ജി പി എസ് നാവിഗേഷന്റെ യുഗത്തിൽ എന്തിനാണ് നക്ഷത്രങ്ങൾ ?
🖊️ : MSP
പ്രശസ്ത അമേരിക്കൻ ഇസ്‌ലാമിക് പണ്ഡിതനും വാഗ്മിയുമായ ഷെയ്ഖ് ഹംസ യൂസുഫ് തൻറെ ജീവിതത്തിൽ ഉണ്ടായ ഒരു വ്യത്യസ്ത അനുഭവം ഒരു പ്രഭാഷണത്തിനിടയിൽ വിവരിക്കുന്നുണ്ട്. സാൻഫ്രാൻസിസ്‌കോയിൽ നിന്ന് ലണ്ടനിലേക്കുള്ള ഒരു ബ്രിട്ടീഷ് എയർവെയ്‌സ് വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം .വിമാനത്തിൽ യാത്ര ചെയ്തിട്ടുള്ളവർക്ക് അറിയാം,വിമാനം പറക്കുമ്പോൾ അതിന്റെ റൂട്ട് മാപ് അവരുടെ മുന്നിലുള്ള സ്‌ക്രീനിൽ കാണാവുന്നതാണ്.
ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് പോകുമ്പോൾ … ഒന്നുകിൽ പടിഞ്ഞാറോട്ട് സഞ്ചരിച്ചു പശ്ചിമേഷ്യയും യൂറോപ്പും അറ്റ്ലാന്റിക് സമുദ്രവും കടന്നാണ് അമേരിക്കയിലെത്തുക.ഇടക്ക് ഏതേലും മിഡിൽ ഈസ്റ്റ് രാജ്യത്തോ യൂറോപ്പിലോ ഒരു സ്റ്റോപ്പുണ്ടാവും.അല്ലെങ്കിൽ കിഴക്കോട്ട് സഞ്ചരിച്ചു ജപ്പാനും ഹോങ്കോങ്ങും പസഫിക് സമുദ്രവും കടന്ന് അമേരിക്കയിലെത്താം.ചില വിമാനങ്ങൾ(ഡൽഹിയിൽ നിന്നും മറ്റും) നേരെ വടക്കോട്ട് സഞ്ചരിച്ചു ഉത്തരധ്രുവം വഴി അമേരിക്കയിലേക്ക് പോകാറുണ്ട്.രണ്ടു സ്ഥലങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ ദൂരം അറിയപ്പെടുന്നത് ഗ്രേറ്റ് സർക്കിൾ റൂട്ട് എന്നാണ്.അതിനനുസരിച്ചാണ് വിമാന പാത തെരഞ്ഞെടുക്കുന്നത്.കഥയിലേക്ക് മടങ്ങി വരാം….
വിമാനങ്ങളുടെ നാവിഗേഷൻ റൂട്ടിനെപ്പറ്റി നല്ല പിടിപാടുള്ള ആളായിരുന്നു ഷെയ്ഖ് ഹംസ യൂസുഫ് .എന്നാൽ സ്‌ക്രീനിൽ നോക്കിയ അദ്ദേഹം ഞെട്ടി .ഗ്രേറ്റ് സർക്കിൾ റൂട്ടിൽ പോകേണ്ട വിമാനം വഴി മാറി മറ്റൊരു വഴിയിലൂടെ ആണ് സഞ്ചരിക്കുന്നത് എന്ന് കണ്ടു .അദ്ദേഹം ഉടൻ എയർ ഹോസ്റ്റസിനെ വിളിച്ചു പറഞ്ഞു .”ഐ തിങ്ക് വി ആർ ഓഫ് റൂട്ട് !നമ്മൾ തെറ്റായ വഴിയിലൂടെ ആണ് സഞ്ചരിക്കുന്നത് എന്ന് തോന്നുന്നു.ഈ സമയത്തു നമ്മൾ കാനഡക്കു മുകളിലാണ് ഉണ്ടാവേണ്ടത്.പക്ഷെ എത്തി നിൽക്കുന്നത് കൊളറാഡോക്ക് മുകളിലും.”
ഇത് കേട്ട എയർ ഹോസ്റ്റസ് അകെ പരിഭ്രാന്തയായി .ഇത് ഹൈജാക്കോ മറ്റോ ആണെന്ന് ഭയപ്പെട്ട അവർ ഉടൻ തന്നെ വിവരം അറിയിക്കാൻ പൈലറ്റിന്റെ അടുത്തേക്ക് ഓടി..കുറച്ചു സമയം കഴിഞ്ഞു എയർ ഹോസ്റ്റസ് തിരിച്ചു വന്നു പറഞ്ഞു.”പൈലറ്റ് നിങ്ങളെ കാണണമെന്നു പറയുന്നു..”പൈലറ്റ് അദ്ദേഹത്തെ കോക്പിറ്റിലേക്ക് ക്ഷണിച്ചു.എകണോമി ക്ലാസ്സിൽ സഞ്ചരിക്കുകയായിരുന്ന അദ്ദേഹത്തിന് കോക്പിറ്റിൽ കയറാനുള്ള സുവർണാവസരം ലഭിച്ചു. പൈലറ്റിനും കോപൈലറ്റിനും ഇടക്കുള്ള ബിസിനസ്സ് ക്ലാസ് ചെയറിനേക്കാൾ മുന്തിയ ചെയറിൽ അദ്ദേഹത്തെ ഇരുത്തി,എന്നിട്ട് പൈലറ്റ് ചോദിച്ചു.”നിങ്ങൾ ഒരു പൈലറ്റ് ആണോ?
“അല്ല”
പൈലറ്റ് :”താങ്കൾ സംശയിച്ചത് ശരിയാണ്.നമ്മൾ ഇപ്പോൾ പോകുന്നത് ഗ്രേറ്റ് സർക്കിൾ റൂട്ടിലല്ല.പക്ഷെ പേടിക്കേണ്ട.ഞങ്ങൾക്ക് അതിനെക്കുറിച്ചു ബോധ്യമുണ്ട്. winter സീസണിൽ ഞങ്ങൾ മറ്റൊരു റൂട്ട് ആണ് തെരെഞ്ഞെടുക്കാറ്.നമ്മൾ ജെറ്റ് സ്ട്രീം എന്നറിയപ്പെടുന്ന റൂട്ടിലാണ് പോകുന്നത്.അതിനാൽ നമുക്ക് ഒരുപാട് ഇന്ധനം ലാഭിക്കാം.തുടർന്ന് അവർ വിമാനത്തിൻറെ റൂട്ട് മാപ്പ് എടുത്ത് ഓരോ കാര്യങ്ങളും അദ്ദേഹത്തിന് വിശദീകരിക്കാൻ ആരംഭിച്ചു.ഷെയ്ഖ് അവർകൾ പറയുന്നു.” ..എനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും നല്ല ഒരു നാവിഗേഷൻ/ജോഗ്രഫി ക്ലാസ് ആയിരുന്നു അത്”.തുടർന്ന് അദ്ദേഹത്തിന് സംശയങ്ങൾ ചോദിക്കാനുള്ള അവസരം നൽകുകയും അദ്ദേഹം ഓരോ കാര്യങ്ങളും ചോദിച്ചറിയുകയും ചെയ്തു. അവസാനമായി അദ്ദേഹം ചോദിച്ചു.നിങ്ങളുടെ എല്ലാ നാവിഗേഷൻ ടൂൾസും നിങ്ങൾക്ക് നഷ്ടപ്പെട്ടു എന്ന് കരുതുക.നിങ്ങൾ എന്ത് ചെയ്യും??
ഉടൻ ആ പൈലറ്റ് ആ കോക്പിറ്റിനുള്ളിലെ എല്ലാ ലൈറ്റുകളും ഒരുമിച്ച് അണച്ചു അവരുടെ മുന്നിലുള്ള ആ ഗ്ലാസ് ഷീൽഡ് അങ്ങ് മാറ്റി.wow!!. അദ്ദേഹം തുടരുകയാണ്.”ആകാശത്തെ അതിന്റെ എല്ലാ പ്രതാപത്തോടെയും ഞാൻ കണ്ടു. നക്ഷത്രങ്ങളെല്ലാം തൊട്ടടുത്ത് എത്തിയ പ്രതീതി. മുമ്പെങ്ങും ലഭിക്കാത്ത അനിർവചനീയമായ ആ അനുഭൂതി മതിവരുവോളം ഞാൻ ആസ്വദിച്ചു .”എന്നിട്ട് ആ പൈലറ്റ് പറഞ്ഞു.” even if everything is lost we have stars”-(എല്ലാ ബന്ധങ്ങളും നാവിഗേഷൻ സിസ്റ്റവും നഷ്ടപ്പെട്ടാലും ഞങ്ങൾക്ക് നക്ഷത്രങ്ങളുണ്ട്.”) എയ്റോനോട്ടിക്കൽ നാവിഗേഷന് വേണ്ടി ഉപയോഗപ്പെടുത്തുന്ന ഏകദേശം 57 നക്ഷത്രങ്ങളുണ്ട്.അത് എല്ലാ പൈലറ്റുമാരും നിർബന്ധമായും പഠിച്ചിരിക്കണമത്രേ !