പേറ്റുനോവ് സഹിയ്ക്കാൻ കഴിയുന്ന സ്ത്രീയ്ക്ക് കുരുമുളക് സ്പ്രേ അത്തറ് പോലെ മൃദുലം

136

Adv vijayamma Pv

കുരുമുളക് സ്പ്രേയും നവോത്ഥാന വാലും

ബിന്ദു സംഘടിപ്പിച്ച സംഘി നാടകം ആയിരുന്നത്രെ കുരുമുളക്സ്പ്രേ , അതിനു പറയുന്ന കാരണം: ഏത് ജീവിയുടെ മുഖത്തു കുരുമുളകോ, കാശ്മീരി ചില്ലിയോ, പിരിയനോ പാണ്ടിയോ, കാന്താരിയോ, ഉണ്ടമുളകോ വീണാലും സ്വാഭാവികമായും കണ്ണിൽ വീഴുമല്ലോ, ഏത് തരംമുളക് കണ്ണിൽ വീണാലും എന്തായാലും നീറ്റലും എരിവും പുകച്ചിലും ഉണ്ടാവും.. എന്നാലിവിടെ ബിന്ദുവിന്റെ കണ്ണിൽ മുളക് വീണതായി കാണികൾക്ക് നോന്നുന്നില്ല. കാരണം അവൾ മുഖത്ത് പനിനീര്, അല്ലെങ്കിൽ മിനറൽ വാട്ടർ വീണതുപോലെ ആസ്വദിച്ച് തുടച്ച ശേഷം കൂളായി മുന്നോട്ടു നടക്കുന്നു. അതിൽ നിന്നും സംഘി പുരുഷുക്കൾക്കും പുരോഗമനപുംഗവന്മാർക്കും മനസിലായി ബിന്ദുവിന്റെ കണ്ണിൽ മുളക് വീണില്ല. വീണിരുന്നെങ്കിൽ അവർ അയ്യോ പൊത്തൊ എന്ന് വിളിച്ചു താഴെ വീണ് ” ചേട്ടൻ മാരെ ഓടിവായോ രക്ഷിയ്ക്കണെ “എന്ന് പറഞ്ഞ് അലറിക്കരയുമായിരുന്നു. എന്നിട്ട് ചുരുണ്ട് പി രണ്ട് പിടഞ്ഞ് കൈകാലിട്ടടയ്ക്കണ മായിരുന്നു. ബിന്ദു അങ്ങനെകൂടി ചെയ്തിരുന്നെങ്കിൽ (അത് ഒരു അഭിനയ മികവായി) പുരുഷുക്കൾക്കും കുലസ്ത്രീകൾക്കും പുരോഗമന സംഘി മനസുകാർക്കും മുളക് വീണതായി മനസിലാകുമായിരുന്നു. അല്പം ആസിഡുണ്ടായിരുന്നെങ്കിൽ ഇക്കൂട്ടർക്കു സമാധാനം ഉണ്ടാവുമായിരുന്നു. അതു കൊണ്ട് ഉറപ്പല്ലെ മുളക് വീണില്ല, അതു കൊണ്ടു തന്നെ അലറിയില്ല, പിടഞ്ഞില്ല വല്യവായിലെ കരഞ്ഞില്ല.

ഇനി ചില പുരോഗമന പുരുഷുക്കൾ സംഘിപുരുഷുക്കൾക്കെതിരെ പറയുന്നത് ചാണകവെള്ളം കുപ്പിയിൽ കലക്കി കൊണ്ടുവന്ന് ഒഴിച്ചതാണെന്ന് . എന്തായാലും ബിന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ഥിതിയ്ക്ക് അവിടുത്തെ ഡോക്ടറന്മാരെയും ബിന്ദു കൈക്കുലി കൊടുത്ത് , വീണത് ചാണകവെള്ളമോ പനിനീരോ അല്ല അത് കടുത്ത എരിവുള്ള കുരുമുളക് തന്നെ എന്ന് സാക്ഷ്യപ്പെടുത്തും എന്നും നമുക്ക് അനുമാനിയ്ക്കാം.

പുരുഷുക്കൾ മനസിലാക്കാൻ
ഏത് മുളകിനെക്കാളും ഭയാനകമാണ് സ്ത്രീകൾ പ്രസവ സമയത്ത് അനുഭവിയ്ക്കുണ Labour pain .57 DEL(unit of pain ) വേദനയാണ് പേറ്റുനോവ്.അതായത് 20 എല്ലുകൾ മനുഷ്യ ശരീരത്ത് ഒരേ സമയം പൊട്ടുന്ന നോവെന്നർത്ഥം. അതു സഹിയ്ക്കാൻ കഴിയുന്ന സ്ത്രീയ്ക്ക് കുരുമുളക് അത്തറ് പോലെ മൃദുലം.

ഒരു സ്ത്രീയ്ക്കെതിരെ തെരുവിൽ വച്ച് പരസ്യയുമായ ഒരു അക്രമത്തെ, കൈയ്യേറ്റത്തെ അപലിയ്ക്കാൻ ഇവിടെയാരും മിനക്കെടുന്നില്ല

ഇവിടെ കുരുമുളകോ ചാണകവെള്ളമോ എന്നല്ല ചോദ്യം അത് വളരെ ലളിതം. സുപ്രീം കോടതി ഭരണഘടനയനുസരിച്ച് വിധിച്ച ശബരിമലയുവതി പ്രവേശം നടപ്പാക്കാൻ ആർജ്ജവമുള്ള ഭരണാധികാരികൾ ഉണ്ടോ എന്നുള്ളതാണ്, നവോത്ഥാനം വെള്ളത്തിൽ ഊളിയിടുന്ന നീർക്കോലിയെപ്പോലെയോ എന്നതാണ്. മീൻ കൂട്ടത്തിൽ വാൽ കാണിച്ച് മീനായും പാമ്പിൻ പറ്റത്തിൽ തലകാണിച്ച് പാമ്പായും എന്ന പോലെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആചാര സംരക്ഷണസം സംഘി തലയും അതില്ലാത്തപ്പോൾ നവോത്ഥാന വാലും. ഇതെങ്ങനെ ശരിയാവും പുരോഗമനക്കരെ?