Adv Sreejith Perumana

രാഹുൽ ഗാന്ധിയുടെ സന്ദർശനം രണ്ട് പരമ്പരാഗത ചടങ്ങുകൾ കഴിഞ്ഞു.

ഒന്ന്: തട്ടുകട എൻട്രി

അരീക്കോട്ടെ മമത ബേക്കറിയിൽ നിന്ന് ചായയും ചിക്കൻ സാൻവിച്ചും കഴിച്ച് ഒരു കിലോ ചിപ്സും വാങ്ങി രാഹുല്‍ ഗാന്ധി. ചായയും, ചിക്കൻ സാൻവിച്ചും കഴിക്കാൻ വഴിയരികിലെ കടയിൽ രാഹുൽ ഗാന്ധിയിറങ്ങി. അരീക്കോട്ടെ മമത ബേക്കറിയിൽ നിന്ന് തിരിച്ചിറങ്ങിയപ്പോൾ ഒരു കിലോ ചിപ്സും വാങ്ങി കാറിലിട്ടു.( മീഡിയ വൺ, ന്യുസ് 18 )

രണ്ട് : സിംബ്ലിസിറ്റി

വില കുറഞ്ഞ ലിനന്‍ ഷര്‍ട്ടില്‍ സിംപിളായി രാഹുല്‍ ഗാന്ധി. ഇത്തവണ രാഹുലിന്‍റെ വേഷത്തില്‍ ചെറിയൊരു മാറ്റമുണ്ട്. ഖാദി ലിനന്‍ ഷര്‍ട്ടിലാണ് രാഹുൽ ഗാന്ധി മലപ്പുറം നിലമ്പൂർ കരുവാരകുണ്ട് ഗവ. എച്ച് എസ് എസ് സ്കൂളില്‍ എത്തിയത്. വളരെ സിംപിളായി തോന്നിക്കുന്ന മെറ്റീരിയലാണ് ഖാദി ലിനന്‍ എന്നാണ് തിരുവനന്തപുരത്തെ ഡിസൈനറും അഹം ഡിസൈന്‍ ബൂട്ടീക്ക്‌ ഉടമയുമായ ദിനു പറയുന്നത്. മീറ്ററിന് 1000 രൂപ മാത്രമേ ഇതിന് വിലയുളളൂ എന്നും ദിനു പറയുന്നു (ഏഷ്യാനെറ്റ് ന്യുസ് )

മൂന്നാമത്തേതായ ; മറ്റാരുടെയും സഹായമില്ലാതെ രക്ഷപെടുത്തൽ
ചടങ്ങിനായി രാഷ്ട്രവും മാധ്യമങ്ങളും കാതോർക്കുകയാണ്;

പ്രിയ സൂർത്തുക്കളെ ,
കാലംമാറിയതും ഇന്ത്യന്‍ വോട്ടര്‍മാര്‍ പക്വത കൈവരിച്ചതും അനുഭവങ്ങളില്‍നിന്ന് പാഠമുൾക്കൊണ്ടതും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതുവരെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് പ്രചാരണ ഗോദയിലും,മണ്ഡല സന്ദർശനത്തിലുമെല്ലാം ഇപ്പോഴും കാണുന്ന ഗിമ്മിക്കുകൾ. സംഘപരിവാർ അജണ്ട നടപ്പാക്കുന്ന തീവ്ര ഹിന്ദുത്വ ഭീകരത നാടൊട്ടുക്കും നടമാടുമ്പോൾ, ബീഫ് കഴിച്ചതിന്റെ പേരിലും, ലേഖനമെഴുതിയതിന്റെ പേരിലും തല്ലിയും, വെടിവെച്ചും കൊല്ലുമ്പോൾ വീണവായിക്കുന്ന കോൺഗ്രസ്സ് നിലപാടുകൾ ഈ തിരഞ്ഞെടുപ്പിൽ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്തു. നിരന്തരമായ വര്‍ഗീയ കലാപങ്ങളുടെ ശനിരാശികളില്‍ ഒരു ജനതയെ അസ്തിത്വദു:ഖത്തിന്‍െറയും അന്യവത്കരണത്തിന്‍െറയും തമോഗര്‍ത്തങ്ങളിലേക്ക് വലിച്ചെറിഞ്ഞിട്ടും ഈ നാട്ടിലെ ജനാധിപത്യ മതേതര വിശ്വാസികൾ ഗാന്ധിജിയുടെ പാര്‍ട്ടിയുമായുള്ള ബന്ധം വിച്ഛേദിക്കാതിരുന്നത് അവരുടെ മുന്നില്‍ ഒരു മതേതര ബദല്‍ ഇല്ലാത്തതുകൊണ്ടായിരുന്നില്ല ഈ പ്രസ്ഥാനത്തോടുള്ള വിശ്വാസംകൊണ്ടായിരുന്നു.

ജനത്തിന്‍െറ ആഭിമുഖ്യം തങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍ തൊട്ടറിയുന്ന പച്ചയായ മനുഷ്യരോടാണ്. അല്ലാതെ ആകാശത്തുനിന്ന് ചരടുകെട്ടി തങ്ങളുടെ തലക്കുമീതെ കൊണ്ടിറക്കുന്ന കുടുംബവാഴ്ചയുടെ പുത്തനവതാരങ്ങളോടല്ല. സംഘടനാ അടിത്തറയില്ലാതെ രാഹുലും പ്രിയങ്കയും എത്ര കാതങ്ങള്‍ ഊരുചുറ്റിയാലും കാണാന്‍ ആളുകൂടുമെന്നല്ലാതെ പെട്ടിയില്‍ വോട്ട്് വീഴില്ല എന്ന് മാസങ്ങൾക്ക് മുൻപ് മാത്രം നടന്ന തിരഞ്ഞെടുപ്പ് നമ്മെ പഠിപ്പിക്കുന്നു.

‘രാഹുല്‍ മാജിക്’കൊണ്ട് മാത്രം വീണ്ടെടുക്കാവുന്ന പതനമല്ല കോണ്‍ഗ്രസ് ഇന്നഭിമുഖീകരിക്കുന്നത്. ഒരുവേള ആ പാര്‍ട്ടിയുടെ നട്ടെല്ലായി വര്‍ത്തിച്ച ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക-ദുര്‍ബല വിഭാഗങ്ങളുടെയും വിശ്വാസ്യത വീണ്ടെടുക്കാത്ത കാലത്തോളം സ്ഥിതി മെച്ചപ്പെടുത്താനാവില്ലെന്നുറപ്പ്.

ഏറ്റവുമൊടുവിലത്തെ തെരഞ്ഞെടുപ്പ് ഫലമെങ്കിലും മുന്നില്‍വെച്ച് തെറ്റ് തിരുത്താനും പാളിച്ചകള്‍ക്ക് പ്രതിവിധി കാണാനും സന്നദ്ധമാവുകയാണ് പ്രത്യുല്‍പന്നമതിത്വമുള്ള നേതൃത്വമാണെങ്കില്‍ ചെയ്യുക. അല്ലാതെ, നെഹ്റു കുടുംബത്തിന്‍െറ കുലമഹിമ തങ്ങളെ രക്ഷിക്കുമെന്ന് കരുതുന്നതും ഹിന്തുത്വ വർഗീയതയ്‌ക്കെതിരെ രാജ്യത്താകമാനം നടക്കുന്ന പോരാട്ടങ്ങൾക്ക് അനിവാര്യമായ കാലത്ത് ധ്യാനത്തിന് പോകുന്നതും, പെട്ടിതാങ്ങികളുടെ സാരോപദേശങ്ങൾ കേട്ട് അണ്ടനേയും അടകോടനേയും പിടിച്ചു പാർട്ടിയുടെ താക്കോൽ സ്ഥാനങ്ങളിൽ അവരോധിക്കുന്നതും, അധികാര മോഹം വിട്ടൊഴിയാതെ വന്ദ്യ വയോധികർക്ക് ബോധം മറയുന്നതുവരെ അധികാര കസേരകൾ നൽകുന്നതും പിന്നെ ചങ്കരനെ തെങ്ങിൻമുകളിൽ തന്നെയേ എത്തിക്കുകയുള്ളൂ.

തട്ടുകടയിൽ കയറിയതും, ഷർട്ട് ധരിച്ചതും വർത്തയാക്കുന്നത് രാഹുൽ ഗാന്ധി മാധ്യമങ്ങളെ വിളിച്ചു പറഞ്ഞിട്ടുള്ള എന്നറിയാം. അതുകൊണ്ടുതന്നെ അദ്ദേഹത്തെ വ്യക്തിപരമായോ അല്ലെത്യോ ആക്ഷേപിക്കുകയല്ല ലക്‌ഷ്യം മറിച്ച് ഫാസിസം അണ്ണാക്കിൽ എത്തിയിട്ടും, മൃഗീയ ഭൂരിപക്ഷത്തിൽ അറ നൂറ്റാണ്ടുകാലം രാജ്യം ഭരിച്ച പാർട്ടിക്ക് പ്രതിപക്ഷ നേതാവിനെ ലഭിക്കാനുള്ള ഭൂരിപക്ഷം പോലും കിട്ടിയില്ല എന്നത് എന്തുകൊണ്ടാണ് രാഹുൽ ഗാന്ധിയെന്ന പൊളിറ്റിക്കൽ വിദ്യാർത്ഥിയെ പരമ്പരാഗത രാഷ്ട്രീയ ചട്ടക്കൂടിൽ നിന്നും മാറ്റി ചിന്തിപ്പിക്കാത്ത എന്ന ചോദ്യം എന്നെ അലോസരപ്പെടുത്തുന്നുണ്ട് … അതുപോലെതന്നെ എന്തുകൊണ്ടാണ് നമ്മുടെ മാധ്യമങ്ങൾ ഇത്തരം കേവല മസാലകൾ മാത്രം ഹൈലൈറ്റ് ചെയ്തുകൊണ്ട് രാജ്യം ഏറ്റവും കൂടുതൽ പ്രതീക്ഷ വെക്കുന്ന ഒരു ആഗോള നേതാവിനെ കുടുംബ മഹിമയുടെയും, പൊളിറ്റിക്കൽ ഗ്ളാമറിന്റെയും പേരിൽ മാത്രം വിലയിരുത്തി ചെറുതാക്കുന്നു എന്ന ചോദ്യവും എന്നെ അലട്ടുന്നുണ്ട് ..!!

രാഹുൽ ഗാന്ധി ആത്മാർത്ഥ കൈമുതലായുള്ള ഒരു നേതാവാണ്, ആവശ്യത്തിലധികം സത് പാരമ്പര്യവുമുണ്ട്, രാജ്യത്തെ കൈപിടിച്ചുയർത്താൻ ഒരു ബാല്യവും കയ്യിലുണ്ട് പക്ഷെ ദരിദ്രരുടെ കുടിലുകളിൽ കയറി ഭക്ഷണം കഴിച്ചതുകൊണ്ടും തൊഴിലാളികളുടെ മക്കളെ കെട്ടിപ്പിടിച്ചു ഉമ്മവെച്ചതുകൊണ്ടും, തട്ടുകടയിൽ കയറി ചായ കുടിച്ചതുകൊണ്ടും രാഷ്ട്രീയ ലക്ഷ്യങ്ങൾ കൈവരിക്കാൻ രാഷ്ട്രനിർമ്മാണവും സാധ്യമല്ല എന്ന തിരിച്ചറിവുണ്ടാകണം..

വാൽ : ഇതൊരു വിദ്വേഷ പോസ്റ്റായി കാണാതിരിക്കാൻ താത്പര്യം. കാരണം തട്ടുകടയിലെ ചിപ്സിൽ നിന്നും ഇനിയെങ്കിലും രാഷ്ട്രത്തിന്റെ നിലനിൽപ്പിലേക്കും, ജനങ്ങളുടെ സാമ്പത്തിക -സാമൂഹിക അതിജീവനത്തിലേക്കും, ജനാധിപത്യത്തിന്റെ നിലനിൽപ്പിലേക്കും ചർച്ചകളും, വാർത്തകളും ഉയരേണ്ടിയിരിക്കുന്നു എന്ന ഓർമ്മപ്പെടുത്തലാണ് ലക്‌ഷ്യം.

അഡ്വ ശ്രീജിത്ത് പെരുമന

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.