ചരിത്രപരമായി പൗരത്വ ബിൽ ഒരു പ്രഹസനമാണ്

250

Advaid GR

പൗരത്വ ബില്ലിനെ കുറിച്ചാണ്..

‘ഇന്ത്യ ഇൻ സ്ലോ മോഷൻ’ എന്ന പുസ്തകത്തിൽ ഇന്ത്യയുടെ ഇച്ഛശക്തിയെ (Will Power) കുറിച്ചു പരാമർശിക്കുന്നുണ്ട്. കഴിഞ്ഞ 2500 വർഷങ്ങളുടെ ചരിത്രത്തിൽ ഇന്ത്യയെ പൂർണ്ണമായും കീഴടക്കിയ 3 സാമ്രാജ്യങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ (മൗര്യ, ബ്രിട്ടീഷ് രാജ്, മുഗൾ സാമ്രാജ്യം). ഈ സാമ്രാജ്യങ്ങൾ പക്ഷെ ഒരിക്കലും മതത്തിൽ അധിഷ്ഠിതമായിരുന്നില്ല. മറിച്ച്, ഈ സാമ്രാജ്യങ്ങൾ നിർമ്മിച്ചത് അധികാരത്തിന്റെയും സമ്പത്തിന്റെയും വിശപ്പിലാണ്.

അപ്പോഴും ഇന്ത്യയുടെ പല ഭാഗങ്ങളും (നോർത്ത് ഈസ്റ്റ്, കേരളം, തമിഴ്നാട്) മൗര്യയെയും, മുഗളരെയും എതിർത്തു. ഇന്ത്യക്കാർ മൊത്തത്തിൽ എല്ലായ്പ്പോഴും കേന്ദ്രീകൃത അധികാരത്തിന് എതിരായിരുന്നു. മതത്തെക്കാൾ സംസ്കാരവും ഭാഷയുമാണ് അവരെ ഒന്നിപ്പിച്ചിരുന്നത്. ബ്രിട്ടീഷുകാരാണ് പിന്നീട് ഈ നാട്ടുരാജ്യങ്ങളെയെല്ലാം ഒന്നിപ്പിക്കുകയും ഇരുപതാം നൂറ്റാണ്ടിലെ ഒരു കേന്ദ്രീകൃത ഘടന (ജനാധിപത്യപരമായ ഒന്ന്) നൽകുകയും ചെയ്തത്. അങ്ങനെ ചെയ്തതിലൂടെ, കഴിഞ്ഞ 2500 വർഷങ്ങൾ മുതൽ ഇന്ത്യക്കാർക്ക് എല്ലായ്പ്പോഴും ഉണ്ടായിരുന്നതുപോലെ ചെറുക്കാനുള്ള ആ ഇച്ഛാശക്തി നഷ്ടപ്പെട്ടുവെന്ന് “ഇന്ത്യ ഇൻ സ്ലോമോഷൻ” പുസ്തകം പറയുന്നു.

കഴിഞ്ഞ 2500 വർഷത്തിനിടയിൽ ഏറ്റവും ശക്തമായ മൗര്യ, മുഗൾ സാമ്രാജ്യങ്ങൾക്ക് പോലും കീഴടങ്ങാതിരുന്ന പ്രദേശങ്ങളാണ് തമിഴ്‌നാട്, കേരളം, നോർത്ത് ഈസ്റ്റ് എന്നീ പ്രദേശങ്ങൾ. ഈ സ്ഥലങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് കൂടുതൽ ഇച്ഛാശക്തി ഉള്ള ഇന്ത്യക്കാരാണ് എന്നു സമ്മതിക്കേണ്ടി വരും. ആ ഇച്ഛാശക്തി ആണ് ഇപ്പോഴും ബിജെപി എന്ന ഇന്ത്യ വിഴുങ്ങുന്ന വർഗീയ ശക്തിക്ക് എതിരെ ചെറുത്തു നിൽക്കാൻ സഹായിക്കുന്നത്.

ചരിത്രപരമായി, പൗരത്വ ബിൽ ഒരു പ്രഹസനമാണ്. മതം ഒരിക്കലും ഇന്ത്യയിൽ ഒരു ഘടകമായിരുന്നില്ല. ഭാഷ, സംസ്കാരം, ജാതി എന്നിവയാണ് ഇന്ത്യയിൽ എന്നും ഘടകം ആയിരുന്നത്. ബോംബെയിൽ ജനിച്ച് അഹമ്മദാബാദിൽ വളർന്ന ഒരു മലയാളി ഹിന്ദുവിന്റെ ഹിന്ദി ആയാളുടെ മലയാളത്തേക്കാൾ മികച്ചതായിരിക്കും എന്നതിൽ സംശയം ഇല്ല. എന്നാൽ ഗുജറാത്തിലെയോ അല്ലെങ്കിൽ ഒരു മറാത്തി ഹിന്ദുവിനേക്കാളോ അയാൾക്ക് കൂടുതൽ അടുപ്പം സാംസ്കാരികമായി ഒരു മലയാളി ക്രിസ്ത്യാനിയുമായോ ഒരു മലയാളി മുസ്ലീമുമായോ ആയിരിക്കും എന്നതാണ് വസ്തുത.

കഴിഞ്ഞ 2500 വർഷങ്ങളിൽ ഇന്ത്യയുടെ മാതൃക അതായിരുന്നു. ഇന്ത്യയുടെ ചരിത്രപരമായ ശക്തി അതിന്റെ വൈവിധ്യത്തിലാണ്, പ്രധാനമായും സാംസ്കാരിക വൈവിധ്യമാണ്. ഇന്ത്യയെ ഭരിച്ചിരുന്നപ്പോൾ മുഗളരും എന്തിന് ബ്രിട്ടീഷുകാർ പോലും ഇന്ത്യയുടെ ഈ അടിസ്ഥാന ഘടനയെ തൊടാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. “ഇന്ത്യ ഇൻ സ്ലോ മോഷൻ” എന്ന പുസ്തകം ഒരു ആഭ്യന്തര യുദ്ധത്തെക്കുറിച്ചും സംസാരിക്കുന്നുണ്ട്, ഒരു തീപ്പൊരി എങ്ങനെ പഴയ ഇച്ഛാശക്തിയെ ജ്വലിപ്പിക്കും എന്നു അതിൽ വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യയുടെ ആ അന്തർലീന അടിസ്ഥാനഘടന നിങ്ങൾ ഇളക്കാൻ നോക്കുകയാണെങ്കിൽ, നിങ്ങൾ പ്രശ്‌നം ചോദിച്ചു വാങ്ങുകയാണ് ചെയ്യുന്നത്.. ആ തീപ്പൊരി ആളിക്കത്തിക്കാൻ ശ്രമിക്കരുത്. “നിങ്ങൾ ഭരിക്കാൻ പോകുന്ന ലോകത്ത് ഒന്നും അവശേഷിക്കുന്നില്ലെങ്കിൽ, പിന്നെ നിങ്ങൾ ആ ലോകത്തെ ഭരിക്കുന്നു എന്നു പറയുന്നതിൽ എന്ത് മേന്മയാണുള്ളത്..?”

Advertisements