അഹങ്കാരത്തോടെ അരാഷ്ട്രീയത അലങ്കാരമായി കൊണ്ടു നടന്ന, സമരങ്ങളെ എന്നും വെറുപ്പോടെയും പുച്ഛത്തോടെയും നോക്കി കണ്ട ഒരു സമൂഹമുണ്ടായിരുന്നു

121

Afsal panakkad എഴുതിയത് 

കുറച്ചു വർഷങ്ങൾ മുന്നേ സഖാവ് പ്രേംനാഥിന്റെ ഒരു പ്രസംഗം കേട്ടിരുന്നു, അതിൻറെ ഉള്ളടക്കം “മലബാറിലുള്ള ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ച ഒരു വ്യക്തിക്ക് ഇടതുപക്ഷവുമായി അല്ലെങ്കിൽ സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കുംബോൾ നേരിടേണ്ടിവരുന്ന വെല്ലുവിളികളെയും ബുദ്ധിമുട്ടുകളേയും കുറിച്ചായിരുന്നു, ഒരു ചെറുപ്പക്കാരൻ CPIഎമ്മോ അതിൻറെ വർഗ്ഗ ബഹുജന സംഘടനകളോ സംഘടിപ്പിക്കുന്ന ഒരു പ്രകടനത്തിലോ മറ്റോ പങ്കെടുത്തു അവൻ തിരിച്ചു വീട്ടിൽ എത്തുന്നതിന്നു മുന്നേ അവന്റെ നാട്ടിലെ മതമൗലികവാദികളും ആ നാട്ടിലെ ലീഗിൻറെ പ്രാദേശിക നേതൃവും ഉൾപ്പെടെ അവൻറെ വീട്ടിലെത്തി അവന്റെ ഉപ്പയേയും ഉമ്മയേയും കണ്ട് അവന്റെ പോക്ക് ശെരിയല്ല, ഇതൊക്കെ നമ്മുടെ സമുദായത്തിന്ന് എതിരാണ് എന്ന് തുടങ്ങി സ്വർഗത്തിലും നരകത്തിലും അത് കൊണ്ട് അവസാനിപ്പും. തിരിച്ച് അവൻ വീട്ടിലെത്തുമ്പോൾ നേരിടേണ്ടിവരുന്നത് കരഞ്ഞുകലങ്ങിയ ഉമ്മയുടെ കണ്ണും, ദേഷ്യം പിടിച്ചിരിക്കുന്ന ഉപ്പയുടെ മുഖവും ആയിരിക്കും, അന്ന് ഇത് കേട്ട സമയത്ത് സഖാവ് എപ്പോഴാണ് എന്നെ കുറിച്ച് അറിഞ്ഞത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്, അതിന്റെ കാരണം പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങൾ അത്രയും ജീവിതത്തിൽ നേരിട്ടനുഭവിച്ചവയായിരുന്നു, ഇന്നിപ്പോൾ ഇത് ഓർക്കാൻ കാരണം പതിവുപോലെ വീട്ടിലോട്ടു ഫോൺ വിളിച്ചപ്പോൾ ഉമ്മ പറഞ്ഞു “നാളെ ഞാൻ സമരത്തിന് പോകുന്നുണ്ട്” എന്ന്! സമരത്തിനോ!? എന്തു സമരത്തിന്? പൗരത്വ ബില്ലിനെതിരെ നാളെ മലപ്പുറത്ത് സമരം ഉണ്ട്, കളക്ടറേറ്റിലേക്കാണ് പ്രകടനം, ഞാനും പോകുന്നുണ്ട്, ഞാൻ ഒറ്റക്കല്ല, അയൽക്കൂട്ടത്തിൽ താത്തമാരൊക്കെയുണ്ട് എന്ന് പറഞ്ഞു, അപ്പോൾ ഞാൻ ചോദിച്ചു ആരുടെ സമരം ആണന്ന്? അങ്ങനെ ഇന്നവരുടെ എന്നൊന്നുമില്ല എല്ലാ ആളുകളും ഉണ്ട് എല്ലാവരും ഒരുമിച്ചാണ് എന്ന് മറുപടി. അതിന് ഉപ്പ സമ്മതിച്ചോ എന്ന എൻറെ അടുത്ത ചോദ്യത്തിന്ന് “പിന്നെ… ഉപ്പയൊക്കെ എപ്പളോ സമ്മതിച്ചു എന്നായിരുന്നു മറുപടി.

ഉമ്മയെ കുറിച്ച് മുന്നേ പലപ്രാവശ്യം ഞാൻ എഴുതിയിട്ടുണ്ട്, നീ ഇങ്ങനെ സമരത്തിന് പോയതുകൊണ്ട് നിനക്ക് എന്തെങ്കിലും കിട്ടുമോ? നീ ഇങ്ങനെ സമരമെന്നും പാർട്ടി എന്നും പറഞ്ഞു നടക്കല്ലേ എന്ന് പറഞ്ഞു എന്നെ ഉപദേശിച്ചു ഉപദേശിച്ച് മടുത്ത ഉമ്മയാണ് ഇന്ന് അത്രമേൽ ആവേശത്തോടെ നാളെ ഞാൻ സമരത്തിന് പോകുന്നുണ്ടന്ന് എന്റടുത്ത് പറയുന്നത്,  ഫോണ് ഉപ്പാന്റെ കൈയ്യിലെത്തി, ഉമ്മ പറഞ്ഞതിന്റെ തുടർച്ചയെന്നോണം ആദ്യം പറഞ്ഞത് “നമ്മുടെ മുഖ്യമന്ത്രി പതിനാറാം തീയതി മലപ്പുറത്ത് വരുന്നുണ്ട്, ഞാനും പോകുന്നുണ്ട് കേൾക്കാൻ എന്നായിരുന്നു, നാളിതുവരെയും അന്റെ പിണറായി, അന്റെ മുഖ്യമന്ത്രി എന്ന് പറഞ്ഞ് എന്നെ കളിയാക്കികൊണ്ടിരുന്ന ഉപ്പയാണ് ഇപ്പോൾ “നമ്മുടെ മുഖ്യമന്ത്രി” എന്ന് പറയുന്നത് എന്നോർക്കണം.

വിലക്കയറ്റത്തിനെതിരെയൊ, അഴിമതിക്കെതിരെയോ സമരം നടക്കുന്നുണ്ട് നിങ്ങൾ പോരുന്നോ എന്ന് ചോദിച്ചാൽ “നിനക്ക് തലക്ക് സുഖമില്ലേ?” എന്ന് തിരിച്ചു ചോദിച്ചിരുന്ന കൂട്ടുകാരും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സമരങ്ങളിൽ പങ്കാളികളായിട്ടുണ്ട്. “സമരം എന്നൊക്കെ പറഞ്ഞു പോയി ആ പോലീസുകാരുടെ കയ്യിൽ നിന്ന് അടിയും വാങ്ങി വെറുതെ എന്തിനാണ് തടി കേടുവരുത്തുന്നത്, അവനവന്റെ കാര്യം നോക്കി നടന്നാൽ പോരെ?” അവർക്കൊക്കെ ഉള്ളത് അവിടെവച്ച് പടച്ചോൻ കൊടുത്തോളും എന്ന് പറഞ്ഞ് ഉപദേശിച്ചിരുന്ന ഉസ്താദുമാരും ഇന്ന് തെരുവിലാണ്…

അഹങ്കാരത്തോടെ അരാഷ്ട്രീയത അലങ്കാരമായി കൊണ്ടു നടന്ന, സമരങ്ങളെ എന്നും വെറുപ്പോടെയും പുച്ഛത്തോടെയും നോക്കി കണ്ട ഒരു സമൂഹമുണ്ടായിരുന്നു, ആ സമൂഹം ഇന്ന് സ്വയം സമരമായിരിക്കുകയാണ്, ഓരോ മനുഷ്യരും, ഓരോ കുടുംബവും, ഓരോ ഗ്രാമങ്ങളും, ഓരോ പട്ടണങ്ങളും സമരമാവുകയാണ്, ഇന്ത്യയാകെ സമരമാവുകയാണ്.ഒരു ജനകീയ ജനാധിപത്യ വിപ്ലവം രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടാൽ അതിൽ അതിശയിക്കാനൊന്നുമില്ല, അങ്ങനെ സംഭവിച്ചാൽ “രണ്ടാം സ്വാതന്ത്ര്യ സമരം” എന്ന് കാലം അതിനെ പേരിട്ടു വിളിക്കും.

Advertisements