“കൊണം ചെയ്‌താൽ കൊടം കൂലി” കിട്ടുന്ന നാട്ടിൽ ആളെകൊല്ലുന്ന വ്യാജന്മാർ രക്ഷപെടുന്നതിങ്ങനെ

0
280

Adv Sreejith Perumana

“കൊണം ചെയ്‌താൽ കൊടം കൂലി” കിട്ടുന്ന നാട്ടിൽ ആളെകൊല്ലുന്ന വ്യാജന്മാർ രക്ഷപെടുന്നതിങ്ങനെ..

നന്മ മരങ്ങളും, ചില്ലകളുമൊക്കെ അറിയണം ഇത്..,

പിഞ്ചു കുഞ്ഞിനെ വ്യാജ ചികിത്സ നൽകി കൊലപ്പെടുത്തിയെന്ന ഡോക്ടറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ചേർത്തല മോഹനനെന്ന വ്യാജ വൈദ്യനെതിരെ പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തു എന്നാൽ ഹൈക്കോടതിയെ സമീപിച്ച് മുൻ‌കൂർ ജാമ്യം നേടിയ മോഹനൻ അഴിയെണ്ണാതെ രക്ഷപെട്ടതിന്റെ ഉത്തരവാദിത്വം നിങ്ങൾക്കോരോരുത്തർക്കുമാണ്… എങ്ങനെയാണെന്നല്ലേ? നാൾ വഴികളിലൂടെ പറയാം,

ശാസ്ത്രീയത പോയിട്ട് സാമാന്യ യുക്തിക്കുപോലും നിരക്കാത്ത വ്യാജ പ്രചാരണങ്ങൾ നടത്തിയും, മതത്തെ കൂട്ടുപിടിച്ച് അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ചും വ്യാജ ചികിത്സ നടത്തിവന്ന മോഹനനെതിരെ ആദ്യ പരാതി നൽകുന്നത് 2018 ൽ നിപ്പ വൈറസ് ബാധ പിടിപെട്ട സമയത്താണ്. തുടർന്ന് അയാളുടെ നിയമവിരുദ്ധ ചികിത്സകൾക്കെതിരെ നിരന്തരം ബോധവത്കരണവും, പരാതികളും നൽകി വന്നിരുന്നു. എന്നാൽ പോലീസിലെ ഉന്നതരടക്കം തലയിലൂടെ തുണിയിട്ടുകൊണ്ട് വ്യാജന്റെ ചികിത്സ തേടിയിട്ടുള്ളതിനാൽ കാര്യമായ ചലനങ്ങളൊന്നും സംഭവിച്ചില്ല.

അങ്ങനെയിരിക്കുകയാണ് കഴിഞ്ഞ മാസത്തിലൊന്നിൽ മോഹനന്റെ വ്യാജ ചികിത്സയിൽ പിഞ്ചു കുഞ് മരണപ്പെട്ടു എന്ന വാർത്ത കുഞ്ഞിനെ ചികിത്സിച്ച മെഡിക്കൽ കോളേജിലെ ഡോക്ടർ പരസ്യമായി ഉന്നയിക്കുന്നത്.

വാർത്ത ശ്രദ്ധയിപ്പെട്ട ഉടനെത്തന്നെ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് രേഖാമൂലം പരാതി നൽകി. സംഭവം പോലീസ് മേധാവിയെ നേരിട്ട് കണ്ടു അറിയിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ മോഹനനെതിരെ കേസെടുക്കാൻ ആലപ്പുഴ പൊലീസിന് നിർദേശം നൽകുകയും നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടർന്ന് ആദ്യം മാരാരിക്കുളം പോലീസും പിന്നീട് കായംകുളം പോലീസും കേസെടുക്കുകയും ചെയ്തു. എന്നാൽ താരതമ്യേന ജാമ്യം ലഭിക്കാവുന്ന കേസുകൾ മാത്രമായിരുന്നു മോഹനനെതിരെ രജിസ്റ്റർ ചെതിരുന്നത്.

എന്നാൽ സ്വന്തം കുഞ്ഞിന്റെ സംസ്ക്കാരം കഴിയുന്നതിനു മുൻപ് തങ്ങളെ മോഹനനടുത്തേക്ക് റെക്കമെന്റ് ചെയ്ത ഫിറോസ് കുന്നമ്പറമ്പിൽ എന്നയാളെ വൈറ്റ്‌വാഷ് ചെയ്യാൻ പിആർ വർക്കുമായി പൊട്ടിചിരിച്ചുകൊണ്ട് ലൈവിൽ വന്ന മരണപ്പെട്ട കുട്ടിയുടെ പിതാവ് വ്യാജ വൈദ്യനെപോലെതന്നെ കേരളം കണ്ട മറ്റൊരു വലിയ അശ്ലീലതയായിരുന്നു.

“മോഹനൻ വൈദ്യന്റെ ചികിത്സ കൊണ്ടാണ് തന്റെ കുട്ടിയുടെ രോഗം മാറിയത്” എന്നുവരെ കുട്ടിയുടെ പിതാവിനെകൊണ്ട് പച്ചയ്ക്ക് പറയിപ്പിച്ചു. ഞങ്ങളെ ചൊറിഞ്ഞാൽ കയറി മാന്തും എന്ന് പറഞ്ഞുകൊണ്ട് ഫിറോസും, പിതാവും കൈകൊട്ടി ചിരിക്കുന്നത് കണ്ട് അന്ന് സാംസ്‌കാരിക കേരളം ആത്മരതിയടഞ്ഞു.
ചേർത്തല മോഹനന്റെ ചികിത്സയിൽ കൊല്ലപ്പെട്ട 18 മാസമുള്ള പിഞ്ച് കുഞ്ഞിന്റെ പിതാവ് പിന്നീട് മോഹനൻ വ്യാജ ‘വൈദ്യർക്ക് വേണ്ടി നടത്തിയ മറ്റൊരു വീഡിയോ ഫിലിം പ്രൊമോഷനിൽ എന്റെ പേരെടുത്ത് പറഞ്ഞുകൊണ്ട് മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഒരു ദുരന്തമാകുകയായിരുന്നു.

എങ്കിലും എന്റെ ലക്ഷ്യങ്ങളെ അതൊന്നും പിന്തിരിപ്പിച്ചിരുന്നില്ല.
തുടർന്ന് നേരിട്ട് കായംകുളത്തെത്തി സർക്കിൾ ഇൻസ്പെക്റ്ററും, സബ് ഇൻസ്പെക്റ്ററും ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരുമായി വിശദമായി സംസാരിച്ചപ്പോൾ തന്നെ കേസിന്റെ ഗതി ഏറെക്കുറെ ബോധ്യമായിരുന്നു.

പ്രതീക്ഷകളില്ലായിരുന്നുവെങ്കിലും ഹൈക്കോടതിയിൽ മോഹനന്റെ ജാമ്യത്തെ എതിർക്കാൻ തക്കരീതിയിലുള്ള വിശദമായ സ്റ്റേറ്റ്മെന്റ് നൽകി.

എന്നാൽ വ്യാജ ചികിത്സയിൽ കുട്ടി മരിച്ച സംഭവത്തിൽ മോഹനനെതിരെ പരാതിയില്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പോലീസിനെ അറിയിച്ചതായി സർക്കിൾ ഇൻസ്പെക്റ്റർ നിസഹായനായി പറയുകയായിരുന്നു

ഇത് നേരത്തെ പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ് പരാതി നൽകിയത് എങ്കിലും കുട്ടിയുടെ ഖബറിന്റെ ചൂടാറും മുൻപ് ഈ സംഭവത്തിൽ ആരെയോ രക്ഷിക്കാനുള്ള മാതാപിതാക്കളുടെ വ്യഗ്രത എന്നെ ദുഖിതനാക്കിയിരുന്നു. സംസ്ഥാന ആരോഗ്യ മന്ത്രിയുടെ രേഖാമൂലമുള്ള പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. നേരത്തെ ക്രിമിനൽ കേസുകളിൽ പ്രതിയുമാണ് മോഹനൻ . എന്നിട്ടും വീണ്ടുമോരു കേസുകൂടി നന്മ മരങ്ങളായ വാദികളായ മാതാപിതാക്കളുടെ നിലപാടിനാൽ ദുർബലമാകുകയായിരുന്നു. .

“വക്കീലേ ഈ കേസിൽ വാദികളായ മാതാപിതാക്കൾ പിന്മാറി, സാക്ഷികളും, തെളിവുകളുമുള്ള മറ്റൊരു വ്യാജ ചികിത്സയുമായി ബന്ധപ്പെട്ട് മോഹനൻ വൈദ്യനെതിരെ കേസുണ്ടെന്നും അത് ഞങ്ങൾ ശക്തമായി നടത്താം. അറിയുമോ വളരെ ശക്തനായ ആളാണ്‌ മോഹനൻ വൈദ്യർഅയാളുടെ പിന്നാലെ ആളുകളുണ്ട് ” ഇതായിരുന്നു ഒരു ഉന്നത പോലീസുകാരൻ നേരിട്ട് എന്നോട് പറഞ്ഞുവെച്ചത്.

പരാതിയുമായി AIG അസിസ്റ്റന്റ് ഇൻസ്പെക്റ്റർ ജനറൽ ഓഫ് പോലീസ് TF സേവ്യർ IPS നെ പോലീസ് ആസ്ഥാനത്ത് നേരിട്ട് കണ്ടപ്പോൾ സംഭവത്തെക്കുറിച്ച് അദ്ദേഹം വിശദമായി ചോദിച്ചറിയുകയും രക്ഷിതാക്കൾ സാമൂഹിക പ്രവർത്തകന്റെ നിർദേശമനുസരിച്ചാണ് മോഹനൻ എന്ന വ്യാജ വൈദ്യന്റെ അടുത്തേക്ക് കുട്ടിയെ ചികിത്സയ്ക്കായി കൊണ്ടുപോയതെന്ന് പറഞ്ഞപ്പോഴാണ് മരണപ്പെട്ട കുട്ടിയുടെ രക്ഷിതാക്കൾക്കും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും അവർക്കെതിരെയും കേസെടുക്കണമെന്നും AIG സേവ്യർ IPS മറുപടി പറഞ്ഞത്.

മോഹനനെതിരെ കേസെടുത്ത ശേഷം നിരവധി രോഗികകളുടെ ബന്ധുക്കൾ മോഹനനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. നിരവധി മരണങ്ങൾക്ക് ഉത്തരവാദി മോഹഹന്റെ വ്യാജ ചികിത്സയാണെന്നു വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഞാൻ ബന്ധപ്പെടുകയും എന്നെ ബന്ധപ്പെടുകയും ചെയ്തവരാരും പരാതി നൽകാൻ തയ്യാറായിരുന്നില്ല എന്നതായിരുന്നു വിഷമകരമായ സാഹചര്യം.

വലിയ വായിൽ ഫെയിസ്ബുക്ക് പോസ്റ്റുകളിടുന്ന അഭിനവ സൈബർ പോരാളികളാരെയും മോഹനനെതിരെ ഫെയ്സ്ബുക്കിന് പുറത്ത് ഒരുവാക്കുകൊണ്ടുപോലും പ്രതിഷേധിച്ചില്ല എന്നുമാത്രമല്ല ഭയപ്പാടോടെ നിശബ്ദത പാലിക്കുകയും ചെയ്തു.

ഇതിനിടെ ജാമ്യമുള്ള വകുപ്പായിരുന്നിട്ടും, സ്റ്റേഷനിൽ നിന്നും ജാമ്യമെടുക്കാതെ ഹൈക്കോടതിയെ സമീപിച്ച മോഹനൻ “ജാമ്യം എടുക്കാൻ പോകുമ്പോൾ പോലീസ് തന്നെ പിടിച്ച് അകത്തിടാൻ സാധ്യതയുണ്ടെന്നും, ജാമ്യമില്ലാത്ത വകുപ്പുകൾ പോലീസ് എനിക്ക് മേൽ കൂടുതലായി രജിസ്റ്റർ ചെയ്യാൻ സാധ്യതയുണ്ടെന്നും” കോടതിയെ അറിയിച്ചു.

എന്നാൽ മോഹനനനെതിരെ തെളിവുകളുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാത്ത വകുപ്പ് രജിസ്റ്റർ ചെയ്യുകയാണെങ്കിൽ അത് അദ്ദേഹത്തെ ക്രിമിനൽ നടപടി ക്രമവും 41 A പ്രകാരം മുൻ‌കൂർ നോട്ടീസ് അയച്ചു ചെയ്യണം എന്ന് പറഞ്ഞുകൊണ്ട് തീർപ്പാക്കി. അപ്രകാരമാണ് മോഹനനെ ഇന്ന് പോലീസ് അറസ്റ് ചെയ്തതും കോടതി നിർദേശ പ്രകാരം ജാമ്യത്തിൽ വിടുകയും ചെയ്തത്.

ചുരുക്കി പറഞ്ഞാൽ മരണപ്പെട്ട കുട്ടിയുടെ മാതാപിതാക്കളും, മോഹനനാൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും, മോഹനനാൽ ചികിത്സിക്കപ്പെട്ട് വഞ്ചിതരായ രോഗികളും ഉന്നതരും, മോഹനനെ റെക്കമെന്റ് ചെയ്ത് കാത്തുകൊടുക്കുന്ന മന്ത്രിമാരും, എംപിമാരും എംഎൽഎ മാരും, മോഹനന്റെ ചികിത്സയിലേക്ക് രോഗികളെ വിടുന്ന കുന്നംപറമ്പിലുമാരും, മോഹനന്റെ നരഹത്യയ്ക്ക് കൂട്ടുനിൽകുന്നതോ, മൗനം പാലിക്കുന്നതോ ആയ മറ്റുള്ളവരുടെയും കുറ്റകരമായ മൗനവും ഇടപെടലുമാണ് ഇന്ന് ജാമ്യമെടുത്ത് പുറത്തുപോകാൻ മോഹനന് സാധിച്ചത്.

മോഹനനായാലും, ഡൊണാൾഡ് ട്രമ്പയാലും തോന്ന്യാസം കാണിച്ചാൽ നമ്മളിടപെടും എന്നതിനാൽ മേല്പറഞ്ഞവരുടെ പിന്തുണ ആഗ്രഹിച്ചിരുന്നില്ല എങ്കിലും ഒരു ഇക്കാര്യത്തിൽ ഒരു ആത്മപരിശോധന നടത്താൻ നിങ്ങൾ പൊതുജനം തയ്യാറാകണം..

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വലിയ മോഹനൻ ജാമ്യമെടുത്ത് പോകുമ്പോഴും ചാരുതാർഥ്യം ഈ വിഷയത്തിലുണ്ട്. ആലപ്പുഴ ജില്ലയിലെ മോഹനന്റെ എല്ലാ വ്യാജ കേന്ദ്രങ്ങളും അടച്ചുപൂട്ടി.

താൻ വൈദ്യൻ അല്ലാ വെറും പ്രഭാഷകൻ മാത്രമാണ് എന്ന് മോഹനന് പോലീസിനോടും ജനങ്ങളോടും പറയേണ്ടിവന്നു.

മോഹനന് ചികിത്സ നടത്താനുള്ള യാതൊരുവിധ റജിസ്‌ട്രേഷനും എവിടെയും ഇല്ല എന്നത് തെളിയിക്കപ്പെട്ടു.

അറസ്റ്റ് ഭയന്ന് മോഹനൻ ഹൈക്കോടതയിൽ മുൻ‌കൂർ ജാമ്യഹർജ്ജി നൽകി.

മോഹനൻ എന്ന വ്യക്തിയെ ആക്രമിക്കുക എന്ന ഉദ്ദേശത്തിനുമപ്പുറം അയാളുടെ വ്യാജ വൈദ്യ ഉടായിപ്പ് ഇല്ലാതാക്കുക, വ്യാജ വൈദ്യശാലകൾ അടച്ചുപൂട്ടുക എന്ന ആത്യന്തികമായ ലക്ഷ്യങ്ങളിൽ പലതും ലക്ഷ്യം കണ്ടു. ഇനി കൃത്യമായ ഫോളോഅപ്പ് നടത്തണം. ദുർബലപ്പെടുമെങ്കിലും കേസുമായി മുന്നോട്ട് പോകും. ഇനിയൊരു നരഹത്യപോലും ഇല്ലാതെയാകാതിരിക്കാൻ ഇനിയെങ്കിലും ജഗ്രതപ്പെടേണ്ടിയിക്കുന്നു..