പൗരത്വ ഭേദഗതി ബില്ല് ഭരണഘടനാ വിരുദ്ധമാകുന്നത് എന്തുകൊണ്ട് ?

0
1120

Adv Sreejith Perumana

ചരിത്രത്തിലെ ഏറ്റവും വലിയ വർഗ്ഗീയ നിയമത്തിലൂടെ; ഹിന്ദു രാഷ്ട്ര നിർമ്മാണത്തിന്റെ ശിലാസ്ഥാപനം ; വായിക്കാതെ പോകരുത് ….അറിയണം നിങ്ങളിത്

എന്താണ് ദേശീയ പൗരത്വ ഭേദഗതി ബില്ല് 

👉1955-ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതാണ് പുതിയ ബിൽ.

അയൽ രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന ബില്ലാണ് പൗരത്വ ഭേദഗതി ബില്ല്. ഹിന്ദു– ക്രിസ്ത്യൻ– സിഖ്– ജൈന– ബുദ്ധ– പാഴ്സി മതവിശ്വാസികൾക്ക് രേഖകളൊന്നുമില്ലെങ്കിലും ഇന്ത്യന് പൗരത്വം വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. ആറുവർഷമായി ഇന്ത്യയിൽ താമസിക്കുന്ന ബംഗ്ലദേശ്, പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ്‌ പൗരത്വം ലഭിക്കുക. ആകെ നാല് വകുപ്പുകള് മാത്രമുള്ള വളരെ ചെറിയ ഒരു ബില്ലാണിത്. എന്നാല്, അത് നമ്മുടെ ഭരണഘടനക്കും അതിന്റെ മതനിരപേക്ഷ ഘടനക്കും സ്ഥായിയായ വ്യതിചലനം ഇതിലൂടെ സംഭവിക്കും. ബില്ല് ഇരു സംഭകളിലും പാസ്സായി രാഷ്ട്രപതി ഒപ്പിട്ടാൽ രാജ്യത്തെ നിയമമാകും.

1955ലെ നിയമത്തിന്റെ വകുപ്പ് രണ്ട് (1) ആണ് ‘അനധികൃത കുടിയേറ്റക്കാരെ’ നിര്വചിക്കുന്നത്. ഒരു വിഭാഗം കുടിയേറ്റക്കാരെ ഈ നിര്വചനത്തില്നിന്ന് ഒഴിവാക്കുക എന്നതാണ് ഇപ്പോഴത്തെ ഭേദഗതിയുടെ ഒരു ലക്ഷ്യം.2019 ബില്ലിൽ കൊണ്ടുവന്ന പ്രധാന മാറ്റങ്ങൾ ഇവയാണ് – ഒന്ന് , ഇന്ത്യയുടെ അയാൾ രാജ്യങ്ങളായ പാകിസ്ഥാൻ , അഫ്ഘാനിസ്ഥാൻ , ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും (ആഭ്യന്തര പ്രശ്നങ്ങൾ മൂലം ) ഇന്ത്യയിൽ അഭയാർഥികളായി എത്തിയ ഹിന്ദു , ബുദ്ധ , ജൈന , പാഴ്‌സി , സിഖ് , ക്രിസ്ത്യൻ മതവിഭാഗങ്ങളിൽ പെട്ട വ്യക്തികൾക് പൗരത്വം നൽകുക ; രണ്ട്, സ്വാഭാവികമായി പൗരത്വം ലഭിക്കുന്നതിന്ന് 11 വർഷം ഇന്ത്യയിൽ താമാസിക്കണം എന്നത് 6 വർഷമായി ചുരുക്കുക.
ചുരുക്കിപ്പറഞ്ഞാൽ , 1955 ലെ നിയമം അനധികൃത കുടിയേറ്റകാരായി കണക്കാക്കിയിരുന്നവരെ 2019 ഭേദഗതി പ്രകാരം ഇന്ത്യൻ പൗരന്മാരായി കണക്കാക്കാം.

എന്താണ് 1955 ലെ പൗരത്വ നിയമം

👉ഒരു വ്യക്തി ഇന്ത്യൻ പൗരനാവുന്നത് എങ്ങനെയെന്നും അതിന്റെ അനുബന്ധ കാര്യങ്ങളെ കുറിച്ചുള്ളതും ആണ് 1955 ലെ ഇന്ത്യൻ പൗരത്വ നിയമം.മതിയായ രേഖകളോടെ ഇന്ത്യയില് 12 വര്ഷം താമസിക്കുന്ന വിദേശികള്ക്കു മാത്രം പൗരത്വം നൽകുന്നതാണ് 1955-ലെ പൗരത്വ നിയമം ഈ നിയമം ഭേദഗതി ചെയ്യുന്നതാണ് പുതിയ ബിൽ.

എപ്പോഴാണ് ഈ ബില്ല് ബിജെപി സർക്കാർ കൊണ്ടുവന്നത് 

👉‘ഹിന്ദു അഭയാര്ത്ഥികള്ക്ക്’ തങ്ങള് അധികാരത്തിലേറിയാല് പൗരത്വം നല്കും എന്ന തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ബി ജെ പി -യുടെ വാഗ്ദാനമാണ്. 2016 ജൂലായ് 19-നാണ് ആദ്യമായി ഒരു ‘പൗരത്വ നിയമ ഭേദഗതി ബില്’ (Citizenship Act (Amendment) Bill) ബിജെപി നേതൃത്വത്തിലുള്ള എൻ‌ഡി‌എ സർക്കാർ കൊണ്ടുവരുന്നത് പക്ഷെ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തെത്തുടർന്ന് നിയമമാക്കാൻ സാധിച്ചില്ല. മതപരമായ കാരണങ്ങളാൽ ബില്ലിനെ വിവേചനപരമാണെന്ന് അന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭ പിരിച്ചുവിട്ടതിനെത്തുടർന്ന് ബിൽ അസാധുവായി. അതിനു ശേഷമാണിപ്പോൾ 2019 പൊതു തിരഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷത്തിൽ ജയിച്ച ബിജെപി സർക്കാർ നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.

ബില്ല് ലോക്സഭയിൽ പാസായോ 

👉10 .12 .2019 നു 80 നു എതിരെ 311 വോട്ടുകൾക്ക് ബില്ല് ലോക്സഭയിൽ പാസായി. ഇനി രാജ്യസഭയിലും പാസായാൽ രാഷ്‌ട്രപതി ഒപ്പിട്ട നിയമമാക്കും.

2014 December 31- നു മുൻപായി പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയ ‘മുസ്ലിങ്ങളല്ലാത്ത’ എല്ലാവർക്കും പൗരത്വ അവകാശം നൽകുന്ന പൗരത്വ ഭേദഗതി ബിൽ (Citizenship (Amendment) Bill, 2019) ലോക്‌സഭ പാസ്സാക്കിയിരിക്കുന്നു. വ്യക്‌തമായി ഒരു മതത്തിലെ ആളുകളെ മാത്രം ഒഴിവാക്കി, മതത്തിന്റെ പേരിൽ തന്നെ വിവേചനം കാണിക്കുന്ന ഒരു നിയമം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ സഭ കൈയടിച്ചു പാസ്സാക്കി.ഈ പറഞ്ഞവയെല്ലാം 2014 ഡിസംബർ 31 -നു മുൻപ് ഇന്ത്യയിലേക്ക് കുടിയേറിയവർക്ക് ബാധകമാകുന്ന കാര്യങ്ങളാണ്. എന്ത് മാനദണ്ഡം വച്ചാണ് ഈ തീയതി തീരുമാനിച്ചിരിക്കുന്നത് എന്ന ചോദ്യത്തിനും വ്യക്‌തമായ ഉത്തരങ്ങൾ ഇല്ല.

എന്തുകൊണ്ട് പൗരത്വ ഭേദഗതി ബില്ല് എതിർക്കപ്പെടണം 

👉ഇന്ത്യയുടെ മതേതര മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ് ഈ സംഭവം. നിയമങ്ങളുടെ മാനദണ്ഡം മതേതരത്തിനു പകരം മതമായി മാറുന്ന ഏറ്റവും അപകടകരമായ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അനധികൃതമായി കുടിയേറിയവരിൽ മുസ്ലിങ്ങൾ മാത്രം എങ്ങനെ ആണ് വിവേചനത്തിന് ഇരയാകുന്നത്? ഒരു മതത്തിന്റെ വളർച്ചയും നിലനില്പും മാത്രം ആഗ്രഹിക്കുന്നവർ ഭരണകൂടമായാൽ ന്യുനപക്ഷങ്ങൾ തുടച്ചുനീക്കപെടേണ്ടവർ ആകുകായും, ക്രമേണ മത രാജ്യത്തിലേക്ക് പോകുകയും ചെയ്യും എന്ന വിലയിരുത്തൽ യാഥാർഥ്യമാകുന്നതിന്റെ സൂചനകളാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ആൾക്കൂട്ടക്കൊലയിലൂടെയും കൊന്നൊടുക്കാൻ വെമ്പൽ കൊള്ളുന്ന ഒരു പ്രസ്ഥാനവും അവരുടെ ആശയങ്ങളെ ആവാഹിച്ച ഒരു സർക്കാരും ആണ് ഭരണത്തിൽ ഇരിക്കുന്നത്. അവർ നടപ്പിലാക്കുന്ന നിയമമാണ് ഇതെന്ന് വിസ്മരിച്ചു കൂടാ നമ്മൾ. രാമ ക്ഷേത്ര നിർമ്മാണവും, കാവിവത്കരണവും ഊർജ്ജിതപ്പെടുത്തി വരുംകാലങ്ങളിൽ ഏകാധിപത്യത്തോടെ അധികാരത്തിൽ തുടരണമെന്നും ആത്യന്തികമായി ഇന്ത്യയെ ഒരു ഹിന്ദുരാജ്യമാക്കണമെന്നും ലക്ഷ്യമുള്ളതുകൊണ്ടുതന്നെ ഭൂരിപക്ഷ വോട്ട് ബാങ്കായ ഹിന്ദു വോട്ടുകൾ ഉറപ്പു വരുത്താനുള്ള തന്ത്രമാണ് ഈ മുസ്ലിം വിരുദ്ധ ബിൽ. രാജ്യമൊട്ടാകെ പ്രബുദ്ധ സമൂഹം എതിർപ്പുകൾ അറിയിച്ചിട്ടും ഈ നടപടിയുമായി മുന്നോട്ട് പോകുന്ന ഗവൺമെന്റ് നിലപാട് അതീവ ഗുരുതരമാണ്.

ഇന്ത്യയില് നിന്ന് മുറിച്ചുമാറ്റപ്പെട്ട മൂന്ന് രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്, പാകിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ മതപരമായ പീഡനങ്ങളെ തുടര്ന്ന് നാടുവിടേണ്ടി വരികയോ നാടുകടത്തപ്പെടുത്തുകയോ വഴി ഇന്ത്യയില് അഭയം തേടിയ ആറ് ന്യൂനപക്ഷങ്ങള്ക്ക് പൗരത്വം നല്കണം എന്നതാണ് ഭേദഗതി. ഈ ആറ് ന്യൂനപക്ഷങ്ങളില് ഹിന്ദു, സിഖ്, ജെെനമതം, ബുദ്ധമതം, പാഴ്സികള്, ക്രിസ്ത്യാനികള് എന്നിവര് ഉള്പ്പെടുന്നു. ഈ മൂന്ന് രാജ്യങ്ങളും മുസ്ലിം രാജ്യങ്ങളായതിനാല് അവിടങ്ങളിലെ ന്യൂനപക്ഷം ഇവരൊക്കെ തന്നെയാകുമല്ലോ. പക്ഷേ പാകിസ്ഥാനില് പല തരത്തിലുള്ള പീഡനങ്ങള്ക്കിരയാകുന്ന ‘അഹ്മദീയ’ (Ahmadiyya) മുസ്ലിങ്ങളെ സൗകര്യപൂര്വ്വം ഒഴിവാക്കിയിരിക്കുന്നു. ഇത്രയും അധികം ആളുകള് ഇന്ത്യയിലേക്ക് പല കാലഘട്ടങ്ങളിലായി കുടിയേറിയതിന്റെ പിന്നില് മതം ഏല്പ്പിച്ച മുറിവുകള് മാത്രമായിരുന്നു എങ്കില് അതില് നല്ലൊരു ഭാഗം പേരും മുസ്ലിങ്ങളായത് എങ്ങനെയെന്ന് ചിന്തിക്കേണ്ടതായുണ്ട്. അനധികൃതമായി കുടിയേറുന്നവര്ക്ക് പൗരത്വം നല്കുന്നത് വിലക്കുന്ന അരനൂറ്റാണ്ടിലേറെ പഴക്കമുള്ള നിയമത്തിന് മാറ്റം വരുത്തുന്പോള് മുസ്ലിങ്ങളല്ലാത്ത മറ്റെല്ലാവര്ക്കും മാത്രമായി പൗരത്വം സാധ്യമാക്കുന്ന ഭേദഗതി കൊണ്ടു വരുന്നതില് എന്ത് ന്യായമാണ് ഈ സര്ക്കാരിന് അവകാശപ്പെടാനുള്ളത് എന്ന് ചോദിച്ചേ മതിയാകൂ.

ഇന്ത്യയിലേക്ക് കൃത്യമായ രേഖകൾ ഇല്ലാതെ വന്നവരോ പുതുക്കേണ്ട രേഖകൾ പുതുക്കാതെ ഇരിക്കുകയും ചെയ്യുന്നവരെയാണ് നിയമ പ്രകാരം അനധികൃത കുടിയേറ്റക്കാർ (illegal migrants) എന്ന് വിളിക്കുന്നത്. പക്ഷേ 1971 -ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരവും അതിന്റെ പശ്ചാത്തലത്തിൽ കൂട്ടകുരുതിക്കും പീഡനങ്ങൾക്കും ഇരയായ ലക്ഷകണക്കിന് ആളുകളാണ് ആ വർഷം അഭയാർഥികളായി ഇന്ത്യയിലേക്ക് ഒഴുകിയത്. ഇതുപോലെ പിന്നീട് പലപ്പോഴായി രാഷ്ട്രീയ പ്രതിസന്ധികൾ ഉണ്ടായപ്പോഴും ദാരിദ്ര്യവും മറ്റു പല കാരണങ്ങൾ കൊണ്ടും ഇന്ത്യയിലേക്ക് കുടിയേറിയവർ ഏറെയാണ്. ഇതിൽ നല്ലൊരു ശതമാനം ആളുകളും മുസ്ലിങ്ങളാണ്. കുടിയേറി വന്നവർ എന്ന് വിളിക്കപ്പെടുന്ന ഇവരും യഥാർത്ഥ ഇന്ത്യക്കാർ എന്ന് അവകാശപ്പെടുന്നവരും തമ്മിൽ ഉത്തര കിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ സംഘർഷങ്ങളും ഏറ്റുമുട്ടലുകളും ഒക്കെ നടന്നിട്ടുണ്ട്. കൃത്യമായ രേഖകളില്ലെന്ന ന്യായത്തിന്റെ പേരിൽ 19 ലക്ഷം ആളുകളെ പൗരത്വ പട്ടിക തയാറാക്കി രാജ്യത്തു നിന്നും നാടുകടത്തുന്ന അല്ലെങ്കിൽ തടവറയിലാകുന്ന പൗരത്വ രജിസ്റ്ററിലും ഇപ്പോൾ പൗരത്വ ഭേദഗതിയിലും എത്തി നില്കുന്നു രാമരാജ്യ നിർമ്മാണ ഭരണകൂടം. ഈ ഗുരുതരമായ അവസ്ഥയ്ക്ക് കൊളോണിയൽ കാലഘട്ടത്തോളം പഴക്കമുണ്ട്.

പൗരത്വ ഭേദഗതി ബില്ല് ഭരണഘടനാ വിരുദ്ധമാകുന്നത് എന്തുകൊണ്ട് 

👉ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളിൽ ഒന്നായ മതനിരപേക്ഷതയെ (secularism) വെല്ലുവിളിക്കുന്നു എന്നത് മാത്രമല്ല ഈ ബില്ലിന്റെ പ്രശ്നം. സമത്വ മൗലിക അവകാശങ്ങളുടെ കീഴിൽ വരുന്ന Article 14 -ന്റെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നത്. ഭരണഘടനയിൽ പറയുന്നത്, “ഇന്ത്യൻ രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ ‘ഒരു വ്യക്തിയുടെയും’ നിയമത്തിനു മുന്നിലെ സമത്വമോ, നിയമത്തിന്റെ തുല്യസംരക്ഷണമോ മതം, വർഗം, ജാതി, ലിംഗം, ജന്മനാട് എന്നിവയുടെ പേരിൽ നിഷേധിക്കാൻ രാജ്യത്തിന് കഴിയില്ല എന്നാണ്. (The State shall not deny to any person equality before the law or the equal protection of the laws within the territory of India Prohibition of discrimination on grounds of religion, race, caste, sex or place of birth. ഏറ്റവും പ്രധാനപ്പെട്ട ഈ മൗലികാവകാശം ഭരണഘടനാ ഉറപ്പുതരുമ്പോൾ അനധികൃത കുടിയേറ്റക്കാരെ സർക്കാർ തന്നെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഈ രാജ്യത്തിന്റെ പരമോന്നത നിയമസംഹിതയായ ഭരണഘടനയെ അട്ടിമറിച്ചുകൊണ്ടും വെല്ലുവിളിച്ചുകൊണ്ടുമാണ് മുസ്ലീങ്ങളെ മാത്രം രാജ്യത്തു നിന്നും ആട്ടിയോടിക്കാനുള്ള നിയമനിർമ്മാണം ജനാതിപത്യ സർക്കാർ നടത്തുന്നത്.

എന്തുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമ മുസ്ലീങ്ങളുടെ കൊലമരമാകുന്നത് 

👉ദേശിയ പൗരത്വ രജിസ്റ്റർ 1971 മാർച്ച് 24 -നു ശേഷം ഇന്ത്യയിലേക്ക് വന്ന രേഖകൾ ഇല്ലാത്ത എല്ലാ ആളുകളെയും പട്ടികയിൽ നിന്ന് ഒഴിവാക്കും എന്നാണ് പറഞ്ഞത്. പൗരത്വ ഭേദഗതി നിലവിൽ വരുകയാണെങ്കിൽ മുസ്ലിങ്ങൾ ഒഴികെ ബാക്കിയുള്ളവരെല്ലാം ഇന്ത്യൻ പൗരന്മാരാകും. ഈ ലക്ഷ്യംമുൻ നിർത്തി തന്നെയാണ് മുസ്‌ലിംവിരുദ്ധ ഭരണഘടനാ വിരുദ്ധ നിയമഭേദഗതി സംഘപരിവാർ ഭരണകൂടം നടപ്പിലാക്കുന്നത്. ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാകും എന്ന സംഘ്പരിവാർ ഭരണകൂടത്തിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള തടസ്സങ്ങൾ അതിവിദഗ്ധമായി ഇല്ലാതെയാക്കുകയാണ് ഫാസിസ്റ്റ് മുഖമുള്ള ഭരണകൂടം.

ഇത്രത്തോളം വർഗീയത കലർന്ന ഒരു നിയമം ഇനി ഇന്ത്യയിൽ ഉണ്ടാകാൻ പോകുന്നില്ല. മതേതരത്വത്തെ കോല ചെയ്തുകൊണ്ട് മുസ്ലീങ്ങളെ ഇല്ലായ്മചെയ്യലിന്റെ ആദ്യഘട്ടം ഈ പൗരത്വ നിയമ ഭേദഗതിയിലൂടെ നടപ്പിലാക്കുകയാണ്. ഒരു മതത്തിനെതിരെ രാഷ്ട്രീയ അധികാരം ഉപയോഗിച്ച് ഭരണഘടനയ്ക്കും ജനാധിപത്യത്തിനും മതേതരത്തിനും വിരുദ്ധമായി ഒരു സർക്കാർ മുന്നോട്ട് പോകുമ്പോൾ അതിനെതീരെ പ്രതികരിക്കാതെയോ, പ്രതീഷിദിക്കാതെയോ മൗനിയാകുന്നതും, പാർലമെന്റിലെത്താതെ ഉണ്ടംപൊരി തിന്നുകൊണ്ട് ഫാസിസത്തിനെതിരെ നാടുനീളെ പ്രസംഗിച്ചു നടക്കുന്നതും അങ്ങേയറ്റം അപകടകരമാണ്. ഇതിനു മുൻപുള്ള സംഘപരിവാർ ഫാസിസ്റ്റ് കോപ്രായങ്ങളും, ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങളും, ആൾക്കൂട്ട കൊലകളും, ജയ് ശ്രീറാം സദാചാര കൊലകളും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അല്ലെങ്കിൽ ഒരു വിഭാഗത്തെ തിരഞ്ഞെടുപ്പിൽ അനുകൂലമാക്കാൻ നടത്തിയ നാടകങ്ങൾ എന്ന നിലയിൽ വ്യാഖ്യാനിക്കാമായിരുന്നു എന്നാൽ അതിനുമപ്പുറം ഹിറ്റ്‌ലർ മോഡലിൽ ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കുകയാണ് ഈ നിയമനിർമ്മാണത്തിലൂടെ ഫാസിസ്റ്റ് ഭരണകൂടം ചെയ്യുന്നത്.

പൗരത്വ ഭേദഗതി ബിൽ നിയമമാകുന്നത് തടയാൻ സാധിക്കുമോ 

👉ഇല്ല. പാർലമെന്റിന്റെ ഇരു സഭകളിലും മൃഗീയ ഭൂരിപക്ഷമുള്ള ബിജെപിക്ക് പൂ പറിക്കുന്ന ലാഘവത്തോടെ ഈ നിയമഭേദഗതി കൊണ്ടുവരാൻ സാധിക്കും. രാഷ്ട്രീയമായി ആ ബില്ലിനെ തടയുക എന്നത് അസാധ്യമാണ്. എന്നാൽ പതിവുപോലെ ജനാധിപത്യ വിശ്വാസിയുടെ അവസാനത്തെ പ്രതീക്ഷ എന്ന നിലയിൽ സുപ്രീംകോടതിക്ക് ഈ നിയമത്തെ അഥവാ നിയമ ഭദഗതിയെ അസാധുവാക്കാൻ സാധിക്കും.

ഭരണഘടനയെ, പ്രത്യേകിച്ച് ആർട്ടിക്കിൾ 14 -ന്റെ ലംഘനം ആയതിനാൽ തന്നെ ജുഡീഷ്യൽ റിവ്യൂ നടത്തുമ്പോൾ ഈ മുസ്ലിം വിരുദ്ധ നിയമം പരമോന്നത നീതി പീഠം അര്ബിക്കടലിൽ ഏറിയും അവിടെ നീതി ലഭിക്കുക തന്നെ ചെയ്യും എന്നാണ് ജുഡീഷ്യറിയുടെ ഭാഗമായി ഭരണഘടനാ വിശുദ്ധ ഗ്രന്ധമായി വിശ്വസിക്കുന്ന എന്നെപ്പോലുള്ളവരുടെ ഏക പ്രതീക്ഷ. അതുണ്ടായില്ല എങ്കിൽ ഈ രാജ്യത്തിൻറെ ജനാധിപത്യ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം.

ആസാമിലെ മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലോ നടക്കുന്ന ഒരു സംഭവ വികസമായി ഒരു പ്രാദേശിക വിഷയമായി ഈ നീക്കത്തെ നമ്മൾ ദക്ഷിണേന്ത്യക്കാർ വിലയിരുത്തരുത്. സാമൂഹികമായും, ഭരണഘടനപരമായും ഈ നിയമം സൃഷ്ട്ടിക്കാൻ പോകുന്ന വിള്ളലുകൾ വളരെ വലുതാണ്.

അധികാരത്തിൽ എത്തിയത് മുതൽതന്നെ ചരിത്രം വളച്ചൊടിച്ചു മുസ്ലിങ്ങളെ അധിനിവേശക്കാർ എന്ന് വരുത്തി തീർത്തു, ഗോവധം എന്ന പേരിൽ കൊന്നൊടുക്കി, ആൾകൂട്ടക്കൊലയ്ക്കും കലാപങ്ങൾക്കും ഇരയാക്കി, ഇപ്പോഴിതാ ഒരു മനുഷ്യന്റെ അടിസ്ഥാന അവകാശമായ പൗരത്വം തന്നെ എടുത്തു കളയുകയുന്നു. ബുദ്ധനും ഗാന്ധിയും ജനിച്ച മണ്ണ് മതതീവ്രവാദികൾക്ക് തീറെഴുതി നൽകേണ്ട സാഹചര്യം. ഇതിനേക്കാൾ വലുതൊന്നും ഈ നാടിനും നാട്ടാർക്കും ഇനി സംഭവിക്കാനില്ല.

ഇത് കേവലമൊരു നിയമം മാത്രമല്ലെ രേഖകളുള്ളവർക്ക് ഇവിടെ നില്കാമല്ലോ എന്നൊക്കെ മുട്ടുന്യായങ്ങൾ വിളമ്പുന്ന ന്യായീകരണ ഊളകൾക്ക് തക്കതായ മറുപടി പറയാൻ നാം അമാന്തിക്കരുത്. കാരണം കാലങ്ങളായി ഈ നാടിനെയും, മണ്ണിനെയും ജീവനായി കണ്ടുകൊണ്ട് നമുക്കിടയിൽ നമ്മളോടൊത്ത് സന്തോഷത്തിലും, ദുഖത്തിലുമെല്ലാം ജീവിച്ചവരോട് ഒരു സുപ്രഭാതത്തിൽ നിങ്ങൾ ഈ രാജ്യക്കാരല്ല എന്നാണ് പറഞ്ഞാൽ അത് മരണത്തിനും എത്രയോ മടങ് വേദനയുളവാക്കുന്ന ഒരു തലമാണ്.

രാഷ്ട്രീയ അടിച്ചമർത്തലുകൾ നടത്തി മുസ്ലീങ്ങളെ കൊന്നൊടുക്കി രാമരാജ്യം നിർമ്മിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത് എങ്കിൽ നാളിതുവരെ ഈ മണ്ണിൽ കണ്ടിട്ടില്ലാത്ത ആഭ്യന്തര കലാപങ്ങൾക്ക് അത് വഴിവെക്കും എന്നത് മറ്റ് ലോക രാജ്യങ്ങളുടെ ചരിത്രം പരിഷ്‌ഠിച്ചാൽ നമുക്ക് ബോധ്യപ്പെടും. അതുകൊണ്ടുതന്നെ അഹിംസയും സഹിഷ്ണുതയും പഠിപ്പിച്ച ബുദ്ധന്റെയും ഗാന്ധിയുടെയും മണ്ണിൽ മതത്തിന്റെ പേരിൽ ഇനിയും ഒരു തുള്ളി ചോരപോലും പൊടിയാതിരിക്കട്ടെ.

നാളെയെന്നോ അടുത്ത നിമിഷമെന്നോ ഇല്ല. ഇന്ന് ഈ നിമിഷം പ്രതികരിക്കണം ഈ ചരിത്രപരമായ നീതിനിഷേധത്തോട്. ചങ്ങലകൾ മുറുകും മുൻപ്

അഡ്വ ശ്രീജിത്ത് പെരുമന