പ്രാർത്ഥനകൾ അല്ല ; അശ്രദ്ധയോ, കുറ്റകൃത്യമോ, സാമൂഹിക അപചയവുമൊക്കെയാണ് ജീവനുകളെടുക്കുന്നത് !

0
152

അഡ്വ ശ്രീജിത്ത് പെരുമന

പ്രാർത്ഥനകളല്ല ; അശ്രദ്ധയോ, കുറ്റകൃത്യമോ, സാമൂഹിക അപചയവുമൊക്കെയാണ് ജീവനുകളെടുക്കുന്നത് !

അനുഗ്രഹത്തിനായി തുലാഭാരം തൂക്കിയവനെ അതേ തുലാസ് ഇടിപ്പിച്ച്‌ കൊല്ലാൻ നോക്കിയ ദൈവം .തനിക്ക് പണം തന്നവനെ വണ്ടി കേറ്റി കൊന്ന ദൈവം ഇപ്പോഴിതാ ഒരു പൊന്നുമോളെ വീടിന്നടുത്തെ ആറ്റിൽ മുക്കി കൊന്നിരിക്കുന്നു.. !അമ്പലത്തിൽ തുലാഭാരം തൂക്കാൻ പോയ തിരുവനന്തപുരത്തെ വിശ്വ പൗരനായ തരൂർ നായരെ ത്രാസ് പൊട്ടിവീണ് നിലവിളി ശബ്ദമിട്ട വാഹനത്തിൽ മെഡിക്കൽ കോളേജിലെത്തിച്ച്‌ 11 സ്റ്റിച്ചുകൾ ഇടുകയുണ്ടായി എന്ന വാർത്ത നിങ്ങൾ വായിച്ചിരിക്കുമല്ലോ.. സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിലാണ്. അനുഗ്രഹം കിട്ടാൻ ദൈവത്തിന് കൈക്കൂലിയായി പണം നൽകി മടങ്ങിയവനെ അതേ വണ്ടി കയറ്റി കൊന്നുകൊണ്ടാണ് ഇപ്രാവശ്യം ദൈവം കരുത്ത് തെളിയിച്ചിരിക്കുന്നത്.അന്ന് തുലാസ് വീണ് തട്ടിപോകാതെ ചികിത്സ കഴിഞ്ഞുവന്ന് തരൂരിട്ട ഫെയിസ്ബുക്ക് പോസ്റ്റാണ് കലക്കിയത്.ദൈവത്തിന്റെ അത്ഭുതമാണെത്രെ അമ്പലത്തിൽ കണ്ടത് !! തുലാസ് പൊട്ടിവീണ്

ഞരമ്പുകൾക്കോ, തലച്ചോറിനോ കഷ്തമേൽക്കാത്തതും, ജീവൻ തിരിച്ചുകിട്ടിയതും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണെത്രെ.! അതായത്‌ ദിവസേന ഈ അന്ധവിശ്വാസജഡിലമായ പരിപാടിയിലൂടെ പാവങ്ങളായ ഭക്തരുടെ പണംകൊണ്ട് കൊഴുത്തുവളരുന്ന അമ്പലം വിഴുങ്ങികളായ ദൊവത്തിന്റെ ഹോൾസെയിൽ ഡീലർമാർ അവരുടെ കൃത്യവിലോപത്താൽ സംഭവിച്ച ഗുരുതരമായ വീഴ്ചയെ കുറിച്ച് ഒരുവാക്കുപോലും പറയാതെ ഓക്സ്ഫോർഡിൽ നിന്നും ഹവാർഡിൽ നിന്നും ഡോക്ടറേറ്റും അതിനേക്കാൾ വലിയ അക്കാദമിക്ക് ഉണ്ടംപൊരിയുമുള്ള തരൂർ പറയുന്നു.എല്ലാം ദൈവത്തിന്റെ ലീലാവിലാസമാണ്.ദൈവമാണ് ത്രാസ് പൊട്ടിച്ചു തന്റെ വീഴ്ത്തിയതും എന്നാൽ ഞരമ്പിലും തലച്ചോറിലും തട്ടിക്കാതെ അത്ഭുദകരമായി 11 സ്റ്റിച്ചിൽ കാര്യങ്ങൾ ഒതുക്കിയതും.
തുരുമ്പിച്ച ത്രാസിന്റെ മുകൾഭാഗം റൂഫിൽ കൃത്യമായും ബാലമായും സ്ഥാപിക്കാത്ത അമ്പല നടത്തിപ്പുകാർ ഇത് കേട്ട് ഉള്ളിന്റെ ഉള്ളിൽ ചിരിച്ചു മണ്ണുകപ്പുന്നുണ്ടാകും.

ദൈവം എങ്ങനെ വീണാലും നാലു കാലിലാണ്‌… പക്ഷെ ത്രാസിനറിയില്ലല്ലോ അദ്ദേഹം ഐക്യരാഷ്ട്രസഭ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച വിശ്വ പൗരനാണെന്ന്. കാണിക്കയിട്ട് മടങ്ങവേ ബസ്സിന്റെ അടിയിൽ പോയി ചതഞരഞ്ഞ അയാളുടേ മൃദദേഹവും നോക്കി സോ കോൾഡ് അന്ധവിശ്വാസികൾ പറയും എല്ലാം ദൈവത്തിന്റെ തീരുമാനമാണ് ഇഷ്ട്ടമുള്ളവരെ നേരത്തെ വിളിക്കുന്നൂ.കാണിക്ക കൊടുത്തത് ഇഷ്ട്ടപ്പെട്ടു നേരത്തെ വിളിച്ചൂ.ചേർത്ത് വായിക്കേണ്ടസമീപകാലത്തെ മറ്റൊരു സമാന കഥ ഇങ്ങനെ.മണ്മറഞ്ഞ കലാകാരൻ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന് 16 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് തേജ്വസിനി എന്ന മാലാഖ കുഞ്ഞുണ്ടായത്.ഏറെ വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച മകളുടെ പേരിൽ നേർന്ന വഴിപാടുകൾ അമ്പലത്തിലെത്തി നടത്തി വരുന്ന വഴിയെയാണ് കാർ അപകടത്തിൽപ്പെടുന്നത്. തത്ക്ഷണം മരണപ്പെട്ട തേജസ്വനിയെ നോക്കി അവർ പറഞ്ഞു,”വിധിയാണ്, ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കും”

രണ്ടു കണ്ണുകൾമാത്രം പുറത്താക്കി പ്ലാസ്റ്ററുകളിട്ട ഹൃദയസ്പന്ദനങ്ങൾ മാത്രം ബാക്കിയായി അവർ വെന്റിലേറ്ററുകളിൽ മരണത്തോട് മല്ലടിച്ചു കിടക്കവേ അവർ പറഞ്ഞു.”ജീവനെങ്കിലും തിരിച്ചു കിട്ടിയല്ലോ ദൈവമെത്ര കരുണാമയൻ”.വെന്റിലേറ്ററിൽ ഒരാഴ്ചയിലേറെ നീണ്ട ജീവന്മരണ പോരാട്ടങ്ങൾക്കൊടുവിൽ അയാൾ മരണത്തിനു കീഴടങ്ങിയപ്പോൾ അവർ പറഞ്ഞു.”ദൈവം വിളിച്ചതാണ്, ആരെയും ബുദ്ധിമുട്ടിക്കാതെ പോയല്ലോ. ഇങ്ങനെ ജീവിച്ചിട്ടെന്താ “.അവൾ ഇപ്പോഴും വെന്റിലേറ്ററിലാണ്, അപകട നില തരണം ചെയ്തെന്നു ഡോക്ടർമാർ പറഞ്ഞപ്പോഴും അവർ പറഞ്ഞു .”ദൈവം കാത്തു…, രണ്ടുപേരുടെ മരണത്തിനിടയാക്കിയ എത്രവലിയ അപകടമായിരുന്നു എന്നിട്ടും രക്ഷപെട്ടത് കണ്ടില്ലേ “എങ്ങനെ വീണാലും ദൈവങ്ങൾ നാലു കാലിൽ തന്നെ.
(വിശ്വാസികളെ അധിക്ഷേപിക്കാനോ, അവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്താനോ അല്ല ഇങ്ങനൊരു പോസ്റ്റ്. മറിച്ച്‌ വിശ്വാസങ്ങൾക്കുവേണ്ടി യാഥാർഥ്യങ്ങൾ മറക്കാതിരിക്കണം എന്നൊരു ഓർമ്മപ്പെടുത്തലിനാണ്. കണ്ണാടി പ്രതിഷ്ട നടത്തി അവനവൻ തന്നെയാണ് ദൈവം എന്ന് നമ്മെ പഠിപ്പിച്ച നാരായണഗുരുവിന്റെ നാടാണിത്. മനുഷ്യ മനസിലാണ് ദൈവങ്ങൾ കുടിയിരിക്കുന്നത് എന്ന് പഠിച്ച ജനതയുടെ നാടാണിത്. അമ്പലങ്ങൾക്കും പള്ളികൾക്കും പണം നൽകി നേടാൻ സാധിക്കുന്നതല്ല അനുഗ്രഹവും നന്മകളും. അന്ധവിശ്വാസങ്ങളിലൂന്നിയുള്ള പ്രവൃത്തികൾ അപകടത്തിലേക്ക് നയിച്ചേക്കാം. ഇടുക്കിയിലെ ഒരു കുടുംബത്തെ പച്ചയ്ക്ക് കുഴിച്ചുമൂടിയതും, തിരുവനന്തപുരത്തു ഡോക്ടർ ദമ്പതികളായ രക്ഷിതാക്കളെയും സഹോദരിയെയും തലയ്ക്കടിച്ചു കൊന്ന മകനും എല്ലാം ഉദാഹരണങ്ങളാണ് .

അമ്പലത്തിൽ പോയി വഴിപാട് കഴിച്ചതുകൊണ്ട് കാറിന്റെ സാങ്കേതിക തകരാർ മാറില്ല., വർക്ഷോപ്പിൽ മെക്കാനിക്കിനെ കാണണം, വാഹനപൂജ നടത്തിയാൽ ഡ്രൈവർക്ക് രാത്രിയിൽ ഉറക്കം വരാതിരിക്കില്ല. ഡാഷ്ബോർഡിൽ ചന്ദനം ചാർത്തിയാൽ പോരാ എയർബാഗ് പുറത്തു വരണം നമ്മുടെ നെഞ്ചിൻ കൂടു തകരാതിരിക്കണമെങ്കിൽ. സമാനമായ രീതിയിലാണ് ഇന്നലെ കൊല്ലത്ത് ദേവനന്ദ എന്നൊരു പെൺകുട്ടിയെ കാണാതാവുകയും, പിന്നീട് ആറ്റിൽ മരണപ്പെട്ട നിലയിൽ കണ്ടത്തുകയും ചെയ്ത സംഭവത്തെ കേരള പോലീസ് ഉൾപ്പെടെ വ്യാഖ്യാനിക്കുന്നത് “പ്രാർത്ഥനകൾ വിഫലമായി” എന്ന അശാസ്ത്രീയ രീതിയിലാണ്.

വീട്ടിൽ നിന്നും 400 മീറ്ററിൽ അധികം ദൂരെയുള്ള സ്ഥലത്തു നിന്നാണ് മൃദദേഹം ലഭിച്ചത് എന്നതും, അമ്മയുടെ മൊഴികളിൽ ചില വൈരുധ്യങ്ങളുണ്ട് എന്നതും, ശരീരത്തിൽ യാതൊരുവിധ മുറിവോ, ചതവോ ഇല്ലാ എന്നുള്ളതും അസ്വാഭാവികവും ദുരൂഹമായതുമാണ്.
പറഞ്ഞുവരുന്നത് നമ്മൾ വിശ്വാസത്തോടൊപ്പം സാമാന്യ യുക്തിയും ബോധവും ഉള്ള ആളുകളായിരിക്കണം എന്നാണ്. അരാധനാലയങ്ങളിൽ പോകാം. പക്ഷെ അത് മനസ്സിനെ ഏകാഗ്രതപ്പെടുത്താനും, മനസാന്നിധ്യം ഉറപ്പിക്കാനുമായിരിക്കണം മറിച്ച്‌ അന്ധവിശ്വാസങ്ങളെ മുറുകെ പിടിക്കാനാകരുത്.”

നമ്മുടെ അശ്രദ്ധയും, സാമൂഹിക സാഹചര്യങ്ങളിൽ വന്ന അപചയവും, കുട്ടികളെ നിരീക്ഷിക്കുന്നതിലുള്ള വീഴ്ചകളും, ക്രിമിനൽ വാസനകൾ കൂടുന്ന സാഹചര്യങ്ങളുമൊന്നും ചർച്ചയാക്കാതെ അത്തരം സാമൂഹിക സാമൂഹിക മാറ്റങ്ങളെ ഇല്ലാതെയാക്കാൻ ശ്രമിക്കാതെ “പ്രാർത്ഥനകൾ വിഫലമായി” അല്ലെങ്കിൽ “ദൈവം ആ കുട്ടിയെ നേരത്തെ വിളിച്ചു” “സ്വർഗ്ഗത്തിൽ അവൾ സുഗമായി ജീവിക്കും” എന്നൊക്കെയുള്ള അന്ധവിശ്വാസ ജഡിലമായ സാമാന്യവത്കരണം അപകടകരമാണ്.

“നാം പാതി ദൈവം പാതി എന്നാണല്ലോ നമ്മുടെ സൊ കോൾഡ് വെപ്പ് ” അതിൽ നമ്മുടെ പാതി ചെയ്യാനും ശാസ്ത്രേ ബോധത്തോടെയും, യുക്തിസഹമായും ചിന്തിക്കാനും ആ അമ്പതു ശതമാനമെങ്കിലും ശ്രമിക്കേണ്ടതാണ്. ദേവാനന്ദനയെ ആരെങ്കിലും കൊന്നതാണ് എന്ന മുൻവിധിയൊന്നും എനിക്കില്ല എങ്കിലും ആ മരണത്തിലെ ദുരൂഹതകൾ ശാസ്ത്രീയമായി അന്വേഷിച്ച് പുറത്തുകൊണ്ടുവരേണ്ടതാണ്. മാതാപിതാക്കൾക്കുൾപ്പെടെ എന്തെങ്കിലും അശ്രദ്ധകൾ വന്നിട്ടുണ്ടെങ്കിലും, വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിലും അത് പൊതുസമൂഹത്തിലേക്ക് കൊണ്ടുവരികയും ഇനിയൊരു രക്തസാക്ഷിയുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ എടുക്കുകയുമാണ് വേണ്ടത് അല്ലാതെ എല്ലാം ദൈവത്തിന്റെ കാലിയാണെന്നു ആശ്വസിക്കുകയോ, വിശ്വസിക്കുകയോ ചെയ്യുകയല്ല വേണ്ടത്.(വിമർശനം വിശ്വാസത്തിനും, ദൈവങ്ങൾക്കും എതിരാണ് എന്നറിയാം എങ്കിലും വിയോജിപ്പുകൾ മാന്യമായ ഭാഷയിലായിരിക്കാൻ പരമാവധി ശ്രമിക്കുമല്ലോ )