ബിനീഷ് ഒന്ന് സൂക്ഷിക്കണം, മലയാളികളെ തന്നെ

245

അഡ്വ ശ്രീജിത്ത് പെരുമന

നെഗറ്റിവ് സംഭവങ്ങളിൽ ഉൾപ്പെടെയുന്നവരെ ആഘോഷിക്കുന്ന മലയാളിയുടെ അതിവൈകാരികത ബിനീഷിനുതന്നെ തലവേദനയായി മാറും

#ബാസ്റ്റിനോടൊപ്പം.. പക്ഷെ, സോഷ്യൽമീഡിയ ആൾക്കൂട്ടത്തെയും സൂക്ഷിക്കണം !

“എനിക്ക് വിദ്യാഭ്യാസമില്ല, കൂലിപ്പണിക്കാരനാണ് ” എന്ന് പരസ്യമായി പ്രഖ്യാപിച്ചതിനാൽ നാട്ടുനടപ്പുപ്രകാരം ബിനീഷ് ബാസ്റ്റിൻ ഒരു ഔദ്യോദിക “നെന്മ മെരം” ആയിക്കഴിഞ്ഞിരിക്കുന്നു. നാളെ മുതൽ ചില മുതലാളിമാർ ഗൾഫ് വിസയുമായി വീട്ടിലെത്തും. ട്രക്കുകളിലും, കാറുകളിലെ നമ്പർ പ്ളേറ്റിനോട് ചേർന്നും ബിനീഷ് ഏട്ടന്റെ സ്റ്റിക്കറുകൾ പതിപ്പിക്കേണ്ടതാണ് എന്ന് മോട്ടോർ തൊഴിലാളി യൂണിയനുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രത്യേക നെന്മ മെര പ്രോമോ ആൽബം ഷൂട്ടിങ് ഫാൻസുകാർ ഉടൻ ആരംഭിക്കേണ്ടതാണ്. സംസ്ഥാന സർക്കാർ എത്രയും പെട്ടന്ന് ബ്രാൻഡ് ന്യു ഇന്നോവ ക്രിസ്റ്റ ബാസ്‌റ്റിന്‌ അനുവദിക്കേണ്ടതാണ്. ”

വാൽ ; ബാസ്‌റ്റിന്‌ നേരിടേണ്ടിവന്ന വംശീയ അധിക്ഷേപം അങ്ങേയറ്റം അപലപനീയവും, മനുഷ്യവകാശ ലംഘനവുമാണ്. അദ്ദേഹത്തിന് പരാതിയുള്ള പക്ഷം സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന് നടപടിയെടുക്കാം. കൂടാതെ മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെടാം. ബാസ്റ്റിനുമായി വേദി പങ്കിടാനാകില്ല എന്ന സംവിധായകൻ അനിലിന്റെ നിലപാട് അംഗീകരിച്ച കോളേജ് പ്രിനിസിപ്പളും, വിദ്യാർത്ഥി യൂണിയന്റെ ഭാരവാഹികളും അദ്ദേഹത്തോട് നിരുപാധികം മാപ്പു പറയേണ്ടതാണ്. ഇക്കാര്യങ്ങളിലൊന്നും തർക്കമില്ല.

എന്നാൽ ഇത്തരം നെഗറ്റിവ് സംഭവങ്ങളിൽ ഉൾപ്പെടെയുന്നവരെ ആഘോഷിക്കുന്ന മലയാളിയുടെ അതിവൈകാരികതയും, നെന്മ മെര വാഴ്ത്തുപാട്ടുകളും ബിനീഷിനുതന്നെ തലവേദനയായി മാറും എന്നതിൽ സംശയം വേണ്ട. സോഷ്യൽ മീഡിയ വാഴ്ത്തുപാട്ടുകളും, അതിരുകടക്കുന്ന ഓൺലൈൻ പിന്തുണകളും കാര്യങ്ങൾ വെടക്കാക്കി തനിക്കാകുന്ന സൈബർ ആൾക്കൂട്ടം നൽകുന്നഅപായ സൂചനകളാണ് എന്നത് സമീപകാല സൈബർ ചരിത്രം പരിശോധിച്ചാൽ മനസിലാകും. ദയനീയതകളിൽ നിന്നും, വിദ്യാഭ്യാസമില്ലാത്ത ആളാണെന്നു പറയുമ്പോഴും, കൂലിപ്പണിക്കാരനാണെന്നു പറയുമ്പോഴും വിജ്രംഭിച്ചുണരുന്ന മലയാളി ആൾക്കൂട്ടത്തിന്റെ ഒരുതരം സഹാനുഭൂതിയിൽ നിന്നുമാണ് താങ്കൾക്കുവേണ്ടിയുള്ള വാഴ്ത്തുപാട്ടുകൾ ഉണ്ടാകുന്നതാണ്. താങ്കളെ ഏറ്റവും ഉയർച്ചയിൽ കൊണ്ടുപോയി വെച്ച ശേഷം കൈവിട്ട് നിലത്തേക്കിടും, നിങ്ങൾ എവിടെ പതിക്കുന്നുവെന്നോ, പിന്നീട് ജീവിച്ചിരിക്കുന്നുണ്ടോ എന്നോ പോലും സോഷ്യൽ മീഡിയ ആൾക്കൂട്ടം അന്വേഷിക്കില്ല.

അതുകൊണ്ടുതന്നെ ആദരിദ്ര്യം പറഞ്ഞിട്ടോ, ജാതിയോ മതമോ പറഞ്ഞിട്ടോ സാമൂഹിക മാധ്യമങ്ങളിലൂടെ അമിതമായി ലഭിക്കുന്ന സഹാനുഭൂതി ഗുണത്തേക്കാൾ ഉപരി ദോഷമായി ഭവിക്കും എന്നോർമ്മപ്പെടുത്തിയതാണ്. വിദ്യാഭ്യാസമില്ല , കൂലിപ്പണിക്കാരനാണ് എന്നൊക്കെ സന്ദർഭികമായി താങ്കൾ പറഞ്ഞതിനെ അംഗീകരിക്കുകയും, പിന്തുണയ്ക്കുകയും ചെയ്യുന്നു പക്ഷെ സോഷ്യൽ മീഡയ ആൾക്കൂട്ടത്തിന്റെ സൈബർ പിന്തുണ കാണുമ്പോൾ അവ രണ്ടും ഒരലങ്കാരമായി കൊണ്ടുനടക്കുന്നതും, ആവർത്തിച്ചു പറയുന്നതും ആശാസ്യകരമല്ല എന്നും ഓർമ്മിപ്പിക്കുന്നു. വിദ്യാഭ്യാസമില്ലെങ്കിൽ ഇപ്പോൾ സിനിമയിലൊക്കെ വന്നില്ലേ ഇനിയെങ്കിലും വിദ്യാഭ്യാസം നേടാൻ ശ്രമിക്കണം. 95 അവയസ്സായ അമ്മൂമ്മ പത്താംക്ലാസ് പാസായി സർട്ടിഫിക്കറ്റ് മേടിച്ചു ഗിന്നസ് ബുക്കിൽ കയറിയ നാടാണിത്. പിന്നെ കൂലിപ്പണി . അതൊരു മോശം പണിയാണെന്ന പൊതുബോധത്തോടൊപ്പം നിൽക്കാൻ സാധിക്കില്ല. സിനിമ മേഖലയിൽ ഉൾപ്പെടെ കൂലിപണിയെടുക്കുന്ന ഒരുപാട് ആളുകളില്ലേ ?

അതുകൊണ്ടുതന്നെ എത്തിപ്പെടുന്ന മേഖലയിലെ അല്ലെങ്കിൽ ഏറ്റവും സംതൃപ്തിയുള്ള ജോലിയിൽ ഏറ്റവും ശോഭിക്കാനുള്ള ശ്രമങ്ങളാണ് താങ്കൾ നടത്തേണ്ടത് എന്നാണു എളിയ അഭിപ്രായം. അഭിനയ മേഖലയിൽ താങ്കൾ ഏറ്റവും ഉന്നതിയിലെത്തട്ടെ. താങ്കൾ നേരിട്ട ദുരനുഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതിനോടൊപ്പം എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്യുന്നു.

അഡ്വ ശ്രീജിത്ത് പെരുമന