സമ്പന്നരുടെയും പ്രമുഖരുടെയും ചടങ്ങുകളിൽ കൊറോണ വരില്ലേ? പാവപ്പെട്ടവരുടേതിൽ മാത്രമേ ഉള്ളോ ?

142

അഡ്വ ശ്രീജിത്ത്‌ പെരുമന

സമ്പന്നരുടെയും പ്രമുഖരുടെയും മരണത്തിലും, വിവാഹത്തിലും എത്ര ആളുകളുണ്ടെങ്കിലും, അവരെ പിടിക്കാൻ കൊറോണ പോവാറില്ല. പാവപ്പെട്ട വിവാഹങ്ങളിൽ 51 മത്തെ ആളെ പിടിക്കും, മരണത്തിലെ 21 മത്തെ ആളെയും.എല്ലാവരും തുല്യരാണ് എന്ന് നിയമവാഴ്ചയുള്ള നാട്ടിൽ പ്രിവിലേജ്ഡ് ജനത്തെയും ദരിദ്രവാസി ജനത്തെയും വേർതിരിക്കുന്ന വ്യവസ്ഥാപിത #ഇരട്ടർത്താപ്പ് ഇല്ലാതെയാക്കണം. ഈ വിഷയത്തെക്കുറിച്ച് സൂചിപ്പിക്കാൻ ഈ പോസ്റ്റിനോടൊപ്പം ചേർക്കുന്നത് രണ്ട് ചിത്രങ്ങളാണ്. എച്ച് ഡി കുമാരസ്വാമിയുടെ പുത്രന്റെ വിവാഹവും, എംപി വീരേന്ദ്രകുമാറിന്റെ സംസ്കാരവും. രണ്ട് നേതാക്കളുമായി വ്യക്തി ബന്ധമുള്ള ഒരാളെന്ന നിലയിൽ അവരോടുള്ള എല്ലാ ആദരവും ബഹുമാനവും നിലനിർത്തിയാണ് പറഞ്ഞുവരുന്നത്.

ഒന്ന് ലോക്ക് ഡൗണിനിടെ കർണാടക മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകന്റെ വിവാഹം നടക്കുന്നതിനിടെ എല്ലാവിധ സാമൂഹിക അകലവും, മാസ്ക്ക് ധരിക്കണമെന്ന നിർദേശവും, 50 ആളുകൾ മാത്രം പങ്കെടുക്കണമെന്ന നിബന്ധനകളും പരസ്യമായി കാറ്റിൽ പറത്തുന്നു എന്ന് മാത്രമല്ല ഈ നിയമവിരുദ്ധത നടക്കുമ്പോൾ സാക്ഷാൽ മുഖ്യമന്ത്രി നേരിട്ടെത്തി അതിൽ പങ്കാളികളാകുന്നു.
രണ്ട് സംസ്ഥാനങ്ങൾ പങ്കിടുന്ന നാഷണൽഹൈവേ ലോക്ക് ഡൗണിന്റെ പേരിൽ മണ്ണിട്ട് അടച്ചു പൂട്ടി കാസഗോഡ് ഏഴു രോഗികൾ ചികിത്സ കിട്ടാതെ മരിച്ച സമയത്താണ് പ്രിവിലേജ്ഡ് ക്ലാസിന്റെ ഈ ആഘോഷം എന്നത് ഓർക്കുക.രണ്ടാമത്തെ ചിത്രം എംപി വീരേന്ദ്രകുമാറിന്റെ സംസ്കര ചടങ്ങാണ്. യാതൊരുവിധ സാമൂഹിക അകലവും പാലിക്കാതെ, 20 ആളുകൾ എന്ന നിബന്ധന പാലിക്കാതെ സാക്ഷാൽ ജില്ലാ കളക്റ്ററും, മന്ത്രിയും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ കൂട്ടം കൂടി നില്കുന്നു.
ലോക്ക് ഡൌൺ നിയമങ്ങളുടെ പേരിൽ അവശ്യ സാധനങ്ങൾ മേടിക്കാൻ പുറത്തിറങ്ങിയ ആദിവാസി ജനവിഭാഗങ്ങളെ ഉൾപ്പെടെ കേസെടുത്തും, തല്ലിച്ചതച്ചും നിയമം നടപ്പിലാക്കിയ നാട്ടിലാണ് ഈ സംഭവം എന്നത് ആ പാവങ്ങളുടെ നേർക്ക് ഇളിച്ച് കാണിക്കുന്നതിന് തുല്യമാണ്.

കൂടാതെ കർണാടകയിൽ നിന്നും അതിർത്തിവരെ എത്തിയ പൂർണ്ണ ഗർഭിണിയായ യുവതിയെയും, ബന്ധുക്കളെയും കടുവ സങ്കേതത്തിനുള്ളിൽ ഉപേക്ഷിച്ച് നിയമം നടപ്പിലാക്കിയ വയനാട് ജില്ലാ കളക്റ്ററാണ് ആൾക്കൂട്ടത്തിന്റെ മുൻപിൽ നിയമവിരുദ്ധ പ്രവൃത്തിക്ക് നേതൃത്വം നൽകുന്നതെന്നതും കാണാതെ വയ്യ.അബുദാബിയിൽ നിന്നും ഇന്ത്യയുടെ തലസ്ഥാനത്തെ വീമാനത്താവളത്തിൽ എത്തിച്ച പാവങ്ങളായ മൂന്ന് തൊഴിലാളികളുടെ മൃദദേഹങ്ങൾ ലോക്ക് ഡൌൺ പ്രകാരം ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് വിദേശത്തേക്ക് തിരിച്ചയച്ച രാജ്യമാണ് നമ്മുടേതെന്നുകൂടി കൂട്ടി വായിക്കുക..
All are equal, but some are more equal-🇮🇳 എല്ലാവരും തുല്യരാണെങ്കിലും ചിലർ കൂടുതൽ തുല്യരാണ് എന്നല്ലാതെ മറ്റെന്താണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്❓️