രാജ്യം കത്തിയെരിയുമ്പോൾ; അവധിയാഘോഷിക്കാൻ പൊടിയും തട്ടി പോകുന്ന കോടതി എന്ത് നീതിയാണ് ഉയർത്തിപ്പിടിക്കുന്നത് ?

137

അഡ്വ ശ്രീജിത്ത് പെരുമന

രാജ്യം കത്തിയെരിയുമ്പോൾ; അവധിയാഘോഷിക്കാൻ പൊടിയും തട്ടി പോകുന്ന കോടതി എന്ത് നീതിയാണ് ഉയർത്തിപ്പിടിക്കുന്നത് ?

കേന്ദ്ര ഭരണകൂടത്തിലെ ഉത്തരവാദിത്വപ്പെട്ടവരെ രാജ്യദ്രോഹ കുറ്റം ചുമത്തി പ്രോസികൂട്ട് ചെയ്യാൻ സുപ്രീംകോടതി തയാറാകണം. പാർലമെന്റിലെ മൃഗീയ ഭൂരിപക്ഷത്തിന്റെ മറവിൽ ഭരണഘടനയെ അപ്രസക്തമാക്കികൊണ്ട് രാജ്യത്തെ ഭിന്നിപ്പിച്ചു ഭരിക്കാനും, ന്യുനപക്ഷങ്ങളെ ഉന്മൂലനം ചെയ്ത് ഹിന്ദു രാഷ്ട്രം നിർമ്മിക്കാനുമുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നടപടികൾ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി നിൽക്കുകയാണ്.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ വെല്ലുവിളിച്ചുകൊണ്ട് നിയമനിർമ്മാണം നടത്തി പ്രാദേശികമായും, വംശീയമായും, മതാധിഷ്ഠിതമായും ജനങ്ങളെ ഭിന്നിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. രാജ്യത്താകമാനം നടക്കുന്ന പ്രക്ഷോഭങ്ങളെ ഇന്റർനെറ്റും, സഞ്ചാരവും , അഭിപ്രായ സ്വാതന്ത്ര്യവും ഉൾപ്പെടെയുള്ള മൗലികാവകാശങ്ങൾ നിഷേധിച്ചുകൊണ്ട് പട്ടാളത്തെ ഇറക്കി അടിച്ചമർത്താനുള്ള ഭരണകൂട ശ്രമങ്ങൾ ജനാധിപത്യത്തിന്റെ ആണിക്കല്ലിളക്കുന്നതാണ്.

ഭരണഘടനയുടെ കാവലാളായി സുപ്രീംകോടതി ഈ വിഷയത്തിൽ എടുക്കുന്നത് കുറ്റകരമായ മൗനമാണ്. രാഷ്ട്രതാത്പര്യത്തെയും, വലിയ പൊതുജനതാത്പര്യത്തെയും മുൻ നിർത്തി ഭരണഘടനയുടെ നഗ്നമായ ലംഘനത്തിൽ സ്വമേധയാ ഇടപെടേണ്ടിയിരുന്ന കോടതി കേവലം ഒരു നോട്ടീസ് അയച്ച ശേഷം കോടതിയുടെ വാതിലും പൂട്ടി ക്രിസ്തുമസ് അവധി ആഘോഷത്തിന് പോകുന്നത് അത്രകണ്ട് വിരോദാഭാസമാണ്.

വധശിക്ഷ വിധിക്കപ്പെട്ടവർ പോലും അകാരണമായി ജീവപര്യന്തം കാലഘട്ടം ജയിലിൽ കിടക്കേണ്ടി വരുന്നവരുടെയും , വിചാരണ തടവുകാരായി പത്തും പതിനഞ്ചും വർഷം ജയിലിൽ കിടക്കണേണ്ടി വരുന്ന മനുഷ്യരുടെയും നാടാണിത്.

കോടിക്കണക്കിനു കേസുകൾ വിവിധ കോടതികളിൽ കെട്ടികിടക്കുമ്പോഴും മാസങ്ങളോളം അവധിദിനങ്ങൾ ആഘോഷിക്കാൻ കോടതി പൂട്ടിയിടുന്ന നാടാണെന്ന വിരോധാഭാസം ചൂണ്ടിക്കാണിച്ചുകൊണ്ട് പറയട്ടെ… പൗരത്വ ഭേദഗതി നിയമത്തിൽ അറുപതോളം ഹര്ജികൾ ഫയൽ ചെയ്യപ്പെട്ടിട്ടും കേന്ദ്രസർക്കാരിന്റെ വർഗീയ വാളിന് മുകളിൽ അടയിരിക്കാനുള്ള സുപ്രീംകോടതി തീരുമാനം ലജ്‌ജാകരമാണ്.

മുസ്‌ലിം ലീഗുൾപ്പെടെ നൽകിയ ഹര്ജികളിൽ നോട്ടീസയച്ചു എന്നത് വിജയമാണെന്ന് പ്രചരിപ്പിക്കുന്നവർ വിഡ്ഢികളിലൂടെ സ്വർഗ്ഗത്തിലാണ്. കാരണം സുപ്രീംകോടതിയിലെ ജുഡീഷ്യൽ റിവ്യൂ മുൻകൂട്ടി പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു ഭരണഘടനാ വിരുദ്ധ നിയമം നിർമ്മിച്ചത്. കേസിൽ കക്ഷികളായവർക്ക് നോട്ടീസ് അയക്കുക എന്നത് മറ്റേതൊരു കേസിലേതും നടക്കുന്നതുപോലെയുള്ള സാധാരണ നടപടിക്രമം മാത്രമാണ്. പാതിരാത്രിക്ക് കേസ് പരിഗണിച്ച് വിധി പുറപ്പെടുവിച്ച് നേരം വെളുക്കുന്നതിനു മുൻപ് പൗരന്മാരെ തൂക്കിക്കൊന്ന് സംസ്കരിക്കുന്ന നാടാണ് നമ്മുടേത്.

രാജ്യത്തെ ജനങ്ങളെയെല്ലാം തെരുവിലിറക്കി യുദ്ധം ചെയ്യിപ്പിച്ച ശേഷം, പൊതുപമുതലെല്ലാം ചുട്ടു ചാമ്പലാക്കപ്പെട്ടതിനു ശേഷം, മനുഷ്യ ജീവനുകൾ തെരുവിൽ പൊലിഞ്ഞതിനു ശേഷം , ഇതെല്ലാം കണ്ടാസ്വദിച്ച ശേഷം വിരമിക്കാനുള്ള ദിവസത്തിന്റെ തലേദിവസം വരെ കാത്തുനിന്നു കൊട്ടിഘോഷിച്ച് വിധി വിളംബരം ചെയ്യുന്ന ഏർപ്പാട് ഇനിയെങ്കിലും അവസാനിപ്പിക്കണം. ഏതെങ്കിലും വാണിജ്യ സിനിമയുടെ ടീസറുകളല്ല ആഘോഷപൂർവം സുപ്രീംകോടതിയിൽ നിന്നും പുറത്തിറക്കുന്നത്. അടയിരിക്കുന്ന പൗരത്വ നിയമത്തിനെതിരെയുള്ള ഫയലുകളിൽ ഓരോ പൗരന്റെയും ജീവിതമാണുള്ളത്. ഭരണഘടനയുടെ കനിവും കത്തിക്കിടക്കുന്ന ഹര്ജികളിൽ രാജ്യത്തിൻറെ മുഴുവൻ ജീവിതങ്ങളും എന്നതോർമ്മവേണം കോടതികൾക്ക്.

ഒരു സിവിൽ വാറിന്റെ അഥവാ ആഭ്യന്തര യുദ്ധത്തിന്റെ പ്രതീതിയാണ്
രാജ്യമൊട്ടുക്കും നടക്കുന്ന പ്രക്ഷോഭങ്ങൾ നിരവധി മനുഷ്യ ജീവനുകൾ ഇതിനകം നഷ്ട്ടപ്പെട്ടുകഴിഞ്ഞു. ഈ കാലയളവിൽ മനുഷ്യർക്കും , നാടിനും വരുന്ന നഷ്ടങ്ങളും, കലാപങ്ങളും കണ്ടുകൊണ്ടു കോടതി കേസിൽ അടയിരിക്കാൻ തയ്യാറെടുക്കുന്നു. രാജ്യം മരണശ്വാസം വലിക്കുന്ന സാഹചര്യങ്ങളിലെങ്കിലും ഈ പ്രവണത അവസാനിപ്പിക്കപ്പെടണം. ഏത് ജഡ്ജ് വിധിക്കുന്നു, ജഡ്ജ് എപ്പോൾ വിരമിക്കുന്നു എന്നൊന്നും കേസ് നൽകുന്ന പൗരന് അറിയേണ്ട കാര്യമില്ല. എത്രയും പെട്ടന്ന് നീതി നടപ്പിലാക്കി നൽകുക എന്നതാണ് ഭരണഘടന കോടതിയുടെ ഉത്തരവാദിത്വം. സ്‌പീഡി ജസ്റ്റിസ് എന്നത് മൗലികാവകാശമാണ്. ജഡ്ജിമാർ വിരമിക്കുകയോ, ചാർജ്ജെടുകയോ ചെയ്യട്ടെ അതും നീതി നടപ്പിലാക്കലും തമ്മിൽ ഒരുമാതിരി സിനിമാറ്റിക് സ്റ്റൈലിലുള്ള മുതലെടുപ്പ് നടത്തരുത്. ഇത് ജനാധിപത്യമാണ് ഓർമ്മയുണ്ടാകണം.