സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില വിഡിയോകൾ കണ്ടു കൊല്ലം ജില്ലയെയും ജില്ലക്കാരെയും അവഹേളിക്കുക ഒരു പതിവായി മാറിയിട്ടുണ്ട്. എന്നാൽ നന്മ തിന്മകൾ എല്ലാ ജില്ലകളിലും ഒരുപോലെയുണ്ട് എന്നതാണ് സത്യം എന്നിരിക്കെ നന്മമരങ്ങളുടെ കൂട്ടായ ആക്രമണം വ്യക്തമായ പ്രാദേശിക വർഗ്ഗീയതയെ ഇളക്കിവിടാൻ മാത്രമേ ഉപകരിക്കൂ. തെക്കൻ ജില്ലക്കാർ മോശമെന്നും വടക്കുള്ളവർ നന്മയുടെ നടത്തിപ്പുകാർ എന്നുള്ള ‘തള്ളുകൾ’ യഥാർത്ഥത്തിൽ കോമഡി ആണ്. ഇവിടെ അഡ്വ ശ്യാം എസ് -ന്റെ കുറിപ്പ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. കൊല്ലം ജില്ലയുടെ മഹത്വങ്ങൾ നിരത്തുന്ന കുറിപ്പ് വായിക്കാം

അഡ്വ. ശ്യാം. എസ്

with KOLLAM JILLA , Kollam Next, Kollam Metropolitan Region

അതേ ഞങ്ങൾ കൊല്ലക്കാരാണ്. നിങ്ങൾ പറയുന്ന, കേൾക്കുന്ന കൊല്ലമല്ല. ‘കൊല്ലം കണ്ടവനില്ലം’ വേണ്ട എന്ന് പറയിപ്പിക്കുന്ന കൊല്ലം.❤️

കൊല്ലത്തിന്റെ വീരകഥയിലെ പുതിയ നാഴികകല്ലാണ് ഈ വരുന്ന ഓഗസ്റ്റ് 14 ന് രാത്രിയിലെ ഔദ്യോഗിക പ്രഖ്യാപനം. ഓഗസ്റ്റ് 14 ന് അർദ്ധ രാത്രിയിൽ ഇന്ത്യ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ആഘോഷിക്കുമ്പോൾ നമ്മുടെ കൊല്ലത്തിനെ ഇന്ത്യ മഹാരാരാജ്യത്തിലെ ആദ്യ സമ്പൂർണ ഭരണഘടനാ സാക്ഷരത ജില്ലയായി പ്രഖ്യാപിക്കും. മറ്റൊരു പൊൻതൂവൽ കൂടി അറബിക്കടലിന്റെ രാജകുമാരന്!❤️????❤️

പ്രളയം വന്ന് സർവ്വതും തകർത്ത നാളുകളിൽ പിറ്റേന്നാൾ സ്വന്തം വീട്ടിലെ അടുപ്പ് പുകയില്ലെങ്കിലും മതമേതെന്ന് അറിയാത്ത ജാതിയെന്നറിയാത്ത മനുഷ്യന്റെ ജീവൻ രക്ഷിക്കുവാൻ പ്രളയ ജലത്തിലെ ആഴങ്ങളിലേക്ക് ഊളിയിട്ട കേരളത്തിന്റെ സൈന്യം ഞങ്ങളുടെ കൊല്ലം കാരായിരുന്നു.ഏതെങ്കിലും തുരുത്തുകളിൽ ഉണ്ടാകുന്ന ഒറ്റപ്പെട്ട സംഭവങ്ങൾക്ക് ജില്ലയുടെ പ്രതിച്ഛായ നൽകി നാലെഴുത്ത് എഴുതി ഞങ്ങളെ അങ്ങ് മോശമാക്കി കളയാം എന്നാണ് ചില ഫേസ്ബുക്ക് ജീവികളുടെ വിചാരമെങ്കിൽ ആ മോഹങ്ങൾക്ക് സോപ്പു കുമിളകളുടെ ആയുസ്സ് മാത്രമേ ഉണ്ടാകൂവെന്ന് ഓർത്തു കൊള്ളുക. കൊല്ലത്തെ ട്രോള്ളുന്നവർ ഞങ്ങടെ ജില്ലയുടെ മറ്റ് സവിശേഷതകൾ അറിയൂ????

ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പം ജടായു ഞങ്ങളുടെ ചടയമംഗലത്താണ്. കേരളത്തിലെ ആദ്യത്തെ വിമാനത്താവളം ഞങ്ങളുടെ കൊല്ലം ആശ്രാമം മൈതാനത്ത് ആയിരുന്നു. തിരുവതാംകൂറിൽ ആദ്യമായി ട്രെയിൻ ഓടിയത് ഞങ്ങളുടെ കൊല്ലം – ചെങ്കോട്ട റൂട്ടിലാണ്. ഇന്ത്യയിലെ ആദ്യത്തെയും, ഏഷ്യയിലെ രണ്ടാമത്തെയും ഇക്കോ ടൂറിസം ഞങ്ങളുടെ തെന്മലയിലാണ്.

145 വർഷം പഴക്കമുള്ള സിവിൽ എഞ്ചിനീയറിങ് വിസ്മയമായി ഇന്നും തല ഉയർത്തി നിൽക്കുന്ന തൂക്കുപാലവും, കേരളത്തിലെ ആദ്യത്തെ പേപ്പർമില്ലും ഞങ്ങളുടെ പുനലൂരിലാണ്. ഇന്ത്യയിലെ രണ്ടാമത്തെ ഉയരമുള്ള വിളക്കുമാടം സ്ഥിതി ചെയ്യുന്നത് ഞങ്ങളുടെ തങ്കശ്ശേരിയിലാണ്. അഷ്ടമുടിക്കായലും, നീണ്ടകരയും, മൺട്രോത്തുരുത്തും, ശാസ്താംകോട്ടക്കായലും, അച്ചൻകോവിലും, ആര്യങ്കാവും, കുളത്തൂപ്പുഴയും, സാമ്പ്രാണിക്കൊടിയും ഞങ്ങൾക്ക് തിലകക്കുറികളാണ്.

1809 ജനുവരി 16 ന് വേലുതമ്പി ദളവ ബ്രിട്ടീഷ് സാമ്രാജ്യത്തെ വെല്ലുവിളിച്ചുകൊണ്ട് വിളംബരം പുറപ്പെടുവിച്ചത് ഞങ്ങളുടെ കുണ്ടറയിലാണ്.1938 ൽ കടക്കലിൽ നീതിരഹിതമായ കരങ്ങള്‍ക്കും ചുങ്കങ്ങള്‍ക്കും എതിരെ ഉയര്‍ന്ന കര്‍ഷകപ്രക്ഷോഭം പിന്നീട് സര്‍ക്കാര്‍ ശക്തികള്‍ക്കെതിരെ നടന്ന സായുധവിപ്ലവമായി മാറിയ കടയ്ക്കല്‍വിപ്ലവം നടന്നതും, 5 ധീരന്മാർ തൂക്കുമരത്തിലേക്ക് നടന്നു കയറിയതും ഞങ്ങളുടെ ദേശ സ്നേഹത്തിന്റെ ചരിത്രം.

1915ൽ മഹാനായ അയ്യങ്കാളി ജാതീയതയുടെ അടയാളമായി അടിച്ചേൽപ്പിക്കപ്പെട്ട കല്ലുമാല വലിച്ചെറിയാൻ സ്ത്രീകളോട് ആവശ്യപ്പെട്ടതും നവോത്ഥാന കേരളത്തിന് ശിലപാകിക്കൊണ്ട് ജാതി തമ്പുരാക്കന്മാരുടെയും, പ്രമാണിത്തത്തിന്റെയും മുഖത്തേക്ക് അവർ കല്ലുമാലകൾ വലിച്ചെറിഞ്ഞതും ഞങ്ങളുടെ പീരങ്കി മൈതാനത്താണ്.

രാജ്യത്തെ 70% വരുന്ന കശുവണ്ടി കയറ്റുമതിയും കൈയാളുന്ന,മത്സ്യ സമ്പത്തിന് പേരുകേട്ട ജില്ലയാണ് ഞങ്ങളുടെ കൊല്ലം. കഥകളിയുടെ തമ്പുരാൻ കൊട്ടാരക്കര തമ്പുരാനും, അമ്മയാം ഭൂമിയെ പാടിയുണർത്തിയ കവി ഓ.എൻ.വി യും ഞങ്ങളുടെ സ്വത്താണ്.ആദ്യ എഴുത്തച്ഛൻ പുരസ്‌കാരം നേടിയ ശൂരനാട് കുഞ്ഞൻപിള്ളയും, ആദ്യ വയലാർ അവാർഡ് നേടിയ ലളിതാംബിക അന്തർജ്ജനവും ഞങ്ങളുടെ സാഹിത്യ സംഭാവനകളുടെ സാക്ഷ്യങ്ങളാണ്.

മലയാള സിനിമയുടെ പൗരുഷത്തിന്റെ പ്രതീകമായി ഇന്നും അടയാളപ്പെടുത്തുന്ന അനശ്വര നടൻ ജയനും, നാടക കുലപതി ഓ. മാധവനും, കഥാപ്രസംഗകലയെ മലയാള മണ്ണിൽ ജനകീയമാക്കിയ സാംബശിവനും അരങ്ങത്തെ ഞങ്ങളുടെ ജില്ലയുടെ അഭിമാനങ്ങളാണ്. ഓസ്‌കർ വേദിയിൽ മലയാളത്തെ എത്തിച്ച റസൂൽ പൂക്കുട്ടിയും, മലയാള ചലച്ചിത്ര ഗാനശാഖയെ പതിറ്റാണ്ടുകളോളം നയിച്ച രവീന്ദ്രൻ മാഷും, ദേവരാജൻ മാഷും ഞങ്ങളുടെ കൊല്ലത്തിന്റെ സ്വത്താണ്.

പുരാതന സന്ദേശകാവ്യമായ ‘ഉണ്ണൂനീലിസന്ദേശ’ത്തിലും, കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ‘മയൂരസന്ദേശ’ത്തിലും കൊല്ലം നഗരത്തിന്റെയും ഭൂപ്രദേശങ്ങളുടെയും അത്യാകർഷകമായ വർണ്ണനകൾ ധാരാളമുണ്ട്‌. അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത നേട്ടങ്ങളും, അഭിമാനം പേറുന്ന ചരിത്രങ്ങളും, വർഗീയ ലഹളകൾ ഇല്ലാത്തതും, മതം പറഞ്ഞ് തമ്മിൽതല്ലാത്തതുമായ നല്ല മനുഷ്യരുടെ നാടാണ് ഞങ്ങളുടെ കൊല്ലം. നേട്ടങ്ങളുടെ പട്ടികയിൽ സ്വന്തം ചരിത്രത്തോട് മത്സരിക്കുവാൻ ഞങ്ങളുടെ കൊല്ലം ഇനിയുമുണ്ടാവും.

Leave a Reply
You May Also Like

“സിക്രീത്തിലേക്കൊരു” വിനോദ യാത്ര

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സംഘടിപ്പിച്ച ബ്ലോഗ് മീറ്റിന്റെ ആവേശം കെട്ടടങ്ങുന്നതിന് മുമ്പേ ദോഹയിലെ ഫേസ്ബുക്കിലെ മലയാളികളുടെ സജീവ ഗ്രൂപ്പായ ക്യു മലയാളം ഗ്രൂപ് സംഘടിപ്പിച്ച 70ഓളം പേര്‍ പങ്കെടുത്ത “ക്യു മലയാളം വിനോദ യാത്ര” ഫാമിലിയ്ക്കും ബാച്ലേര്‍സിനും ഒരു വേറിട്ട അനുഭവം സമ്മാനിച്ചു…

ട്രാവല്‍ ബൂലോകം: കുളു – മനാലിയിലെക്കൊരു യാത്ര..

ഇന്ത്യയുടെ വടക്കേയറ്റത്തെ കുളു മനാലിയിലെക്കൊരു വിനോദയാത്രക്ക് പോകാന്‍ ഒരുങ്ങുന്നുവോ നിങ്ങള്‍ ? എങ്കില്‍ ഏറ്റവും ചിലവില്‍ ഒരു വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നിങ്ങള്‍ക്ക് സുവര്‍ണ്ണാവസരം. കൂടാതെ ഏറ്റവും കുറഞ്ഞ ചിലവില്‍ ഹോട്ടല്‍ ടിക്കറ്റും.

tot ziens Sarah: നെതര്‍ലന്‍ഡ്‌സിലെ എന്‍റെ കൊച്ചു കൂട്ടുകാരി

യൂറോപ്പ് യാത്രയില്‍ കോണ്‍ഫറന്‍സില്‍ നിന്നും ഒഴിവു കിട്ടിയ ഒരു ദിനം ആര്‍നെമിലെ ഓപ്പണ്‍ എയര്‍ മ്യൂസിയം കണ്ടു കഴിഞ്ഞു ട്രെയിന്‍ സ്റ്റേഷനിലെക്കുള്ള ബസും കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍. അപ്പോളായിരുന്നു ഒരു യുവാവ് തന്‍റെ രണ്ടു ചെറിയ കുട്ടികളുമായി അവിടെ എത്തിയത്.

ദുബൈ മ്യൂസിയം- ദുബായിലെ ഏറ്റവും പഴക്കം ചെന്ന കെട്ടിടം,

ഇന്ന്, മ്യൂസിയം ദുബൈയുടെ ചരിത്രത്തിലേക്കു ള്ള ഒരു ജാലകമായി പ്രവർത്തിക്കുന്നു, കൂടാതെ ശവകുടീരങ്ങൾ, പുരാതന രേഖകൾ, ഡയഗ്രമുകൾ, സ്മാരകങ്ങൾ എന്നിവയുണ്ട്.