തുകൾ കാരണമായേക്കാം, പാവങ്ങൾക്ക് കിട്ടുന്ന സഹായം ചിലപ്പോൾ ഇല്ലാതായേക്കാം എന്നൊക്കെ മനസ്സിലാക്കുന്നതിൽ അതിയായ ദുഖമുണ്ട്. എങ്കിലും വലിയ പൊതുതാത്പര്യവും, ഒരുപാട് പ്രവാസികളുടെ കണ്ണീരും ഇതിലുണ്ട് എന്നതിനാൽ പറയാതിരിക്കാൻ വയ്യ ❗️

 

Advertisements