പോലീസിന്റെ തോക്കിൻ കുഴൽ നീതി ആഘോഷിക്കുന്നവർ അറിയണം ഈ ഭീകര യാഥാർഥ്യങ്ങൾ

0
184

അഡ്വ ശ്രീജിത്ത് പെരുമന

പോലീസിന്റെ തോക്കിൻ കുഴൽ നീതി ആഘോഷിക്കുന്നവർ അറിയണം ഈ ഭീകര യാഥാർഥ്യങ്ങൾ..

മാവോയിസ്റ്റുകളല്ല പോലീസ് വെടിവെച്ചു കൊന്നത് 17 നിരപരാധികളായ ആദിവാസികളെയെന്നു 7 വർഷങ്ങൾക്ക് ശേഷം അന്വേഷണ റിപ്പോർട്ട്

ചത്തീഡ്ഗഡിലെ സാര്‍ക്കെഗുഡ ഗ്രാമത്തില്‍ 17 പേരെ മാവോയിസ്റ്റുകളാണെന്നാരോപിച്ച് വെടിവെച്ചുകൊന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു. പോലീസ് -അർധസൈനിക വിബിഭാഗങ്ങൾ വെടിവെച്ചു കൊന്ന 17 ആളുകളും മാവോയിസ്റ്റുകളെല്ലെന്നും നിരപരാധികളായ ആദിവാസികളാണെന്നും 78 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.

2012 ജൂണ്‍ 28 രാത്രിയാണ് ബിജാപുരിലെ സര്‍ക്കെഗുഡയില്‍ 17 പേര്‍ക്കെതിരെ ഛത്തീസ്ഗഡ് പൊലീസും സി.ആര്‍.പി.എഫ് സംഘങ്ങളും നിറയൊഴിച്ചത്.

മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കെഗുഡയില്‍ ഓപ്പറേഷന്‍ നടത്തിയതെന്ന് പോലീസ് സു രക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

എന്നാല്‍ ഗ്രാമത്തില്‍ നടന്ന യോഗത്തിന് പങ്കെടുക്കാന്‍ വന്ന ഗ്രാമവാസികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ പ്രായപൂര്‍ത്തിയാകാത്ത ആറു പേര്‍ ഉണ്ടായിരുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അന്വേഷണ മേധാവിയോട് വ്യക്തമാക്കി വ്യക്തമാക്കി.

ജസ്റ്റിസ് വി.കെ അഗര്‍വാള്‍ തലവനായുള്ള ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ മാസമാണ് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടില്‍ വ്യാജ ഏറ്റുമുട്ടല്‍ എന്ന് ഉപയോഗിച്ചിട്ടില്ലെങ്കിലും കൊല്ലപ്പെട്ടവര്‍ വിമതരല്ലെന്ന് സൂചിപ്പിക്കുകയുമായിരുന്നു.
മാത്രമല്ല, സേന ആളുകളെ കൊലപ്പെടുത്തിയത് അടുത്തു നിന്നായിരുന്നെന്നും അതില്‍ ഒരാളെ ഏറ്റുമുട്ടല്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷം രാവിലെയാണ് കൊന്നതെന്നും കമ്മീഷന്‍ വിലയിരുത്തുന്നു.

ഗ്രാമത്തിലെ ജനങ്ങളില്‍ നിന്ന് വെടി വെയ്‌പ്പൊന്നും തന്നെ ഉണ്ടായിട്ടില്ല, പക്ഷെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിഭ്രാന്തരായി വെടിവെക്കുകയായിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സേനാംഗങ്ങളുടെ വെടിവെയ്പില്‍ തന്നെയാണ് ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതെന്നും ജസ്റ്റിസ് അഗര്‍വാള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അന്വേഷണത്തില്‍ കൃത്രിമം കാണിച്ചെന്നത് വ്യക്തമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ഗ്രാമവാസികള്‍ ഏതോ ഉത്സവം സംബന്ധിച്ച ചര്‍ച്ചയ്ക്കായി കൂടിയിരുന്നതാവാമെന്ന സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ചർച്ചകൾക്കായി ഒത്തുകൂടിയവരിൽ ആരും മാവോയിസ്റ്റുകളല്ലെന്നും പോലീസ് വെടിവെച്ചത് ഏകപക്ഷീയമായിട്ടാണെന്നും റിപ്പോർട്ടിൽ പറയുന്നു.

സാര്‍ക്കെഗുഡ ഏറ്റുമുട്ടലിൽ പോലീസ് പറഞ്ഞ ന്യായം തന്നെയാണ് ഹൈദ്രബാദ് ഏറ്റുമുട്ടലിലും പോലീസ് പറയുന്നത്. പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വെടിവെച്ചു കൊന്നു എന്ന്. എന്നാൽ നേരം വെളുക്കുന്നതിനു മുൻപ് കുറ്റകൃത്യം പുനരാവിഷ്കരിക്കാൻ കുറ്റിക്കാട്ടിൽ കൊണ്ടുവന്നതും, നാലുപേരെയും കൃത്യമായ ലക്ഷ്യത്തോടെ കൊലചെയ്തതും വ്യാജ ഏറ്റുമുട്ടലിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. കൂടെതെ ഈ കേസ് കൈകാര്യം ചെയ്യുന്ന ഹൈദരാബാദ് പൊലീസ് മേധാവി വി.സി സജ്ജനാര്‍, വാരംഗല്‍ എസ്.പി ആയിരുന്ന സമയത്ത് സമാനമായ എക്സ്ട്രാ ജുഡീഷ്യൽ കൊലപാതകങ്ങൾ സംഘടിപ്പിച്ച വ്യക്തിയാണെന്ന വാര്‍ത്തകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

അതുപോലെ തന്നെ നമ്മുടെ പ്രബുദ്ധ കേരളത്തിലെ ചരിത്രവും വ്യാജ ഏറ്റുമുട്ടലുകളാൽ സമൃദ്ധമാണ്.. എഴുപതുകളുടെ ആരംഭത്തിൽ പൊലീസ് കൊല ചെയ്ത നക്സൽ നേതാവ് വർഗീസിനെ ഓർമ്മയുണ്ടോ, വയനാട്ടിലെ ആദിവാസികൾക്കിടയിൽ ജന്മിത്വത്തിനെതിരായി പ്രവർത്തിച്ചിരുന്ന വർഗീസിനെ പൊലീസ് പിടികൂടി കസ്റ്റഡിയിൽ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് 40 വർഷങ്ങൾക്ക് ശേഷമാണ് സ്ഥിരീകരിക്കപ്പെട്ടത്. അതിന്റെ പേരിൽ കൊലപാതകത്തിന് നേതൃത്വം നൽകിയ മുൻ പൊലീസ് ഓഫീസർ കെ ലക്ഷ്മണ കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയിരുന്നു. ലക്ഷ്മണയ്ക്ക് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിക്കുകയുമുണ്ടായി എന്ന കാര്യവും ഈ പോലീസിന്റെ രൂപത്തിലുള്ള ആൾക്കൂട്ട അക്രമങ്ങൾക്ക് കയ്യടിക്കുന്നവർ മനസിലാക്കണം.

ഇന്ത്യന്‍ നിയമ വ്യവസ്ഥയനുസരിച്ച് ഒരു ക്രിമിനല്‍ കുറ്റം സ്റ്റേറ്റിനെതിരായ കുറ്റമാണ്. അതുകൊണ്ട് കുറ്റകൃത്യങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവരല്ല, ഭരണകൂടമാണ് കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്. അന്വേഷണം നടത്തുന്നതിനും വിചാരണ ചെയ്യുന്നതിനും ശിക്ഷാ വിധി നടപ്പിലാക്കുന്നതിനും വ്യത്യസ്ഥ ഭരണകൂട ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ശിക്ഷ നടപ്പിലാക്കാൻ ജനങ്ങളുടെയോ, പോലീസിന്റെയോ പണിയല്ല . ഭരണകൂടവും അതിന്റെ മെഷിനറികളും അത് കൃത്യമായി ചെയ്യുന്നില്ലെങ്കിൽ വോട്ടു ചെയ്ത ജനങ്ങൾ ആദ്യം ശബ്ദം ഉയർത്തേണ്ടത് അധികാരത്തിലെത്തിയ ഭരണകൂടത്തോടാണ് അല്ലാതെ കോടതിക്കെതിരെയോ, ജുഡീഷ്യറിക്കെതിരെയോ അല്ല.

തെലുങ്കാനയിലേതുപോലെ നിയമ നടപടികളിലൂടെയല്ലാത്ത കൊലപാതകങ്ങളിലൂടെ നീതി നടപ്പിലാക്കി, ബന്ധുക്കൾക്ക് നീതി ലഭിച്ചു തുടങ്ങിയ മുദ്രാവാക്യങ്ങളുമായി പൊതുബോധം രൂപപ്പെടുത്തി പോലീസ് രാജിനെ പിന്തുണയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രസ്തുത പൊതുബോധം പൊലീസിന് നൽകുന്ന ആ സദാചാര അധികാരം ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിലടിക്കുന്ന അവസാനത്തെ ആണിയാണ്

( സാര്‍ക്കെഗുഡ ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പാണ് ഈ പോസ്റ്റിനോടൊപ്പം. 78 പേജുള്ള മുഴുവൻ റിപ്പോർട്ടും ആവശ്യമുള്ളവർക്ക് ഇമെയിലിൽ ബന്ധപ്പെടാം)

അഡ്വ ശ്രീജിത്ത് പെരുമന