വയനാടിനെ കാർന്നു തിന്നുന്ന റിസോർട്ട് മാഫിയ മനുഷ്യ ജീവന് വിലയിടുമ്പോൾ

  115

  അഡ്വ ശ്രീജിത്ത് പെരുമന

  വയനാടിനെ കാർന്നു തിന്നുന്ന റിസോർട്ട് മാഫിയ മനുഷ്യ ജീവന് വിലയിടുമ്പോൾ ❗️

  വയനാട്ടിലെ മേപ്പാടിയിൽ സ്വകാര്യ റിസോർട്ടിലെ ടെന്റിൽ താമസിക്കുമ്പോൾ കാട്ടാനയുടെ ആക്രമണത്തിൽ 26 വയസ്സുകാരിയായ വിനോദ സഞ്ചാരി മരണപെട്ടു എന്ന അതീവ ദുഖകരമായ വർത്തയോടൊപ്പം അവരുടെ ദാരുണ മരണത്തി അനുശോചിച്ചുകൊണ്ട് ചില വസ്തുതകൾ പറയാതെ പോകുക വയ്യ..

  വയനാട്ടിലെ അനധികൃത റിസോർട്ടുകൾ /ഹോംസ്റ്റെകൾ തുടങ്ങിയവയ്‌ക്കെതിരെ കഴിഞ്ഞ പത്ത് വർഷക്കാലമായി ഒറ്റയാൾ പോരാട്ടം നടത്തുന്ന ഒരാളെന്ന നിലയിൽ പറയട്ടെ ഇപ്പോൾ നടന്ന ദാരുണ സംഭവത്തിന്റെ ഉത്തരവാദികൾ ജില്ലയിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും, പഞ്ചായത്ത്‌ പോലീസ് സംവിധാനങ്ങളും, റിസോർട്ട് മാഫിയകളുമാണ് എന്നതിൽ യാതൊരു സംശയവുമില്ല.
  വനാതിർത്തികളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് NOC നൽകരുതെന്ന ഉത്തരവ് നിലനിൽക്കെയാണ് കൂണുകൾ പോലെ ഫോറസ്റ്റ് ഭൂമി ഉൾപ്പെടെ കയ്യെറിക്കൊണ്ട് അനധികൃത റിസോർട്ട് വ്യവസായവും മൃഗ വേട്ടയും, അനധികൃത സഫാരികളും പൊടിപൊടിക്കുന്നത്.
  ഇത്തരം അനധികൃത പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്ന ഫോറസ്റ്റ് പഞ്ചായത്ത്‌ അധികൃതർ കെട്ടിടങ്ങൾക്ക് പുറമെ വനാതിർത്തികളിൽ ടെന്റ് ഉൾപ്പെടെ കെട്ടി അനധികൃത മാഫിയ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുകയാണ്.

  റിസോർട്ടുകളുടെ മറവിൽ വയനാട്ടിൽ നടക്കുന്ന മാഫിയ പ്രവർത്തനങ്ങൾക്കെതിരെ സത്യസന്ധമായി പോരാടാൻ സാധിച്ചതിന്റെ ഫലമാണ് ഇന്ന് സംഭവിച്ചതുപോലുള്ള ദാരുണ സംഭവങ്ങളുടെ എണ്ണം കുറഞ്ഞത് എന്നതിൽ ഏറെ ചാരുഥാർഥ്യമുണ്ട്.വനാതിർത്തികളിലെ അനധികൃത റിസോർട്ടുകൾ അടച്ചുപൂട്ടണം എന്ന ആവശ്യവുമായി ഒറ്റയാൾ പോരാട്ടത്തിനിറങ്ങിയ എനിക്ക് വധ ഭീഷണികൾ ഉൾപ്പെടെ കായികമായ അതിക്രമങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് എന്നതും കൂട്ടി ചേർക്കട്ടെ.കഴിഞ്ഞ കാലങ്ങളിൽ തുടങ്ങിവെച്ച് ഇപ്പോഴും പോരാട്ടം തുടരുന്ന വിഷയങ്ങൾ ഈ പോസ്റ്റിനോടൊപ്പം ചേർക്കുന്നു. കണ്ണുള്ളവർ തുറന്നു കാണട്ടെ…ഉത്തരവാദിത്വമുള്ള വിനോദസഞ്ചരിയാകാൻ നാം ഓരോരുത്തരും ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം വലിയ വില നൽകേണ്ടിവരും.

  വയനാട്ടിൽ വിനോദ സഞ്ചരിയായ യുവതിയെ കൊലപ്പെടുത്തിയത് അക്ഷരാർത്ഥത്തിൽ ആനയല്ല. മറിച്ച് വനത്തിൽ നിന്നും 10 മീറ്റർ പോലും അകലമില്ലാതെ അനധികൃത ടെൻറ്റുകളും, കെട്ടിടങ്ങളും നിർമ്മിച്ച് യാതൊരുവിധ ലൈസൻസുകലുമില്ലാതെ കച്ചവടം നടത്തുന്ന മാഫിയകളും ഇവർക്ക് ഓശാന പാടുന്ന സർക്കാർ സംവിധാനങ്ങളുമാണ്.കൃഷിയുടെ പേരിലും, റിസോർട്ടിന്റെ പേരിലുമെല്ലാം മിണ്ടാപ്രണികളായ വന്യമൃഗങ്ങളുടെ നെഞ്ചത്തേക്ക് കയറുന്ന അഭിനവ മനുഷ്യ സ്നേഹികൾ അറിയണം ഞങ്ങളുടെ ഈ ജീവിതാനുഭവം ✍️

  വയനാട് വന്യജീവി സങ്കേതത്തിനുള്ളിൽ, നാഗർഹൊളെ കടുവ സാങ്കേതിന്റെ അതിർത്തിയിൽ, കബനീ റിസർവോയറിന്റെ കരയിൽ അതായത് എല്ലാ ഭാഗവും വനത്താൽ ചുറ്റപ്പെട്ട വന്യജീവി സങ്കേതത്തിന്റെ ഉള്ളിൽ സർക്കാർ പുറമ്പോക്ക് ഭൂമിയിൽ ജനിച്ചു ജീവിച്ച ഒരാളാണ് ഞാൻ. ജനിച്ചത് മുതൽ സഹവാസം വന്യമൃഗങ്ങളോടൊപ്പമാണെന്ന് പറയാം. വൈദ്യുതി ഇല്ല, മണ്ണെണ്ണ വിളക്ക് മാത്രം…..വീടും കാടും തമ്മിലുള്ള ദൂരം പത്തോ ഇരുപതോ മീറ്ററുകൾ മാത്രം.ൽ വെറും കാടല്ല വന്യജീവി സങ്കേതം, ആന ഒന്ന് തുമ്മിയാൽ തെറിച്ച് പോകുന്ന പുല്ല് മേഞ്ഞ വീട്. കാടിനുള്ളിൽ കൃഷി സ്ഥലം… സ്കൂളിൽ പോയത് കിലോമീറ്ററുകൾ ആനക്കാട്ടിലൂടെ നടന്നുകൊണ്ട്….., ആനയും പുലിയും മാനും കുരങ്ങും, കരടിയും വീടിന്റെ മുറ്റത്ത് വരാത്ത ദിവസങ്ങൾ ചുരുക്കം….

  ഏറ്റവും അടുത്ത ചെറിയ ടൗണിലേക്ക് ഞങ്ങൾ നടന്നുപോകുന്നത് കാട്ടിലൂടെ… ഇരുട്ടായാൽ ചെറിയ പാടത്ത് കെട്ടിയ മാടത്തിൽ അഥവാ ട്രീ ഹൌസിൽ മൃഗങ്ങൾക്ക് കാവൽ കിടക്കും….. മൃഗങ്ങൾ ഇറങ്ങിയാൽ പാട്ട കൊട്ടിയും, തീയിട്ടും, ശബ്ദം ഉണ്ടാക്കിയും ഓടിക്കും… ഒരു കല്ലെടുത്ത് എറിയുക പോലുമില്ല. അതുകൊണ്ടുതന്നെ ആന ഉൾപ്പെടെയുള്ള മൃഗങ്ങൾ ഞങ്ങളോടും പ്രതിപക്ഷ ബഹുമാനത്തോടെ തന്നെയാണ് പെരുമാറിയത്. വീടിന്റെ അടുക്കളയിൽ വെച്ച ചക്കയും പച്ചക്കറികളും പോലും ആന വന്ന് കൊണ്ടുപോകും. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയിൽ കടന്നു കയറി ജീവിക്കുന്നു എന്ന് ഉത്തമ ബോധ്യമുള്ള അച്ഛനും, അമ്മയും ഞങ്ങൾ പ്രദേശ വാസികളെല്ലാവരും ഒരിക്കലും മൃഗങ്ങളെ ശല്യമായി കണ്ടിരുന്നില്ല എന്നതാണ് സത്യം….

  ഓർമ്മവച്ച കാലം മുതൽ ആനമുതൽ എല്ലാ വന്യജീവികളും സഹജീവികളാണെന്ന ബോധ്യത്തോടെയാണ് വളർന്നത്.ഭൂമിപോലും സ്വന്തമല്ലാതിരുന്ന ഞങ്ങളെ അപൂർവ്വമായി മാത്രമാണ് പാമ്പുകൾ പോലും കടിച്ചിട്ടുള്ളത്.അപ്രതീക്ഷിതമായി ആനയുടെയോ, കടുവയുടെയോ, മുതലയുടെയോ മുന്നിൽപെടുന്നവരെ അവ ആക്രമിക്കും എന്നതൊഴിച്ചാൽ അപകടങ്ങൾ നന്നേ കുറവായിരുന്നു…. ഒരു അപകടത്തിൽ പോലും മൃഗങ്ങൾ മാത്രം കുറ്റക്കാരായിരുന്നിട്ടുമില്ല.

  വിദ്യാഭ്യാത്തിനും മറ്റുമായി പിന്നീട് പറിച്ചു നടലുകൾ നടന്നപ്പോഴും സ്വന്മായി ഭൂമി മേടിച്ചപ്പോഴും കാട്ടിൽ നിന്നും വേർപെട്ട് പോകാൻ ഞങ്ങൾക്കാകുമായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് ഇപ്പോഴും വന്യജിവി സങ്കേതത്തിന്റെ, കാടിന്റെ നൂറു മീറ്റർ അകലെ വീട് വെച്ച് ജീവിക്കുന്നത്…. കാലം ഇത്ര കഴിഞ്ഞിട്ടും ഇപ്പോഴും മാനും, പന്നിയും, ആനയും, പുലിയും, കാട്ടുപോത്തും വീടിന്റെ മതിലിന്റെ ഉള്ളിലും, പറമ്പിലുമൊക്കെ മിക്കപ്പോഴും ഉണ്ടാകും സദാ ജാഗ്രതയിൽ ഞങ്ങളും…

  കാലം മാറി, അന്നത്തെ കാടുകളിൽ പലതും ഇന്നത്തെ നഗരങ്ങളും, വീടുകളുമായി.സ്വാഭാവിക വനങ്ങൾ തേക്ക് പ്ലാന്റേഷനുകളായി മാറി…. വനത്തോട് ചേർന്ന് കൂറ്റൻ കെട്ടിടങ്ങളും റിസോർട്ടുകളും ഉയർന്നുവന്നു… ഭക്ഷണവും വെള്ളവുമില്ലാതെ മൃഗങ്ങക്ക് നാട്ടിലേക്ക് ഇറങ്ങേണ്ടി വന്നു.നാട്ടിലിറങ്ങിയ മൃഗങ്ങളുടെ മുൻപിൽ അകപ്പെട്ടവരെ മൃഗങ്ങൾ ആക്രമിക്കുന്ന സാഹചര്യങ്ങളുണ്ടായി.സമരവും കൊടിപിടിക്കലുമായി ബ്രാക്കറ്റ് പാർട്ടികൾ ഉൾപ്പെടെ രംഗത്ത് വന്നൂ….മനുഷ്യൻ കാട് കയ്യേറിയതാണെന്ന തിരിച്ചറിവിൽ വൈദ്യുത വേലി കെട്ടിയും, പടക്കം പൊട്ടിച്ചും കാവലിരുന്നും ജനങ്ങളെയും, മൃഗങ്ങളെയും സംരക്ഷികേണ്ട അവസ്ഥയിലേക്ക് സ്റ്റേറ്റ് എത്തി.

  കൊടിപിടിക്കാനറിയാത്ത, വോട്ട് ബാങ്കല്ലാത്ത മൃഗങ്ങൾക്ക് വേണ്ടി സംസാരിക്കാൻ മനുഷ്യരിൽ ചുരുക്കം ചില ആളുകളെ ബാക്കിയായുള്ളൂ.കോർപ്പറേറ്റുകൾക്ക് മുന്നിൽ സർക്കാരും മുട്ടുമടക്കിയപ്പോൾ പ്ലെഷറിന് അഥവാ ആനന്ദത്തിന് വേണ്ടി പോലും കാടുകളിലേക്ക് കടന്നു കയറി മനുഷ്യർ ആന്ദന്ദ നൃത്തമാടി. റിസോർട്ട് കച്ചവടത്തിൽ കോർപ്പറേറ്റുകൾ കോടികൾ കൊയ്തു..ആനയെ വെടിവെച്ച് രസിക്കാമെന്നും, കടുവയെ പിന്തുടരാമെന്നും സഞ്ചാരികൾക്ക് വാഗ്ദാനങ്ങൾ നൽകി മാഫിയകൾ രംഗത്തെത്തി…. ശക്തമായ നിയമങ്ങളെ നോക്കുകുത്തിയാക്കി ആനകളും, കടുവകളും ഇതര മൃഗങ്ങളും വേട്ടയ്ക്കിരയായി…പ്രകൃതിയുടെ സന്തുലിതാവസ്ഥ തകരുന്ന നിലയിലേക്ക് വരെ എത്തി… അതുകൊണ്ടുതന്നെ, ഒരു സുപ്രഭാതത്തിൽ വന്യമൃഗങ്ങളെ രക്ഷിക്കാനുള്ള വെളിപാടുണ്ടായി ഇറങ്ങി തിരിച്ചതല്ല. ആനക്കാട്ടിൽ ജനിച്ചുവളർന്നവനാണ്. മിണ്ടാപ്രാണികൾക്ക് വേണ്ടി ശബ്ദമുയർത്തുന്നത് ആരെയെങ്കിലും ബോധ്യപ്പെടുത്താനല്ല. കഴിഞ്ഞ കാലങ്ങളിൽ നടത്തിയ ഇടപെടലുകളും പ്രചോദനമാണ്. അതുകൊണ്ടുതന്നെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള റിസോർട്ട് / മൃഗ/ഭൂ മാഫിയകളുടെ ശ്രമം അങ്ങു കയ്യിൽ വെച്ചാമതി. ഇതിനേക്കാൾ ബല്യ വെള്ളിയാഴ്ച വന്നിട്ട് ബാപ്പ പള്ളീൽ പോയിട്ടില്ല. എന്നിട്ടാണിപ്പോൾ.