അഡ്വ ശ്രീജിത്ത് പെരുമന

വർഗീയത വിളയാടുന്ന ദേശീയ സംഘപരിവാർ രാഷ്ട്രീയത്തിന് ഒരു രാഷ്ട്രീയ ബദലല്ല ആംആദ്മി പാർട്ടി എന്നുള്ളതാണ് ഡൽഹിയിലെ വിജയത്തിലും ആശങ്കപ്പെടുത്തുന്ന യാഥാർഥ്യം.
സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ നിലകൊള്ളാൻ കെല്പുള്ള ഒരേയൊരു ദേശീയ പ്രസ്ഥാനമായ കോൺഗ്രസ്സിന്റെ പരാജയം അതുകൊണ്ടുതന്നെ ജനാധിപത്യ രാഷ്ട്ര സങ്കൽപ്പത്തിന് തിരിച്ചടിയാണ്.
കോൺഗ്രസ്സ് ദുർബലപ്പെടുകയും, ആംആദ്മി പോലുള്ള പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശക്തിപ്പെടുകയും ചെയ്യുന്നത് ബിജെപി സംഘപരിവാർ കേഡർ രാഷ്ട്രീയത്തിന്നെ കൂടുതൽ ശക്തിപ്പെടുത്തുകയും ആത്യന്തികമായി ഗുണം ചെയ്യുകയും ചെയ്യും എന്നിടത്താണ് ഏറ്റവും വലിയ രാഷ്ട്രീയ അപകടം സംഭവിക്കുന്നത്.

രാജ്യത്തിന്റെ ബഹുസ്വരമായ ദേശീയതയിലും, ഭരണഘടനാ മൂല്യങ്ങളിലും കോമ്പ്രമൈസ് നടത്തി തീവ്ര ഹിന്ദുത്വയോട് ചേർന്ന് നിന്നുകൊണ്ട് വെൽഫെയർ സ്റ്റേറ്റ് അഥവാ ജനക്ഷേമ രാഷ്ട്രം എന്ന എല്ലിൻ കഷ്ണം ഉപയോഗിച്ച് അധികാരത്തിലെത്തുന്ന രാഷ്ട്രീയത്തെ അതുകൊണ്ടുതന്നെ പൂർണ്ണമായും അംഗീകരിക്കുവാൻ സാധിക്കില്ല. ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ സാധിക്കൂ എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞാൽ ആദ്യം വേണ്ടത് രാഷ്ട്രവും അതിന്റെ ജനാധിപത്യവും മതേതരവുമായ ബഹുസ്വരതയാണ് എന്ന് മനസിലാക്കാം.

ഈ മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്ത് സൗജന്യങ്ങളിലൂടെ ജനക്ഷേമം ഉറപ്പുവരുത്തുന്ന രാഷ്ട്രീയവും ഭരണകൂടവും ആത്യന്തികമായി വലതുപക്ഷ ഹിന്ദുത്വ ഭരണകൂടത്തിന് തുല്യമാണ്. ഇക്കാരണങ്ങൾകൊണ്ടുതന്നെ ഡൽഹി തിരഞ്ഞെടുപ്പ് വർഗ്ഗീയ ശക്തികൾക്കെതിരായ വിജയമെന്ന ആശ്വാസം നൽകുമ്പോഴും ഒരു ജനാധിപത്യ വിശ്വാസി എന്ന നിലയിൽ എന്നെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.