മദ്യം കൊണ്ടുള്ള ചില ഗുണങ്ങള്‍
ഞാന്‍ ബോസിനെ താങ്ങിയെടുത്ത് മുറിയില്‍ കൊണ്ടുപോയി കിടത്തുമ്പോള്‍ ഭദ്രകാളിയായി ഇപ്പോള്‍ ഉറഞ്ഞുതുള്ളും എന്ന മട്ടില്‍ ബോസിന്റെ ഭാര്യ. “കുറച്ച് ഓവറായിപ്പോയി. റോഡിലൂടെ പോകുമ്പോള്‍ ബോസിന്റെ കാര്‍ കണ്ട് നോക്കിയപ്പോള്‍ കിടന്ന് ഞരങ്ങുന്നു. ഒരു പെണ്ണടക്കം വേറെയും ചിലരുണ്ടായിരുന്നു. അവരെ പറഞ്ഞയച്ച് ബോസിനെ കൂട്ടി വരികയാണ്. ഉപേക്ഷിക്കാന്‍ കഴിയുമോ നമ്മുടെ സ്ഥാപനത്തിലെ മാനേജറല്ലേ, എന്ത് ചെയ്യാനാ മനുഷ്യര്‍ ഇങ്ങനെയായാല്‍?” പരമാവധി വിനയവും നിഷ്കളങ്കതയും കലര്‍ത്തി പറഞ്ഞ് ഞാന്‍ സ്ഥലം വിട്ടു.
158 total views

ഒരു മേലധികാരിക്ക് എങ്ങനെ തന്റെ താഴെയുള്ള ജോലിക്കാരന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്താന്‍ കഴിയും. പലവിധത്തിലും കഴിയും.
ജോലിയില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് അഹങ്കരിക്കുന്ന ഒരു സര്‍ക്കാര്‍ ഓഫീസിലെ മേലധികാരി. തന്റെ കീഴ്ജീവനക്കാരെ പുച്ഛമാണയാള്ക്ക്. അവഗണിക്കാനാകുന്ന ചെറിയ തെറ്റിന് പോലും അയാള്‍ അവരെ വഴക്കുപറയും, പരിഹസിക്കും. ജീവനക്കാര്‍ ജോലി പോകുമല്ലോ എന്നോര്‍ത്തു മാത്രം സഹിക്കുന്നു. എന്നാല്‍ ചില അഭിമാനികള്‍ ഇയാളെ കണക്കിന് നാല് ചീത്ത പറഞ്ഞ് ഇറങ്ങിപ്പോയിട്ടുമുണ്ട്. അങ്ങനെ സ്ഥലം മാറ്റം കിട്ടി ഞാനും ഈ രാക്ഷസനുമുന്നില് പെട്ടു. ആദ്യദിവസം തന്നെ മാനുഷിക ഗുണങ്ങളായ സ്നേഹം, ദയ, അനുകമ്പ എന്നിവ തൊട്ടുതെറിച്ചിട്ടില്ലാത്തവനാണ് വിദ്വാന് എന്ന് തിരിച്ചറിഞ്ഞു. ജോയിന്‍ ചെയ്യാന്‍ ചെന്നപ്പോള്‍ ഒരു ചിരി പോലുമില്ല. ങ്ങും എന്ന് മൂളി അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ മുന്നോട്ടു നീക്കിവെച്ചു.
ഒന്ന് തലയുയര്‍ത്തി നോക്കിയതുപോലുമില്ല. ഇയാളുടെ സ്വഭാവത്തെക്കുറിച്ച് കേട്ടറിവുണ്ടായിരുന്നതില് അതത്ര കാര്യമാക്കിയില്ല. വിദ്വാനൊരു പണി കൊടുക്കണമല്ലോ എന്നായി പിന്നെയെന്റെ ചിന്ത. എങ്ങനെ കഴിയും? പല വഴികളും ആലോചിച്ചു. ഓഫീസിലെ സഹപ്രവര്‍ത്തകരോട് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ തിരക്കി. അവര്‍ക്കും കാര്യമായി ഒന്നും അറിയില്ല. പ്യൂണ്‍ ഗോപാലേട്ടനോട് ചോദിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നാണ് അവര്‍ പറയുന്നത്. അങ്ങനെ ഗോപാലേട്ടനെ ചാക്കിടലായി എന്റെ പിന്നീടുള്ള പണി. സിഗരറ്റ് വാങ്ങിക്കൊണ്ടു വന്നാല്‍ ബാക്കിയുള്ള പണം ടിപ്പായി നല്‍കിയും വീട്ടിലെ വിശേഷങ്ങള്‍ തിരക്കിയും ഗോപാലേട്ടന്റെ പ്രീതി പിടിച്ചുപറ്റി. ഒരുദിവസം ഞാന്‍ ചോദിച്ചു, “ഗോപാലേട്ടാ നമ്മുടെ മാനേജര്‍ എങ്ങനെ?”
“എങ്ങനെ എന്നുവെച്ചാല്‍?”
“അല്ല വീശുന്ന കൂട്ടത്തിലാണോ?”
ആദ്യം മടിച്ചുനിന്ന ഗോപാലേട്ടന് എന്റെ നിര്‍ബന്ധത്തിന് വഴങ്ങി പറയാന്‍ തുടങ്ങി. “എല്ലാ ദിവസവും പണി കഴിഞ്ഞ് പോകുമ്പോള്‍ വോള്‍ഗ ബാറില്‍ കയറി രണ്ട് 60 അടിക്കും. പിന്നെ നേരെ വീട്ടിലേക്ക്. അധികമടിച്ചാല് അന്ന് പെണ്ണുമ്പിള്ള വീട്ടില്‍ കയറ്റില്ല. പിന്നെ പെണ്ണുമ്പിള്ളയുമായി അതിയാന് നല്ല രസത്തിലല്ല.”
എനിക്ക് അത് മതിയായിരുന്നു. പിറ്റേദിവസം ഓഫീസില്‍ നിന്ന് നേരത്തെ ഇറങ്ങിയ ഞാന്‍ വോള്‍ഗ ബാറിന്റെ ഇരുട്ട് നിറഞ്ഞ എ സി മുറിയില്‍ ഇരിപ്പുറപ്പിച്ചു. ഒരു പെഗ്ഗ് വാങ്ങി മെല്ലെ സിപ്പ് ചെയ്ത് കഴിച്ചുതുടങ്ങി. എന്റെ കണ്ണുകള്‍ വാതിലിന് നേര്‍ക്കായിരുന്നു. കാത്തിരിപ്പിന് വിരാമമായി. അതാ വരുന്നു ബോസ് പതുങ്ങിപ്പതുങ്ങി. മുറിയുടെ മൂലയ്ക്ക് ആളൊഴിഞ്ഞ ഭാഗത്ത് നിലയുറപ്പിച്ചു. ഒന്നും പറയുന്നതിന് മുമ്പു തന്നെ വെയ്റ്റര്‍ രണ്ട് പെഗ്ഗ് ഒരു ചെറിയ പാത്രത്തില്‍ കശുവണ്ടിപ്പരിപ്പും കൊണ്ടുവെച്ചു. ഒറ്റവലിക്ക് ഗ്ലാസ് കാലിയാക്കിയ ശേഷം കുറച്ച് കശുവണ്ടിയെടുത്ത് കൊറിച്ച് ബോസ് ഒരു സിഗരറ്റിന് തീകൊളുത്തി. കുറച്ചുസമയം അനങ്ങാതെ ഇരുന്ന ശേഷം ഞാന്‍ ബാത്റൂമില്‍ പോകാനെന്ന വ്യാജേന ബോസിന്റെ മേശയ്ക്കരികിലൂടെ നീങ്ങി. ബോസ് എന്നെ കണ്ടെന്ന് ഉറപ്പുവരുത്തി. ഒളികണ്ണിട്ട് നോക്കുമ്പോള്‍ എന്നെ കണ്ട ബോസ് വേഗം അടുത്ത ഗ്ലാസും സ്ഥലവും കാലിയാക്കാനുള്ള പുറപ്പാടാണ്. പെട്ടെന്ന് ഞാന്‍ `ഹലോ സാര്‍, സാര്‍ ഇവിടെ’ എന്ന് ചോദിച്ച് മുന്നോട്ട് നീങ്ങി. ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെ ബോസ് പരുങ്ങുന്നത് കണ്ട് എനിക്ക് ചിരി വന്നു. ബോസിന് അഭിമുഖമായി ഇരുന്ന ഞാന്‍ അദ്ദേഹത്തെ പുകഴ്ത്താന്‍ തുടങ്ങി. അതില്‍ ബോസ് വീണു. ഞാന്‍ ഭവ്യതയോടെ ചോദിച്ചു, ഒരു പെഗ് കൂടി പറയട്ടെ. ബോസ് ഒന്നും പറഞ്ഞില്ല. മൗനം സമ്മതമായി എടുത്ത ഞാന്‍ വെയ്റ്ററെ വിളിച്ച് രണ്ട് പെഗ്ഗിന് ഓര്‍ഡര്‍ നല്കി. മൂന്ന്, നാല്, അഞ്ച്, ആറ്… ചുവന്ന ദ്രാവകം വായിലൂടെ വയറ്റിലേക്ക് ഒഴുകി. സ്ഥിരം ആറും ഏഴും അടിക്കുന്ന എനിക്ക് വലിയ പ്രശ്നമായില്ല. പക്ഷേ ബോസ് കുഴയാന്‍ തുടങ്ങിയിരുന്നു.
അര്‍ധബോധാവസ്ഥയില്‍ ബോസിനെ വിടാന്‍ ഞാന്‍ തയ്യാറായില്ല. ഒരാളുടെ സഹായത്തോടെ ഒരുവിധം സാധനം പിന്‍സീറ്റില്‍ ചാരിവെച്ചു. കീ വാങ്ങി വണ്ടിയുമെടുത്ത് പുറപ്പെട്ടു.
വീട്ടിലെത്തുമ്പോള്‍ ഉമ്മറത്തുതന്നെ കൊച്ചമ്മ നില്‍ക്കുന്നുണ്ട്.
ഞാന്‍ ബോസിനെ താങ്ങിയെടുത്ത് മുറിയില്‍ കൊണ്ടുപോയി കിടത്തുമ്പോള്‍ ഭദ്രകാളിയായി ഇപ്പോള്‍ ഉറഞ്ഞുതുള്ളും എന്ന മട്ടില്‍ ബോസിന്റെ ഭാര്യ. “കുറച്ച് ഓവറായിപ്പോയി. റോഡിലൂടെ പോകുമ്പോള്‍ ബോസിന്റെ കാര്‍ കണ്ട് നോക്കിയപ്പോള്‍ കിടന്ന് ഞരങ്ങുന്നു. ഒരു പെണ്ണടക്കം വേറെയും ചിലരുണ്ടായിരുന്നു. അവരെ പറഞ്ഞയച്ച് ബോസിനെ കൂട്ടി വരികയാണ്. ഉപേക്ഷിക്കാന്‍ കഴിയുമോ നമ്മുടെ സ്ഥാപനത്തിലെ മാനേജറല്ലേ, എന്ത് ചെയ്യാനാ മനുഷ്യര്‍ ഇങ്ങനെയായാല്‍?” പരമാവധി വിനയവും നിഷ്കളങ്കതയും കലര്‍ത്തി പറഞ്ഞ് ഞാന്‍ സ്ഥലം വിട്ടു.
പിറ്റേന്ന് ബോസ് വന്നില്ല. അതിനടുത്ത ദിവസമെത്തി. ആരെയും മൈന്‍ഡ് ചെയ്യാതെ അകത്തേക്ക് കയറിപ്പോയി. പിന്നീട് ഗോപാലേട്ടനോട് പറഞ്ഞ് എന്നെ വിളിച്ചു, നടന്ന സംഭവം ആരോടും പറയരുത് കേട്ടോ എന്നിട്ടൊരു ഇളഭ്യച്ചിരിയും. ആദ്യമായി കണ്ട ബോസിന്റെ ചിരി. ചിരി പാടുപെട്ട് അടക്കി തിരിഞ്ഞുനടക്കുമ്പോള്‍ എന്റെ മനസില്‍ ഒരു ചോദ്യം. ബോസിന്റെ ഇടതുകവിളിലെ വീക്കവും കരുവാളിപ്പും, ഭാര്യ പെരുമാറിയതായിരിക്കും, ഹേയ് കടന്നല് കുത്തിയതായിരിക്കും.
അതിന് ശേഷം കീഴ്ജീവനക്കാരോടുള്ള ബോസിന്റെ പെരുമാറ്റത്തിന് ഏറെ മാറ്റം വന്നു. മദ്യം കൊണ്ടുള്ള ചില ഗുണങ്ങളേ!!!
159 total views, 1 views today
