നീതിയല്ലിത്; ആൾക്കൂട്ടത്തിന്റെ കോത്താഴത്തിലെ ഇരട്ടത്താപ്പ് ; മറുപടിയുണ്ടോ നിങ്ങൾക്ക് ?

0
495

Adv Sreejith Perumana

നീതിയല്ലിത്; ആൾക്കൂട്ടത്തിന്റെ കോത്താഴത്തിലെ ഇരട്ടത്താപ്പ് ; മറുപടിയുണ്ടോ നിങ്ങൾക്ക് ?

കോടതിയും നിയമവാഴ്ചയും ഉള്ളതുകൊണ്ട് മാത്രമാണ് നമ്മുക്ക് നമ്പിനാരായണനെ പദ്മഭൂഷൺ നൽകി ആദരിക്കേണ്ടി വന്നത് ..അല്ലെങ്കിൽ ഒരു വെടിയുണ്ടയിൽ തീരുമായിരുന്നു ഇദ്ദേഹവും … പോലീസ് വാഴ്ചയല്ല നിയമവാഴ്ച ആണ് വേണ്ടത്

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെവരെ ലൈംഗിക ആരോപണം ഉയർന്ന നാടാണിത്, ആഘോഷകമ്മറ്റിക്കാരുടെ ഇതേ കാട്ടാള നീതി എന്തുകൊണ്ട് രഞ്ജൻ ഗൊഗോയിക്കെതിരെ ഉണ്ടായില്ല. പ്രസ്തുത കേസ് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണയിലുണ്ടല്ലോ… നാലു യുവാക്കളെ പോയന്റ് ബ്ളാങ്കിൽ വെടിവെച്ചു കൊന്ന പൊലീസിന് പുഷ്‌പവൃഷ്‌ടി നടത്തുന്നവർക്ക് ഇരട്ടത്താപ്പുണ്ട് എന്ന് ഞാൻ പറഞ്ഞാൽ അംഗീകരിക്കാതിരിക്കാൻ സാധിക്കുമോ? ഒരേ കുറ്റത്തിന് കേസെടുക്കപ്പെട്ട പ്രതികൾ ദരിദ്രരാകുമ്പോൾ ഒരു നീതിയും പ്രതികൾ പ്രിവിലേജ്ഡ് ക്ലാസ്സിൽ ഉൾപ്പെട്ട ആളുകളാകുമ്പോൾ മറ്റൊരു നീതിയും ഏതു കോത്താഴത്തിലെ നീതിയാണ് ?

രഞ്ജൻ ഗൊഗോയിക്കെതിരെ ആരുടേയും റിവോൾവർ പൊങ്ങാത്തതെന്തേ ? ഒരു കേസ് പോലും രജിസ്റ്റർ ചെയ്യാതെ പൊലീസിന്നേ പോലും നൽകാതെ സുപ്രീംകോടതി അന്വേഷിക്കുന്നതെന്തുകൊണ്ടാണ് ? പ്രിവിലേജ്ഡ് പുരുഷന്മാർ നടത്തുന്ന ബലാത്സംഗത്തിലെ സ്ത്രീകൾക്ക് നീതി വേണ്ടേ ?

ഇനി ഇങ്ങു കേരളത്തിലെ സ്ഥിതിയെടുത്താൽ മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി മുതൽ എംപിമാരായ ഹൈബി ഈഡനെതിരെയും, കെസി വേണുഗോപാലിനെതിരെയും മുൻ മന്ത്രിമാർക്കെതിരെയും തുടങ്ങി കേന്ദ്ര മന്ത്രിമാർക്കെതിരെ വരെ ബലാത്സംഗ കേസുകളും, പ്രകൃതിവിരുദ്ധ പീഡന കേസുകളുൾപ്പെടെ ഔദ്യോദികമായി നിലവിലുണ്ട്. ലോക്നാഥ് ബെഹ്‌റ നാളെ രാവിലെ റിവോൾവറുമെടുത്ത് പുതുപ്പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയെ വെടിവെച്ചു കൊന്നാൽ ഇന്ന് ഹൈദരാബാദ് പൊലീസിന് പുഷ്‌പവൃഷ്‌ടി നടത്തുകയും, ഗർഭം കലക്കി പൊട്ടിച്ചആഘോഷിക്കുകയും ചെയ്യുന്ന സദാചാര ആൾക്കൂട്ടം കേരളാപോലീസിനെയും, ബെഹ്‌റയെയും വാഴ്ത്തിപ്പാടുമൊ ?

ചരിത്രത്തിലാദ്യമായി ബലാത്സംഗം ചെയ്യാൻ ക്വോട്ടേഷൻ കൊടുത്തു എന്ന് ആരോപിച്ചു പ്രതിയാക്കപ്പെട്ട സിനിമാനടൻ വെടിവെച്ചു കൊന്നാൽ ഇരയായ സിനിമ നടിക്ക് നീതി ലഭിക്കുമെന്ന് എന്താണ് ഇപ്പോൾ ഉറഞ്ഞു തുള്ളുന്ന ആൾക്കൂട്ടം ചിന്തിക്കാത്തത്?

അറിയാൻ താത്പര്യമുണ്ട് പ്രിയ ആൾക്കൂട്ടമേ ?

അപ്പോൾ നീതിയൊന്നുമല്ല കാര്യം. ഒരു മനസുഖം അല്ലെ? ഇപ്പോൾ നീതി നടപ്പിലാക്കപ്പെട്ടു എന്ന് കയ്യടിക്കുന്നു പുരുഷന്മാരിലുമുണ്ട് അവസരം കിട്ടിയാൽ സ്ത്രീയെ ബലമായി പ്രാപിക്കാൻ തയ്യാറെടുക്കുന്ന നല്ല ഒത്ത പൊട്ടൻഷ്യൽ റേപ്പിസ്റ്റുകൾ എന്ന് നമ്മൾ മനസിലാക്കണം

കർണ്ണാടക പോലീസ് ബലാത്സംഗത്തിനും, അഹമ്മദാബാദ് പോലീസ് പ്രകൃതി വിരുദ്ധ പീഡനത്തിനും, തട്ടിക്കൊണ്ടുപോകലിനും, മറ്റു ഡസൺ കണക്കിന് കേസുകൾക്കും പ്രതിയാക്കിയ റേപ്പിസ്റ്റ് നാടുവിടുകയും കരീബിയൻ ദ്വീപ് മേടിച്ച് സ്വന്തം ഹിന്ദു രാജ്യവും പാസ്‌പോർട്ടും റിസർവ്വ് ബാങ്കും പ്രഖ്യാപിച്ചു ഐക്യരാഷ്ട്ര സഭയിൽ അപേക്ഷ നൽകി അംഗീകാരത്തിനായി കാത്തിരിക്കുയാണെന്ന വാർത്ത കേട്ട് ഉൾപ്പുളകം കൊള്ളുകയും റേപിസ്റ്റ് സ്വാമിയേ ദൈവമായി പൂജിക്കുകയും ചെയ്യുന്ന നാട്ടിലെ പൊതുജനം അതേസമയം പ്രതികളാണെന്ന പേരിൽ വിചാരണപോലുമില്ലാതെ, അന്വേഷണം പോലും നടത്താതെ നാല് ദരിദ്രരായ യുവാക്കളെ പോയന്റ് ബ്ളാങ്കിൽ കൊന്നുതള്ളിയ പൊലീസിന് കയ്യടിക്കുന്നവരെ ഭയമാണെനിക്ക്.

വിചാരണ നടത്തി നാട്ടിലെ ഏതു ശിക്ഷയും പ്രതികൾക്ക് നൽകട്ടെ, നീതിയുക്ത വിചാരണ എന്നത് ഭരണഘടനയിലെ ഏറ്റവും പ്രധാനപ്പെട്ട മൗലികാവകാശങ്ങളിൽ ഒന്നാണ്.

to satisfy the collective conscience of the Indian society അല്ലെങ്കിൽ സമൂഹത്തിന്റെ പൊതു ബോധത്തെ തൃപ്തിപ്പെടുത്താൻ ക്രൂരമായ കൊലപാതകം.

ഇതാണ് പ്രതിയെന്നു പോലീസ് പറയുന്ന പല ആളുകളും നിരപരാധികൾ ആണെന്ന് പിന്നീട് കോടതി വിധി ഉണ്ടായിട്ടുണ്ട് . വ്യക്തി വൈരാഗ്യം തീർക്കാൻ എത്രയോ ആളുകളെ നമ്മളുടെ കണ്മുന്നിൽ കള്ളക്കേസിൽ കുടുക്കിയിരിക്കുന്നു .പോലീസിനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല . അതുകൊണ്ടുതന്നെയാണ് പോലീസ് കസ്റ്റഡിയിൽ പ്രതികൾ നടത്തുന്ന കുറ്റസമ്മതവും, മൊഴികളും തെളിവായി കോടതികൾ സ്വീകരിക്കരുത് എന്ന് തെളിവ് നിയമത്തിൽ പച്ചയ്ക്ക് എഴുതി വെച്ചിരിക്കുന്നത്. യഥാർത്ഥപ്രതികളെ രക്ഷിക്കാൻ നിരപരാധികളായ നാല് പേരെ പിടിച്ചു വെടി വെച്ചു കൊന്നതാവാനുള്ള സാധ്യത ഞാൻ തള്ളിക്കളയില്ല. കാരണം പോലീസ് അത് ചെയ്യും.

കുറ്റാരോപിതരെയെല്ലാം വെടിവെച്ചു കൊല്ലുന്ന ആൾക്കൂട്ട നീതിയാണ് ജനങ്ങൾക്ക് വേണ്ടത് എങ്കിൽ ഇന്നീ കാണുന്ന പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയെല്ലാം കാലങ്ങൾക്ക് മുൻപേ മണ്ണൂരിലേക്ക് എത്തുമായിരുന്നു.

കേട്ടുകാണില്ല.. #Audi_alteram_partem  “listen to the other side”, “let the other side be heard as well” എന്നൊരു സാധനം ഈ നാട്ടിലുണ്ട്. ഇരു ഭാഗവും കേൾക്കാതെ നീതിയില്ല എന്ന പ്രകൃതിപരമായ തത്വം.
the evidence of prosecution must prove beyond reasonable doubt, not beyond the shadow of any doubt even if it is Jisha‘s case.. കുറ്റം ചെയ്തതായി സംശയാതീതമായി തെളിയിക്കപ്പെടണം . സംശയാതീതമായി മാത്രമല്ല സംശയത്തിന്റെ ഒരു നിഴൽ പോലുമുണ്ടാകാൻ പാടില്ല എന്ന് നിയമമുള്ള നാട്.

ഭരണഘടന തോറ്റുകൊണ്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാർ മുതൽ .. സാംസ്കാരിക സാമൂഹിക രാഷ്ട്രീയ നേതാക്കളും സർവ്വമാന ലൊട്ടുലൊടുക്കുകളും ഉൾപ്പെടെ ഗോവിന്ദച്ചാമി നാളെ മുതൽ കുറ്റാരോപിതർ വെടിവെച്ചു കൊല്ലണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നത് അത്യന്തം അപകടകരവും നിയമവാഴ്ചയ്ക്ക് കടക്കൽ കത്തിവെക്കലുമാണെന്ന് ഓർക്കുന്നത് നന്നായിരിക്കും….,

ഭരണഘടനയുടെ ഇരുപത്തി ഒന്നാം അനുച്ഛേദ പ്രകാരം ഏതൊരു പൗരനും ഈ രാജ്യത്തു ജീവിക്കുന്നതിനു കൃത്യമായ അവകാശങ്ങൾ ഉണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ വിചാരണയ്ക്കും ഭരണഘടനാ അനുശാസിക്കുന്നു. സ്റ്റേറ്റ് സ്പോൺസേർഡ് തീവ്രവാദം എന്നുപോലും പലപ്പോഴും കോടതികൾക്ക് വിളിക്കേണ്ടിവന്നിട്ടുള്ളത് പോലീസും മറ്റു സേനകളും നടത്തുന്ന വ്യാജ ഏറ്റുമുട്ടലുകളുടെ വാർത്തകളെ തുടർന്നാണ്.

എത്ര വലിയ കുറ്റം ചെയ്ത കുറ്റവാളിയാണെങ്കിൽപോലും അയാളെ കൊല്ലാൻ പോലീസിനോ ഭരണകൂടത്തിനോ അവകാശമില്ല എന്ന് സുപ്രീം കോടതി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

2004 മുതൽ 2014 വരെയുള്ള പത്തു വർഷത്തിനിടയിൽ 10900 ആളുകൾ ഏറ്റുമുട്ടലുകളും 2527 ആളുകൾ പോലീസ് വെടിവെപ്പിലും 16465 ആളുകൾ പോലീസ് കസ്റ്റഡിയിലും മരിച്ചിട്ടുണ്ടെന്ന കണക്കുകൾ അക്ഷരാർത്ഥത്തിൽ നമ്മുടെ മനസാക്ഷിയെ പിടിച്ചുലയ്ക്കുന്നതും ഭരണകൂടത്തിലെ ജനാധിപത്യത്തിലുമുള്ള വിശ്വാസ്യത തകർക്കുന്നതുമാണ്.

അഡ്വ ശ്രീജിത്ത് പെരുമന