സെൻസസിന്റെ ഭാഗമെന്ന പേരിൽ 2021 ജനസംഖ്യാ രജിസ്റ്ററിന്റെ മറവിൽ രാജ്യത്ത് പൗരത്വ രജിസ്റ്റർ നടപ്പിലാക്കി തുടങ്ങി

250
Adv Sreejith Perumana
സുഹൃത്തുക്കൾ ആവർത്തിച്ച് ഉന്നയിക്കുന്ന ചില സംശയങ്ങൾക്കുള്ള മറുപടികളാണ്.. അപ്രിയമാണെങ്കിലും അറിയാതെ പോകരുത് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പൗരത്വ രജിസ്റ്റർ നടപ്പിലാക്കി തുടങ്ങി.
സെൻസസിന്റെ ഭാഗമെന്ന പേരിൽ 2021 ജനസംഖ്യാ രജിസ്റ്ററിന്റെ മറവിൽ രാജ്യത്ത് പൗരത്വ രജിസ്റ്റർ നടപ്പിലാക്കി, പൗരത്വ നിയമത്തിലൂടെ കുടിയേറ്റ മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യൽ ആരംഭിച്ചു. മുഴുവൻ വായിക്കാതെ പോയാൽ വലിയ വില നൽകേണ്ടി വരും.
(2019 ജൂലൈ 30 നു കേന്ദ്രമാണ് ഇറക്കിയ ഉത്തരവിന്റെയും, NPR അപേക്ഷ ഫോറത്തിലെ നിയമവിരുദ്ധമായ ചോദ്യത്തിന്റെയും പകർപ്പുകൾ ഈ പോസ്റ്റിനോടൊപ്പം )
പൗരത്വ ഭേദഗതി നിയമവും CAB , NPR , NRC, NRIC, PR തുടങ്ങി വിവിധ രജിസ്റ്ററുകളും, ചട്ടങ്ങളുമെല്ലാം കേട്ടും, വായിച്ചും ആകെ അവിയൽ പരുവത്തിലായിരിക്കുന്ന ജനങ്ങൾ ഇതിലെ നെല്ലും പതിരും വേർതിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. സാമ്രാജ്യത്വ ഭരണകൂടത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിച്ചു ഭരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഗൂഡാലോചനകളെക്കുറിച്ചും, പിൻവാതിൽ ഇടപാടുകളെക്കുറിച്ചും പരിശോധിക്കാം.
1. രാജ്യം മുഴുവൻ NRC അഥവാ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുമോ
ഇല്ല. 1985 ലെ അസം ആക്കോർഡിന്റെ ഭാഗമായും, സുപ്രീംകോടതി വിധിയുടെ ഭാഗമായും നടപ്പിലാക്കിയതാണ് NRC അഥവാ പൗരത്വ രജിസ്റ്റർ. NRC ആസാമിൽ മാത്രമേ നടപ്പിലാക്കൂ. മറ്റു സംസ്ഥാനങ്ങളിൽ നടപ്പിലാക്കാൻ പോകുന്നത് NRIC അഥവാ National Register of Indian Citizens ആണ്.
2. എന്താണ് NRIC അഥവാ National Register of Indian Citizens
ഇന്ത്യയിലും, ഇന്ത്യക്ക് പുറത്തും ജീവിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങളടങ്ങിയ രജിസ്റ്ററാണ് NRIC . സംസ്ഥാന-ജില്ലാ-സബ് ജില്ലാ- ലോക്കൽ തുടങ്ങി നാല് കാറ്റഗറിയായി തിരിച്ചിട്ടുള്ള രജിസ്ട്രാർ ഓഫ് ഇന്ത്യൻ സിറ്റിസൺ ആണ് ഈ രജിസ്റ്റർ തയാറാക്കുക.
അനധികൃത പൗരന്മാരെ കണ്ടെത്തുന്നതിന് ആസാമിൽ നടപ്പിലാക്കിയ പൗരത്വ രജിസ്റ്ററിനു സമാനമായ പൗരത്വ രജിസ്റ്റർ തന്നെയാണ് NRIC . പക്ഷെ ആസാമിൽ അതിനെ NRC എന്നും, മറ്റു സംസ്ഥാനങ്ങളിൽ NRIC എന്നും അറിയപ്പെടുന്നു. തത്വത്തിൽ രണ്ടും ഒരേ ഉദ്ദേശത്തോടുകൂടെ കൂടെ നടപ്പിലാകുന്നതാണ്.
3. NRC/NRIC മറ്റു സംസ്ഥാനങ്ങളിൽ നടപ്പിലാക്കാൻ ഉത്തരവിട്ടിട്ടുണ്ടോ
ഉണ്ട്. Citizenship (Registration of Citizens and Issue of National Identity Cards) Rules, 2003 എന്ന നിയമത്തിലെ റൂൾ 3 സബ്‌റൂൾ (4) പ്രകാരം 2019 ജൂലൈ 31 നു കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവിൽ ആസാം ഒഴികെ രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളും ഓരോ വീടുകളിലും കയറി ജനസംഖ്യാ രജിസ്റ്റർ National Population Register (NPR) തയ്യാറാക്കണമെന്നും,1 ഏപ്രിൽ 2020 മുതൽ 30 സെപ്റ്റംബർ 2020 (7 മാസങ്ങൾ) നുളളിൽ പൂർത്തിയാക്കണമെന്നും വ്യക്തമാക്കുന്നുണ്ട്.
4. ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കാനല്ലേ ഉത്തരവ്, അതെങ്ങനെ NRIC /NRC അഥവാ പൗരത്വ രജിസ്റ്റർ നടപ്പിലാക്കലാകും
അവിടെയാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുതയുള്ളത്. 2003 ൽ രൂപീകരിച്ച Citizenship (Registration of Citizens and Issue of National Identity Cards) എന്ന ചട്ടങ്ങളിൽ റൂൾ 3 ലെ സബ് റൂൾ 4 പ്രകാരമുള്ള ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കാനാണ് കേന്ദ്രം 2019 ജൂലൈ 31 നു ഉത്തരവിട്ടത്. ഇതിൽ സബ് റൂൾ 4 പറയുന്നത് National Register of Indian Citizens” അഥവാ NRIC (പൗരത്വ രജിസ്റ്റർ ) തയ്യാറാക്കണമെന്നാണ്.
5. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ആസാമിന്‌ സമാനമായി പൗരത്വ രജിസ്റ്റർ നടപ്പിലാക്കി തുടങ്ങിയോ
ചുരുക്കി പറഞ്ഞാൽ 2019 ഡിസംബർ 12 നു പൗരത്വ ഭേദഗതി നിയമം കൊണ്ടുവരുന്നതിനും അഞ്ച് മാസങ്ങൾക്ക് മുൻപ് 2019 ജൂലൈ 31 നു കേന്ദ്ര സർക്കാർ ഉത്തരവിട്ടത് രാജ്യത്താകമാനം പൗരത്വ രജിസ്റ്റർ നടപ്പിലാക്കാനാണ്.
രാജ്യത്താകമാനം പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ ഉത്തരവിടുകയോ, ആലോചിക്കുകയോ ചെയ്തിട്ടില്ല എന്ന പ്രധാനമന്ത്രിയുടെയും , ആഭ്യന്തര മന്ത്രിയുടെയും വാദം പൂർണ്ണമായും തെറ്റാണ് എന്ന് ഈ രേഖകൾ തെളിയിക്കുന്നു.
6. എന്താണ് ആസാമിലെയും മറ്റു സംസ്ഥാനങ്ങളിലെയും പൗരത്വ രജിസ്റ്ററിലെ വ്യത്യാസം
ആസാമിൽ NRC ആയിരുന്നെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ അത് NRIC എന്ന പേരിലാണ് എന്നതുമാത്രമാണ് വ്യത്യാസം.
7. എന്താണ് National Population Register (NPR )അഥവാ ജനസംഖ്യാ രജിസ്റ്റർ
The Citizenship (Registration of Citizens and Issue of National Identity Cards) Rules, 2003 പ്രകാരം ഗ്രാമങ്ങളിലും, ഉൾഗ്രാമങ്ങളിലും, വാർഡുകളിലും, നഗരങ്ങളിലും, വില്ലേജുകളിലും താമസിക്കുന്ന ആളുകളുടെ വിശദ വിവരങ്ങൾ അടങ്ങുന്ന രജിസ്റ്ററാണ് ജനസംഖ്യാ രജിസ്റ്റർ.
8. National Population Register അഥവാ ജനസംഖ്യാ രജിസ്റ്ററും, NRIC പൗരത്വ രജിസ്റ്ററും തമ്മിൽ ബന്ധമുണ്ടോ
തീർച്ചയായും. തയ്യാറാക്കപ്പെട്ട ജനസംഖ്യാ രജിസ്റ്റർ, ലോക്കൽ രജിസ്ട്രാർ ഓഫ് ഇന്ത്യൻ സിറ്റിസൺ വിശദമായി പരിശോധിച്ച ശേഷം ആരുടെയെങ്കിലും പൗരത്വത്തിലോ, പൗരത്വ രേഖകളിലോ സംശയം തോന്നുന്നപക്ഷം അവരെ “Doubtful Citizenship” അഥവാ പൗരത്വം സംശയിക്കപ്പെടുന്നവർ” എന്ന നിലയിൽ മാറ്റുകയും സംശയകരമായ കാര്യങ്ങൾ രേഖപ്പെടുത്തി ജനസംഖ്യാ രജിസ്റ്റർ തയ്യാറാകുകയും ചെയ്ത ശേഷം “Doubtful Citizenship” സംശയകരമായ പൗരത്വമുള്ളവരുടെ കുടുംബങ്ങൾക്കും, വ്യക്തിക്കും പ്രത്യേക വേർതിരിച്ച് നോട്ടീസ് നൽകും.
നിലവിൽ കേന്ദ്ര ഗവണ്മെന്റ് ഉത്തരവിട്ട ജനസംഖ്യാ രജിസ്റ്ററിനുള്ള സെൻസസ് നടക്കുന്നത് ഓരോ വീടുകളിലും സന്ദർശനം നടത്തിയുള്ള ജനസംഖ്യാ കണക്കെടുപ്പാണ്. 2020 ഏപ്രിൽ 1 മുതൽ സെപ്റ്റബർ 30 നു ഉള്ളിൽ കണക്കെടുപ്പ് പൂർത്തിയാക്കാനാണ് ഉത്തരവ്.
Citizenship (Registration of Citizens and Issue of National Identity Cards) ചട്ടം 3 ലെ ഉപചട്ടം 5 പ്രകാരം NRIC (പൗരത്വ രജിസ്റ്റർ) തയ്യാറാക്കുന്നത് ജനസംഖ്യാ രജിസ്റ്റർ പരിശോധിച്ചിട്ടാകണം എന്ന് വ്യക്തമാക്കുന്നു. അതായത് ഇപ്പോൾ ജനസംഖ്യാ രജിസ്റ്റർ പൗരത്വ രജിസ്റ്ററിന്റെ ഭാഗമായിട്ടാണ് നടപ്പിലാക്കുന്നത്.
9. അനധികൃത പൗരന്മാരെ എങ്ങനെയാണു ജനസംഖ്യാ രജിസ്റ്ററിൽ കണ്ടെത്തുന്നത്
ലോക്കൽ രാജിട്രാറുമാർ വിദഗ്ധ പരിശോധനയ്ക്ക് ശേഷം കണ്ടെത്തുന്ന സംശയകരമായ ആളുകളുടെ വിവരങ്ങൾ “Doubtful Citizenship” എന്ന നിലയിൽ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും തുടർ അന്വേഷണം നടത്തുകയും ഉടൻ ബന്ധുക്കളെയും വ്യക്തിയേയും അറിയിക്കുകയും ചെയ്യും
10. “Doubtful Citizenship” സംശയകരമായ പൗരത്വമാണ് എന്ന് നിശ്ചയിക്കാനുള്ള മദണ്ഡമെന്താണ്
ഇതുവരെ പൊതുജനത്തിന് അറിയില്ല. സർക്കാരാണ് അക്കാര്യം തീരുമാനിക്കേണ്ടതും , പ്രസിദ്ധപ്പെടുത്തേണ്ടതും.
11. ഏതു രീതിയിലാണ് അനധികൃത / പൂർണ പൗരൻമാരെ വേർതിരിക്കുക
അതിനുള്ള പ്രത്യേക നടപടിക്രമങ്ങൾ കേന്ദ്ര സർക്കാർ ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഏതൊക്കെ രേഖകളാണ് NRIC പൗരത്വം തെളിയിക്കാൻ ആവശ്യമായിട്ടുള്ളത് എന്നതും ഇതുവരെ വ്യക്തമല്ല.
12. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പൗരത്വ രജിസ്റ്റർ നടപ്പിലാകുന്നത്
1955 ലെ പൗരത്വ നിയമത്തിന്റെയും, പ്രസ്തുത നിയമത്തിൽ 2003 ൽ കൊണ്ടുവന്ന ഭേദഗതി നിയമത്തിന്റെയും അടിസ്ഥാനത്തിൽ 2003 ൽ രൂപീകരിച്ച Citizenship (Registration of Citizens and Issue of National Identity Cards) എന്ന ചട്ടങ്ങൾ പ്രകാരമാണ് NRIC നടപ്പിലാക്കുന്നത്.
13. NRIC നടപ്പിലാക്കുന്നതിനെതിരെ പ്രതിഷേധങ്ങൾ നടന്നിട്ടുണ്ടോ
2003 ലെ ചട്ടങ്ങൾ പ്രകാരം 2019 ൽ കേന്ദ്ര സർക്കാർ ഇറക്കിയ ഗസറ്റ് ഉൾപ്പെടെ ചോദ്യം ചെയ്തുകൊണ്ട് കൊൽക്കൊത്ത ഹൈക്കോടതിയിൽ കേസ് നിലവിലുണ്ട്.
14. NPR/PR അഥവാ ജനസംഖ്യാ രജിസ്റ്റർ, NRIC/NRC പൗരത്വ രജിസ്റ്റർ എന്നിവ 2021 ലെ സെൻസസിന്റെ ഭാഗമാണ് എന്ന് പറയുന്നത് സത്യമാണോ
അല്ല. അത്തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ പൂർണ്ണമായും വ്യാജമാണ്. 1948 ലെ സെൻസസ് ആക്റ്റ് പ്രകാരമാണ് സെൻസസ് അഥവാ ജനസംഖ്യാ രജിസ്റ്റർ തയാറാകുന്നത് എന്നാൽ പൗരത്വ രജിസ്റ്റർ NRC/NRIC എന്നിവ തയ്യാറാകുന്നത് 1955 ലെ പൗരത്വ നിയമവും, 2003 ലെ പൗരത്വ ഭേദഗതി നിയമവും, 2003 ലെ ചട്ടങ്ങളും പ്രകാരമാണ്.
കൂടാതെ (sub-rule (6) (a) of Rule 4 of the 2003 Rules) പ്രകാരം പൗരത്വ രജിസ്റ്ററിൽ ഏതെങ്കിലും രീതിയിലുള്ള എതിർപ്പുകളുണ്ടെങ്കിൽ അറിയിക്കാനായി അവ പ്രസിദ്ധപ്പെടുത്തും എന്നാൽ ജനസംഖ്യാ രജിസ്റ്ററിലെ പേരും അഡ്രസ്സും, ഉൾപ്പെടെയുള്ള മറ്റു വിവരങ്ങൾ എവിടെയെങ്കിലും പ്രസിദ്ധപ്പെടുത്തുകയോ, മറ്റു കാര്യങ്ങൾക്കായി ഉപയോഗിക്കുകയോ ചെയ്യില്ല.
15. പൗരത്വ രജിസ്റ്ററും, ജനസംഖ്യാ രജിസ്റ്ററും കൊണ്ടുവന്നത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ UPA ഭരണകാലത്താണ് എന്നത് സത്യമാണോ
അല്ല. 2003 ൽ അടൽബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായി NDA അഥവാ ബിജെപി ഭരിക്കുമ്പോഴാണ് 1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുകയും the Citizenship (Amendment) Act of 2003 (CAA of 2003) കൊണ്ടുവന്ന് പ്രസ്തുത നിയമത്തിൽ “illegal migrant” അനധികൃത കുടിയേറ്റക്കാർ എന്ന് വകുപ്പ് 2 ലും, NRIC എന്ന് വകുപ്പ് 14 -A യിലും പുതുതായി ഉൾപ്പെടുത്തിയത്.
16. NPR ജനസംഖ്യാ രജിസ്റ്റർ ആദ്യമായി ആരംഭിച്ചത് UPA സർക്കാരിനോ
NPR ആദ്യമായി നടപ്പിലാക്കാൻ ശ്രമിച്ചത് 2010-2011 കാലത്ത് കോൺഗ്രസ്സ് സർക്കാരാണ്. എന്നാൽ പിന്നീട് NPR ആധാറിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയെങ്കിലും പൗരത്വ രജിസ്റ്ററിലേക്ക് എത്തിയിരുന്നില്ല. പിന്നീട് 2015 ൽ ബിജെപി സർക്കാർ NPR ഉത്തരവിട്ടെങ്കിലും NRIC അഥവാ പൗരത്വ രജിസ്റ്റർ തയാറാക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയില്ല.
17. പൗരത്വ നിയമത്തിൽ എവിടെയെങ്കിലും ജനസംഖ്യാ രജിസ്റ്ററിനെക്കുറിച്ചുള്ള നിർദേശമുണ്ടോ
ഇല്ല. പൗരത്വ നിയമത്തിൽ എവിടെയും പോപ്പുലേഷൻ രജിസ്റ്ററിനെക്കുറിച്ച് NPR യാതൊരുവിധ വകുപ്പുകളും ഇല്ല. 2003 ലെ ചട്ടത്തിൽ മാത്രമാണ് ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും തമ്മിൽ അടിസ്ഥാനപരമായി ബന്ധമുണ്ടാകുന്നത്.
18. എന്തടിസ്ഥാനത്തിലാണ് ജനസംഖ്യാ രജിസ്റ്ററിലെ പിൻബലത്തിൽ രാജ്യത്ത് NRIC അഥവാ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്നത്
2021 ലെ സെൻസസിന്റെ ഭാഗമാണ് എന്ന് വരുത്തി തീർത്തുകൊണ്ട് 1955 ലെ പൗരത്വ നിയമത്തിൽ യാതൊരുവിധ വകുപ്പുകളുമില്ലാത്ത പൗരത്വ രജിസ്റ്റർ 2003 ലെ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പിവാതിലിലൂടെ നടപ്പിലാക്കൻ ശ്രമിക്കുന്നത്.
19. എന്താണ് ഈ പിൻവാതിൽ പൗരത്വ രജിസ്റ്ററിലൂടെ സർക്കാരിന്റെ ലക്ഷ്യങൾ
NPR നും, NRC ക്കും പൗരത്വ ഭേദഗതി നിയമം CAA യുമായി യാതൊരു ബന്ധവുമില്ല എന്ന് ആഭ്യന്തര മന്ത്രി പറയുന്നെന്നുണ്ടെങ്കിലും വളരെ കൃത്യമായ ബന്ധം ഇവ തമ്മിലുണ്ട്. “illegal migrant” അഥവാ അനധികൃത കുടിയേറ്റക്കാർ എന്നതും NRIC അഥവാ പൗരത്വ രജിസ്റ്റർ എന്നതും 2003 ലെ ചട്ടത്തിലൂടെ ബിജെപി സർക്കാർ കൊണ്ടുവന്നതാണ്. CAA 2019 ഇപ്പോൾ പാസാക്കിയത് “illegal migrant” അഥവാ അനധികൃത കുടിയേറ്റക്കാരായ മുസ്ലീങ്ങളെ പുറത്താക്കാൻ വേണ്ടി മാത്രമാണ്.
20. മുസ്ലീങ്ങളെ പുറത്താക്കാനാണ് ജനസംഖ്യാ രജിസ്റ്ററും, NRIC യും കൊണ്ടുവരുന്നത് എന്ന് എങ്ങനെ പറയാൻ സാധിക്കും
“National Population Register-2020 (NPR-2020) എന്ന പേരിൽ ജനസംഖ്യാ കണക്കെടുപ്പിനു ജില്ലാ മജിസ്‌ട്രേറ്റുമാർക്കും, സബ് മജിസ്‌ട്രേറ്റുമാർക്കും കൈമാറിയ അപേക്ഷ ഫോറത്തിൽ രണ്ടാമത്തെ പേജിലെ മൂന്നാമത്തെ കോളത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത് “അച്ഛന്റെയും അമ്മയുടെയും ജന്മസ്ഥലം രേഖപ്പെടുത്താനാണ്. ഇന്ത്യക്കുള്ളിലാണെങ്കിൽ സംസ്ഥാനത്തിന്റെയും, ജില്ലയുടെയും പേരെഴുതാനും, രാജ്യത്തിന് പുറത്താണെങ്കിൽ രാജ്യത്തിൻറെ പേരെഴുതാനുമാണ് ആവശ്യപ്പെടുന്നത്”
NPR അഥവാ ജനസംഖ്യാ രജിസ്റ്റർ 2020 എന്നത് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ളതാണ് എന്ത് ഇതിൽ നിന്നും പകലുപോലെ വ്യക്തമാണ്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി കഴിഞ്ഞാൽ അതിലെ മുസ്ലീങ്ങൾ ഒഴികെയുള്ളവർക്ക് പൗരത്വ ഭേദഗതി നിയമം 2019 CAA പ്രകാരം പൗരത്വം ലഭിക്കുകയും മുസ്ലീങ്ങൾ പുറത്താക്കപ്പെടുകയോ, തടവറകളിലേക്ക്/ഡീറ്റെൻഷൻ സെന്ററിലേക്ക് അയക്കപ്പെടുകയോ ചെയ്യും.
രാജ്യത്താകമാനം ജനസംഖ്യാ രജിസ്റ്റർ നടപ്പിലാക്കാൻ ഉത്തരവിറങ്ങുന്ന ഗസറ്റ് പബ്ലിഷ് ചെയ്ത 2019 ജൂലൈ 30 നു രണ്ട് ദിവസങ്ങൾക്ക് മുൻപ് ഇറങ്ങിയ ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത് “അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങളിലും ഒരു ഡീറ്റെൻഷൻ സെന്റർ അഥവാ തടവറയെങ്കിലും അടിയന്തരമായി നിർമ്മിക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി” എന്നാണ്. ജനസംഖ്യാ രജിസ്റ്ററിലൂടെ പൗരത്വ രജിസ്റ്റർ നടപ്പിലാക്കാനുള്ള ശ്രമമാണ് ഇതെന്നത് പകൽ പോലെ വ്യക്തമാണ്.
21. ചുരുക്കി പറഞ്ഞാൽ ആസാമിലേതുപോലെയുള്ള പൗരത്വ രജിസ്റ്റർ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ആരംഭിച്ചു എന്നു പറയാം അല്ലെ
തീർച്ചയായും. പിൻവാതിലിലൂടെ പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ ആരംഭിച്ചു എന്ന് മാത്രമല്ല 11 ഒക്ടോബർ 2019 ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ 1200 വില്ലേജുകളിലും, 40 നഗരങ്ങളിലും ,5218 എന്യുമറേഷൻ ബ്ലോക്കുകളിലും ജനസംഘ്യ രജിസ്റ്ററിലെ കണക്കെടുപ്പ് നടന്നു കഴിഞ്ഞു ഇവ ഔദ്യോദികമായി ഏപ്രിൽ 1 നു ശേഷം നടത്തും എന്നത് സാങ്കേതികമായി മാത്രമാണ് ബാക്കിയുള്ളത്.
22. നിയമവിരുദ്ധ NPR അഥവാ ജനസംഖ്യ രജിസ്റ്ററല്ലേ തയാറാകുന്നത്
തീർച്ചയായും. കാരണം 2003 ലെ ചട്ടങ്ങളിൽ എവിടെയും അച്ഛന്റെയോ, അമ്മയുടേയോ ജന്മസ്ഥലം രേഖപ്പെടുത്തണം എന്ന് നിഷ്കർഷിക്കുനില്ല. അത്തരത്തിൽ നിയമത്തിലില്ലാത്ത ഒരു നിബന്ധനയാണ് NPR-2020 യിലൂടെ നടപ്പിലാക്കുന്നത്.
NB- ഈ പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് തത്സമയം ഫെയ്സ് ബുക്കിലൂടെ മറുപടി നൽകുന്നതാണ്. സംശയങ്ങൾ കമന്റ് ബോക്സിൽ ചോദിക്കാം