കാലടി സംഭവം മോഷണക്കേസായി ചുരുട്ടിക്കെട്ടി പോലീസ് ; വാദി പ്രതിയാകാൻ സാധ്യത

138

അഡ്വ ശ്രീജിത്ത്‌ പെരുമന

കാലടി സംഭവം മോഷണക്കേസായി ചുരുട്ടിക്കെട്ടി പോലീസ് ; വാദി പ്രതിയാകാൻ സാധ്യത ; കേസ് അന്വേഷിച്ചാൽ സിനിമക്കാർക്കെതിരെയും നടപടികൾ എടുക്കേണ്ടിവരും,❓️

“പ്രതീകാത്മക പള്ളി പൊളി” ക്കലുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് മോഷണവും, ഭവനഭേദനവും ഉൾപ്പെടെയുള്ള 379, 454, 427 മൂന്ന് വകുപ്പുകളാണ് എന്നാണ് മനസിലാക്കുന്നത്. എന്നാൽ ബജ്രംഗദൾ അക്രമികളുടെ യഥാർത്ഥ ലക്ഷ്യം മോഷണമോ, ഭാവനഭേദനമോ അല്ലെന്ന് അരിഭക്ഷണം കഴിക്കുന്ന ഏത് കൊച്ചു കുഞ്ഞുങ്ങൾക്കും മനസിലാകും. അക്രമികളുടെ മൂന്ന് വർഷം തടവ് കിട്ടാവുന്ന മോഷണ കുറ്റവും, മോഷണ ലക്ഷ്യത്തോടെ ഭാവനഭേദനം നടത്തിയെന്ന് തെളിയിച്ചാൽ പത്ത് വർഷവും ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണെങ്കിലും ചാർജ്ജ് തെളിയിക്കാൻ പൊലീസിന് തലകുത്തി നിൽക്കേണ്ടിവരും.

കഴിഞ്ഞ പത്ത് മുപ്പത് വർഷങ്ങൾക്കുളിൽ പെരിയാറിന്റെ തീരത്ത് രൂപപ്പെട്ട തുരുത്തിലാണ് സെറ്റ് ആക്രമണവുമായി ബന്ധപ്പെട്ട സംഭവം നടക്കുന്നത്. പെരിയാറിന്റെ ഇരു കരകളിലുമുള്ള കാലടി, ഒക്കൽ പഞ്ചായത്തുകളിൽപ്പെട്ടതല്ല ഈ സ്ഥലം. ഇറിഗേഷൻ വകുപ്പിന്റെ പരിധിയിലുള്ള പെരിയാറിന്റെ കര എന്ന് പറയേണ്ടിവരും. സെറ്റ് തകർക്കപ്പെട്ട സിനിമയുടെ നിർമ്മാതാവ് പറയുന്നതനുസരിച്ചാണെങ്കിൽ അവിടെയുള്ള ക്ഷേത്രത്തിന്റെ ഭാരവാഹികളുമായി എഗ്രിമെന്റ് ഉണ്ടാകുകയും പണം നൽകി അനുമതി മേടിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ക്ഷേത്രത്തിന്റെയോ സ്വകാര്യ സ്ഥലമോ, പഞ്ചായത്തുകളുടെ റവന്യു സ്ഥലമോ അല്ലാത്ത ഒരു സ്ഥലത്ത് നിർമ്മാണം നടത്താൻ എന്ത് എഗ്രിമെന്റ് ആണ് നിർമ്മാതാക്കൾ ഒപ്പിട്ടത്? എങ്ങനെയാണ് സർക്കാർ സ്ഥലത്തിന് ക്ഷേത്ര ഭാരവാഹികൾ വാടക / ഡെപ്പോസിറ്റ് മേടിക്കുക ❓️ക്ഷേത്രംവക സ്ഥലമാണെങ്കിൽ പ്രസ്തുത രേഖകളും, വിവരങ്ങളും പഞ്ചായത്തുകളിലോ മാപ്പുകളിലോ ഇല്ലാത്തതെന്തുകൊണ്ട്❓️പണം മേടിച്ചുകൊണ്ട് സർക്കാർ ഭൂമി എങ്ങനെ ഒരുപറ്റം ആളുകൾ (ക്ഷേത്ര ഭാരവാഹികൾ ) മറ്റൊരാൾക്ക് (സിനിമ നിർമ്മാതാവിന് ) നിർമ്മാണം നടത്താൻ നൽകി❓️

സ്വകാര്യ സ്ഥലത്തോ, പൊതു സ്ഥലത്തോ നടത്തുന്ന ഏതൊരു താത്കാലിക /സ്ഥിര നിർമ്മാണങ്ങൾക്കും KPBR, KMBR വകുപ്പ് 87, 83 എന്നീ റൂളുകൾ പ്രകാരം പഞ്ചായത്തിന്റെ/മുനിസിപ്പാലിറ്റിയുടെ മുൻ‌കൂർ അനുമതി വേണം എന്നിരിക്കെ അനുമതി എടുക്കാതെ 50ലക്ഷം രൂപ ചിലവിൽ നിർമ്മാണം നടത്തിയത് എങ്ങനെ ❓️

ഒരു ന്യുസ് ചാനലിന് നൽകിയ ആഭിമുഖത്തിൽ സ്വകാര്യ സ്ഥലത്ത് താത്‌കാലിക കെട്ടിടം നിർമ്മിക്കാൻ അനുമതി വേണ്ട എന്ന് എന്തടിസ്ഥാനത്തിലാണ് കാലടി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞത്❓️

ഷൂട്ടിങ് കഴിഞ്ഞുവെന്നും, സിനിമക്കാർതന്നെ സെറ്റ് പകുതി പൊളിച്ചിരുന്നു ബാക്കി ഭാഗമാണ് കഴിഞ്ഞ ദിവസം ചിലർ പൊളിച്ചത് എന്ന കാലടി പഞ്ചായത്ത്‌ പ്രസിഡന്റ് പറഞ്ഞത് സത്യമാണോ? ആണെങ്കിൽ ഇക്കാര്യം എന്തുകൊണ്ട് സിനിമാക്കാർ മറച്ചുവെച്ചു❓️
സിനിമ ഷൂട്ടിങ്ങിന് 5000 രൂപ പഞ്ചായത്തിൽ അടച്ചു എന്ന് സിനിമാക്കാർ പറയുന്നു. ഏത് നിയമ പ്രകാരം, ഏത് ചട്ടപ്രകാരമാണ്‌ 5000 രൂപ ഫീസ് അടച്ചത്❓️രേഖകൾ എവിടെ❓️

അനധികൃത നിർമ്മാണം നടത്തിയതിന് കാലടി പഞ്ചായത്ത് സിനിമാക്കാർക്ക് നോട്ടീസ് നൽകി എന്ന് പഞ്ചായത്ത്‌ സെക്രട്ടറി പറയുന്നു. ഇത് സത്യമാണോ? ആണെങ്കിൽ എന്തായിരുന്നു അതിലെ ശിക്ഷ നടപടി❓️നോട്ടീസിന് സിനിമാക്കാർ നൽകിയ മറുപടി എന്ത്❓️
സെറ്റ് ഇടാതെയുള്ള ഷൂട്ടിങ് നടത്താൻ പഞ്ചായത്ത് രേഖാമൂലം അനുമതി നൽകി എന്ന് പ്രസിഡന്റ് പറയുന്നു. ശരിയെങ്കിൽ ആ അനുമതിയിലെ നിബന്ധനകൾ എന്തെല്ലാം❓️

സെറ്റിടാൻ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് അനുമതി നൽകി എന്ന് സിനിമ നിർമ്മാതാക്കൾ പറയുന്നു അങ്ങനെയെങ്കിൽ KPBR പ്രകാരമുള്ള പഞ്ചായത്ത്‌ അനുമതി /പെർമിറ്റ്‌ ഇല്ലത്തെ പെരിയാറിന്റെ തീരത്തുള്ള സർക്കാർ ഭൂമിയിൽ നിർമ്മാണം നടത്താൻ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് എങ്ങനെ അനുമതി നൽകി❓️
ഇറിഗേഷൻ വകുപ്പിന്റെ അനുമതി രേഖ എവിടെ❓️

സിനിമ സെറ്റിട്ട പ്രദേശം സാമൂഹിക വിരുദ്ധരുടെ താവളമാണ് എന്ന നാട്ടുകാരുടെ ആക്ഷേപത്തിലെ വസ്‌തുതകൾ എന്ത്❓️
ഒക്കൽ, കാലടി എന്നീ പഞ്ചായത്തുകളിൽ സിനിമ ഷൂട്ടിങ് അനുമതി സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞുകൊണ് ബജ്രംഗദൾ വിവരാവകാശ രേഖകൾ നൽകിയിരുന്നു. സെറ്റിടാൻ അനുമതി ഇല്ല എന്ന മറുപടി ലഭിച്ചിട്ട് സാഘടന എന്തുതുകൊണ്ട് പരാതി നൽകിയില്ല ❓️
കാലടി മണപ്പുറത്തെ ക്ഷേത്രം ഏത് ട്രസ്റ്റ് /ദേവസ്വം ബോർഡിന്റെ കീഴിലാണ്? ക്ഷേത്ര ഭാരവാഹികൾ ആരൊക്കെ❓️
പൊതുസ്ഥലം കയ്യേറി നിർമ്മിച്ച ക്ഷേത്രമാണെങ്കില്പോലും പൊളിച്ചു നീക്കണം എന്ന സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെ സർക്കാർ ഭൂമി എങ്ങനെ ക്ഷേത്രം വാടകക്ക് നൽകും❓️

സിനിമാസെറ്റ് പൊളിച്ചതുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം അന്വേഷണം നടത്തും എന്ന് പോലീസ് വ്യക്തമാക്കുമ്പോഴും ഉണ്ടായില്ല വെടിയായി അന്വേഷണം മാറുകയാണ്. മോഷണക്കേസായി ചുരുക്കാതെ പ്രതികളിൽ ഒരാൾ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയ വർഗീയ പ്രചാരണവും, ഭീഷണികളും റെക്കോർഡ് ചെയ്ത് സംഭവത്തിൽ കലാപ ശ്രമങ്ങൾക്കും, ക്രിമിനൽ ഗൂഡാലോചനയ്ക്കും, മതസ്പർദ്ധ വളർത്തുന്നതിനും, രാജ്യസുരക്ഷക്കെതിരെ പ്രവൃത്തിച്ചതിനും കേസെടുക്കേണ്ടിരിക്കെ ബജ്രംഗദൾ ഗൂഡാലോചനയെ കേവലമൊരു മോഷണക്കേസായി ചുരുക്കുന്ന പോലീസ് നടപടി ആരെ സംരക്ഷിക്കാനാണ്? ഐ പി സി സെക്ഷൻ 379, 454, 427എന്നീ വകുപ്പുകളിലുള്ള കേസ് വെള്ളത്തിൽ വരച്ച വരയാണ്.

എന്തുകൊണ്ട് അക്രമത്തിന്റെ കാരണങ്ങൾ പറഞ്ഞുകൊണ്ടുള്ള ഫെയിസ്ബുക്ക് പോസ്റ്റിന്റെ പേരിൽ പ്രതികൾക്കെതിരെ വർഗീയ കലാപ ശ്രമങ്ങൾക്ക് കേസെടുത്തില്ല?

നിർമ്മാതാക്കളുടെ അസോസിയേഷനും ഫെഫ്കയും ഇതു സംബന്ധിച്ച പരാതി ആലുവ റൂറൽ എസ് പിയ്ക്ക് കൈ?മാറി എന്നുപറയുന്നു . രാഷട്രീയ ബജ്രംഗ് ദളിന്റെ ജില്ലാ പ്രസിഡന്റും കുപ്രസിദ്ധ കുറ്റവാളിയുമായ കാരി രതീഷ് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് സെറ്റ് പൊളിച്ചതെന്നാണ് അറിയുന്നതെന്ന് പോലീസ് പറയുന്നു. അങ്ങനെയെങ്കിൽ എന്തുകൊണ്ട് പ്രതികൾക്കെതിരെയുള്ള നടപടികൾ വൈകുന്നു?
ഒക്കൽ, കാലടി പഞ്ചായത്ത് പ്രസിഡന്റുമാരോടും, ഒക്കൽ സെക്രട്ടറിയോടും, മുൻ ഓവർസിയറോടും ചില നാട്ടുകാരോടും സംസാരിച്ച ശേഷമാണ് ഈ കുറിപ്പ് എഴുതുന്നത്.

അക്രമം നടത്തിയത് രാഷ്ട്രീയ ബജ്രംഗദലാണ് എന്നറിഞ്ഞിട്ടും മൃദു സമീപനം സ്വീകരിക്കുന്ന സിനിമ മേഖലയിലെ ബന്ധപ്പെട്ടവർ മുകളിലെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകാൻ ബാധ്യസ്ഥരാണ്. സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ആതിരപ്പള്ളി പഞ്ചായത്തിലും വ്യാപകമായ അഴിമതിയും, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും, പ്രകൃതി നശീകരണവും നടക്കുന്നുണ്ട് എന്ന് ചില പരിസ്ഥിത പ്രവർത്തകരായ സുഹൃത്തുക്കളും അറിയിച്ചതും ഗൗരവത്തോടെ കാണുന്നുണ്ട്. കാലടി സംഭവത്തിലെ വിവിധ നിയമവിരുദ്ധ പ്രവൃത്തികളും, അഴിമതിയും, തീവ്രവാദവും ഉൾപ്പെടെ അന്വേഷണ വിധേയമാക്കണം എന്ന് പഞ്ചായത്ത് അധികൃതരോടും പോലീസിനോട് ആവശ്യപ്പെടും.

Advertisements