സാമ്പത്തിക മാന്ദ്യത്തിന് ഏക പരിഹാരം സാർവ്വത്രിക പെൻഷൻ മാത്രം

436

അഡ്വ. വി.ടി.പ്രദീപ് കുമാർ

സാമ്പത്തിക മാന്ദ്യത്തിന് ഏക പരിഹാരം സാർവ്വത്രിക പെൻഷൻ മാത്രം.

60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും തുല്യപെൻഷൻ നൽകുന്ന സംവിധാനമാണ് സാർവ്വത്രിക പെൻഷൻ. ഇതിൽ സർക്കാർ ജീവനക്കാരനെന്നോ കർഷകൻ എന്നോ കർഷക തൊഴിലാളി എന്നോ മുൻ ജനപ്രതിനിധി എന്നോ മന്ത്രിമാരുടെ മുൻ പേഴ്സണൽ സ്റ്റാഫ് എന്നോ ഉള്ള വേർതിരിവ് ആവിശ്യമില്ല. 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ജീവിക്കാൻ ആവിശ്യമായ പെൻഷൻ ഉറപ്പാക്കേണ്ടത് ഏതൊരു പുരോഗമന സർക്കാറിന്റെയും ഉത്തരവാദിത്വമാണ്.

സർവ്വീസിൽ ഇരിക്കുമ്പോൾ ഓരോ ജീവനക്കാരും ചെയ്യുന്ന ജോലികൾ വ്യത്യസ്തമായതിനാലാണ് വ്യത്യസ്ത സ്ക്കെയിലിൽ ശമ്പളം നൽകിയത്.
ഒരു ജീവനക്കാരൻ ഒരു പബ്ലിക് സർവ്വന്റ് ആയതിനാലാണ് ജനങ്ങളുടെ നികുതി പണമുപയോഗിച്ച് അദ്ദേഹത്തിന് ശബളം നൽകുന്നത്. എന്നാൽ അദ്ദേഹം പെൻഷൻ ആവുന്നതോടെ പബ്ലിക് സർവ്വന്റ് അല്ലാതാവുകയും പിന്നീട് പൊതുജനത്തിന് വേണ്ടി ഒരു ജോലിയും ഒരു സേവനവും ചെയ്യുന്നില്ല. സർവ്വീസിലായിരുന്നപ്പോൾ വ്യത്യസ്ത ജോലിക്കനുസരിച്ചാണ് വ്യത്യസ്ത ശമ്പളം നൽകിയത്. എന്നാൽ പെൻഷനാവുന്നതോടെ ആരും ഒരു ജോലിയും ചെയ്യുന്നില്ല. അതുകൊണ്ട് വ്യത്യസ്ത സ്ക്കെയിലിലുള്ള പെൻഷനും നൽകേണ്ടതില്ല.
ഒരാൾ പെൻഷനാവുന്നതിന് മുമ്പെ തന്നെ അദ്ദേഹത്തിന്റെ മക്കൾക്ക് പ്രായപൂർത്തിയാവും. അതുകൊണ്ട് പെൻഷൻകാരനെയല്ലാതെ അദ്ദേഹത്തിന്റെ കുടുംബത്തെയും കൂടി പുലർത്താനുള്ള പെൻഷൻ ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് നൽകേണ്ടതില്ല.

സർക്കാർ നൽകുന്ന ക്ഷേമ പെൻഷൻ വാങ്ങിക്കുന്നവരുടെ കണക്കനുസരിച്ച് 34,93,684 പേരാണ് 60 വയസ്സ് കഴിഞ്ഞവരായിട്ടുള്ളത്. സർക്കാർ നിലവിൽ നൽകുന്ന ക്ഷേമപെൻഷൻ കേന്ദ്ര വിഹിതം ഉൾപ്പെടെ പ്രതിമാസം 1200 രൂപയാണ്. 34,93,684 പേർക്ക് ഒരു മാസം ക്ഷേമപെൻഷൻ നൽകാൻ സർക്കാർ ചിലവഴിക്കുന്നത് 419 കോടി രൂപയാണെങ്കിൽ 3,97,448 സർവ്വീസ് പെൻഷൻകാർക്ക് ഒരു മാസം പെൻഷൻ നൽകാൻ ചിലവഴിക്കുന്നത് 2018 കോടി രൂപയാണ്. അതായത് ഒരാൾക്ക് പ്രതിമാസം ശരാശരി 50733 രൂപ !

60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും പ്രതിമാസം 8000 രൂപ വീതം പെൻഷൻ നൽകാൻ ആകെ വേണ്ടത് 3112 കോടി രൂപയാണ്. നിലവിൽ സർവ്വീസ് പെൻഷനും ക്ഷേമ പെൻഷനും മുൻജനപ്രതിനിധികൾക്കും മന്ത്രിമാരുടെ മുൻ പേഴ്സണൽ സ്റ്റാഫിനും പെൻഷൻ നൽകാൻ ചിലവഴിക്കുന്ന തുക കൊണ്ട് 3891132 പേർക്ക് പ്രതിമാസം 8000 രൂപ തോതിൽ പെൻഷൻ നൽകാം.
സ്റ്റാറ്റ്യൂട്ടറി പെൻഷൻ അവസാനിപ്പിച്ചതോടെ പെൻഷൻ പോലും ഉറപ്പില്ലാതായ ഉദ്യോഗസ്ഥരിൽ മഹാഭൂരിപക്ഷത്തിനും സാർവ്വത്രിക പെൻഷൻ ഒരു അനുഗ്രഹമായി മാറുകയും ചെയ്യും.
വൻ തുക പെൻഷൻ വാങ്ങിക്കുന്നവരുടെ പെൻഷൻ തുകയിൽ വലിയൊരു ശതമാനം കമ്പോളത്തിൽ ഇറങ്ങാതെ നിഷ്ക്രിയമാക്കപ്പെടുകയാണ്. എന്നാൽ ഈ രീതിയിൽ പെൻഷൻ നൽകുമ്പോൾ ഈ തുക മുഴുവനായും കമ്പോളത്തിൽ വിനിമയം ചെയ്യപ്പെടുകയും കമ്പോളത്തെ ചലിപ്പിക്കുകയും ചെയ്യുമ്പോൾ അതുവഴി വ്യാപാരമാന്ദ്യത്തെ മറികടക്കാൻ കഴിയും. ഒരു സാധാരണക്കാരന് മാസം 8000 രൂപ കയ്യിൽ കിട്ടിയാൽ ഉടനെ വീട്ടിലേക്കുള്ള അത്യാവിശ്യ സാധനങ്ങളും മാർക്കറ്റിൽ നിന്ന് മത്സ്യവും വാങ്ങി ഒരു ഓട്ടോറിക്ഷ വിളിച്ചാണ് അവൻ വീട്ടിലേക്ക് പോകുക. അങ്ങനെ കിട്ടിയ പണം മുഴുവൻ രണ്ടോ മൂന്നോ ദിവസം കൊണ്ട് മാർക്കറ്റിൽ ചിലവഴിക്കുമ്പോൾ കമ്പോളം ചലനാത്മകമാവും.

വരവും ചിലവും കൂട്ടിമുട്ടിക്കാൻ കഴിയാത്ത സാധാരണക്കാരന്റെ കുടുംബങ്ങളിൽ പ്രായമായവർ ഒരു ബാധ്യതയായി മാറുകയാണ്. അതു കൊണ്ട് പ്രായമായവരെ പെരുവഴിയിലും വൃദ്ധസദനങ്ങളിലും നടതള്ളുന്ന പ്രവണതയും കേരളത്തിൽ അനുദിനം വർദ്ധിക്കുകയാണ്. എന്നാൽ പ്രായമായ രക്ഷിതാക്കൾക്ക് പ്രതിമാസം 8000 രൂപ പെൻഷൻ ലഭിക്കാൻ തുടങ്ങിയാൽ രക്ഷിതാക്കളെ സംരക്ഷിക്കാൻ മക്കൾ തയ്യാറാവുകയും ചെയ്യും. ഇത് കേരളത്തിന്റെ സാമ്പത്തിക സാമൂഹ്യ മേഖലയിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കുമെന്നതിൽ തർക്കമില്ല.
അധിക ബാധ്യതയില്ലാതെ സമീപ ഭാവിയിൽ തന്നെ സാർവ്വത്രിക പെൻഷൻ നടപ്പിലാക്കാൻ നമുക്ക് കഴിയും. അതിന് ഇച്ഛാശക്തിയുള്ള ഒരു പ്രസ്ഥാനവും ഒരു ഭരണകൂടമാണ് നമുക്ക് വേണ്ടത്. അതിന് വേണ്ടി മാറണം കേരളം, മാറ്റണം കേരളത്തെ.