ATM ൽ നിന്നും പണം ലഭിച്ചില്ല, പക്ഷെ അക്കൗണ്ടിൽ നിന്നും പണം പോയി, ബാങ്കിനെത്തിരെ നിയമനടപടി സ്വീകരിക്കുന്നതെങ്ങനെ

394

Adv Sreejith Perumana എഴുതുന്നു

“ATM ൽ നിന്നും പണം ലഭിച്ചില്ല, പക്ഷെ അക്കൗണ്ടിൽ നിന്നും പണം പോയി ” നമ്മളിൽ പലർക്കും ഒരിക്കലെങ്കിലുമുള്ള അനുഭവമായിരിക്കും ഇത്.

ATM തകരാറുമൂലം ഇടപാടുകാരാണ് പണം ലഭിക്കാതിരിക്കുകയും, എന്നാൽ പണം ബാങ്ക് അക്കൗണ്ടിൽ നിന്നും ഡെബിറ്റ് ആകുകയും ചെയ്‌താൽ അത് ബാങ്കിൻറെ സേവനങ്ങളിലുള്ള വീഴ്ചയാണെന്നും/ന്യുനതയാണെന്നും അത്തരം സാഹചര്യങ്ങളിൽ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അര്ഹതയുണ്ടെന്നും ഹൈദ്രബാദ് കൺസ്യുമർ ഫോറത്തിന്റെ സുപ്രധാന വിധി. പരാതിക്കാരനുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്കും, സമയ നഷ്ട്ടത്തിനുമാണ് 1 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്

10000 രൂപ ATM ൽ നിന്നും പിൻവലിക്കവേ മെഷീൻ തകരാറുമൂലം പണം ലഭിക്കാതിരിക്കുകയും എന്നാൽ ബാങ്ക് അക്കൗണ്ടിൽ നിന്നും ഡെബിറ്റ് ആകുകയും ചെയ്തതിനെ തുടർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ ഉദാരു സർവിതമാ റെഡ്ഢി എന്നയാൾ നൽകിയ പരാതിയിലാണ് ബാങ്ക് കസ്റ്റമർക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.

എന്നാൽ സാങ്കേതിക തകരാറുമൂലം ലഭിക്കാതിരുന്ന പണം കസ്റ്റമർക്ക് 20 ദിവസങ്ങൾക്കുള്ളിൽ തിരികെ കിട്ടിയിരുന്നു എന്ന് ബാങ്ക് വാദിച്ചെങ്കിലും കൺസ്യുമർ ഫോറം അംഗീകരിച്ചില്ല. പണം തിരികെ ലഭിക്കാനുണ്ടായ കാലതാമസം സേവനത്തിലെ ന്യുനതയാണ് കണ്ടെത്തി.
ബാങ്കിങ് ഓംബുഡ്‌സ്മാനും കസ്റ്റമർ പരാതി നൽകിയിരുന്നു.

വാൽ: സമാന അനുഭവമുണ്ടാകുന്ന അവസരങ്ങളിൽ നമ്മളും ഇത്തരത്തിൽ ബാങ്കുകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ തയ്യാറായാൽത്തന്നെ ഒരു പരിധിവരെ പൊതുമേഖലാ ബാങ്കുകളുടെ ഉപഭോക്താക്കളോടുള്ള നിഷേധാത്മക സമീപനത്തിന് മാറ്റം വരുത്താൻ സാധിക്കും.

പരാതി നൽകേണ്ട വിധം:-

പരാതി വെള്ളക്കടലാസിൽ എഴുതി നൽകിയാൽ മതിയാകും. പരാതിക്കാരന്റെ വിലാസം എതിർകക്ഷിയുടെ (കച്ചവടക്കാരൻ/സേവനദാതാവ്) വിലാസം എന്നിവ രേഖപ്പെടുത്തിയിരിക്കണം. ഉത്പന്നം വാങ്ങിയതിന്റെ വിശദവിവരങ്ങൾ പരാതിയിൽ രേഖപ്പെടുത്തണം. ഉല്പന്നത്തിന് നിലവാരക്കുറവ്‌, കേടുപാട്, പ്രവർത്തനരാഹിത്യം, മായം തുടങ്ങി എന്താണോ ഉപഭോക്താവിന് തർക്കമായിട്ടുള്ളത് അവ അല്ലെങ്കിൽ അയാൾ തേടിയ സേവനത്തിന്റെ ന്യൂനത എന്താണോ അത് പരാതിയിൽ രേഖപ്പെടുത്തണം. ഉപഭോക്താവ് ആവശ്യപ്പെടുന്ന നിവർത്തികളും എഴുതാം.

ജില്ലാ ഫോറത്തിൽ പരാതികൾ സമർപ്പിക്കുന്നത് ഉപഭോക്തൃ നിയമത്തിന്റെ 12-ം വകുപ്പ് പ്രകാരമാണ്. പരാതിയോടൊപ്പം നിശ്ചിത ഫീസും നൽകേണ്ടതുണ്ട്. 1 ലക്ഷം രൂപവരയുള്ള പരാതികൾക്ക് 100 രൂപയും 1 ലക്ഷം മുതൽ 5 ലക്ഷം രൂപയ്ക്കു താഴെവരെയുള്ളതിന് 200 രൂപയും 5 ലക്ഷം മുതൽ 10 ലക്ഷത്തിന് താഴെവരെയുള്ളതിന് 400 രൂപയും 10 ലക്ഷം മുതൽ 20 ലക്ഷത്തിന് താഴെ വരെയുള്ളതിന് 500 രൂപയും ഫീസ് നൽകണം. അതിന് മുകളിൽ 50 ലക്ഷം വരെ 2000, 1 കോടി വരെ 4000, 1 കോടിക്ക് മുകളിൽ 5000 എന്നിങ്ങനെയും ഫീസ് നൽകണം. ദാരിദ്ര്യ രേഖക്ക് താഴെയുള്ള അന്ത്യോദയ അന്നയോജന കാർഡുള്ളവർക്ക് 1 ലക്ഷം രൂപ വരെയുള്ള പരാതികൾക്ക് യാതൊരു ഫീസും നൽകേണ്ടതില്ല. എതിർകക്ഷികൾക്ക് അയയ്കുന്നതിനായി പരാതിയുടെ കോപ്പികളും പരാതിക്കാരൻ അവലംബിക്കുന്ന തെളിവുകളെന്തെങ്കിലുമുണ്ടെങ്കിൽ അവയും (രസീത്, ബില്ല്, കരാർ മുതലായവ) പരാതിക്കൊപ്പം ഹാജരാക്കാം. പരാതിക്കൊപ്പം രേഖകളുടെ ഫോട്ടോസ്റ്റാറ്റ് ഹാജരാക്കിയാൽ മതി. അസ്സൽ പിന്നീട് ഹാജരാക്കിയാൽ മതി.

ഉത്പന്നത്തിന്റെ കേടുപാടുകൾ പരിഹരിച്ച് നൽകുവാനും ഉപയോഗശൂന്യമായവ മാറ്റി പുതിയത് നൽകാനും വാങ്ങിയ വില തിരികെ നൽകുവാനും ഏതെങ്കിലും തരത്തിൽ നഷ്ടമുണ്ടാകുകയാണെങ്കിൽ ആയതിന് നഷ്ടപരിഹാരം നൽകുവാനും നിർദ്ദേശിക്കുന്നതിനുള്ള അധികാരം ഉപഭോക്തൃ ഫോറങ്ങൾക്കുണ്ട്.

സമാന രീതിയിൽ സേവനങ്ങൾക്ക് എന്തെങ്കിലും പോരായ്മവന്നാൽ അതിനുള്ള കഷ്ടനഷ്ടങ്ങൾ നൽകാൻ സേവനദാദാവ് ബാധ്യസ്ഥരാണ്. ഇവിടെ സർവീസ് ചാർജ്ജുകൾ ഉൾപ്പെടെയുള്ള പണം നൽകിയാണ് നമ്മൾ ഒരു ബാങ്കിന്റെ സേവനം ഉപയോഗപ്പെടുത്തുന്നത് എന്നതിനാൽ ബാങ്കിന്റെ ഭാഗത്തു നിന്നും ലഭിക്കുന്ന ഏതെങ്കിലും സേവനത്തിൽ ന്യുനതകൾ ഉണ്ടായാൽ കഷ്ടനഷ്ടങ്ങൾ നൽകാൻ ബാങ്ക് ബാധ്യസ്ഥമാണ്.

ഈ ഉത്തരവുകൾ ലംഘിക്കപ്പെട്ടാൽ അറസ്റ്റ് ചെയ്ത് ജയിലിലേക്കയയ്ക്കുവാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.

ATM കൗണ്ടറുകളിൽ നേരിടുന്ന ഇത്തരം സാങ്കേതിക തകരാറുകൾക്കും അതിനു ശേഷം പണം ഉൾപ്പെടെ തിരികെ ലഭിക്കാൻ എടുക്കുന്ന സമയനഷ്ടത്തിനും നമുക്ക് നഷ്ടപരിഹാരം ലഭിക്കാൻ അവകാശമുണ്ട് എന്ന് മേൽപ്പറഞ്ഞ വിധി ഉദാഹരണമാണ്.

വ്യക്തികൾക്ക് നേരിട്ടോ, കൂട്ടായോ, അംഗീകൃത ഉപഭോക്തൃ സംഘടനകൾക്കോ പരാതികൾ നൽകാവുന്നതാണ്.

അഡ്വ ശ്രീജിത്ത് പെരുമന

Image may contain: text

No photo description available.