” തുറമുഖം ” – ഉജ്ജ്വലമായ മോഡേൺ റവലൂഷണറി ക്ലാസിക് സിനിമ
Adv V M Unni
രാജീവ് രവിയുടെ ” തുറമുഖം” കണ്ട് ഉടനെ തന്നെ എഴുതുന്ന കുറിപ്പാണിത്. കേരളത്തിലെ തൊഴിലാളി വർഗ്ഗ സമരചരിത്രത്തിലെ ചോര കിനിയുന്ന ഒരേടാണ് കൊച്ചി തുറമുഖത്തിലെ തൊഴിലാളികൾ പ്രാകൃതമായ ചാപ്പ സമ്പ്രദായത്തിനെതിരെ നടത്തിയ സമരവും തുടർന്നുണ്ടായ മട്ടാഞ്ചേരി വെടിവെയ്‌പ്പും. ചരിത്രത്തെ ചലച്ചിത്രത്തിന്റെ ഘടനയിലും ഭാഷയിലും കലാത്മകമായി അവതരിപ്പിക്കാൻ സംവിധായകൻ രാജീവ് രവിയ്ക്ക് കഴിഞ്ഞിരിക്കുന്നു.
തന്റെ പിതാവ് യശ:ശരീരനായ ചിദംബരൻ മാസ്റ്ററുടെ ഇതേ പേരിലുള്ള നാടകത്തെ അവലംബിച്ച് ഗോപൻ ചിദംബരനാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ലോക തൊഴിലാളി വർഗത്തെയാകെ ആവേശം കൊള്ളിച്ച ഈ തൊഴിലാളി സമരത്തെ നാടകരൂപത്തിൽ അടയാളപ്പെടുത്തിയ ചിദംബരൻ മാസ്റ്റർ നാടിനും നാടകസാഹിത്യത്തിനും തൊഴിലാളി വർഗത്തിനും വിലപ്പെട്ട സംഭാവനയാണ് ചെയ്തത്. അതിനെ ആധാരമാക്കി മികച്ച ഒരു തിരക്കഥ രചിക്കാൻ ഗോപൻ ചിദംബരന് കഴിഞ്ഞിരിക്കുന്നു.
മൊയ്തു ( നിവിൻ പോളി ), ഹംസ ( അർജുൻ അശോകൻ) , കച്ചി ( ദർശന രാജേന്ദ്രൻ) എന്നിവരുടെ ഉമ്മയായി പകർന്നാടിയ പൂർണിമ ഇന്ദ്രജിത്ത് തന്റെ കരിയറിലെ ഏറ്റവും മികച്ച വേഷത്തിലൂടെ ചലച്ചിത്ര ചരിത്രത്തിൽ തന്നെ സ്ഥാനം നേടിക്കഴിഞ്ഞു. അത്രയും കുറ്റമറ്റ അഭിനയമാണ് അവർ കാഴ്ച്ച വെച്ചിരിക്കുന്നത്. പച്ചീക്ക എന്ന പ്രധാന പ്രതിനായകനായുള്ള സുദേവ് നായരുടെ പ്രകടനവും എടുത്തു പറയാതെ വയ്യ. ജോജു ജോർജിന്റെ മയ്മുവും സഖാവ് സാന്റോ ഗോപാലനായി ഇന്ദ്രജിത്തും മനസിൽ മായാതെ നിൽക്കുന്നു. നിവിൻ പോളിയും അർജുൻ അശോകനും ഉൾപ്പടെയുള്ള എല്ലാ അഭിനേതാക്കളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.
തൊഴിലാളികളെ കപ്പൽ കമ്പനി ഗുണ്ടകളും കരിങ്കാലികളും പട്ടാളവും മർദ്ദിക്കുന്നതും പട്ടിണി കിടന്നുകൊണ്ട് അവർ നടത്തുന്ന ചെറുത്തുനില്പും നിഷ്ഠൂരമായ മട്ടാഞ്ചേരി വെടിവെയ്‌പ്പും സെയ്താലി , ആന്റണി, സെയ്ത് എന്നീ സഖാക്കൾ പിടഞ്ഞു വീഴുന്നതും ഉള്ളുലയ്ക്കുന്ന അനുഭവമാണ്.
അൻവർ അലി രചിച്ച് ഷഹബാസ് അമൻ കമ്പോസ് ചെയ്ത ഗാനങ്ങൾ ഒരു പിരീയഡ് സിനിമയ്ക്ക് ഇണങ്ങിയവ തന്നെ.
ചരിത്രം മറയ്ക്കാനും മറക്കാനും വേണ്ടി രാജ്യമാകെ മായക്കാഴ്ചകൾ വിന്യസിക്കപ്പെടുന്ന ഇക്കാലത്ത് കൊച്ചിയിലെ തൊഴിലാളി വർഗത്തിന്റെ ആവേശകരമായ ഈ വീരേതിഹാസത്തിന് ഹൃദയസ്പർശിയായ ചലച്ചിത്രരൂപം നൽകിയ രാജീവ് രവിയ്ക്കും ടീമിനും എന്റെ അഭിവാദ്യങ്ങൾ! ഹൃദയാലിംഗനങ്ങൾ!
ചലച്ചിത്രാന്ത്യത്തിൽ പി ജെ ആന്റണി രചിച്ച മുദ്രാവാക്യം കേട്ടത് ഇപ്പോഴും കാതിൽ മുഴങ്ങുന്നു :
” കാട്ടാളന്മാർ നാടുഭരിച്ച്
നാട്ടിൽ തീമഴ പെയ്തപ്പോൾ
പട്ടാളത്തെ പുല്ലായ് കരുതിയ
മട്ടാഞ്ചേരി മറക്കാമോ? “