പ്രണയവും വിവാഹവും സെക്‌സും പിന്നെ ദാരിദ്ര്യവും !

200
അഡ്വ ശ്രീജിത്ത് പെരുമന 
പ്രണയവും വിവാഹവും സെക്‌സും പിന്നെ ദാരിദ്ര്യവും !
പ്രണയ ദിനത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും, വാട്സാപ്പ് പോലയുള്ള മെസഞ്ചർ അപ്പുകളിലൂടെയും പ്രചരിക്കുന്ന സാമൂഹിക വർത്തമാനങ്ങളിൽ നിന്നുമാണ് ഇങ്ങനൊരു കുറിപ്പെഴുതാനുള്ള പ്രചോദനം ലഭ്യമായതെന്ന് ആദ്യമേ പറയട്ടെ,
സംഗതി വല്യ ആനക്കാര്യമൊന്നുമല്ല. ഞാൻ കണ്ട ചില ടിപ്പിക്കൽ മല്ലു കാഴ്ചകളെകുറിച്ചാണ്…
വയനാട് സ്വദേശിയായ എന്റെ ജില്ലയുടെ അയൽ ജില്ലകളാണ് കണ്ണൂരും, കോഴിക്കോടും. ഈ ജില്ലകളിലെ യുവാക്കൾക്ക് വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടുന്നില്ല എന്നും ഈ വിവാഹ തടസ്സം രൂക്ഷമായപ്പോൾ കണ്ണൂരിൽ പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു പോലീസുകാരുടെ നേതൃത്വത്തിൽ വീടുകൾ കയറി യുവാക്കളുടെ ഒരു സർവ്വേ എടുക്കുകയും അവർക്ക് പെൺകുട്ടികളെ കണ്ടെത്താനുള്ള ഒരു ശ്രമത്തിൽ പോലീസുകാർ വ്യാപൃതരാവുകയും ചെയ്യുന്നു എന്നൊരു വിചിത്രമായ വാർത്ത വായിക്കാനിടയായത് അടുത്ത ദിവസങ്ങളിലൊന്നാണ്.
പലവിധ കാരണങ്ങളാൽ വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടാത്ത ആളുകൾ അന്യജില്ലകളിൽ നിന്നും വയനാട്ടിൽ ആദിവാസി കോളനികൾ കേന്ദ്രീകരിച്ചു ബന്ധപ്പെടുകയും പ്രത്യേകിച്ച് ആവശ്യങ്ങളോ, ജോലിയോ ഒന്നും ആവശ്യപ്പെടാത്ത ആദിവാസി പെൺകുട്ടികളെ വിവാഹം ചെയ്തു കൊണ്ടുപോകുന്നതുമായ വാർത്തകൾ ഇതിനു മുൻപുതന്നെ ഞങ്ങളുടെ നാട്ടിൽ പ്രത്യേകിച്ച് ഭൂരിപക്ഷ ആദിവാസി മേഖലയായ തിരുനെല്ലി പഞ്ചായത്തിൽ ഉൾപ്പെടെ വലിയ ചർച്ചയായിരുന്നെങ്കിലും കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം കണ്ണൂരിലെ ഈ വാർത്തയാണ് ഈ വിഷയത്തിലേക്ക് എന്റെ ശ്രദ്ധകൊണ്ടുവന്നത്.
പെണ്ണന്വേഷിച്ചു വയനാടും കടന്ന് കർണ്ണാടകയിലെ മൈസൂരിലെത്തുകയും അവിടെ നിന്ന് വിവാഹവും സൽക്കാരവുമൊക്കെ കഴിഞ് നാട്ടിലേക്ക് എത്തുകയും ചെയ്യുന്ന യുവാക്കളുടെ കഥ വർഷങ്ങൾക്ക് മുൻപ് വലിയ വാർത്തയായിരുന്നു. പിന്നീടത് ഹരിയാന കല്ല്യാണത്തിലേക്കും ബീഹാർ കല്യാണത്തിലേക്കും വഴിമാറിയതും നമുക്കോർമ്മയുണ്ടാകും.
പറഞ്ഞുവരുന്നത് മലയാളി സമൂഹത്തിൽ വന്ന സ്ഥൂലമായ മാറ്റത്തെക്കുറിച്ചാണ്.
ഗൾഫ് പ്രണയവും വിവാഹവും
ഒരു കാലത്ത് ഗൾഫ്‌കാരനെന്ന പേര് കേട്ടാൽ കമിഴ്ന്നടിച്ചു വീഴുമായിരുന്നു രക്ഷിതാക്കൾ. അന്ന് വിവാഹ കമ്പോളത്തിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായിരുന്നതും ഗൾഫുകാർക്കാണ്. ഉള്ളത് മുഴുവൻ പെറുക്കി വിറ്റിട്ടാണെങ്കിലും വീട്ടിലുള്ള ആൺതരിയെ കടൽ കടത്താൻ കേരളത്തിലെ ഓരോ രക്ഷിതാക്കളും പെടാ പാടുപെട്ടിരുന്ന കാലം.
ഗൾഫിലെ ഏതെങ്കിലും ഒരു അറബ് രാജ്യത്തു ജോലിയുണ്ടെന്നു മാത്രം അറിഞ്ഞാൽ മതിയായിരുന്നു പെണ്ണ് വീട്ടുകാർക്ക്. എന്ത് ജോലിയാണെന്നോ, ശമ്പളം എത്രയാണെന്നോ എന്നുള്ളതൊന്നും ഒരു മാനദണ്ഠമെ ആയിരുന്നില്ല. ആയിടെ വിവാഹ ബ്രോക്കർമാരുടെ വാമൊഴിയിൽ “ഗൾഫുകാരൻ പയ്യൻ” എന്നൊരു വാക്യം തന്നെ വിവാഹ ബിസിനസ്സിനായി രൂപപ്പെട്ടു. ഗൾഫിൽ നിന്നും മരുമകൻ ലീവിന് വരുമ്പോൾ കൊണ്ടുവരുന്ന പുത്തൻ എമർജൻസി ലൈറ്റും, ടോർച്ചും, ടീവിയുമൊക്കെ സ്വപ്നം കണ്ടിരുന്ന രക്ഷിതാക്കൾ പെൺകുട്ടികളെ ഗൾഫുകാരനുവേണ്ടി ഉഴിഞ്ഞുവെച്ചിരുന്നു എന്ന് പറഞ്ഞാൽപോലും അതിശയോക്തിയാവില്ല.
രക്ഷിതാക്കളെ മാത്രം പറയണ്ട, പെൺകുട്ടികളും അന്ന് സ്വപ്നം കണ്ടിരുന്നത് നല്ല
മനം മയക്കുന്ന അത്തറിന്റെ മണമുള്ള സെന്റും പൂശിവരുന്ന ഗൾഫുകാരൻ പയ്യന്മാരെയാണ്. വിവാഹം കഴിഞ് വീണ്ടും പഠിക്കാൻ പോകുന്ന കോളേജിൽ “തന്റെ ഭർത്താവ് ഗൾഫിലേക്ക് തിരിച്ചു പോയി” എന്ന് ഗമയിൽ പറയാൻ വേണ്ടി മാത്രം ഗൾഫുകാരന്റെ അന്വേഷിച്ചിരുന്ന പെൺകുട്ടികളുണ്ടായിരുന്നതായിപോലും അന്നത്തെ വിവാഹ ബ്രോക്കർമാരോട് ചോദിച്ചാൽ പറഞ്ഞുതരും.
ഉന്നത വിദ്യാഭ്യാസമുള്ള പെണ്കുട്ടികൾക്ക് പോലും തന്റെ ഭർത്താവിന് വേണ്ട അവശ്യ കാര്യമായി ഗൾഫിലെ ജോലി അല്ലാതെ മറ്റൊന്നുമല്ല എന്നത് മലയാളിയുടെ ഗൾഫ് പ്രേമത്തിന്റെ ആഴം നമ്മെ മനസിലാക്കിത്തരുന്നതാണ്.
ഇന്റർനെറ്റിന്റെ അതിപ്രസരവും, ഗൾഫിലെ സാമ്പത്തിക തകർച്ചയും.
ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക തകർച്ചയും ഇന്റർനെറ്റിന്റെയും മൊബൈൽ സാങ്കേതിക വിദ്യയുടെയും തള്ളിക്കയറ്റവും പിടിച്ചുകുലുക്കിയത് ഏതെങ്കിലും നാടിന്റെ സമ്പത് വ്യവസ്ഥിതിയെയോ, രാഷ്ട്രീയത്തെയോ ഒന്നുമില്ലായിരുന്നു മറിച്ച് കേരളത്തിന്റെ വിവാഹ മാർക്കറ്റിനെയായിരുന്നു എന്നതാണ് സത്യം.
കാണം വിറ്റും മക്കൾക്ക് ലാപ്ടോപ്പും, ഇന്റർനെറ്റ് കണ്സക്ഷനും എടുത്തു കൊടുത്ത രക്ഷിതാക്കൾ പക്ഷെ ഇന്റർനെറ്റിന്റെയും അറിവിന്റെയും ആഗോള വാർത്തകളുടെയും ലോകത്തു തങ്ങളുടെ മക്കൾ തിരഞ്ഞെത്തിയത് മനസിലാക്കാൻ സമയമെടുത്തു. വെറും അക്കാദമിക്ക് പുഴക്കളാകുന്നതിനു പകരം കേരളത്തിലെ പെൺകുട്ടികൾ സാമൂഹിക മാധ്യമങ്ങളിലൂടെയും, മറ്റു സൈബർ പ്ലാറ്റഫോമിലൂടെയും ഗ്ലോബലിയായി സഞ്ചരിച്ചു. ഗൾഫിലെ ജോലി എന്നത് കയ്യാലപ്പുറത്തെ തേങ്ങയാണെന്ന തിരിച്ചറിവ് ഏറ്റവും ആദ്യം മനസിലാക്കിയത് കേരളത്തിലെ രക്ഷിതാക്കളല്ല
മറിച്ചു അവരുടെ മക്കളായ ഗൾഫുകാരന്റെ ഭാര്യമാരാണെന്നു നിസംശയം പറയാം.
ലീവിന് നാട്ടിൽ വന്ന ശേഷം പുത്തൻ കാറും, ഫ്‌ളാറ്റും മേടിച്ചു സിനിമയും, ഷോപ്പിംഗ്‌മായി പോഷ് ജീവിതം നയിക്കുന്ന ഗൾഫുകാരൻ തിരിച്ചു പോകുന്നതിന്റെ തലേദിവസം എയര്പോര്ട്ടിലെത്താൻ കാറ് വിളിക്കാനുള്ള പണത്തിനായി കെട്ടുതാലി പണയം വെക്കണമെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഭാര്യയോട് നടത്തുന്ന കുമ്പസാര രാത്രികൾ അത്രകണ്ട് സാധാരണ കുടുംബങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്. എല്ലാ ഗൾഫുകാരുടെയും അവസ്ഥ ഇതാണെന്നെഴുതി സാമൂഹ്യ സാഹചര്യങ്ങളെ പൊതുബോധമാക്കുകയല്ല ഇവിടെ. എങ്കിലും വലിയ ഒരു യാഥാർഥ്യം അതിൽ ഒളിച്ചിരുപ്പുണ്ടായിരുന്നു.
വിവാഹ മാർക്കറ്റ് ൾഫിൽ നിന്നും നാട്ടിലെ സർക്കാർ ജോലിയിലേക്ക് പറിച്ചു നടപ്പെടുന്നു.
ഇന്റർനെറ്റിന്റെ അതിപ്രസരം പെൺകുട്ടികളെയും അവരുടെ രക്ഷിതാക്കളെയും പതിയെ ഒരുപരിധിവരെ യാഥാർഥ്യത്തിന്റെ ലോകത്തേക്ക് തിരിച്ചെത്തിച്ചു എന്ന് വേണമെങ്കിൽ പറയാം. ഗൾഫിൽ ഇഫ്‌ളേഷനോ മറ്റു സാമ്പത്തിക തകർച്ചയോ, എണ്ണ വിലയുടെ തകർച്ചയോ ഉണ്ടാകുമ്പോൾ ഏഴാം കടലും കടന്ന് ഇപ്പുറമുള്ള മലയാളികളുടെ കുടുംബത്തെ അത് ശക്തമായി ബാധിക്കുന്ന തരത്തിലേക്ക് മാറിയപ്പോഴേക്കും നാട്ടിലെ സ്ഥായിയായ സർക്കാർ ജോലി എന്ന സുരക്ഷിത താവളത്തിലേക്ക് കൂടുമാറാൻമലയാളി ബോധം തീരുമാനിച്ചു.
ഗൾഫിലേക്കുള്ള റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളെക്കാൾ കൂടുതൽ PSC കോച്ചിങ് സെന്ററുകൾ നാട്ടിൽ ഉയർന്നു. വിസയുണ്ടാക്കാനുള്ള നെട്ടോട്ടത്തിനു പകരം പഠനത്തിനായുള്ള നെട്ടോട്ടമായി. ഉന്നത ഡിഗ്രിയുള്ളവനും നാട്ടിലെ സർക്കാർ ജോലിയെലേക്ക് എന്ന നിലയിലെത്തി. അന്നത്തെ കാലത്തു നമ്മുടെ ടീവി ചാനലുകളിൽ വന്നിരുന്ന പരസ്യങ്ങളും ഇന്നത്തെ പരസ്യങ്ങളും തമ്മിലുള്ള അന്തരങ്ങൾ നോക്കിയാൽ മതി ഈ ചിത്രം കൂടുതൽ വ്യക്തമാകും. മറൈൻ എൻജിനീയറിങ്, എ സി മെക്കാനിക്ക്, ഫയർ ആൻഡ് സേഫ്റ്റി, ഹോം കാറ്ററിങ് തുടങ്ങി മുക്കിനു മുക്കിനു ഇത്തരം കോഴ്‌സുകൾ നടത്തുന്ന സ്ഥാപങ്ങങ്ങളും കോഴ്സ് കഴിഞ്ഞാൽ ഉടൻ ഗൾഫിൽ ജോലി എന്ന സെലിബ്രറ്റികളുടെ പരസ്യങ്ങളുമായിരുന്നു അന്നത്തെ കാലത്ത് ടീവിയിൽ എങ്കിൽ ഇന്നത് ഐ ഐ ടി കൾക്കും, നാട്ടിലെ പിഎസ് സി കോച്ചിങ് സെന്ററുകളുടെയും പരസ്യമായ മാറ്റപ്പെട്ടുണ്ട് എന്നതാണ് യാഥാർഥ്യം.
ഈ മാറ്റത്തിന് ഏറ്റവും മൂലകാരണമായി പ്രവർത്തിച്ചത് മലയാളിയുടെ വിവാഹ മാർക്കറ്റാണ്. നേരത്തെ സൂചിപ്പിച്ച ഗൾഫിന്റെ സാമ്പത്തിക തകർച്ചയുടെ ചൂടും ചൂരുമറിഞ്ഞ മലയാളി കുടുംബങ്ങൾ സുരക്ഷിത വരുമാനമെന്ന യാഥാർഥ്യത്തിലേക്ക് തിരിഞ്ഞു നടന്നു. പഴയ വിവാഹ ബ്രോക്കര്മാരുടെ വഴിയുടക്കപ്പെട്ടു. ഗൾഫുകാരനാണെന്നാൽ മുഖംതിരിക്കുന്ന ഒരു പൊതുബോധം ക്രമേണ രൂപാന്തരപ്പെട്ടു. ഗൾഫിൽ നിന്നും തിരികെയെത്തി ഒന്നും രണ്ടും വർഷം പിഎസ്‌സി പഠിച്ചു ഒരു പ്യുൺ ആയെങ്കിലും ജോലിക്ക് കയറിയില്ലെങ്കിൽ കല്ല്യാണം നടക്കില്ലെന്ന സ്ഥിതിയിലേക്ക് വരെ പലയിടത്തും അതെത്തി.
“ഇപ്രാവശ്യം കല്യാണമില്ലേ, എപ്പോഴാണ് പോകുന്നത്” തുടങ്ങി ഗൾഫുകാരോടുള്ള മലയാളിയുടെ പരമ്പരാഗത ചോദ്യങ്ങൾക്ക് യുവാക്കൾക്കിടയിൽ മറുപടിയില്ലാതെയായി. വിവാഹ അന്വേഷണങ്ങൾക്കായി മാത്രം പ്രായം കൂടുംതോറും നാട്ടിലെത്തി അന്വേഷണങ്ങൾ നടത്തേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. ഗൾഫുകാരൻ പെണ്ണുകണ്ട വീട്ടിലെ കുട്ടിയെ തൊട്ടടുത്ത ദിവസം സർക്കാർ വാഹനത്തിലെ ഡ്രൈവർ വന്നു കണ്ടു വിവാഹം ഉറപ്പിക്കുന്ന സാഹചര്യം. ( സർക്കാർ വാഹനത്തിലെ ഡ്രൈവർ മോശക്കാരനാണെന്നോ ഗൾഫുകാരൻ അതിനേക്കാൾ മുകളിലാണെന്നോ അല്ല ഉദ്ദേശിയ്ച്ചത് മറിച്ച് ഒരു സർക്കാർ ഡ്രൈവർക്ക് കിട്ടുന്ന ശമ്പളത്തിന്റെ പതിന്മടങ്ങു ശമ്പളം മേടിക്കുന്ന ഗൾഫുകാരന്റെ അവസ്ഥയെയാണ് ചൂണ്ടിക്കാണിക്കുന്നത് )
രക്ഷിതാക്കളും പതിയെ സർക്കാർ ജോലിക്കാരനെ അന്വേഷിച്ചറങ്ങുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. സ്വന്തം മകൾക്ക് ജോലിയൊന്നും ഇല്ലെങ്കിൽപോലും കെട്ടിച്ചു കൊടുക്കുന്നേൽ സർക്കാർ ജോലിക്കാരന് എന്ന സ്ഥിതി. സർക്കാർ ജോലിക്കാരന് വാരികോരിയും, കടം മേടിച്ചും സമ്മാനങ്ങളും കൊടുക്കാൻ അവർ തയ്യാറായി.
സർക്കാർ ജോലിയിലൂന്നിയ വിവാഹ മാർക്കറ്റിൽ നിന്നും പെൺകുട്ടികളുടെ ന്യുട്രൽ യു -ടേൺ
ഇവിടെയെത്തി നിൽക്കുന്നു നമ്മുടെ മല്ലു സമൂഹമിന്ന്. ഈ മാർക്കറ്റിൽ എല്ലാത്തരം സാഹചര്യങ്ങളെയും ന്യുട്രലായി പരിഗണിക്കുന്ന തലത്തിലേക്ക് രക്ഷ്ടിതാക്കളുടെയും പെൺകുട്ടികളുടെയും സമൂഹം വളർന്നുകൊണ്ടിരിക്കുന്നു. ഗൾഫ് മാറി യൂറോപ്പും അമേരിക്കയും മറ്റു പാശ്ചാത്യ നാടുകളോടും വിവാഹ മാർക്കറ്റുകൾക്ക് പ്രിയം കൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നാട്ടിൽ ഇപ്പോൾ യൂറോപ്പ് അമേരിക്കൻ ജോലി സ്ഥാപനങ്ങൾ കൂണുകൾപോലെ മുളച്ചുവരികയും ഭൂരിപക്ഷവും ചീറ്റിങ്ങുകൾക്കു വിധേയമാകുന്ന വാർത്തകൾ പുറത്തുവരികയും ചെയ്യുന്നുണ്ട്.
എന്നാൽ ഈ സാഹചര്യത്തിൽ എടുത്തു പറയേണ്ട വലിയ മാറ്റം സംഭവിച്ചിരിക്കുന്നത് പെൺകുട്ടികളുടെ മനോഭാവത്തിലാണ്. രക്ഷിതാക്കളുടെ ഇച്ഛകൾക്ക് വിധേയമായി വിവാഹം കഴിക്കേണ്ടിവന്നിരുന്ന തലമുറ ഇന്ന് തങ്ങളുടെ വിവാഹത്തെ കുറിച്ച് സ്വയം തീരുമാനമെടുക്കാനുള്ള ഒരു ബോധതലത്തിലേക്ക് വളർന്നിരിക്കുന്നു. ഇന്റർനെറ്റിന്റെയും, സാമൂഹ്യമാധ്യമങ്ങളുടെയും സാമൂഹിക ഇടപെടലുകളുടെയും ഭാഗമായോ ഗ്ലോബൽ വ്യക്തിത്വങ്ങളായി മലയാളി പെൺകുട്ടികളുടെ സമൂഹം വളർന്നു എന്നത് പ്രതീക്ഷ നൽകുന്ന ഒന്നാണ്.
ഗൾഫുകാരനെയോ, അമേരിക്കക്കാരനെയോ, കോടീശ്വരനെയോ, സർക്കാർ ജോലിക്കാരനെയോ കൊണ്ടുചെന്നു നിർത്തിയാൽപോലും അവരവരുടെ ഇഷടാനിഷ്ടങ്ങൾക്ക് അനുസൃതമായി തീരുമാനമെടുക്കാനുള്ള ഒരു സ്പെയിസ് അവർക്ക് കൈവന്നിരിക്കുന്നു എന്ന് പറയാം. പണത്തിനോ, പദവികൾക്കോ, ഫാമിലി സ്റ്റാറ്റസുകൾക്കോ അപ്പുറം പ്രണയത്തിനും, ഇഷ്ട്ടങ്ങൾക്കും, തിരിച്ചറിയലുകൾക്കും മറ്റു നാച്ചുറൽ ഇമോഷനുകൾക്കും പ്രാമുഖ്യം ലഭിക്കുന്നത് പരിഷ്കൃത ലോകത്തിൽ നവോത്ഥാനത്തിന്റെ ലക്ഷണങ്ങൾ തന്നെയാണ്.
എന്നാൽ ഈ മാറ്റം ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത് ആൺകുട്ടികളെയാണ്. കാലാകാലങ്ങളായുള്ള ഒരു പുരുഷമേൽക്കോയാമ തകർക്കപ്പെട്ടതിൽ അക്ഷരാർത്ഥത്തിൽ വിവാഹ രക്തസാക്ഷികളാകേണ്ടിവന്നത് ഈ തലമുറയിൽപ്പെട്ട ആൺകുട്ടികളാണ്. രക്ഷിതാക്കൾ ഏതൊക്കെ മാനദണ്ഡങ്ങൾ വെച്ച് അളന്നാലും കാര്യമില്ല വിവാഹം നടക്കണമെങ്കിൽ സ്വന്തം മകളുടെ ഇഷ്ട്ടാനിഷ്ടങ്ങൾ പരിഗണിച്ചേ മതിയാകൂ എന്നതിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു.
പെൺകുട്ടികളുടെ ആ സ്വാതന്ത്ര്യ പ്രഖ്യാപനം പ്രണയത്തിന്റെയും, സ്നേഹ ബന്ധങ്ങളുടെയും സ്വാതന്ത്ര്യ പ്രഖ്യാപനമായി കൂടെവേണം കണക്കാക്കാൻ.
വിവാഹവും പ്രണയവും ലൈംഗികതയും ടിപ്പിക്കൽ മല്ലു കൺസപ്റ്റ്.
ഇവിടെ മലയാളികൾ മേല്പറഞ്ഞ സർവ്വതും ലൈംഗികതയുടെ റെസിപ്പിയിലാണ് വേവിച്ചെടുക്കുന്നത്. ആർഷഭാരത സംസ്കാരങ്ങളെ കുറിച്ചതും, മഹത്തായ സദാചാര മൂല്യങ്ങളെ കുറിച്ചും വീമ്പു പറയുമ്പോഴും അവനവനിലേക്കും സ്വന്തം ചെയ്തികളിലേക്കും ഒരിക്കൽപോലും തിരിഞ്ഞു നോക്കാത്ത ബഹുമുഖ പ്രതിഭകളാണ് നമ്മൾ ഭാരതീയർ. അതിൽ തന്നെ കപട മുഖം മൂടികൾ അണിഞ്ഞു മാനവികതയുടെ ധർമ്മ-അധർമ്മങ്ങളിലെ അന്തർധാരകളെ കുറിച്ചതും, ആഗോളവതകരണത്തിലെ കിടമതസരങ്ങൾ നയിച്ചേക്കാവുന്ന മൂന്നാം ലോക മഹായുദ്ധത്തിന്റെ ചെറുത്ത് നിൽപ്പിനായി നടപ്പിലാക്കേണ്ട ആണവ പ്രധിരോധ പ്രവർത്തങ്ങളുടെ അനിവാര്യതകളെക്കുറിച്ചും,ഈരേഴു പതിനാലു ലോകങ്ങളിലെ അന്താരാഷ്ട്ര പ്രശ്നങ്ങളെ കുറിച്ചതും ഒരേസമയം പലതരം റെസിപ്പികളിൽ കൈകാര്യം ചെയ്യുന്നവരാണ് നമ്മൾ മലയാളികൾ എന്ന് ആത്മവിമർശനാത്മകമായി തന്നെ പറയേണ്ടിവരും.
നാം വിവാഹം കഴിക്കുന്ന പെണ്ണുങ്ങൾ കന്യകയായിരിക്കണം എന്നാണത്രെ ആർഷ ഭാരത സംസ്ക്കാരം പറഞ്ഞു വയ്ക്കുന്നത്. ഇനി അഥവാ അങ്ങനൊരു സംസ്ക്കാരമില്ലെങ്കിലും ഞാൻ കെട്ടുന്ന പെണ്ണ് കന്യകയായിരിക്കണം എന്ന് നിർബന്ധം. അപ്പോൾ എന്താണീ കന്യകാത്വം? എങ്ങനൊയൊക്കെ ഒരു പെൺകുട്ടി കന്യകയല്ലാതാവും ? കേൾക്കുമ്പോൾ വളരെ ലളിതമായ ചോദ്യങ്ങളായി തോന്നും എന്നുമാത്രമല്ല സത്യത്തിൽ ലളിതമായൊരു ചോദ്യവും സംശയവും തന്നെയാണിത്. എന്നാൽ കപട സദാചാരത്തിന്റെ ഭാരത സംസ്ക്കാരത്തെ ആശ്ലേഷിച്ച സമൂഹത്തിനു മുൻപിൽ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ഈ ചോദ്യങ്ങൾ പ്രസക്തമാണ്.
പതിവ്രതക്കൊരു പതിവ്രതനില്ല.
ചാരിത്യ്രവതിക്കൊരു ചാരിത്യ്രവാനും.
കന്യകക്കും പകരമില്ല.
പെണ്ണിനു മാത്രം മതി കന്യകാത്വം.
ചാരിത്യ്രശുദ്ധിയും അവൾക്ക് മാത്രം മതി.
ചെളിയിൽ ചവിട്ടിയാലും കഴുകിയാൽ
ശുദ്ധിയാകുവോന് പുമാന്.
പുല്ലിംഗമില്ലാത്ത കന്യക എന്നവാക്കുതന്നെ സൂചിപ്പിക്കുന്നത് നമ്മുടെ സമൂഹത്തിൽ ആഴത്തിൽ വേരുറച്ചിട്ടുള്ള ലൈംഗിക അടിമത്വത്തെയും അതിന്റെ ജീർണതയെയുമാണ്. കന്യകാത്വം സ്ത്രീ മാത്രം പിന്തുടരേണ്ടതാണ്. കന്യകയെ ഉള്ളൂ കന്യകൻ ഇല്ല മനോഹരമായ നമ്മുടെ സംസ്ക്കാരത്തിൽ.
എന്നാൽ ഇതിന്റെ മാനദണ്ഡമെന്താണ് പറയാം ‘വിശ്വ വിഖ്യാതമായ കന്യാചർമ്മം’ ക്ഷതമേല്ക്കാത്ത കന്യാചർമാണ് ഇവിടെ കന്യകാത്വത്തിന്റെ അടയാളം. അമ്മമാർ പെൺ മക്കളോട് രഹസ്യമായി പറയുന്നതൊഴിച്ചുനിർത്തിയാൽ ഈ വാക്കുകൾ കപട സദാചാരത്തിന്റെ മേലങ്കി അണിഞ്ഞ നമ്മുടെ അമൂഹത്തിനു അശ്ലീലമാണ് ഇന്നും.
കന്യകയെ തിരിച്ചറിയാനുള്ള അടയാളമാണെങ്കിലും ഈ കന്യാചർമ്മത്തിന്റെ നിലനിൽപ്പ് തീരെ ശാസ്ത്രീയമല്ല . പല കാരണങ്ങളാൽ – സൈക്കിളോടിക്കുന്നതിനാലോ പാടത്ത് കഠിനാധ്വാനം ചെയ്യുന്നതിനാലോ കന്യാചർമ്മത്തിന് ക്ഷതമേൽക്കാം . ഇത്തരം കാരണങ്ങളാൽ കന്യാചർമ്മത്തിന് ക്ഷ തമേറ്റ ഒരു കന്യകയായ സ്ത്രീയുടെ അവസ്ഥ എന്തായിരിക്കും? സമൂഹം അവളെ കന്യകയല്ലാതായി മുദ്രകുത്തും. പിന്നെ നടക്കാൻ പോകുന്നതെന്തായിരിക്കും ?
വലിയ അലങ്കാരമൊന്നുമില്ലാതെ പറഞ്ഞാൽ ലൈംഗിക ചിന്തകളുടെ ജീർണ്ണതയാണിവിടെത്തെ പ്രശ്നം. സ്ത്രീ ഉടയാതെ സൂക്ഷിക്കേണ്ട പളുങ്ക് പാത്രമാണ് കന്യകാത്വം, അങ്ങനെ സൂക്ഷിച്ചാൽ അവൾ കന്യകയാകും എന്ന ചിന്തയും എന്നാൽ ഉടഞ്ഞാലും, ഒടിച്ചാലും, വളച്ചാലുമൊന്നും ഒരു പുരുഷന്റെ കന്യകാത്വം ഇലാതാകുന്നില്ല. അവൻ നിത്യ കന്യകനാണ് ഐ മീൻ എ ക്രോണിക് കന്യകൻ.
ഏതെങ്കിലും ഒരു പെൺകുട്ടിക്ക് വിവാഹത്തിന് മുൻപ് പ്രണയമുണ്ടന്നെങ്ങാനും അറിഞ്ഞാൽ തുടങ്ങും പുകില്. അവരുടെ വിവാഹ ബന്ധത്തിലും പിന്നീടിങ്ങോട് അവളെ തേജോവധം ചെയ്യാനുള്ള ഏറ്റവും വലിയ വാളായി അതുമാറും.
എങ്കിലും ഈ ഇന്റർനെറ്റ് യുഗത്തിൽ പെൺകുട്ടികൾ മുൻകയ്യെടുത്തുള്ള പ്രണയ വിവാഹങ്ങൾ കൂടിവരികയാണ് എന്നുള്ളത് വലിയ ഒരു മാറ്റത്തിന്റെ കാറ്റായി തന്നെ കണക്കാകാം. വിവാഹ പൂർവ്വ പ്രണയത്തിനു ബന്ധങ്ങളെ കൂടുതൽ ഊട്ടിയുറപ്പിക്കാൻ കഴിയുമെന്നതും ആ ദിശയിലേക്ക് ചിന്തിപ്പിക്കുന്ന സമൂഹത്തെ ഒന്നാണ്. വിവാഹത്തിന് മുൻപുള്ള പ്രണയത്തിനു ഇപ്പോഴും ഒരു വിലങ്ങുതടിയായി നമുക്ക് മുന്പിലുള്ളത് ലൈംഗികതയാണ്. ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു സമൂഹത്തിന്റെ പൊതുബോധമാണ് കമിതാക്കളുടെ ചുംബനംപോലും അശ്ലീലമായി കാണുന്നത്. ഒപ്പം ഞാൻ നേരത്തെ പറഞ്ഞ കന്യക കന്യകാൻ കൺസപ്റ്റും ഈ ആകുലതയിൽ തുല്യ പങ്കു വഹിക്കുന്നുണ്ട്.
ഈയുള്ളവന്റെ ചെറിയൊരു അനുഭവംകൂടി എഴുതി അവസാനിപ്പിക്കാം.
മൂന്നു ദേശിയ പ്രാധാന്യമുള്ള വന്യജീവിസങ്കേതത്തിന്റെ ഉൽക്കാടുകളിലൊന്നിൽ മനുഷ്യവാസമുള്ള വൈദ്യുതബന്ധംപോലുമില്ലാത്ത ഗ്രാമത്തിൽ കബനീ നദിക്കരയിലെ പുറമ്പോക്കിലെ കുടിലിൽ ജനനം. വല്ലപ്പോഴും മാത്രം കാട്ടിനുള്ളിലെ സർക്കാർ സ്‌കൂളുകളുടെ പടികൾ കാണുന്ന ബാല്യം. കാട്ടിലും, പാടത്തും, പുഴകളിലും തെന്നിത്തെറിച്ച കൗമാരം, ജീവിക്കാനും പഠിക്കാനായി കൂലിപ്പണിയെടുത്ത് യവ്വനം…
പഠനത്തിനായി സർക്കാർ സ്‌കൂളുകൾ തിരഞ്ഞെടുത്തതിലെ കരുത്തും, ജീവിക്കാനായി അദ്ധ്വാനിച്ചതിന്റെ ഉത്തേജനവുമായി സർക്കാർ കലാലയത്തിലേക്ക് കടന്നു കയറിയപ്പോഴാണ് യഥാർത്ഥത്തിൽ അതുവരെ അനുഭവിച്ചറിഞ്ഞതിനപ്പുറത്തേക്ക് ആൺ-പെൺ പ്രണയത്തിന്റെ സുന്ദര തലമറിഞ്ഞത്. പക്ഷെ വന്ന വഴികളിൽ തലയിലേക്ക് കയറിയ രാഷ്ട്രീയവും, പൊതുപ്രവർത്തന ബോധവുമെല്ലാം കലാലയജീവിതത്തിലുടനീളം എന്നെ മുരടനായ രാഷ്ട്രീയ വിദ്യാർത്ഥിയാക്കി അവരോധിക്കുകയായിരുന്നു.
എങ്കിലും ഇടനാഴികളിലെവിടെയോ എപ്പോഴെക്കെയോ അടുത്തുണ്ടായിരുന്ന ചില സൗഹൃദങ്ങൾ പ്രണയമായി മൊട്ടിടുണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്. ഒരു ശരാശരി മുരടൻ രാഷ്ട്രീയ വിദ്യാർത്ഥിയോട് ഒരു ശരാശരി കുലപെണ്കുട്ടികൾക്ക് ഉണ്ടാകുന്ന അവജ്ഞ ഞാനും അനുഭവിച്ചിരുന്നു എന്ന് പിന്നീടാണ് മനസിലായത്. എന്നാൽ ആ അതിശത്യത്തിനിടയിൽ ചില പ്രണയവർണ്ണങ്ങൾ അന്ഗിങ്ങായി പ്രകാശിച്ചിരുന്നു എന്നതും സത്യമാണ്.
പിന്നീട് ഉത്തരേന്ത്യയിലേക്കുള്ള പറിച്ചു നടലും, ഉത്തരേന്ത്യൻ സാമൂഹിക ചുറ്റുപാടും, ഒരു ലോ കോളേജിന്റെ സാമൂഹിക വ്യവസ്ഥിതിയുമെല്ലാം എനിക്ക് മുന്നിൽ തുറന്നു വെച്ചത് മറ്റൊരു ലോകവും അവിടുത്തെ പ്രണയങ്ങളുമൊക്കെയായിരുന്നു. എന്റെ പ്രണയ ജീവിതത്തെ വിലയിരുത്തുമ്പോൾ നല്ളൊരു കാമുകനാകാൻ സാധിച്ചത് ലോ കോളേജിൽ എത്തിയ ശേഷം ആണെന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഒരുപക്ഷെ നമ്മുടെ ടിപ്പിക്കൽ കേരള ക്യാമ്പസിന്റെ പ്രണയ സാഹചര്യങ്ങളൊന്നും തന്നെയായിരുന്നില്ല അവിടെ എങ്കിലും ആത്യന്തികമായി പ്രണയം നമ്മിലുളവാക്കുന്ന അനുഭൂതി അത് ലോകത്തെവിടെയാണെങ്കിലും ഒന്നാനാണല്ലോ.
ലോ കോളേജിന്റെ അവസാന കാലത്തും പിന്നീടും ഡൽഹിയിലേക്ക് പറിച്ചു നടുമ്പോഴേക്കും ഇന്റർനെറ്റ് യുഗം അത്രമേൽ അടുത്തെത്തിയിരുന്നു. പിന്നീട് സാമൂഹിക മാധ്യമങ്ങളുടെ ഒരു അതിപ്രസരമുണ്ടാകുകയും ലോകം വിരൽത്തുമ്പിലേക്ക് ഒതുങ്ങിക്കൊണ്ട് അത്രമേൽ വികസിക്കുകയും ചെയ്തതും മൊബൈൽ ഫോണുകളുടെ പ്രചാരവും പ്രണയത്തിലേക്കുള്ള യാത്രയെ പുനർ നിർവചിച്ചു എന്നുവേണമെങ്കിൽ പറയാം.
പല പ്രണയങ്ങളും സൗഹൃദങ്ങളായി മാറുന്നതിനും, പല സൗഹൃദങ്ങളും പ്രണയമായി മാറുന്നതിനും ആ കാലങ്ങളൊക്കെ സാക്ഷിയായിട്ടുണ്ട്. വിവാഹത്തിലേക്ക് എത്തുമെന്ന് പരസ്പരം തോന്നിപ്പിച്ച പ്രണയങ്ങളും അത്രമേൽ ആഴത്തിലുള്ള പ്രണയങ്ങളും പ്രണയത്തിന്റെ പലവിധ കഥകൾ പറഞ്ഞുവെക്കുന്നു…
പഠനം കഴിഞ്ഞു വക്കീലായപ്പോഴും മാറാത്ത.., ചൊട്ടയിലെ ശീലങ്ങള് വെച്ചുകൊണ്ട് പിന്നീടുമുണ്ടായി ചില അ ഡാ ർ പ്രണയ ട്വിസ്റ്റുകളുണ്ട് ….
പെൺകുട്ടികൾ ഇഷ്ട്ടപെടണമെങ്കിൽ ഇങ്ങനെയൊക്കെ ആകണം എന്ന ടിപ്പിക്കൽ കൺസപ്റ്റുകൾ നിലനിൽക്കുന്ന നാട്ടിൽ..
മുടി ചീകാതെ, അറിവു വെച്ച കാലം മുതൽ ഇന്നുവരെ ഒരു സൗന്ദര്യവർധക വസ്തുക്കളും ഉപയോഗിക്കാതെ, അടിവസ്ത്രങ്ങൾ ഒഴികെ പത്തു വർഷങ്ങൾ കൂടുമ്പോൾ പത്തു വസ്ത്രങ്ങൾ പോലുമെടുക്കാതെ, സിനിമകൾക്ക് പോകാതെ, ഷോപ്പിങ്ങിനു പോകാതെ തോന്നുമ്പോൾ കുളിക്കുക തോന്നുമ്പോൾ പല്ലുതേക്കുക എന്നിങ്ങനെയുള്ള കലാപരിപാടികളുമായി പ്രത്യേകിച്ച് വക്കീലായി പരിണമിച്ച്വ (ക്കീലായി എടുത്തു പറയാൻ കാരണമുണ്ട് അതായതു ഒരു ബാങ്ക് ലോണുപോലും ബാങ്കുകാര് കൊടുക്കാത്ത ഒരു വിഭാഗമാണ് ഞങ്ങൾ ) ഒരു ഫ്യുഡൽ തെമ്മാടിയായി നടന്ന എന്നെ അത്ഭുതപ്പെടുത്തിയ ഒരു പ്രണയ കഥ. സംഭവം ഇങ്ങനെ…
ഡൽഹിയിൽ നിന്നും ലീവിൽ നാട്ടിലായിരുന്നു. എന്റെ അടുത്ത സുഹൃത്തും സഹോദര തുല്യനയുമായ ജെപി യുടെ യാദൃശ്ചികമായി ഒരു കോൾ. ഫോണെടുത്ത ഉടൻ അവൻ എന്നെ ചീത്ത പറയുകയാണ് ” നിങ്ങൾ എന്തിനാണ് ആ പെൺകുട്ടിയുടെ കാര്യം എന്നോട് പറയാത്തത്, അവൾ ഭക്ഷണം കഴിച്ചിട്ട് നാല് ദിവസമായി എന്തെങ്കിലും ഉടനടി ചെയ്യണം” എന്നൊക്കെയായിരുന്നു കക്ഷിയുടെ വാക്കുകൾ. എനിക്ക് പെട്ടന്ന് കാര്യങ്ങളുടെ ഇരിപ്പുവശം പിടികിട്ടിയില്ല എന്നുമാത്രമല്ല നമുക്ക് വേണ്ടി പട്ടിണി കിടക്കുന്ന പെൺകുട്ടി ഏതാണെന്ന് ആലോചിച്ചിട്ട് ഒരു നക്ഷത്രവും മിന്നി.
ഇത്രയും പറഞ്ഞു ഫോൺ വെച്ചതല്ലേ, ഞാൻ ജിപിയെ തിരിച്ചു വിളിച്ചു ചോദിച്ചു.. ” അല്ല ജിനീ ഞാനെന്തു ചെയ്തിട്ടാ, ആരാണ് കക്ഷി ? നിനക്ക് ആള് മാറിപോയതായിരിക്കും എന്ന് പറഞ്ഞു. പക്ഷെ അവനുണ്ടോ വിടുന്നൂ ” അല്ല ശ്രീജിത്തേട്ടൻ തന്നെയാണ് വേഗം പറ എന്താ ചെയ്യേണ്ടത്”
ഒടുവിൽ അവനോടു ഞാൻ പെൺകുട്ടിയുടെ പേരും, മറ്റുവിവരങ്ങളും ചോദിച്ചു. വളരെ ഡീറ്റൈൽഡ് ആയിട്ട് തന്നെ അവൻ എല്ലാം പറഞ്ഞുതന്നു. ഒരു ഉന്നത പദവിയിലിരിക്കുന്ന പെൺകുട്ടി, പഠനത്തിൽ റാങ്കുകാരി തുടങ്ങി മഹിമകൾ അവൻ പറയാൻ തുടങ്ങി. ഒടുവിൽ പെൺകുട്ടിയുടെ ഒരു ഫോട്ടോയും അയച്ചുതന്നു. “ശാലീന സുന്ദരിയായ ഒരു പെൺകുട്ടി. ശ്രീജിത്തേട്ടൻ ഒരു തീരുമാനമെടുക്കണം, ആ പെൺകുട്ടി വീട്ടിൽ വരുന്ന വിവാഹ ആലോചനകളെല്ലാം വേണ്ടെന്നു വെക്കുകയാണ്. ആരുടേയും മുന്നിലേക്ക് വരുന്നില്ല, വീട്ടുകാർ ആകെ പ്രശനത്തിലാണ്, മറ്റു വിവാഹങ്ങൾ ആലോചിക്കുമ്പോൾ വീട്ടിൽ മുറിയിൽ അടച്ചിട്ടിരിക്കുകയാണ് ഭക്ഷണം പോലും കഴിക്കുന്നില്ല അങ്ങനെയാണ് വീട്ടുകാർ അവളോട് കാര്യങ്ങൾ അന്വേഷിക്കുന്നതും അവൾ നിങ്ങളുടെ പേര് പറഞ്ഞതും. മാത്രവുമല്ല ശ്രീജിത്തേട്ടന്റെ ഫോട്ടോകൾ ഉൾപ്പെടെ അവളുടെ ലാപ്‌ടോപ്പിലും മൊബൈലിലും ഉണ്ട്. ശ്രീജിത്തേട്ടനെ മാത്രമേ വിവാഹം കഴിക്കുവെന്നാണ് അവൾ പറയുന്നത്” ജിനി പറഞ്ഞു നിർത്തി.
അവളുടെ ‘അമ്മ ഇക്കാര്യംപറഞ്ഞു അവനെ വിളിച്ചെത്രെ. ഞാൻ ആകെ അന്തംവിട്ടു കുന്തം വിഴുങ്ങി ഇക്കാര്യങ്ങൾ കേട്ടിട്ട്. അവൾക്കു എന്നെപ്പറ്റി ഒരു ചുക്കും അറീല എനിക്ക് തിരിച്ചും അതോട് അതൊന്നും നടക്കില്ല എന്നുറപ്പിച്ചു പറഞ്ഞു. പക്ഷെ അവൻ വഴങ്ങിയില്ല ഒരിക്കലെങ്കിലും ആ കുട്ടിയെ ഞാൻ കാണണമെന്നും നേരിട്ട് സംസാരിച്ചു ഇക്കാര്യങ്ങൾ പറഞ്ഞു മനസിലാക്കണമെന്നും പറഞ്ഞു.
അങ്ങനെ രണ്ടു ദിവസങ്ങൾക്ക് ശേഷം വീണ്ടും ഇക്കര്യംപറഞ്ഞത്കൊണ്ട് അവന്റെ ഫോണെത്തി ഇപ്രാവശ്യം കുറച്ച ഡെവലപ്മെറ്റന്റ്സ് ഉണ്ടായിരുന്നു അതായത് അവൾ വര്ഷങ്ങളായി എന്നെ പ്രണയിക്കുകയായിരുന്നു എന്ന സത്യം ഞാനറിഞ്ഞു, വിജ്രംഭിച്ചുപോയി. കാര്യങ്ങൾ ഇത്രയെത്തിയ സ്ഥിതിക്ക് ആ പെൺകുട്ടിയെ കാണാതെ അവനെന്നെ വിടില്ലെന്ന് മനസിലായി ഒടുവിൽ കാണാൻ സമ്മതിച്ചു. പക്ഷെ പെട്ടന്ന് എനിക്ക് ഡൽഹിയിലേക്ക് പോകേണ്ടി വന്നു.
ഡൽഹിക്ക് പോകുന്നതിനായി എയർപോർട്ടിലെത്തിയപ്പോഴാണ് ഒരു പരിചിതമല്ലാത്ത നമ്പറിൽ നിന്നുള്ള കോൾ. എന്നെ പ്രണയിച്ച പെൺകുട്ടിയുടെ കൊലീഗും സുഹൃത്തുമായ മറ്റൊരു പെൺകുട്ടിയാണ്. അവൾക്ക് വേണ്ടി വിളിക്കുന്നതാണ് ” സാറില്ലാതെ അവൾക്ക് ജീവിക്കാൻ പറ്റില്ലെന്നായി” ആ പെൺകുട്ടി. യാത്രയുടെ തിരക്കിലായതിനാൽ പിന്നീട് വിളിക്കാൻ പറഞ്ഞുകൊണ്ട് ഫോൺ ഡിസ്കണക്റ്റ് ചെയ്തു. ഡൽഹിയിലെത്തിയിട്ടും ഈ കഥകൾ ദിവസേന മാറി മാറി കേട്ടുകൊണ്ടിരുന്നു.
അങ്ങനെ തിരികെ നാട്ടിലെത്തിയ ഒരു ദിവസം സംഭവ ബഹുലമായിരുന്നു എന്താന്നല്ലേ. വീട്ടിലെ ടീവി സ്റാൻഡിൽ ഇതാ ഒരു കവർ ഇരിക്കുന്നു. ഞാൻ അതെടുത്തു നോക്കി നേരത്തെ ജെപി പറഞ്ഞ പെൺകുട്ടിയുടെ നാല് കളർ പടം. അമ്മയെ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു ഒരു ബ്രോക്കർ കൊണ്ടുവന്നതാണെന്നും അവർക്ക് എല്ലാം ഒകെ ആണെന്നും പറഞ്ഞു ‘അമ്മ കൈ മലർത്തി. പിന്നെ ഒട്ടും അമാന്തിച്ചില്ല ജിനിയെ വിളിച്ചു എനിക്കറിയില്ല പെൺകുട്ടിയുടെ അമ്മയെ ഒന്ന് വിളിച്ചു നോക്കട്ടെ എന്ന് പറഞ്ഞു.
കാര്യങ്ങൾ ഇത്രയുമായി സ്ഥിതിക്ക് ഇതിവിടെ വെച്ച് അവസാനിപ്പിക്കണം എന്ന് തീരുമാനിച്ചു അമ്മയെ വിളിച്ചു കടുപ്പത്തിൽ രണ്ടു ചീത്ത പറഞ്ഞു ഇനി ആരുടേയും ഫോട്ടോ മേടിച്ചു വെക്കരുതെന്നും ഞാൻ കല്ല്യാണം കഴിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ഉടൻ ആ ഫോട്ടോകൾ ബ്രോക്കർക്ക് തിരികെ കൊടുക്കാനും പറഞ്ഞു.
പിന്നീടും പലവിധത്തിൽ പല പ്രമുഖരെകൊണ്ടും എന്നെയും, അമ്മയെയും, ജെപിയേയും അവർ ബന്ധപ്പെട്ടു. എന്നെപ്പോലൊരു ഫ്യുഡൽ തെമ്മാടിയെ എന്തറിഞ്ഞിട്ടാ ഈ കുട്ടി എന്ന മട്ടിൽ ഞാൻ വിവാഹം കഴിക്കാൻ തത്കാലം തീരുമാനിച്ചിട്ടില്ല എന്നൊരു വാക്കിൽഎല്ലാം അവസാനിപ്പിക്കാൻപറഞ്ഞു.
ദിവസങ്ങൾ കടന്നുപോയി. ഒരുദിവസം ജിനിയുടെ കോൾ ” ശ്രീജിത്തെട്ടാ കല്യാണം വേണ്ടെങ്കിൽ വേണ്ട പക്ഷെ ഇങ്ങനെ ഉറപ്പുകൊടുത്തു പണം മേടിക്കരുത് എന്ന് പറഞ്ഞു ചൂടായി” ഞാൻ ചോദിച്ചു എന്താടാ പ്രശനം ? ” നിങ്ങളെ കെട്ടിച്ചുകൊടുക്കാമെന്നു പറഞ്ഞു രണ്ടു ബ്രോക്കർമാർ അവരെ സമീപിക്കുകയും ലക്ഷങ്ങൾ വാങ്ങുകയും ചെയ്തേത്രെ.
കാര്യങ്ങളറിഞ്ഞ ഞാൻ ആകെ വിഷമഘട്ടത്തിലായി. എനിക്ക് യാതൊരുവിധ അറിവുമില്ലാതെയായിരുന്നു അത് സംഭവിച്ചത്. എന്നോടുള്ള സ്നേഹത്തിന്റെയോ, പ്രണയത്തിന്റെയോ ഒക്കെ പേരിലായിരുന്നു ആ പെൺകുട്ടിയും വീട്ടുകാരും ബ്രോക്കര്മാര്ക്ക് പണം നൽകിയത് എന്നത് എന്നെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത് എന്നതാണ് യാഥാർഥ്യം.
ഒടുവിൽ ഒരു ദിവസം ഈ വിഷയത്തിൽ ജെപിയുടെ അവസാനത്തെ വിളിയെത്തി അവളുടെ വിവാഹം തീരുമാനിച്ചെന്നും ഒരുവിധത്തിൽ അവളെ യാഥാർഥ്യങ്ങൾ പറഞ്ഞു മനസിലാക്കിയെന്നും പറഞ്ഞു.
എന്നിൽ നിന്നുംരക്ഷപെട്ട ആശ്വാസത്തിൽ അവളും, പ്രണയത്തോട് തിരികെ നടന്ന ഞാനും ഇന്നും പ്രണയ കഥകളിലെ ഓർമ്മപ്പെടുത്തലുകളാണ്…
ഞാനറിയാതെ എന്നെ പ്രണയിച്ച ആ പെകുട്ടിയോടു ഇന്നും ഒരു പ്രണയം മനസ്സിലെവിടെയോ ഉണ്ടെന്നതാണ് മറ്റൊരു സത്യം …
കാര്യം ഗൾഫുകാർക്കും, സർക്കാർ ജോലിക്കാർക്കൊക്കെ വിവാഹ മാർക്കറ്റിൽ വിലയിടിയുകയും സൈബർ ലോകം വിശാലമാകുകയും പെൺകുട്ടികൾ സങ്കുചിത പരമ്പരാഗത ചിന്താഗതിയിൽ നിന്നും പുറത്തുവരികയുമൊക്കെ ചെയ്തതിന്റെ ഗുണഫലം അനുഭവിക്കുന്നത് പണ്ട് സമൂഹം തീണ്ടാപ്പാടകലെ നിർത്തിയിരുന്ന ഞങ്ങളെപ്പോലുള്ള വക്കീലന്മാരും,വക്കീലന്മാരും , ഫ്യുഡൽ തെമ്മാടികളായിട്ടുള്ള പച്ചമനുഷ്യരുമാണ് എന്നതിൽ സംശയമില്ല
അനുഭവങ്ങൾ ഇനിയുമുണ്ട് ഒരുപക്ഷെ അതിനീ പ്രണയദിനം മതിയാകാതെ വരുമെന്നതിനാൽ പിന്നീടാകാം..
പറഞ്ഞുവന്ന കാര്യം സിംപിളാണ് അതായതു ഒരു പ്രണയം ജനിക്കുന്നത് ഏതെങ്കിലും പ്രത്യേക ഭൗതിക മാനദണ്ഡങ്ങളിലൂടെയല്ല. പ്രണയം വിവാഹത്തിലെത്തേണ്ടതും വിവാഹശേഷം നിലനിൽക്കുന്നതും എല്ലാം പ്രണയത്തിന്റെ മാത്രം വൈകാരികതയിലൂന്നിയാണ്. ഏതെങ്കിലും ഭൗതിക സാഹചര്യങ്ങൾക്ക് അതിനെ മാറ്റാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. പുതു തലമുറയിൽപ്പെട്ട യുവാക്കൾ പ്രണയത്തിലേക്കായുള്ള ഭൗതിക സാഹചര്യങ്ങൾ സൃഷ്ടിക്കാനുള്ള നെട്ടോട്ടത്തിലാണ് പക്ഷെ പ്രണയം മാത്രമില്ല. അതിലേക്ക് അവർക്കെത്താനും സാധിക്കുന്നില്ല. ഒടുക്കം ഇത്തരം ഹരിയാന കല്യാണത്തിലും, മൈസൂർ കല്യാണത്തിലും, ബിഹാർ കല്യാണത്തിലും അഭയം തേടുകയും പ്രണയമെന്ന ഈ വ്യവസ്ഥിതിയോടുതന്നെ പുച്ഛമുള്ള ആളുകളായി മാറുകയും ചെയ്യുന്നത് ദൗഭാഗ്യകരമാണ്.
കണ്ണൂരിലെ പോലീസുകാർക്ക് ആ നാട്ടിലെ യുവജനതയ്ക്ക് പെണ്ണുകാണിച്ചു വിവാഹം നടത്തികൊടുക്കേണ്ട ഒരു സാഹചര്യത്തിലേക്ക് 1000 പുരുഷന്മാർക്ക് 1050 സ്ത്രീകളുടെ അനുപാതമുള്ള രാജ്യത്തെ ഒരേ ഒരു സംസ്ഥാനത്തിന് (ഏറ്റവും കൂടുതൽ സ്ത്രീ അനുപാതമുള്ള സംസ്ഥാനമാണ് കേരളം) എത്തേണ്ടിവന്നിട്ടുണ്ടെങ്കിൽ സംശയിക്കേണ്ട എല്ലാ ഭൗതിക സാഹചര്യങ്ങൾക്കുമപ്പുറം ഇവിടെ നഷ്ടമാകുന്നത് എല്ലാ ബന്ധങ്ങളുടെയും വ്യവസ്ഥിതികളുടെയും ആധാരമായ പ്രണയമാണ്.
കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ ഇവിടെ അടിസ്ഥാനപരമായി പൊളിച്ചെഴുതപ്പെടേണ്ടത് നമ്മുടെ കപട സദാചാര പ്രത്യയശാസ്ത്രങ്ങൾ തന്നെയല്ലേ ?
എതിർലിംഗത്തോട് അടുത്തിരിക്കുന്നതും അടുത്തിടപഴകുന്നതുകൊണ്ടും (അത് ബസ്സിലോ, സ്കൂളിലോ പൊതു ഇടങ്ങളിൽ എവിടെയുമാകട്ടെ ) വിലക്കപ്പെടുന്ന സമൂഹത്തിൽ ബലാൽസംഗ വീരന്മാർ സൃഷ്ടിക്കപ്പെടുന്നൂ എങ്കിൽ അതിന്റെ ധാർമ്മിക ബാധ്യത സമൂഹത്തിലെ സദാചാര നിയമങ്ങൾക്കും അതിന്റെ വക്താക്കൾക്കുമല്ലേ ? വിവേചനബുദ്ധിയുള്ള മനുഷ്യൻ വിലക്കപ്പെടുന്നതെന്തും ആകർഷിക്കപ്പെടുന്ന ജീവികളാണെന്ന സത്യം വിസ്മരിക്കപ്പെടരുത്.
കന്യാചർമ്മം എന്ന പുരുഷ ലിംഗന്മാരുടെ ok ടെസ്റ്റ് കാഴ്ചപാടുകളും, ലൈംഗികതയുടെ പേരിൽ അതീവ രഹസ്യമായി ശൈശവ കാലം മുതൽ പെൺകുട്ടികളെ മുലയ്ക്കും യോനിക്കും ഇടയിൽ തളച്ചിടുന്ന അമ്മമാരുടെ ചിന്തകളും അറബിക്കടലിൽ എറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നൂ.
ഫെമിനിസ്റ്റുകളും മനുഷ്യാവകാശ പ്രവർത്തകരും, സ്ത്രീസംരക്ഷകരും ആദ്യം വിരൽ ചൂണ്ടേണ്ടത് പരിഷ്കൃതമെന്നു നാം വിശ്വസിക്കുന്ന ഇന്നത്തെ സമൂഹത്തിൽ നിലനിൽക്കുന്ന പ്രകൃതിവിരുദ്ധ ലൈംഗിക പ്രത്യയശാസ്ത്രങ്ങൾക്കും സദാചാര ബോധത്തിനും എതിരായാണ് .
ഇവർ ആദ്യം ചെയ്യേണ്ടത് സ്വയം ലൈംഗിക അവബോധമുള്ളവരാകുക എന്നതാണ്.
കാലങ്ങളായി നിങ്ങൾ രൂപാന്തരപ്പെടുത്തിയ കേവലം ശരീരത്തിലേക്കും അതിലെ അവയങ്ങളിലേക്കും മാത്രം കേന്ദ്രീകരിക്കുന്ന ലൈംഗികതയുടെയും സ്ത്രീത്വത്തിന്റെയും ഭരണഘടനയും രാഷ്ട്രീയവും പൊളിച്ചെഴുതാൻ തയ്യാറാകണം. പുരുഷ ലിംഗൻമാരായ ലൈംഗിക ജീവികളെ (ഒരു ന്യൂന വിഭാഗം) അറിഞ്ഞോ അറിയാതെയോ സൃഷ്ടിക്കുന്നത് നിങ്ങളുൾപ്പെടുന്ന സമൂഹമാണ് എന്ന തിരിച്ചറിവുമുണ്ടാകണം.