നിശ്ചയദാർഢ്യത്തിന്റെയും, നിലപാടിന്റെയും സഹജീവി സ്നേഹത്തിന്റെയും ഉദാത്ത മാതൃക, നിദ ഫാത്തിമ

197

Adv Sreejith Perumana

നിശ്ചയദാർഢ്യത്തിന്റെയും, നിലപാടിന്റെയും സഹജീവി സ്നേഹത്തിന്റെയും ഉദാത്ത മാതൃകയാണ് വയനാട്ടിലെ ആ കൊച്ചു മിടുക്കി നിദ ഫാത്തിമ 

പ്രശംസനീയവും, വാർത്തയാകേണ്ടതും, പ്രോത്സാഹിക്കപ്പെടേണ്ടതുമാണ് സംശയമില്ല ! മനുഷ്യത്വമുള്ളവരുടെ കൈത്താങ്ങും, അംഗീകാരവും, പിന്തുണയും ഉണ്ടാകണം 💕

പക്ഷെ ഇത് പറയുമ്പോഴും യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും വ്യതിചലിച്ചുള്ള സോഷ്യൽ മീഡിയ ആൾക്കൂട്ടത്തിന്റെ വിഗ്രഹവത്കരണം നിരുത്സാഹപ്പെടുത്തേണ്ടതാണ്.

പ്രളയക്കെടുത്തയുടെ ഒരു രാത്രി ഉറങ്ങി എഴുന്നേറ്റപ്പോൾ ഓമനക്കുട്ടൻ എന്നൊരു സാധരണ രാഷ്ട്രീയ പ്രവർത്തകനെ ദുരിതാശ്വാസ ക്യാമ്പിൽ എഴുപതു രൂപ ഓട്ടോക്കൂലി പിരിച്ചതിന്റെ പേരിൽ കള്ളനും, കൊള്ളക്കാരനും സർവ്വോപരി സാമൂഹിക വിരുദ്ധനുമാക്കിയ സാമൂഹവും, സമൂഹ മാധ്യമങ്ങളും അടുത്ത പകൽ സൂര്യനസ്തമിക്കുന്നതിനു മുൻപ്
“പ്ളേറ്റ് നേരെ തിരിച്ചുവെച്ച്” ഓമനക്കുട്ടനെ പിന്താങ്ങുന്ന സോഷ്യൽ മീഡിയയെയാണ് കാണുന്നത്. അതിൽ ഏറെ സന്തോഷവായിരുന്നുവെങ്കിലും ഇരട്ടത്താപ്പുകളുടെ സോഷ്യൽ മീഡിയ ലോകത്ത് വാഴ്ത്തലുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ കാണാതെ പോകരുത്…

വയനാട് സർവജന സ്‌കൂളിൽ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരണപ്പെട്ട സംഭവത്തിൽ സ്‌കൂ അധികൃതർക്കുണ്ടായ അനാഷ്ടയുടെ നേർചിത്രം മാലോകർ അറിഞ്ഞത് ഇച്ഛാശക്തിയുള്ള നിദ ഫാത്തിമയെന്ന പെൺകുട്ടിയുടെ നാവിൽ ഇന്നുമായിരുന്നു. തുടർന്ന് സംഭവം പൊതുജനങ്ങൾ ഏറ്റെടുത്തപ്പോൾ പ്രതിഷേധത്തിന്റെ ആണിക്കല്ലായി നിദ ഫാത്തിമ മാറുകയും ചെയ്തു.

എന്നാൽ സാമൂഹിക മാധ്യമങ്ങളിലെ വിപ്ലവ ആൾക്കൂട്ടവും, മുഖ്യധാര മാധ്യമങ്ങളും ഇപ്പോൾ നടത്തുന്ന വിഗ്രവത്കരണം ആ കുട്ടിയുടെ ഇച്ഛാശക്തിയെ ഇല്ലായ്മ ചെയാൻ ഉപകരിക്കുകയുള്ളൂ. പാമ്പു കടിയേറ്റ സംഭവത്തിൽ സ്‌കൂൾ അധ്യാപകർക്കും അധികാരികൾക്കും സംഭവിച്ച ഗുരുതരമായ ക്രിമിനൽ കൃത്യവിലോപം മാത്രം ഉയർത്തിക്കാണിച്ച് എംഎൽഎയെയും രാഷ്ട്രീയ ജന പ്രതിനിധികളെയും പരസ്പരം ചെളി വാരി എറിയാനുള്ള സാഹചര്യമായി സംഭവത്തെ പലരും മാറ്റിയടുത്തിട്ടുണ്ട്. സംഭവത്തിൽ പങ്കാളികളായ സ്‌കൂൾ അധ്യാപകരെ വിവിധ രാഷ്ട്രീയ സംഘടനകളുടെ ആളാകുകളാക്കികൊണ്ടാണ് പ്രതിഷേധ മാർച്ചുകളിൽ തെറിവിളീകൾ മുഴങ്ങുന്നത് . യൂത്ത് കോൺഗ്രസ്സ് മാർച്ചിൽ സ്‌കൂൾ അധ്യാപകർ ഇടതുപക്ഷക്കാരും , ഇടതുപക്ഷ യുവജന സംഘടനകളുട മാർച്ചിൽ സ്‌കൂൾ അധികൃതർ കോൺഗ്രസ്സ് അനുകൂല പ്രവർത്തകരുമായാണ് ചിത്രീകരിക്കുന്നത്.

വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പിനും, ആരോഗ്യ വകുപ്പിനും, ഡോക്ടർമാർക്കും, ആശുപത്രികൾക്കും സംഭവിച്ച കുറ്റകരമായ വീഴ്ചകളോ, അനാസ്ഥയോ ചർച്ചകളാകുന്നില്ല എന്നതാണ് യാഥാർഥ്യം.

സംഭവത്തെക്കുറിച്ചു തുർന്ന് പറഞ്ഞ സഹപാഠിയായ നിദ ഫാത്തിമയിലേക്ക് വന്നാൽ ആ കുട്ടിയെയും ആലയം അവരുടെ രാഷ്ട്രീയ താത്പര്യങ്ങൾക്കനുസരിച്ച് ആഘോഷിക്കുകയും, ബിജിഎം ഇട്ടുകൊണ്ട് കഥ പറയിപ്പിക്കുകയും ചെയ്യുകയാണ്. ഈ ഒരു പറയത്തിലും പ്രതിസന്ധികളിൽ തളരാതെ സഹജീവികൾക്കുവേണ്ടി ശബ്ദിച്ച ഒരു കുട്ടിയെ നമ്മൾ മലയാളികൾ സാന്ദർഭികമായി ആഘോഷിക്കുന്നു എന്നതിനപ്പുറം അവരുടെ തിളയ്ക്കുന്ന യവ്വനത്തെയോ, നിലപാടുകളെയോ ക്രിയാത്മകമായി ഉപയോഗപ്പെടുത്തും എന്ന് കരുതുക വയ്യ.

കാരണം സോഷ്യൽ മീഡിയ ഒരാൾക്കൂട്ടമാണ് അന്തവും കുന്തവുമില്ലാത്ത ഒരാൾക്കൂട്ടം. കൂടെ നിന്ന് കൂട്ടിക്കൊടുക്കാനും മടിയില്ലാത്തവരും, മുഖമില്ലാത്തവരുമായി ഒരുപാടുപേരുണ്ടിവിടെ. ഭൂരിപക്ഷത്തോട് താരതമ്യപ്പെടുക എന്നത് ഈ ആൾക്കൂട്ടത്തിന്റെ ഒരു പൊതു സ്വഭാവമാണ്. അതിനാൽ തന്നെ ഒരുമാതിരി രാമേശ്വരത്തു ക്ഷൗരം ചെയ്യുന്നപോലെയാണ് നിലപാടുകൾ.

ഈ ആർപ്പുവിളികൾ കെട്ടടങ്ങാട്ടെ ഒരു സൈഡിൽ നിന്നും മലയാളി ആരംഭിക്കും നിദ ഫാത്തിമയുടെ മതം പറയാൻ, അവളുടെ മാതാപിതാക്കളുടെ രാഷ്ട്രീയം പറയാൻ, പിഞ്ചു കുഞ്ഞാണെന്നുപോലും കണക്കാക്കില്ല ലൈംഗിക മനോരോഗികൾ ആ കുഞ്ഞിന്റെ ഹോട്ട് ചിത്രങ്ങൾക്കായി ഗൂഗിളിലേക്ക് ഊളിയിടും, തട്ടമിടാത്ത പെണ്ണിന് മരിക്കണ്ടേ എന്ന് ചോദിച്ച് സദാചാര ആങ്ങളമാർ വരും, എന്തെങ്കിലും രാഷ്ട്രീയ നിലപാട് ചികഞ്ഞെടുത്ത് പൊങ്കാലയിടാൻ ന്യായീകരണ തൊഴിലാളികൾ വരും..

കേട്ടപാതി, കേൾക്കാത്തപാതി ഓൺലൈൻ ഇത്തിക്കരപക്കിമാർ പടച്ചുവിടുന്ന എല്ലാ വാർത്തകളിലും വിഷയങ്ങളിലും കയറി സൈബർ ആഘോഷങ്ങളാക്കുന്ന തലമുറ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

👉ആദിവാസിയായ മധുവിനെ ഒരുകൂട്ടം സാമൂഹ്യവിരുദ്ധർ കൊന്നപ്പോൾ അനിയനാണെന്നു വിളിച്ചു പറഞ് ഹാഷ്റ്റാഗ് പോസ്റ്റുമിട്ട് അരക്കിലോ അരിയും, സെൽഫി സ്റ്റിക്കിൽ പിടിപ്പിച്ച ക്യാമറയുമായി അട്ടപ്പാടിക്ക് വെച്ചുപിടിച്ചവരുടെ പൊടിപോലും അടുത്ത ദിവസം പാർവതി കുട്ടൂസ് കണ്ണിറുക്കിയപ്പോൾ പിന്നീട് ആ വഴി കണ്ടിട്ടില്ല, കശ്മീർ പെൺകുട്ടിയുടെ നീതിക്കായി അഹോരാത്രം സൈബർ പോരാട്ടം നടത്തിയ മൊയ്തീൻ അവസാനം തന്റെ ആത്മാർത്ഥത തെളിയിച്ചത് തിരൂരിൽ തിയേറ്ററിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുകൊണ്ടാണ് ?

👉പ്രണയിച്ച് വിവാഹിതനായതിന്റെ പേരിൽ അന്യജാതിക്കാരനായ കെവിനേ തല്ലിക്കൊന്ന് പുഴയോയിലോഴുക്കിയപ്പോൾ വികാരത്താൽ സടകുടഞ്ഞെണീറ്റവർ തട്ടമിടാത്തതിന് അനക്ക് മരിക്കണ്ടെന്നു പോസ്റ്റുകളിടും, ഫ്‌ളാഷ്മൊബ് കളിച്ചവരെ പഞ്ഞികിട്ടും, ഉണർന്ന ഹിന്ദുക്കൾ മാതൃഭൂമി കത്തിച്ചും, ക്രിസ്ത്യാനികൾ ജലന്ധർ ബിഷപ്പിനായ് പാതിരാകുർബാന നടത്തിയും
പ്രതിബദ്ധത തെളിയിച്ചു…

👉പറഞ്ഞുവരുന്നത് സൈബർ മലയാളികളെ മനോനിലയെ കുറിച്ചാണ്. ഓരോ സീസൺ അനുസരിച്ചാണ് മലയാളിയുടെ സാമൂഹ്യബോധം ഉണരുക. മധു സീസൺ കഴിഞ്ഞാൽ കുട്ടൂസ് സീസൺ, അതുകഴിഞ്ഞാൽ വത്തക്ക സീസൺ , പിന്നെ ഗൃഹലക്ഷ്മിയുടെ മുല, മാതൃഭൂമിയുടെ മീശ അങ്ങനെ പോകുന്നു…

👉ഏറ്റവും ഒടുവിൽ യൂണിഫോമിൽ മീൻ വിറ്റെന്ന പേരിൽ ഹനാൻ എന്നൊരു പെൺകുട്ടിയെ ഫൂലൻദേവിയെക്കാൾ വലിയ കൊള്ളക്കാരിയാക്കി ആത്മരതിയടഞ്ഞു…
സൈബർ ആങ്ങളമാർക്കെതിരെ പോലീസ് കേസെടുത്ത് ജയിലിലടച്ചപ്പോൾ ഒറ്റയടിക്ക് പ്ളേറ്റും മറിച്ചിട്ട് ഹനാൻ കീ ജയ് വിളിച്ചോണ്ട് സഹായിക്കാനോടുന്നു…

നാളിതുവരെ ഏതെങ്കിലും വിഷയത്തിൽ അവസാനം വരെ ക്രിയാത്മകമായി നമ്മുടെ നാട്ടിലെ സോഷ്യൽ മീഡിയ ഇടപെടുകയോ രാഷ്ട്രീയത്തിനതീതമായി ഒരു പൊതു വിഷയത്തിൽ പരിഹാരമുണ്ടാക്കിയിട്ടുണ്ടോ എന്നൊരു ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു.

നിദ ഫാത്തിമയ്ക്ക് നമ്മുടെ കരുതലും, പിന്തുണയും രാഷ്ട്രീയമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഉണ്ടാകണം. അവർക്കിഷ്ടമുള്ള രാഷ്ട്രീയമോ പ്രത്യശാസ്ത്രമോ തിരഞ്ഞെടുക്കാനും പ്രവര്ത്തിക്കാനും, നിലപാടുകളെടുക്കുവാനുമുള്ള സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കണം. മലാല യൂസഫിനെപ്പോലെ വ്യവസ്ഥിതികളിലെ പുഴുകുത്തുക്കൾക്കെതിരെ ആർജ്ജവത്തോടെ പോരടിക്കാനുള്ള ഒരു സത്വം അവളിലുണ്ടാക്കിയെടുക്കണം. അതിനുള്ള മാർഗം സോഷ്യൽമീഡിയയിൽ ആഘോഷിക്കുക എന്നത് മാത്രമല്ല ഏറ്റവും പക്വതയോടെ അവളെയും മറ്റ് പെൺകുഞ്ഞുങ്ങളെയും പ്രായോഗിക വിദ്യാഭ്യാസം നൽകി പ്രബുദ്ധരാക്കുക എന്നതാണ്. സാമൂഹ്യമാധ്യമങ്ങൾക്കും, ഇൻട്രാനെറ്റിനും, മാധ്യമങ്ങൾക്കും വലിയൊരു സ്വാധീനം ചെലുത്താനുണ്ട് എന്നാൽ കേവലം മാധ്യമ ഹൈപ്പിലൂടെയുള്ള വളർച്ചയാകരുത് അവരുടേത്.

ഇപ്പോള്പോലും നാം കാണുന്നത് പാമ്പുകടിച്ചു കുട്ടി മരണപ്പെട്ട സംഭവവുമായി ബന്ധപെട്ട് നിദ ഫാത്തിമ എന്ന പെൺകുട്ടി നടത്തുന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ എന്ന നിലയിൽ മറ്റൊരു സമര മുഖത്ത് നിന്നുള്ള വ്യാജ ചിത്രങ്ങളാണ്. നിലപാടുകളെയും ആ ഊർജ്ജത്തെയുമാണ് കാണുന്നത് എന്ന നിലയിൽ അത്തരമൊരു വ്യാജ പ്രചാരണത്തെ ന്യായീകരിക്കാമെങ്കിലും സാക്കോഷ്യൽ മീഡിയയിലെ ആൾകൂട്ടത്തിൽ ഭൂരിപക്ഷത്തിനും ആ ചിത്രത്തിന്റെ ഉറവിടമോ, പിന്നിലുള്ള യാഥാർഥ്യമോ അറിയില്ല എന്നതാണ് സത്യം. എല്ലാവരും ഷെയർ ചെയ്തു ഞാനും ചെയ്യുന്നു എന്നതാണ് ലൈൻ. ഈ കാര്യത്തിൽ അത് പകടകരമല്ലാതെ ഭാവിച്ചു എന്നതുകൊണ്ട് എപ്പോഴും അങ്ങനെയാകണം എന്നില്ല എന്നത് മനസിലാക്കുക.

മാണിക്യമലരായ കണ്ണിറുക്കലുകളും, മലരിന്റെ ആകാരവടിവും, പാർവതിയുടെ കസബ കഥകളും, സനുഷമാരുടെ ബെഹ്‌റ സെൽഫികളും, ഫെമിനിസ്റ്റ് അമ്മച്ചിമാരുടെ അവളുടെ രാവുകളും ആഗോള ചർച്ചകളാകുന്ന കാലത്താണ് ഇനിയൊരിക്കലും വിശപ്പിന്റെ മധു നുകരാനാവാതെ അട്ടപ്പാടിയിലെ മധുവെന്ന യുവാവ് കാലാവശേഷനാകുന്നത് എന്നും അഭ്യസ്‌തരാവിദ്യരായ ആളുകൾപോലും ആൾകൂട്ടത്തിൽ ഭാഗമായിരുന്നു എന്ന് മനസിലാകുമ്പോഴാണ് സാമൂഹിക വിദ്യാഭ്യാസം കേവലം സാമൂഹിക മാധ്യമ ആഘോഷങ്ങളിൽ ഒതുങ്ങരുതെന്നു ആവർത്തിച്ച പുതു തലമുറയെ ഓർമ്മപ്പെടുത്തേണ്ടിവരുന്നത്.

നിദ ഫാത്തിമ, രാഷ്ട്രത്തിനും ജനതയ്ക്കും, സമൂഹത്തിനും ഒരു മുതൽക്കൂട്ടാകട്ടെ എന്ന് പ്രത്യാശിക്കുമ്പോഴും …,

എത്രയും പെട്ടന്ന് ഏതെങ്കിലും പെൺകുട്ടി കണ്ണിറുക്കുകയോ, ധോണിയുടെ മകൾ ഒരു പാട്ടുപാടുകയോ, പൃഥ്വിരാജ് പുതിയ വികാര മേടിക്കുകയോ ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. എന്തിനാണെന്നുള്ള ഉത്തരം അവരവർക്ക് ആവശ്യാനുസരണം കണ്ടെത്താം.

അഡ്വ ശ്രീജിത്ത് പെരുമന

Advertisements